by Midhun HP News | Mar 13, 2026 | Latest News, കേരളം
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ജാമ്യം ലഭിച്ച കെ എസ് യു പ്രവര്‍ത്തകര്‍ ജയില്‍ മോചിതരായി. ഇവര്‍ക്ക് ജയിലിനുപുറത്ത് വലിയ സ്വീകരണം നല്‍കിയാണ് കെ എസ് യു സ്വീകരിച്ചത്. ഇന്നലെ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചെങ്കിലും ഉച്ചകഴിഞ്ഞാണ് ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് കൈമാറി പ്രവര്‍ത്തകരെ പുറത്തിറക്കാനായത്. മന്ത്രിക്കെതിരായി നടന്ന പ്രതിഷേധത്തില്‍ ആയുധം ഉപയോഗിച്ചതിന് തെളിവില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഈ അഞ്ച് കെ എസ് യു പ്രവര്‍ത്തകര്‍ക്കും ജാമ്യം അനുവദിച്ചത്.
‘സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ തിരക്കഥയില്‍, ഗണ്‍മാന്റെ സംവിധാനത്തില്‍ മന്ത്രി നിറഞ്ഞാടിയ സിനിമ പൊട്ടിപ്പാളീസായെന്ന് കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുല്‍ ജയിലിനു പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. ‘റെയില്‍വേ സ്റ്റേഷനിലെ കരിങ്കൊടി പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ എല്ലാവരും കണ്ടതാണ്. എന്നാല്‍ മന്ത്രിയെ കൊല്ലാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ഞങ്ങളെ ജയിലിലടച്ചു. സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ഓഫിസുകള്‍, കോണ്‍ഗ്രസിന്റെയും കെഎസ്യുവിന്റെയും പതാകകള്‍ തുടങ്ങിയവ നശിപ്പിച്ചു.
കരിങ്കൊടി പ്രതിഷേധവുമായാണ് കെഎസ്യു പ്രവര്‍ത്തകര്‍ വന്നതെന്ന് പൊലീസ് എസ്‌ഐ തന്നെ മൊഴി നല്‍കി. ഭരണകൂട വേട്ടയാണ് നടത്തുന്നത്. കേന്ദ്രത്തില്‍ മോദി എങ്ങനെയാണോ പ്രതിഷേധത്തെ അടിച്ചമര്‍ത്തുന്നത് അതേ രീതിയിലാണ് ഇടതുപക്ഷ സര്‍ക്കാരും പ്രതിഷേധത്തെ അടിച്ചമര്‍ത്തുന്നത്. ജയിലറകള്‍ ഏറെ കണ്ടതാണ്. പ്രതിഷേധവുമായി കെഎസ്യു രംഗത്തുണ്ടാകും’ അതുല്‍ പറഞ്ഞു.അതുലിനൊപ്പം വി വി അക്ഷയ്, സി എച്ച് മുബാസ്, ബിതുല്‍ ബാലന്‍, അഹമ്മദ് യാസിന്‍ എന്നിവരും ജയില്‍ മോചിതരായി.
അതേസമയം മന്ത്രിക്ക് ആയുധം കൊണ്ട് ഏതെങ്കിലും തരത്തിലുള്ള പരിക്ക് ഏറ്റതായി ജില്ലാ ആശുപത്രിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. കഴുത്തിന്റെ വലതുഭാഗത്തും പുറകുവശത്തും ചെവിയുടെ പുറകിലും വലതുകൈ മുട്ടിനും വേദനയുണ്ടെന്നാണു മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവം നടന്ന് ഇത്ര ദിവസം കഴിഞ്ഞിട്ടും മന്ത്രിയുടെ മൊഴി രേഖപ്പെടുത്താത്തതെന്താണെന്ന് ഇന്നലെ കോടതി ചോദിച്ചു.


by Midhun HP News | Mar 13, 2026 | Latest News, കേരളം
തൃശൂര്‍: വെള്ളറക്കാട് എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചു കൊന്ന നായക്ക് പേവിഷബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. നായയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. മറ്റ് രണ്ട് വളര്‍ത്തുനായ്ക്കളെ ഈ നായ കടിച്ചിരുന്നു. കടിയേറ്റ നായ്ക്കള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി.
