by Midhun HP News | Jan 22, 2026 | Latest News, ജില്ലാ വാർത്ത
ഗായിക എസ് ജാനകിയുടെ മകന്‍ മുരളി കൃഷ്ണ അന്തരിച്ചു. ഗായിക കെഎസ് ചിത്രയാണ് മരണ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. തനിക്ക് നഷ്ടമായത് സ്‌നേഹനിധിയായൊരു സഹോദരനെയാണ് എന്നാണ് ചിത്ര പറയുന്നത്. ഈ സങ്കടം മറി കടക്കാനുള്ള കരുത്ത് ദൈവം അമ്മയ്ക്ക നല്‍കട്ടെയെന്നും ചിത്ര പറയുന്നു.
‘ഇന്ന് രാവിലെ മുരളി അണ്ണന്റെ അപ്രതീക്ഷിത വിയോഗ വാര്‍ത്തയറിഞ്ഞ് ഞെട്ടിപ്പോയി. സ്‌നേഹനിധിയായൊരു സഹോദരനെയാണ് നഷ്ടമായത്. ഈ അസഹനീയമായ വേദനയെയും സങ്കടത്തെയും മറി കടക്കാനുള്ള കരുത്ത് ദൈവം അമ്മയ്ക്ക് നല്‍കട്ടെ. പരേതനായ ആത്മാവിന് നിത്യ ശാന്തി ലഭിക്കട്ടെ. ഓം ശാന്തി’ എന്നാണ് കെഎസ് ചിത്ര കുറിച്ചിരിക്കുന്നത്.


by Midhun HP News | Jan 22, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ജനുവരി 31-ന് നടക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് ടി-20 മത്സരം നേരിൽ കാണാൻ വിദ്യാർത്ഥികൾക്ക് ടിക്കറ്റ് നിരക്കിൽ ഇളവുകൾ പ്രഖ്യാപിച്ച് കെസിഎ. 250 രൂപയാണ് വിദ്യാർത്ഥികളുടെ ടിക്കറ്റ് വില.ഇതിനായുള്ള പ്രത്യേക ടിക്കറ്റ് കൺസെഷൻ നടപടിക്രമങ്ങളും അസോസിയേഷൻ പുറത്തിറക്കി.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴിയുള്ള ഗ്രൂപ്പ് ബുക്കിംഗുകൾക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. ടിക്കറ്റുകൾ ആവശ്യമുള്ള സ്ഥാപനങ്ങൾ മേധാവി സാക്ഷ്യപ്പെടുത്തിയ ഔദ്യോഗിക ലെറ്റർഹെഡിലുള്ള അപേക്ഷ generalconvener@keralacricket.in എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം. അപേക്ഷയോടൊപ്പം വിദ്യാർത്ഥികളുടെ മുഴുവൻ പേരും സ്കൂൾ/കോളേജ് ഐഡി കാർഡ് നമ്പറും സമർപ്പിക്കണം. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് കുറഞ്ഞത് പത്ത് വിദ്യാർത്ഥികളെങ്കിലും ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്.
പതിനാറ് വയസ്സിൽ താഴെയുള്ള വിദ്യാർത്ഥികൾക്കൊപ്പം നിർബന്ധമായും ഒരു അധ്യാപകൻ ഉണ്ടായിരിക്കണം. ഓരോ പത്ത് വിദ്യാർത്ഥികൾക്കും ഒരു അധ്യാപകൻ എന്ന ക്രമത്തിൽ 250 രൂപ ടിക്കറ്റിൽ അധ്യാപകർക്കും പ്രവേശനം അനുവദിക്കും. അപേക്ഷകൾ പരിശോധിച്ച് ബുക്കിംഗ് ഉറപ്പുവരുത്തിയ ശേഷം കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഔദ്യോഗിക ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സ്ഥാപനത്തെ അറിയിക്കും. തുടർന്ന് നിശ്ചിത തുക അടച്ച് വിവരങ്ങൾ അസോസിയേഷനെ അറിയിക്കേണ്ടതാണ്. ബാങ്ക് അക്കൗണ്ടിൽ പണം എത്തിയെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ ടിക്കറ്റുകൾ അനുവദിക്കുകയുള്ളൂ. അപൂർണ്ണമായതോ മാനദണ്ഡങ്ങൾ പാലിക്കാത്തതോ ആയ അപേക്ഷകൾ പരിഗണിക്കില്ലെന്നും കെ.സി.എ അറിയിച്ചു.


by Midhun HP News | Jan 22, 2026 | Latest News, കേരളം
മലപ്പുറം: കുട്ടികളുടേത് ഉള്‍പ്പെടെയുള്ള അശ്ലീല വീഡിയോകള്‍ ടെലഗ്രാം വഴി വില്‍പ്പന നടത്തിയ യുവാവിനെ മലപ്പുറം സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി സഫ വാനാ(20)ണ് അറസ്റ്റിലായത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടെലിഗ്രാം ഉപയോഗിച്ച് വിവിധ ഗ്രൂപ്പുകളിലും സ്വകാര്യ ചാനലുകളിലൂടെയും ഇത്തരം അശ്ലീല ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ച് സാമ്പത്തിക ലാഭം നേടുകയായിരുന്നു പ്രതി.
