ആരൊക്കെ മത്സരരംഗത്തേക്ക്?; കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത്

ആരൊക്കെ മത്സരരംഗത്തേക്ക്?; കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ, സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കമുള്ള ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്. കെപിസിസി തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള പൊതുമാനദണ്ഡം യോഗത്തില്‍ തീരുമാനിച്ചേക്കും. സീറ്റു വെച്ചുമാറ്റ സാധ്യതകളും യോഗത്തില്‍ ചര്‍ച്ചയായേക്കും.

സിറ്റിങ്ങ് എംഎല്‍എമാരില്‍ ബഹുഭൂരിപക്ഷത്തിനും വീണ്ടും സീറ്റ് ലഭിച്ചേക്കും. പാലക്കാട് മണ്ഡലത്തില്‍ നിലവിലെ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് സീറ്റ് നല്‍കില്ല. ലൈംഗികപീഡനക്കേസില്‍പ്പെട്ട രാഹുലിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയിരുന്നു. തൃപ്പൂണിത്തുറയില്‍ കെ ബാബുവിന് പകരം സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ചും ചര്‍ച്ചയായേക്കും. ആശയക്കുഴപ്പമുള്ള സീറ്റുകളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടേക്കും.

തെരഞ്ഞെടുപ്പ് സമിതി യോഗം വ്യാഴാഴ്ച വരെ നീണ്ടു നില്‍ക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അഭിപ്രായം അറിയാന്‍ ജില്ലകളിലെ കോര്‍ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നും ജില്ല തിരിച്ച് നേതൃത്വം കൂടിക്കാഴ്ച നടത്തും. കൊച്ചിയിലെ മഹാപഞ്ചായത്ത് യോഗത്തിലെ അവഗണനയില്‍ പ്രതിഷേധിച്ച് ഇടഞ്ഞു നില്‍ക്കുന്ന ശശി തരൂര്‍ എംപി തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ പങ്കെടുത്തേക്കില്ലെന്നാണ് സൂചന. തരൂരിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ സജീവമായി നടക്കുന്നുണ്ട്.

നിയമസഭ സമ്മേളനം ഇന്നുമുതല്‍ വീണ്ടും; ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം

നിയമസഭ സമ്മേളനം ഇന്നുമുതല്‍ വീണ്ടും; ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം

തിരുവനന്തപുരം : മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭ സമ്മേളനം ഇന്ന് പുനരാരംഭിക്കും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ച നിയമസഭയില്‍ ഇന്നു തുടരും. ശബരിമല സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ചുള്ള പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച സഭ പിരിയുകയായിരുന്നു.

ശബരിമല സ്വര്‍ണ്ണക്കൊള്ള ഇന്നും പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചേക്കും. വിഷയത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കുമോയെന്നതില്‍ ആകാംക്ഷ നിലനില്‍ക്കുകയാണ്. വിഷയത്തില്‍ ചര്‍ച്ചയ്ക്ക് പ്രതിപക്ഷം ഭയക്കുകയാണെന്ന് മന്ത്രി എംബി രാജേഷ് കുറ്റപ്പെടുത്തിയിരുന്നു. അതുകൊണ്ടാണ് നോട്ടീസ് പോലും നല്‍കാതെ പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുന്നതെന്നും മന്ത്രി രാജേഷ് പറഞ്ഞു.

സ്വര്‍ണക്കൊള്ള കേസില്‍ എസ്‌ഐടിയുടെ മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ശക്തമായ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും, അത് അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. പയ്യന്നൂരിലെ ധന്‍രാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായിരുന്ന വി കുഞ്ഞികൃഷ്ണന്റെ ആരോപണവും പ്രതിപക്ഷം സിപിഎമ്മിനെതിരെ നിയമസഭയില്‍ ഉന്നയിച്ചേക്കും.

മോദി ഫ്ലാ​ഗ് ഓഫ് ചെയ്ത മെമുവിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുദിച്ചു

മോദി ഫ്ലാ​ഗ് ഓഫ് ചെയ്ത മെമുവിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുദിച്ചു

കോട്ടയം: എറണാകുളം– കായംകുളം (16309/10) എക്സ്പ്രസ് മെമുവിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിച്ചു. വൈകീട്ട് 4.34ന് സർവീസ് നടത്തുന്ന ട്രെയിനിനാണ് ഏറ്റുമാനൂരിൽ സ്റ്റോപ് അനുവദിച്ചിരിക്കുന്നത്. യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓൺ റെയിൽസിന്റെ നേതൃത്വത്തിൽ ഡിവിഷണൽ മാനേജർക്കും ദക്ഷിണ റെയിൽവേ ഉപദേശക സമിതി അംഗമായ കൊടിക്കുന്നിൽ സുരേഷ് എംപിക്കും നൽകിയ കത്തിലാണ് നടപടി. എല്ലാ യാത്രക്കാരുടെയും സന്തോഷത്തിൽ പങ്കുചേരുന്നതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.

കോട്ടയത്ത് നിന്ന് പുറപ്പെട്ടാൽ പിറവം, തൃപ്പൂണിത്തുറ സ്റ്റേഷനിൽ മാത്രമായിരുന്നു ഇതുവരെ സ്റ്റോപ്പ് ഉണ്ടായിരുന്നത്.

ഏറ്റുമാനൂരിലെ സമയക്രമം ഇങ്ങനെ

ട്രെയിൻ നമ്പർ 16309: എറണാകുളത്ത് നിന്ന് കായംകുളത്തേക്കുള്ള എക്സ്പ്രസ് മെമു ഏറ്റുമാനൂരിൽ രാവിലെ എത്തുന്നതും പുറപ്പെടുന്നതുമായ സമയം: 09.42/09:43.

