by Midhun HP News | Jan 22, 2026 | Latest News, കേരളം
തിരുവനന്തപുരം കമലേശ്വരം ആര്യന്‍കുഴിക്കു സമീപം ശാന്തി ഗാര്‍ഡന്‍സ് സോമനന്ദനത്തില്‍ പരേതനായ റിട്ട. അഗ്രികള്‍ച്ചര്‍ ഡപ്യൂട്ടി ഡയറക്ടര്‍ എന്‍ രാജീവിന്റെ ഭാര്യ എസ് എല്‍ സജിത (54) മകള്‍ ഗ്രീമ എസ് രാജ് (30) എന്നിവരെ ഇന്നലെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സജിത എഴുതിയ ആത്മഹത്യാക്കുറിപ്പില്‍ ഗ്രീമയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
തന്റെയും മകളുടേയും ആത്മഹത്യയ്ക്ക് കാരണം ഗ്രീമയുടെ ഭര്‍ത്താവ് ബി എം ഉണ്ണികൃഷ്ണന്‍ ആണെന്നു പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. 6 വര്‍ഷത്തോളമായി മാനസിക പീഡനവും അവഗണനയും നേരിടുകയാണ്. മകളെ ഉപയോഗിച്ച ഉടുപ്പുപോലെയാണ് എറിഞ്ഞു കളയുന്നത്. പിരിയാന്‍ തക്ക കാരണങ്ങള്‍ ഇല്ല. അപമാനഭാരം ഇനിയും സഹിക്കാന്‍ വയ്യെന്നും കുറിപ്പില്‍ പറയുന്നു. സജിതയുടെ ഭർത്താവ് എൻ രാജീവ് മൂന്നു മാസം മുൻപാണ് മരിച്ചത്.
സയനൈഡ് കഴിച്ച് ജീവനൊടുക്കാൻ പോകുന്നുവെന്ന് കാട്ടി വാട്‌സാപ്പിൽ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും കുറിപ്പ് അയച്ചിരുന്നു. തുടർന്ന് കൗൺസിലറും നാട്ടുകാരും എത്തുമ്പോൾ വീട് അടഞ്ഞു കിടക്കുകയായിരുന്നു. പൂന്തുറ പൊലീസ് എത്തി വീട് തുറന്നപ്പോൾ താഴത്തെ നിലയിലെ ഹാളിൽ സോഫയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. സമീപത്തുനിന്ന് 2 ഗ്ലാസുകളും കുറിപ്പും കണ്ടെത്തിയിരുന്നു.6 വർഷം മുൻപായിരുന്നു ഗ്രീമയുടെ വിവാഹം. 200 പവനും വീടും സ്ഥലവും നൽകിയാണു വിവാഹം നടത്തിയത്. സ്ത്രീധനം പോരെന്നു പറഞ്ഞ് ഗ്രീമയെ മാനസികമായി പീഡിപ്പിച്ചിരുന്നതായി ആത്മഹത്യക്കുറിപ്പിൽ പറയുന്നു.
by Midhun HP News | Jan 22, 2026 | Latest News, കേരളം
പള്ളിക്കൽ: പള്ളിക്കലിൽ മാരക ലഹരി മരുന്നായ എംഡിഎംഎ പിടികൂടി. പള്ളിക്കലിൽ പുലർച്ചെ നടന്ന വാഹന പരിശോധനയിലാണ് രണ്ട് ഗ്രാമോളം എം ഡി എം എയുമായി രണ്ടുപേർ പിടിയിലായത്. പാരിപ്പള്ളി സ്വദേശി ഷേക്ക് അഹമ്മദ് (33), മലപ്പുറം സ്വദേശി ഷാഫി (28) എന്നിവരാണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന ഡൽഹി രജിസ്ട്രേഷൻ ഇന്നോവ ക്രിസ്റ്റയും പോലീസ് കസ്റ്റഡിയിലെടുത്തു. നർക്കോട്ടിക് ഡിവൈഎസ്പി പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പ്രതികളെ പിടികൂടിയത്.