കിടപ്പുരോഗിയായ വയോധികയെയാണ് തെരുവുനായ കടിച്ചു കൊന്നത്. 84 വയസുള്ള കാര്‍ത്തികയാണ് മരിച്ചത്. കാര്‍ത്യായനിയുടെ 60 വയസുള്ള മാനസികവെല്ലുവിളി മകനും ഗുരുതരമായി പരിക്കേറ്റു. ഇന്നലെ വൈകീട്ട് ആറുമണിക്കായിരുന്നു സംഭവം. നാട്ടുകാരും നായപിടുത്തക്കാരും സംയുക്തമായാണ് പുലര്‍ച്ചയോടെ വയോധികയെ കടിച്ച നായയെ പിടികൂടിയത്. കിടപ്പു രോഗിയായ കാര്‍ത്യായനി അമ്മയ്ക്കും മാനസികവെല്ലുവിളി നേരിടുന്ന മകനുമുള്ള ഭക്ഷണവുമായി കാര്‍ത്യായനിയമ്മയുടെ ഇളയ മകന്‍ മണി എത്തിയപ്പോഴാണ് ചോര തളംകെട്ടിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. കാര്‍ത്യായനിയുടെ മുഖമടക്കം ശരീരമാസകലം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു.


by Midhun HP News | Mar 13, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: എക്‌സൈസ് കമ്മീഷണര്‍ സ്ഥാനത്തു നിന്നും എംആര്‍ അജിത് കുമാറിനെ മാറ്റി. അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ക്കാണ് പകരം ചുമതല നല്‍കിയിട്ടുള്ളത്. സംസ്ഥാനത്തെ കേഡര്‍ തസ്തികകളില്‍ ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്ന് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പൊലീസ് എഡിജിപിയാണ് എംആര്‍ അജിത് കുമാര്‍. അജിത് കുമാറിന് തിരികെ പൊലീസില്‍ നിയമനം നല്‍കിയേക്കുമെന്നാണ് സൂചന. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അപ്പീല്‍ നല്‍കുന്നതിനു മുമ്പായിട്ടാണ് മാറ്റം.
ഐ എ എസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് സിഎടി ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. എക്‌സൈസ് കമ്മീഷണര്‍ സ്ഥാനം ഐ എ എസ് കേഡര്‍ തസ്തികയാണെന്നും അവിടെ ഐ എ എസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി. 2014 ലെ കേഡര്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം. ബി അശോകിനെ മാറ്റിയതുള്‍പ്പെടെയുള്ള മൂന്ന് സ്ഥലംമാറ്റ ഉത്തരവുകള്‍ കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.
പൂരം കലക്കൽ അടക്കം നിരവധി ആരോപണങ്ങളാണ് എഡിജിപി അജിത് കുമാറിനെതിരെ ഉയർന്നിരുന്നത്. ശബരിമല ട്രാക്ടര്‍ യാത്ര വിവാദമായതിന് പിന്നാലെയാണ് അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി എക്സൈസ് കമ്മീഷണറായി നിയമിക്കുന്നത്. സംഭവത്തില്‍ അജിത് കുമാറിന് വീഴ്ച സംഭവിച്ചതായി ഡിജിപി റിപ്പോര്‍ട്ട് നല്‍കുകയും നടപടിക്ക് ശുപാര്‍ശ നല്‍കുകയും ചെയ്തിരുന്നു. എംആർ അജിത് കുമാറിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് പിവി അൻവർ ആരോപിച്ചിരുന്നു.


by Midhun HP News | Mar 13, 2026 | Latest News, ജില്ലാ വാർത്ത
നടന്‍ വിജയ്‌യുടെ വിവാഹമോചനം തമിഴ് സിനിമാ ലോകത്ത് മാത്രമല്ല കോളിളക്കം സൃഷ്ടിച്ചിരിക്കുന്നത്. വിജയ്‌യുടെ രാഷ്ട്രീയ ഭാവിയെ വിവാദം എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. ഇതിനിടെ വിജയ്‌യുടേയും സംഗീതയുടേയും മക്കളുടെ നിലപാടുകളും പക്ഷം ചേരലുമെല്ലാം വാര്‍ത്തകളില്‍ നിറയുന്നുണ്ട്.
വിജയ്-സംഗീത വിവാഹ മോചന വാര്‍ത്തകള്‍ക്കിടെ മകന്‍ ജെയ്‌സണ്‍ സഞ്ജയ് നടനെ സോഷ്യല്‍ മീഡിയയില്‍ അണ്‍ഫോളോ ചെയ്തത് നേരത്തെ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ ഇപ്പോഴിതാ അച്ഛനോടുള്ള തന്റെ പ്രതിഷേധവും അമ്മയോടുള്ള സ്‌നേഹവും ജെയ്‌സണ്‍ സഞ്ജയ് ഒരിക്കല്‍ കൂടെ ഉറപ്പിക്കുകയാണ്.റിപ്പോര്‍ട്ടുകള്‍ പ്രകാരം തന്റെ പേരില്‍ നിന്നും വിജയ് യുടെ സര്‍നെയിമും ഇനീഷ്യലും ജെയ്‌സണ്‍ സഞ്ജയ് ഔദ്യോഗികമായി ഒഴിവാക്കായിരിക്കുകയാണ്. നേരത്തെ തന്നെ ജെയ്‌സണ്‍ സഞ്ജയ് എന്ന് മാത്രമേ താരുപുത്രന്‍ ഉപയോഗിച്ചിരുന്നുള്ളൂ. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇപ്പോള്‍ ജെയ്‌സണ്‍ സഞ്ജയ് എസ് എന്നാണ് ഉപയോഗിക്കുന്നത്. എസ് എന്നത് അമ്മ സംഗീതയുടെ ഇനീഷ്യല്‍ ആണ്.