ട്രെയിൻ നമ്പർ 16310: കായംകുളത്ത് നിന്ന് എറണാകുളത്തേക്കുള്ള എക്സ്പ്രസ് മെമു ഏറ്റുമാനൂർ എത്തുന്നതും പുറപ്പെടുന്നതുമായ സമയം : 04:34/04:35

സികെ നായിഡു ട്രോഫി: ജമ്മു കശ്മീരിനെ 88 റൺസിന് തോൽപിച്ച് കേരളം

സികെ നായിഡു ട്രോഫി: ജമ്മു കശ്മീരിനെ 88 റൺസിന് തോൽപിച്ച് കേരളം

തിരുവനന്തപുരം: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സികെ നായിഡു ട്രോഫിയിൽ ജമ്മു കശ്മീരിനെ 88 റൺസിന് തോൽപിച്ച് കേരളം. വിജയലക്ഷ്യമായ 260 റൺസ് പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ജമ്മു കശ്മീർ 171 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ ലീഡ് വഴങ്ങിയ ശേഷം ശക്തമായി തിരിച്ചുവന്നാണ് കേരളം വിജയം സ്വന്തമാക്കിയത്.

സ്കോർ: കേരളം ഒന്നാം ഇന്നിങ്സ് – 165, രണ്ടാം ഇന്നിങ്സ് – 268.
ജമ്മു കശ്മീർ ഒന്നാം ഇന്നിങ്സ് – 174, രണ്ടാം ഇന്നിങ്സ് – 171.

ഒൻപത് വിക്കറ്റിന് 142 റൺസ് എന്ന നിലയിൽ അവസാന ദിവസം കളി തുടങ്ങിയ ജമ്മു കശ്മീരിന് അധികം നേരം പിടിച്ചു നിൽക്കാനായില്ല. മധ്യനിര ബാറ്റർ റൈദ്ദാമിൻ്റെ ഒറ്റയാൾ പോരാട്ടമാണ് കേരളത്തിൻ്റെ വിജയം വൈകിപ്പിച്ചത്.

63 റൺസെടുത്ത റൈദ്ദാമിനെ പവൻ രാജ് റിട്ടേൺ ക്യാച്ചിലൂടെ പുറത്താക്കിയതോടെ കശ്മീരിൻ്റെ ഇന്നിങ്സ് 171 റൺസിൽ അവസാനിച്ചു. റൈദ്ദാം തന്നെയാണ് കശ്മീരിൻ്റെ ടോപ് സ്കോറർ. കേരളത്തിന് വേണ്ടി ജെ.എസ്. അനുരാജ് നാലും പവൻ രാജ് മൂന്നും ഷോൺ റോജർ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.സി.കെ. നായിഡു ട്രോഫിയിൽ ഈ സീസണിൽ കേരളത്തിൻ്റെ ആദ്യ വിജയമാണിത്. വിജയത്തോടെ 21 പോയിന്റുമായി കേരളം എ ഗ്രൂപ്പിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. ഇനിയുള്ള മത്സരങ്ങളിൽ മേഘാലയയും ഗോവയും ഝാർഖണ്ഡുമാണ് കേരളത്തിൻ്റെ എതിരാളികൾ. 30-ന് മേഘാലയയുമായാണ് കേരളത്തിൻ്റെ അടുത്ത മത്സരം.

ആറ്റിങ്ങൽ നഗരസഭയിൽ 77-ാം മത് റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു

ആറ്റിങ്ങൽ നഗരസഭയിൽ 77-ാം മത് റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു

ആറ്റിങ്ങൽ: നഗരസഭ ചെയർപേഴ്സൺ എം. പ്രദീപ് രാവിലെ 9 മണിക്ക് നഗരസഭാങ്കണത്തിൽ ദേശീയപതാക ഉയർത്തിക്കൊണ്ട് 77-ാം മത് റിപ്പബ്ലിക്ക് ദിനസന്ദേശം പൗരാവലിയെ അഭിസംബോധന ചെയ്ത് പങ്കുവെച്ചു.

പുതിയ കൗൺസിൽ അധികാരത്തിലെത്തിയിട്ട് ആദ്യത്തെ റിപ്പബ്ലിക്ക് ദിനാചരണമായിരുന്നു നഗരസഭ കാര്യാലയത്തിൽ വെച്ച് നടന്നത്. തുടർന്ന് രാഷ്ട്രപിതാവിൻ്റെ പ്രതിമയിൽ ജനപ്രതിനിധികൾ ഒരോരുത്തരായി പുഷ്പ്പങ്ങളർപ്പിച്ചു. വൈസ് ചെയർപേഴ്സൺ ആർ.എസ്. രേഖ, സ്ഥിരം സമിതി അധ്യക്ഷൻമാർ, സെക്രട്ടറി കെ.എസ്. അരുൺ,ക്ലീൻസിറ്റി മാനേജർ എം.ആർ. റാംകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ ആരീഷ്, കൗൺസിലർമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി കണ്ണൻ ചന്ദ്ര പ്രസ്, അറേബ്യൻ ഫാഷൻ ജൂവലറി എം ഡി നാസർ അറേബ്യൻ, നഗരസഭാ ഉദ്യോഗസ്ഥർ, ശുചീകരണ വിഭാഗം ജീവനക്കാർ, എസ്.പി.സി കേഡറ്റുകൾ വ്യാപാരി സംഘടന ഭാരവാഹികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.