by Midhun HP News | Mar 10, 2026 | Latest News, ജില്ലാ വാർത്ത
പച്ചത്തേങ്ങയുടെ വില കുത്തനെ ഇടിഞ്ഞതോടെ കർഷകർ പ്രതിസന്ധിയിൽ. നേരത്തേ പൊതുവിപണിയിൽ ഒരു കിലോഗ്രാം പച്ചത്തേങ്ങയ്ക്ക് 72 രൂപ വരെ ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ 45 രൂപ വരെയായി. ഉൽപാദനം കൂടിയതും തമിഴ്നാട്ടിൽനിന്നു കൂടുതൽ തേങ്ങയെത്തുന്നതുമാണു വില കുറയാൻ കാരണമായി പറയുന്നത്.
കിലോഗ്രാമിന് 57 രൂപയ്ക്കാണു കേരഫെഡ് പച്ചത്തേങ്ങ സംഭരിക്കുന്നത്. കേരഫെഡ് ചെറുപുഴയിൽ പച്ചത്തേങ്ങ സംഭരണം ആരംഭിച്ചപ്പോൾ കിലോഗ്രാമിന് 78 രൂപ വരെ ലഭിച്ചിരുന്നു. പൊതുവിപണിയെക്കാൾ 5 രൂപ അധികം നൽകിയാണു കേരഫെഡ് തേങ്ങ സംഭരിക്കുക. വിലവർധനയുണ്ടായില്ലെങ്കിൽ നാളെമുതൽ സംഭരണകേന്ദ്രത്തിൽ കിലോഗ്രാമിന് 50 രൂപയേ ലഭിക്കൂ. ചൊവ്വാഴ്ചകളിലാണു കേരഫെഡ് വില പുതുക്കുക.
പൊതുവിപണി വിലയ്ക്കനുസരിച്ച് കേരഫെഡ് വില കുറയ്ക്കുന്നതു കർഷകർക്കു തിരിച്ചടിയാണ്. മഴക്കാലത്ത് ഉൽപാദനം കുറഞ്ഞപ്പോഴാണു തേങ്ങയ്ക്കു 78 രൂപ വരെ കിലോഗ്രാമിനു ലഭിച്ചത്. വേനലായതോടെ കേരളത്തിൽ ഉൽപാദനം കൂടേണ്ടതാണെങ്കിലും കാലാവസ്ഥ തിരിച്ചടിയായി. ഇതിനുപുറമേ, തെങ്ങുകയറ്റത്തിനും പൊതിക്കുന്നതിനുമുള്ള കൂലി കൂടി നൽകിയാൽ കർഷകർക്ക് ഒന്നും ലഭിക്കാത്ത അവസ്ഥയാണ്.


by Midhun HP News | Mar 10, 2026 | Latest News, ജില്ലാ വാർത്ത
കൊല്ലത്ത് ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായി 18 കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് നടി അനുമോള്‍. പാവപ്പെട്ട വീട്ടിലെ കുട്ടി ആയതിനാലാണോ സമൂഹം മിണ്ടാതിരിക്കുന്നതെന്നാണ് താരം ചോദിക്കുന്നത്. ആരും ഒന്നും ചോദിക്കുന്നില്ല, പ്രതിഷേധിക്കുന്നില്ല എന്ന്ത വേദനിപ്പിക്കുന്നതാണെന്നും താരം സോഷ്യല്‍ മീഡിയ കുറിപ്പില്‍ പറയുന്നുണ്ട്. ആ വാക്കുകളിലേക്ക്:
18 വയസ്സ് മാത്രം പ്രായമുള്ള ഒരു മകനെ നാലുപേര്‍ ചേര്‍ന്ന് തലക്ക് അടിച്ച് കൊന്നിരിക്കുന്നു. ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയായിരുന്നു അവന്‍. അച്ഛനും അമ്മക്കും ആരോഗ്യ പ്രശ്‌നങ്ങളുള്ള കുടുംബം. ആ വീട്ടിന്റെ പ്രതീക്ഷയായിരുന്ന ഒരു ജീവന്‍ ഇങ്ങനെ അവസാനിച്ചു.
പക്ഷേ അതില്‍ വേദനകരമായത് എന്താണെന്നറിയാമോ? സമൂഹം മിണ്ടാതിരിക്കുന്നു. ആരും ചോദിക്കുന്നില്ല.. ആരും പ്രതിഷേധിക്കുന്നില്ല. ഇന്നത്തെ കാലത്ത് ആളുകള്‍ക്ക് മറ്റുള്ളവരുടെ സ്വകാര്യ ജീവിതം നോക്കാനും വിമര്‍ശിക്കാനും സമയം ഒരുപാടുണ്ട് ഉണ്ട്. പക്ഷേ ഒരു 18 വയസ്സുകാരന്റെ ജീവന്‍ പോയപ്പോള്‍ ആ വേദനയെ കുറിച്ച് സംസാരിക്കാന്‍ പലര്‍ക്കും സമയം ഇല്ല. ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയായതിനാലാണോ ഈ നിശബ്ദത? ഒരു മനുഷ്യന്റെ ജീവന് വില ഇത്രയാണോ? നമ്മള്‍ ഇന്ന് മിണ്ടാതിരുന്നാല്‍ നാളെ മറ്റൊരു 18 വയസ്സുകാരന്‍ കൂടി ഇങ്ങനെ കൊല്ലപ്പെടും. അപ്പോള്‍ കൂടി സമൂഹം മിണ്ടാതിരിക്കുമോ?
ശക്തികുളങ്ങര മരുത്തടി ദേവീക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിലാണ് ഹരി കൃഷ്ണന് ഗുരുതരമായി പരുക്കേല്‍ക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. അഞ്ചു ദിവസം ആശുപത്രിയില്‍ ചികിത്സയില്‍ കിടന്ന യുവാവ് വെള്ളിയാഴ്ചയാണ് മരിച്ചത്. മര്‍ദനത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയിയല്‍ വൈറലായിരുന്നു.


