കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂളിൽ സെമിനാർ സംഘടിപ്പിച്ചു

കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂളിൽ സെമിനാർ സംഘടിപ്പിച്ചു

ആറ്റിങ്ങൽ: കുടവൂർക്കോണം ഗവ. ഹൈസ്കൂളിൽ കൗമാരം കരുത്തും കരുതലും എന്ന വിഷയത്തിൽ സെമിനാർ നടന്നു. പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ.ദേവി ഗായത്രി കുട്ടികളുമായി സംവദിച്ചു. കൗമാരകാലത്തിൻറ്റെ ശാരീരിക മാനസിക സവിശേഷതകളെക്കുറിച്ചും കൗമാര വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഡോക്ടർ കുട്ടികളോട് സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സജികുമാർ.എസ്, സീനിയർ അസിസ്റ്റന്റ് ജോയ്.ജി, സ്റ്റാഫ് സെക്രട്ടറി ഷെറിൻ.എസ്, സംഗീത എന്നിവർ സംസാരിച്ചു.

ആറ്റിങ്ങൽ ഗവ. മോഡൽ  ബോയ്സ്  വോക്കേഷണൽ & ഹയർ സെക്കൻഡറി സ്കൂളിൽ പി ടി എ പൊതുയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു

ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്സ് വോക്കേഷണൽ & ഹയർ സെക്കൻഡറി സ്കൂളിൽ പി ടി എ പൊതുയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു

ആറ്റിങ്ങൽ ഗവൺമെന്റ് മോഡൽ ബോയ്സ് വോക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ 2025 26 അധ്യായന വർഷത്തെ പി ടി എ പൊതുയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു. പി ടി എ പ്രസിഡന്റ് സന്തോഷ് എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ജവാദ് എസ് സ്വാഗതം ആശംസിച്ചു.

ആറ്റിങ്ങൽ മുനിസിപ്പൽ ചെയർമാൻ എം പ്രദീപ് യോഗം ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനൂപ് ആർ എസ് മുഖ്യാതിഥിയായി. പ്രിൻസിപ്പൽ പിടിഎ പ്രവർത്തന റിപ്പോർട്ടും
സ്കൂൾ വൈസ് പ്രിൻസിപ്പൽ അനിൽകുമാർ കെ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. വി എച്ച് എസ് ഇ പ്രിൻസിപ്പൽ ഹസീന ആശംസ അർപ്പിച്ചു.

തുടർന്ന് നടന്ന പി ടി എ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ 21 അംഗ പുതിയ പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു, ആദ്യ യോഗം ചേർന്ന പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റി സന്തോഷ് എസിനെ പി ടി എ പ്രസിഡന്റ് ആയും ബാബു രാജീവിനെ വൈസ് പ്രസിഡന്റ് ആയും തിരഞ്ഞെടുത്തു.

9 അംഗ മദർ പി ടി എ അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ ഡോ.സൗമ്യ എൽ നെ മദർ പി ടി എ പ്രസിഡന്റ് ആയി തിരഞ്ഞെടുത്തു. യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി സുരേഷ് കുമാർ കൃതജ്ഞത രേഖപ്പെടുത്തി.

സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്; പവന് ഒറ്റയടിക്ക് 6320 രൂപ കുറഞ്ഞു

സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്; പവന് ഒറ്റയടിക്ക് 6320 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ഇടിവ്. പവന് ഒറ്റയടിക്ക് 6320 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,17,760 രൂപ. ഗ്രാമിന് 790 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 14,720 രൂപ.

റെക്കോര്‍ഡുകള്‍ കുറിച്ച സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വന്‍ഇടിവുണ്ടായത്. ഇന്നലെ പവന് ഒറ്റയടിക്ക് 5240 രൂപയാണ് കുറഞ്ഞത്. ഇന്ന് 6320 രൂപയാണ് കുറഞ്ഞത്. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അസ്ഥിരത അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ഗ്രീന്‍ലാന്‍ഡിന്റെ നിയന്ത്രണം സംബന്ധിച്ച് എതിരഭിപ്രായം പറയുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ കൂടുതല്‍ തീരുവ ചുമത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനവും ഇറാനെതിരെ സൈനിക നീക്കം നടത്താന്‍ അമേരിക്ക ആലോചിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളുമാണ് വിപണിയില്‍ അസ്ഥിരതയ്ക്കുള്ള പ്രധാന കാരണം.