താരപുത്രന്റെ ഈ നീക്കം താന്‍ ഏത് പക്ഷത്താണെന്ന് വിളിച്ചു പറയുന്നതാണെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അച്ഛന്റെ പാതയിലൂടെ സിനിമയിലെത്തിയ ജെയ്‌സണ്‍ സഞ്ജയ് അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ്. കാമറയ്ക്ക് പിന്നിലൂടെയാണ് താരപുത്രന്റെ തുടക്കം. സിഗ്മ എന്ന ചിത്രം സംവിധാനം ചെയ്താണ് ജെയ്‌സണ്‍ സഞ്ജയ് അരങ്ങേറുന്നത്.
അതേസമയം വിവാഹ മോചന വാര്‍ത്തകള്‍ക്കിടെ വിജയ് നടി തൃഷയോടൊപ്പം വിവാഹ റിസപ്ഷനില്‍ പങ്കെടുത്തത് വലിയ വാര്‍ത്തയായിരുന്നു. തൃഷയും വിജയ്‌യും തമ്മിലും അടുപ്പമാണ് വിവാഹമോചനത്തിന് കാരണമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയായിരുന്നു സംഭവം.


by Midhun HP News | Mar 13, 2026 | Latest News, ജില്ലാ വാർത്ത
കെഎസ്ആർടിസി കൊല്ലത്ത് നിന്നും അഞ്ചുതെങ്ങ് വഴി ചിറയിൻകീഴിലേക്ക് സർവീസ് ആരംഭിച്ചു. കൊല്ലത്ത് നിന്ന് പള്ളിമുക്ക് ഇരവിപുരം തീരദേശ പാത വഴി അഞ്ചുതെങ്ങ് ഉൾപ്പെടെയുള്ള തീരദേശ മേഖല വഴി ആറ്റിങ്ങൽ വരെയുള്ളതാണ് പുതിയ സർവ്വീസ്.
കൊല്ലം ഡിപ്പോയിൽ നിന്നും പള്ളിമുക്ക്, ഇരവിപുരം, പൊഴിക്കര, കാപ്പിൽ, ഇടവ, വർക്കല, അയന്തി, ഒന്നാംപാലം, അഞ്ചുതെങ്ങ്, ചെക്കാലവിളാകം, കടക്കാവൂർ, തെക്കുംഭാഗം, ചിറയിൻകീഴ്, ആറ്റിങ്ങൽ എന്നിങ്ങനെയാണ് സർവ്വീസ്.
▪️കൊല്ലത്ത് നിന്നും പുറപ്പെടുന്ന സമയം.
രാവിലെ 5:40 ന് (ഡിപ്പോ)
രാവിലെ 11 ന് (കളക്ട്രേറ്റ്)
വൈകിട്ട് 4 : 45 ന് (കളക്ട്രേറ്റ്)
▪️അഞ്ചുതെങ്ങിൽ എത്തിച്ചേരുന്ന സമയം.
രാവിലെ : 7:30 (ആറ്റിങ്ങൽ)
ഉച്ചയ്ക്ക് : 1:00 (ചിറയിൻകീഴ്)
വൈകിട്ട് : 6:35 (ആറ്റിങ്ങൽ)
▪️ആറ്റിങ്ങൽ/ചിറയിൻകീഴ് നിന്നും കൊല്ലത്തേക്ക് പുറപ്പെടുന്ന സമയങ്ങൾ.
രാവിലെ : 8:20 (ആറ്റിങ്ങൽ)
ഉച്ചയ്ക്ക് : 2:00 (ചിറയിൻകീഴ്)
രാത്രി : 7:10 (ആറ്റിങ്ങൽ – NH വഴി കൊല്ലം)
▪️അഞ്ചുതെങ്ങിൽ എത്തിച്ചേരുന്ന സമയങ്ങൾ.
രാവിലെ 8:30 (കൊല്ലം കളക്ട്രേറ്റ്)
ഉച്ചയ്ക്ക് : 2:20 (കൊല്ലം കളക്ട്രേറ്റ്)
എന്നിങ്ങനെയാണ് സമയ ക്രമം. കഴിഞ്ഞ ദിവസമാണ് കൊല്ലം – ആറ്റിങ്ങൽ ഓർഡിനറി സർവീസിന് തുടക്കം കുറിച്ചത്.
Recent Comments