മലപ്പുറം ജില്ലാ പൊലീസ് മേധാവി വിശ്വനാഥ് ആര്‍ ഐപിഎസ്സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈബര്‍ സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ കൈവശം ഉണ്ടായിരുന്ന രണ്ട് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.
പോക്സോ, ഇന്‍ഫര്‍മേഷന്‍ ആന്റ ടെക്നോളജി ആക്ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. നേരത്തെ മയക്കുമരുന്ന് കേസിലും പ്രതിയായിരുന്നു സഫ് വാനെന്ന് പൊലീസ് പറഞ്ഞു.


by Midhun HP News | Jan 22, 2026 | Latest News, കേരളം
പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസില്‍ ജയിലിലുള്ള രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ പത്തനംതിട്ട സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. പൊലീസ് റിപ്പോര്‍ട്ട് കൂടി ലഭിച്ചശേഷമാകും ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുക. കോട്ടയം സ്വദേശിനിയെ തിരുവല്ലയിലെ ഹോട്ടലില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്ത കേസില്‍ കഴിഞ്ഞ 11നാണ് രാഹുല്‍ റിമാന്‍ഡിലായത്.
തിരുവല്ല മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞദിവസം രാഹുലിന് ജാമ്യം നിഷേധിച്ചിരുന്നു. തുടര്‍ന്നാണ് സെഷന്‍സ് കോടതിയെ സമീപിച്ചത്. ജാമ്യം തള്ളിയുള്ള മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് രാഹുലിന് പ്രതികൂലം ആകാന്‍ ആണ് സാധ്യത. ആദ്യ കേസിലെ പരാതിക്കാരി ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച സത്യവാങ്മൂലം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി ജാമ്യ ഹര്‍ജിയെ എതിര്‍ക്കാന്‍ ആണ് പ്രോസിക്യൂഷന്‍ നീക്കം.
അതേസമയം, ഗുരുതര വെളിപ്പെടുത്തലുമായി അതിജീവിത കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. രാഹുല്‍ ക്രൂരനായ ലൈംഗിക കുറ്റവാളിയാണെന്നും ഗര്‍ഭിണിയായിരിക്കെ തന്നെ മൃഗീയമായി പീഡിപ്പിച്ചെന്നും പരാതിക്കാരി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.


by Midhun HP News | Jan 22, 2026 | Latest News, കേരളം
തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്രിതര്‍ക്കുമായി ഏര്‍പ്പെടുത്തിയിട്ടുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപിന്റെ രണ്ടാം ഘട്ടം ഫെബ്രുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍. സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍വീസ് കുടുംബ പെന്‍ഷന്‍കാര്‍, യുണിവേഴ്‌സിറ്റികളിലെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയും ജീവനക്കാരും പെന്‍ഷന്‍കാരും, അവരുടെ ആശ്രിതരും ഉള്‍പ്പെടെ നിലവിലുള്ളവരെല്ലാം പുതുക്കിയ പദ്ധതിയുടെയും ഗുണഭോക്താക്കളാകും. ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയ്ക്കാണ് പദ്ധതിയുടെ നിര്‍വഹണ ചുമതലയെന്ന് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു.
വര്‍ഷം അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഉറപ്പാക്കുന്നതാണ് പുതുക്കിയ പദ്ധതി. അടിസ്ഥാന ഇന്‍ഷുറന്‍സ് പരിരക്ഷ മൂന്നുലക്ഷം രൂപയില്‍നിന്ന് അഞ്ചുലക്ഷം രൂപയായും ഉയര്‍ത്തി. പ്രതിമാസം 687 രൂപ പ്രിമീയം ഇനത്തില്‍ നല്‍കിയാല്‍ മതി. പദ്ധതി അംഗത്തിന്റെയും ആശ്രിതരുടെയും പ്രിമീയമായി വര്‍ഷം ആകെ നല്‍കേണ്ടത് 8,244 രൂപ മാത്രമാണ്.