കോൺഫിഡന്റ് ഗ്രൂപ്പ്‌ ഉടമ സി ജെ റോയ് ജീവനൊടുക്കി

കോൺഫിഡന്റ് ഗ്രൂപ്പ്‌ ഉടമ സി ജെ റോയ് ജീവനൊടുക്കി

ബാംഗ്ലൂർ: ഇന്ന് ഇന്‍കംടാക്‌സ് റെയ്ഡിനിടെയാണ് ലൈസന്‍സുള്ള സ്വന്തം തോക്ക് ഉപയോഗിച്ചു വെടിയുതിര്‍ത്ത് ജീവനൊടുക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗളുരുവിലെ അശോക് നഗറിലെ കോണ്‍ഫിഡന്‍സ് ഗ്രൂപ്പിന്റെ ഓഫീസില്‍ വെച്ചാണ് സംഭവം.

റോയി ആത്മഹത്യ ചെയ്‌തെന്ന വിവരം വ്യവസായ ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ റോയിയെ നാരായണ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടര്‍ന്ന് ഇന്ന് അദ്ദേഹത്തിന്റെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് വ്യാപകമായ പരിശോധന നടത്തിയിരുന്നു. ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലും സാന്നിധ്യമുള്ള പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ്. ഈ വ്യവസായ ഗ്രൂപ്പിന്റെ സ്ഥാപനകനും ചെയര്‍മാനുമാണ് ഡോ. റോയ് സി.ജെ. കേരളത്തിലും കര്‍ണാടകയിലുമായി നിരവധി ഭവന നിര്‍മ്മാണ പദ്ധതികള്‍ നടപ്പിലാക്കിയ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ്.
റിയല്‍ എസ്റ്റേറ്റിന് പുറമെ ഹോസ്പിറ്റാലിറ്റി, എന്റര്‍ടെയ്ന്‍മെന്റ്, എഡ്യൂക്കേഷന്‍, ഇന്റര്‍നാഷണല്‍ ട്രേഡിംഗ് എന്നീ മേഖലകളിലും സജീവമായിരുന്നു കോൺഫിഡൻ്റ് ഗ്രൂപ്പ്.

ഹോസ്റ്റല്‍ അന്തേവാസിയായ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു; തിരുവനന്തപുരം സ്വദേശിക്ക് 43 വര്‍ഷം കഠിനതടവ്‌

ഹോസ്റ്റല്‍ അന്തേവാസിയായ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു; തിരുവനന്തപുരം സ്വദേശിക്ക് 43 വര്‍ഷം കഠിനതടവ്‌

തിരുവനന്തപുരം: ഹോസ്റ്റല്‍ അന്തേവാസിയായ പന്ത്രണ്ടുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഹോസ്റ്റല്‍ ജീവനക്കാരന് 43 വര്‍ഷം കഠിനതടവ്. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി രാജനെയാണ് തിരുവനന്തപുരം അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്. 40,000 രൂപ പിഴയും അടയ്ക്കണം. 2021ലാണ് കേസിനാസ്പദമായ സംഭവം.

പിഴ ഒടുക്കിയില്ലെങ്കിൽ മൂന്ന് മാസം കൂടുതലായി ശിക്ഷ അനുഭവിക്കണം. പിഴത്തുകയും ലീഗൽ സർവീസസ് അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതക്കു നൽകണമെന്നും കോടതി ഉത്തരവിട്ടു.

2021 സെപ്തംബർ 30നും ഒക്ടോബർ 15നുമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ ഒപ്പം ആരുമില്ലാതിരുന്ന സമയത്ത് മിഠായി നൽകാം എന്ന് പറഞ്ഞ് ബാത്ത്റൂമിൽ കയറ്റി പീഡിപ്പിക്കുകയായിരുന്നു. പ്രതി ഭീക്ഷണിപ്പെടുത്തിയതിനാൽ ആദ്യത്തെ സംഭവം കുട്ടി പുറത്ത് പറഞ്ഞില്ല. രണ്ടാമത്തെ സംഭവത്തിന് ശേഷം ഇവർ ഒരുമിച്ച് നിൽക്കുന്നത് മറ്റൊരാൾ കണ്ടു. കുട്ടി പരിഭ്രമിച്ചു നിൽക്കുന്നതിൽ സംശയം തോന്നി കുട്ടിയോട് ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ. ആർ എസ് വിജയ് മോഹൻ ഹാജരായി. വഞ്ചിയൂർ സ്റ്റേഷനിലെ വി വി ദിപിൻ, വിനീത എം ആർ എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ 13 സാക്ഷികളെ വിസ്തരിച്ചു. 34 രേഖകളും 5 തൊണ്ടിമുതലുകളും ഹാജരാക്കി.