by Midhun HP News | Mar 10, 2026 | Latest News, കേരളം
കണ്ണൂര്‍ : മുഴപ്പിലങ്ങാട് കൂറുമ്പ ഭഗവതി ക്ഷേത്ര ഉത്സവത്തിനിടെ സിപിഎം- ബിജെപി സംഘര്‍ഷം. ചേരി തിരിഞ്ഞ് ഇരുവിഭാഗവും കല്ലും ചെരിപ്പുകളും വലിച്ചെറിഞ്ഞതോടെ പൊലീസ് ലാത്തിവീശി പ്രവര്‍ത്തകരെ സ്ഥലത്തുനിന്നും ഒഴിപ്പിച്ചു.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. ശനിയാഴ്ച ആരംഭിച്ച ക്ഷേത്ര ഉത്സവത്തിന്റെ സമാപന ദിവസമാണ് ചൊവ്വാഴ്ച. പുലര്‍ച്ചെ 2.30 ഓടെയാണ് സംഘര്‍ഷമുണ്ടായത്. ചേരി തിരിഞ്ഞ് ഇരുവിഭാഗവും തമ്മില്‍ ഉന്തുംതള്ളുമായതോടെയാണ് പൊലീസ് ഇടപെട്ടത്. കഴിഞ്ഞ വര്‍ഷവും ക്ഷേത്രത്തില്‍ സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു.


by Midhun HP News | Mar 10, 2026 | Latest News, ജില്ലാ വാർത്ത
വിഴിഞ്ഞം: മത്സ്യബന്ധന ബോട്ട് ഇടിച്ചുതകര്‍ത്ത പനാമ കപ്പലിനെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്(ഡിജി ഷിപ്പിങ്) അധികൃതര്‍ കസ്റ്റഡിയിലെടുത്തു. അപകടമുണ്ടാക്കിയ എം ടി സോളിസ് എന്ന എണ്ണക്കപ്പലിനെയാണ് കസ്റ്റഡിയിലെടുത്ത് വിഴിഞ്ഞം പുറംകടലിലെത്തിച്ചത്.
അപകടത്തെത്തുടര്‍ന്ന് കന്യാകുമാരിയിലെ മുട്ടം തുറമുഖത്തുനിന്ന് ഏകദേശം 57 നോട്ടിക്കല്‍ മൈല്‍ അകലെ കപ്പലിനെ തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. കോസ്റ്റ്ഗാര്‍ഡിന്റെ വിഴിഞ്ഞം സ്റ്റേഷന്‍ കമാന്‍ഡര്‍ സുരേഷ് കുറുപ്പിനോട് ഡി.ജി. ഷിപ്പിങ് അധികൃതര്‍ കപ്പല്‍ കസ്റ്റഡിയിലെടുത്തു നല്‍കാനായി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് കോസ്റ്റ്ഗാര്‍ഡിന്റെ അനഘ് എന്ന കപ്പല്‍ എം.ടി. സോളിസിനെ കസ്റ്റഡിയിലെടുത്ത് വിഴിഞ്ഞം പുറംകടലിലെത്തിക്കുകയായിരുന്നു. കൊച്ചിയില്‍നിന്നെത്തിയ ഡി ജി ഷിപ്പിങ്ങിന്റെ ചീഫ് സര്‍വേയര്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥസംഘം കപ്പലിലെത്തി പ്രാഥമിക സര്‍വേ നടത്തി.