by Midhun HP News | Jan 22, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: ഐ എസ് എൽ മത്സരങ്ങൾ ആരംഭിക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ സ്റ്റേഡിയം സംബന്ധിച്ച് പല ക്ലബ്ബുകൾക്കും ധാരണയിലെത്താൻ കഴിഞ്ഞിട്ടില്ല. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് കോഴിക്കോടേക്ക് മാറ്റാൻ തീരുമാനിച്ചെങ്കിലും ഇത് വരെ സ്റ്റേഡിയം ക്ലബിന് കൈമാറിയിട്ടില്ല. കോർപ്പറേഷൻ സ്റ്റേഡിയത്തിലെ പണി പൂർത്തിയാക്കാൻ ഇനിയും സമയം ആവശ്യമായി വരുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഇതേ സാഹചര്യത്തിലൂടെയാണ് ചെന്നൈയിൻ എഫ് സിയും കടന്ന് പോകുന്നത്. ഐ എസ് എൽ ആരംഭിച്ചത് മുതൽ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായിരുന്ന ചെന്നൈ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന്റെയും അവസ്ഥയും മോശമാണെന്നാണ് പുറത്ത് വന്ന ചിത്രങ്ങൾ പറയുന്നത്.
ഈ സീസണിന്റെ ഉദ്‌ഘാടന ദിവസമായ ഫെബ്രുവരി 14 ന് തന്നെ സ്റ്റേഡിയത്തിൽ വെച്ച് എ ആർ റഹ്മാന്റെ സംഗീത പരിപാടി നടക്കുമെന്നാണ് അധികൃതർ പറയുന്നത്. ഒരു കാർ കമ്പനിയുടെ ലോഞ്ചിങ് പരിപാടി ജനുവരി 26ന് ആണ് സ്റ്റേഡിയത്തിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഒരുക്കങ്ങൾ ഇപ്പോൾ തന്നെ ആരംഭിച്ചിട്ടുമുണ്ട്. ഈ രണ്ട് പ്രോഗ്രാമുകളും കഴിയുമ്പോൾ മൈതാനത്തിന്റെ അവസ്ഥ എന്താകുമെന്നാണ് ക്ലബ് അധികൃതരുടെ ആശങ്ക. ടൂർണമെന്റ് എത്രയും വൈകിയത് കാരണം പല ക്ലബ്ബുകൾക്കും അവരുടെ ഹോം ഗ്രൗണ്ടുകളുടെ പ്രവർത്തനം പൂർണ്ണ സജ്ജമാക്കാൻ സാധിച്ചിട്ടില്ല.
ഈ അവസ്ഥ തുടരുകയാണെങ്കിൽ ഐ എസ് എല്ലിന്റെ മത്സരക്രമം പുറത്തിറക്കാൻ ഇനിയും വൈകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.


by Midhun HP News | Jan 22, 2026 | Latest News, കേരളം
പാലക്കാട്: പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠത്തിലെ ഹോസ്റ്റലില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍. ഒറ്റപ്പാലം സ്വദേശി രുദ്ര രാജേഷ് ആണ് മരിച്ചത്. സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങിനെ തുടര്‍ന്നാണെന്ന് പരാതിയുമായി അച്ഛന്‍ രംഗത്തുവന്നു. മകളെ സീനിയര്‍ വിദ്യാര്‍ഥിനികള്‍ മര്‍ദിച്ചെന്നും ഹോസ്റ്റല്‍ വാര്‍ഡന് എല്ലാ അറിയാമെന്നും രുദ്രയുടെ പിതാവ് രാജേഷ് പറഞ്ഞു. കുടുംബത്തിന്റെ ആരോപണം സ്‌കൂള്‍ അധികൃതര്‍ നിഷേധിച്ചു.
ഇന്നലെ രാത്രി ഒന്‍പതോടെ സ്‌കൂളിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്‌കൂളിലെ സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ് ഭയന്നാണ് രുദ്ര കഴിഞ്ഞതെന്നു അച്ഛന്‍ പറഞ്ഞു. മകളുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് രാജേഷ് മുഖ്യമന്ത്രിക്കു പരാതി നല്‍കി. ‘കഴിഞ്ഞ വെള്ളിയാഴ്ച മകളെ വിളിച്ചിരുന്നു. ഇവിടെ റാഗിങ് കാരണം വലിയ ബുദ്ധിമുട്ടാണെന്ന് അവള്‍ പറഞ്ഞു. ഹോസ്റ്റല്‍ വാര്‍ഡനോട് പറഞ്ഞെങ്കിലും നടപടിയൊന്നും ഉണ്ടാകുന്നില്ല. കഴിഞ്ഞ ദിവസം ഓടുന്നതിനിടെ സീനിയര്‍ വിദ്യാര്‍ഥിയുടെ മേല്‍ അബദ്ധത്തില്‍ കൈത്തട്ടിപ്പോയതിന് സോറി പറഞ്ഞില്ലെന്ന് പറഞ്ഞായിരുന്നു മര്‍ദിച്ചതെന്നുമാണ് മകള്‍ പറഞ്ഞത്’ രാജേഷ് പറഞ്ഞു.