ദേശീയാടിസ്ഥാനത്തില്‍ അംഗീകരിച്ചിട്ടുള്ള ഹെല്‍ത്ത് ബെനിഫിറ്റ് പാക്കേജ് 2022 അനുസരിച്ചുള്ള ചികിത്സാ പാക്കേജുകളാണ് പദ്ധതിയില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതോടെ കൂടുതല്‍ ആശുപത്രികളുടെ സേവനം പദ്ധതിയ്ക്കായി ലഭ്യമാക്കാനാവും. എംപാനല്‍ ചെയ്തിട്ടുള്ള ആശുപത്രികളിലെല്ലാം ക്യാഷ്‌ലെസ് കിടത്തി ചികിത്സ ലഭ്യമാകും. മെഡിക്കല്‍, സര്‍ജിക്കല്‍ പാക്കേജുകളുള്‍പ്പെടെ 2,516 പാക്കേജുകള്‍ പുതുക്കിയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ 1,920 പാക്കേജുകളാണ് ഉണ്ടായിരുന്നത്. കൂടുതല്‍ ആശുപത്രികളെ ഉള്‍പ്പെടുത്തുന്നതിനോടൊപ്പം ഓരോ ആശുപത്രിയിലും ലഭ്യമായ എല്ലാ വിഭാഗങ്ങളെയും എംപാനല്‍ ചെയ്യാനുള്ള വ്യവസ്ഥയും പുതുക്കിയ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിദിനം 5,000 രൂപവരെ മുറി വാടക നിശ്ചയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പേ വാര്‍ഡ് മുറി വാടക പ്രതിദിനം 2,000 രൂപവരെയാക്കി നിശ്ചയിച്ചിട്ടുണ്ട്. ഒരേ സമയം സര്‍ജിക്കല്‍, മെഡിക്കല്‍ പാക്കേജുകള്‍ക്ക് പരിരക്ഷ ഉറപ്പാക്കുന്നതാണ് പുതുക്കിയ പദ്ധതി.
മെഡിക്കല്‍ പാക്കേജുകള്‍ക്ക് അടിസ്ഥാന നിരക്കിനുപുറമെ വിലകൂടിയ മരുന്നുകള്‍, പരിശോധനകള്‍ എന്നിവയ്ക്ക് പ്രത്യേക തുക നിശ്ചയിക്കുകയും അത് അടിസ്ഥാന നിരക്കിനൊപ്പം ലഭ്യമാക്കുകയും ചെയ്യും. ഡയാലിസിസ്, കീമോതെറാപ്പി എന്നിങ്ങനെ തുടര്‍ച്ചയായ ചികിത്സ തേടേണ്ട രോഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പോര്‍ട്ടലില്‍ ഒരു ഒറ്റത്തവണ രജിസ്‌ട്രേഷന്‍ സംവിധാനമൊരുക്കുകയം അതുവഴി സൗജന്യ ചികിത്സ ഉറപ്പാക്കുകയും ചെയ്യും.
മുട്ട് മാറ്റിവയ്ക്കല്‍, ഇടുപ്പെല്ല് മാറ്റിവയ്ക്കല്‍ എന്നീ ശസ്ത്രക്രീയകള്‍ സ്വകാര്യ ആശുപത്രികളിലും ലഭ്യമാക്കും. നിലവില്‍ അവ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്നത് ഒഴിവാക്കും. ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജി, ജിപ്മര്‍ എന്നീ ആശുപത്രികള്‍ പദ്ധതിയില്‍ എംപാനല്‍ ചെയ്യാത്തപക്ഷം ഈ ആശുപത്രികളില്‍ നടത്തുന്ന ചികിത്സകള്‍ക്ക് മെഡിസെപില്‍ റീ-ഇംപേഴ്‌സമെന്റ് ലഭ്യമാക്കാനുള്ള വ്യവസ്ഥയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പത്ത് അതീവ ഗുരുതര, അവയവ മാറ്റ ശസ്ത്രക്രീയകള്‍ക്കുള്ള അധിക പരിരക്ഷ അടുത്ത ഘട്ടത്തിലും തുടരുന്നതാണ്. ഇതിനായി രണ്ടുവര്‍ഷത്തേയ്ക്ക് 40 കോടി രൂപ ഇന്‍ഷുറന്‍സ് കമ്പനി മാറ്റിവയ്ക്കുന്നുണ്ട്. പുതുക്കിയ പദ്ധതി രണ്ടാം വര്‍ഷത്തിലേയ്ക്ക് കടക്കുമ്പോള്‍ ചികിത്സാ പാക്കേജ് നിരക്കില്‍ 5 ശതമാനം വര്‍ദ്ധന അനുവദിക്കാനും ധാരണയായിട്ടുണ്ട്.
റോഡ് അപകടം, ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുമായി ബന്ധപ്പെട്ട അടിയന്തിര സാഹചര്യങ്ങളില്‍ എംപാനല്‍ ചെയ്തിട്ടില്ലാത്ത ആശുപത്രിയില്‍ ചികിത്സ തേടാവുന്നതാണ്. ഇതിന്റെ ചെലവ് കമ്പനി മടക്കി നല്‍കും. ഇത്തരത്തില്‍ റീ-ഇംപേഴ്‌സമെന്റ് ആനുകൂല്യത്തിന് പത്ത് അധിക ചികിത്സകള്‍ക്കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പായപരിധി ബാധകമാക്കാതെ പദ്ധതിയില്‍ ഗുണഭോക്താക്കളെ ചേര്‍ക്കാന്‍ കഴിയും. ത്രിതല പരാതി പരിഹാര സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാക്കേജുകളുടെ വിശദാംശങ്ങളും ആശുപത്രി ശൃംഖലകളുടെ പൂര്‍ണ വിവരങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാക്കും. 365 ദിവസവും ദിവസം മുഴുവന്‍ കോള്‍ സെന്റര്‍ സംവിധാനമുണ്ടാകും.
Recent Comments