ഇന്ന് രാവിലെയോടെ മുംബൈയിലെ മെര്‍ക്കന്റൈല്‍ മറൈന്‍ ഡിപ്പാര്‍ട്ട്‌മെന്റ്(എംഎംഡി) അധികൃതരെത്തി കപ്പല്‍ പരിശോധിക്കും. അന്താരാഷ്ട്ര കപ്പല്‍ച്ചാലിനു സമീപത്തായിരുന്നു അപകടമെന്നാണ് പ്രാഥമിക അന്വേഷണം. ഇത് സ്ഥിരീകരിക്കുന്നതിന് കപ്പലിലെ ക്യാപ്റ്റന്‍ ഉള്‍പ്പെട്ട 20 അംഗ ജീവനക്കാരില്‍നിന്നു വിവരശേഖരണം നടത്തും.
ശനിയാഴ്ച ഉച്ചയ്ക്ക് 1.45-ഓടെ കന്യാകുമാരിയിലെ മുട്ടം തുറമുഖത്തുനിന്ന് ഏകദേശം 57 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു അപകടം. കൊല്ലം നീണ്ടകരയില്‍നിന്ന് കന്യാകുമാരി ഭാഗത്തേക്കു മീന്‍പിടിത്തത്തിനുപോയ മരുത്തടിയില്‍ ചിറക്കര പുതുവലില്‍ രാജേഷ് മാത്യുവിന്റെ സെയ്ന്റ് ജോസഫ് എന്ന ട്രോളിങ് ബോട്ടാണ് എണ്ണക്കപ്പലിടിച്ച് തകര്‍ന്ന് മുങ്ങിപ്പോയത്. ബോട്ടിലുണ്ടായിരുന്ന 11 പേരില്‍ ഒന്‍പതുപേരെ കപ്പല്‍ ജീവനക്കാര്‍ രക്ഷിച്ചിരുന്നു. രണ്ടുപേരെ ഇതുവരെയും കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ വിഴിഞ്ഞം കോസ്റ്റ്ഗാര്‍ഡ് കേസെടുത്തിട്ടുണ്ട്.

by Midhun HP News | Mar 10, 2026 | Latest News, ദേശീയ വാർത്ത
ലഖ്‌നൗ: മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം എലികള്‍ കടിച്ചുമുറിച്ചതായി ആരോപണം. ഉത്തര്‍പ്രദേശിലെ താരക്പൂര്‍ സ്വദേശിയായ അഭിഷേക് മാലി എന്ന 26 കാരന്റെ മൃതദേഹം എലികള്‍ കടിച്ചുമുറിച്ചെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത് വന്നത്. ഇതേത്തുടര്‍ന്ന് ആശുപത്രി പരിസരത്ത് സംഘര്‍ഷാവസ്ഥയുണ്ടായി.
സംഭവത്തില്‍ അന്വേഷണം നടത്തി ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്ന് ആശുപത്രി ജീവനക്കാര്‍ കുടുംബത്തിന് ഉറപ്പ് നല്‍കി. ഞായറാഴ്ച രാവിലെ അഭിഷേക് മാലിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചു. മൃതദേഹം ഫ്രീസറില്‍ വെക്കാന്‍ ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ഫ്രീസര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ഐസില്‍ സൂക്ഷിച്ചിരിക്കുകയാണെന്നുമാണ് തങ്ങളെ അറിയിച്ചതെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. തിങ്കളാഴ്ച രാവിലെ മൃതദേഹം എടുക്കാന്‍ കുടുംബം ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ എത്തിയപ്പോള്‍ നിറയെ മുറിവുകള്‍ കണ്ടെക്കുകയായിരുന്നു.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. അന്വേഷണം നടത്തുകയും ഉത്തരവാദികളായ ജീവനക്കാര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് ചീഫ് മെഡിക്കല്‍ സൂപ്രണ്ട് സച്ചിന്‍ കിഷോര്‍ പറഞ്ഞു. ശരീരത്തില്‍ ചില മുറിവുകള്‍ കണ്ടെത്തിയെന്നും എന്നാല്‍ അത് എലികള്‍ ഉണ്ടാക്കിയതാണെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയില്ലെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ സുനില്‍ സിങ് പറഞ്ഞു.


Recent Comments