ഹോസ്റ്റല്‍ മെസില്‍നിന്നു രാത്രി ഭക്ഷണം കഴിച്ചു മടങ്ങിയെത്തിയ മറ്റു വിദ്യാര്‍ഥികളാണു രുദ്രയെ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്. ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അതേസമയം കുടുംബത്തിന്റെ റാഗിങ് ആരോപണം സ്‌കൂള്‍ അധികൃതര്‍ നിഷേധിച്ചു. റാഗിങ്ങിനെ കുറിച്ച് കുട്ടിയോ കുട്ടിയുടെ മാതാപിതാക്കളോ ഒരുപരാതിയും അറിയിച്ചിട്ടില്ല. കുടുംബപ്രശ്‌നങ്ങളോ മറ്റോ ആകാം കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.


by Midhun HP News | Jan 22, 2026 | Latest News, കേരളം
കോഴിക്കോട്: സ്വകാര്യ ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമത്തില്‍ വിഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ഷിംജിത മുസ്തഫയുടെ പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. ബസില്‍ നിന്ന് ഷിംജിത ഏഴു വീഡിയോകള്‍ ചിത്രീകരിച്ചു. ബസില്‍ അസ്വാഭാവികമായി എന്തെങ്കിലും നടന്നതിന് തെളിവില്ല. ദൃശ്യം പ്രചരിപ്പിച്ചത് വൈറല്‍ ആകാനാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
സാമൂഹിക മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിന് പിന്നാലെ അപമാനം ഭയന്ന്, മനോവിഷമത്തിലാണ് ദീപക് ജീവനൊടുക്കിയത്. മാനഹാനിയുണ്ടായെന്ന് പറഞ്ഞെങ്കിലും, വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതല്ലാതെ, ഷിംജിത പരാതിയൊന്നും നല്‍കിയിട്ടില്ലെന്നും പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതി ഷിംജിതയുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദീപക് ബസില്‍ കയറിയതു മുതലുള്ള ദൃശ്യങ്ങള്‍ ഷിംജിത ചിത്രീകരിച്ചതായാണ് വിവരം. ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണ് ഷിംജിത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്യാന്‍ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഡിലീറ്റ് ചെയ്ത ദൃശ്യങ്ങള്‍ വീണ്ടെടുക്കാനും ശ്രമം ആരംഭിച്ചിട്ടുണ്ട്. ബസില്‍ വെച്ച് ലൈംഗികാതിക്രമം ഉണ്ടായെന്നാണ് ചോദ്യം ചെയ്യലില്‍ ഷിംജിത ആവര്‍ത്തിക്കുന്നത്. എന്നാല്‍ ഇതു സാധൂകരിക്കുന്ന തെളിവുകള്‍ ഒന്നും പൊലീസിന് ലഭിച്ചിട്ടില്ല.
കൃത്യം നടന്നു എന്നു പറയുന്ന ബസിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഇതില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് സൂചന. ബസിലെ ജീവനക്കാരെ അന്വേഷണസംഘം ചോദ്യം ചെയ്യും. യാത്രക്കാരെയും കണ്ടെത്തി മൊഴിയെടുക്കാനാണ് നീക്കം. പയ്യന്നൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന അല്‍ അമീന്‍ എന്ന സ്വകാര്യ ബസിലാണ് യുവതി വിഡിയോ ചിത്രീകരിച്ചത്. അറസ്റ്റിലായ ഷിംജിതയെ 14 ദിവസത്തേക്കാണ് കോടതി റിമാന്‍ഡ് ചെയ്തത്. ഷിംജിത മുസ്തഫ നല്‍കിയ ജാമ്യഹര്‍ജി കുന്ദമംഗലം കോടതി ശനിയാഴ്ച പരിഗണിക്കും.


Recent Comments