മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്തും; കേരളത്തിന്റെ ആശങ്ക കൂട്ടി തമിഴ്‌നാട് ബജറ്റ്

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്തും; കേരളത്തിന്റെ ആശങ്ക കൂട്ടി തമിഴ്‌നാട് ബജറ്റ്

ചെന്നൈ: കേരളത്തിന്റെ ആശങ്ക കൂട്ടി മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് തമിഴ്‌നാടിന്റെ ബജറ്റ് പ്രഖ്യാപനം. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്താന്‍ ശ്രമിക്കുമെന്നാണ് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി എന്‍ മാരി വില്‍സണ്‍ പറഞ്ഞത്. ഇതോടൊപ്പം കാവേരി നദിയില്‍ നിന്ന് അര്‍ഹതപ്പെട്ട ജലം തമിഴ്‌നാട് നേടിയെടുക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

വിജയ് സര്‍ക്കാരിന്റെ ആദ്യ ബജറ്റിലാണ് കേരളത്തിന്റെ ആശങ്ക കൂട്ടുന്ന പ്രഖ്യാപനം. നിലവിലുള്ള കരാറുകള്‍, ട്രൈബ്യൂണല്‍ വിധികള്‍, നീതിന്യായ നിര്‍ദേശങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായി ജലനിരപ്പ് ഉയര്‍ത്തുമെന്നാണ് പ്രഖ്യാപനം. അന്തര്‍ സംസ്ഥാന നദീജലം പങ്കുവെയ്ക്കലില്‍ സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ പൂര്‍ണമായി സംരക്ഷിക്കുമെന്നും മാരി വില്‍സണ്‍ പറഞ്ഞു.

ദീര്‍ഘകാല ജലസുരക്ഷ ശക്തമാക്കുന്നതിനും കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും മുലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തേണ്ടതുണ്ടെന്നും ബജറ്റ് പ്രസംഗത്തില്‍ പറയുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്ക് ഉയര്‍ത്താനുള്ള അനുമതി നേരത്തെ തന്നെ സുപ്രീംകോടതി തമിഴ് നാടിന് നല്‍കിയിരുന്നു. എന്നാല്‍ കേരളം ഉന്നയിച്ച ആശങ്കയുടെ അടിസ്ഥാനത്തില്‍ ഇത് 136 അടി എന്നതില്‍ പരിമിതപ്പെടുത്തി നിര്‍ത്തി. നിലവിലെ പ്രഖ്യാപനത്തോടെ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുന്നതടക്കമുള്ള നടപടികളിലേക്ക് തമിഴ് നാട് സര്‍ക്കാര്‍ കടന്നേക്കുമെന്നാണ് സൂചന.

ആശ്വാസം, മഴയുടെ തീവ്രത കുറയുന്നു; അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലർട്ട്, ശനിയാഴ്ച വരെ ജാഗ്രത

ആശ്വാസം, മഴയുടെ തീവ്രത കുറയുന്നു; അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലർട്ട്, ശനിയാഴ്ച വരെ ജാഗ്രത

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ മഴക്കെടുതിയില്‍ വലഞ്ഞ കേരളത്തില്‍ മഴയുടെ ശക്തി കുറയുന്നു. നേരത്തെ ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിരുന്നു. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് തിരുവനന്തപുരത്തെയും കൊല്ലത്തെയും ഒഴിവാക്കി. നേരത്തെ ഒന്‍പത് ജില്ലകളില്‍ തീവ്രമഴയാണ് പ്രവചിച്ചിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴ മുന്നറിയിപ്പ് ഉള്ളത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റു ഏഴു ജില്ലകളില്‍ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. മറ്റു ജില്ലകളില്‍ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. വെള്ളിയാഴ്ച മലബാര്‍ മേഖലയിലാണ് തീവ്രമഴ പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ചക്രവാതച്ചുഴി

തെക്കന്‍ കര്‍ണാടകയ്ക്കും സമീപ പ്രദേശങ്ങളിലും മുകളിലായി 5.8 കിലോമീറ്റര്‍ ഉയരത്തില്‍ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും സമീപമുള്ള ആന്ധ്രാപ്രദേശ് തീരപ്രദേശങ്ങള്‍ക്കും മുകളിലായി 4.5 കിലോമീറ്റര്‍ ഉയരത്തില്‍ മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നു. ഇതിന്റെയെല്ലാം സ്വാധീനഫലമായി ശനിയാഴ്ച തീവ്രവും ശക്തവുമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വിങ്ങലായി പുനലൂർ സ്വദേശി ഷാജഹാന്റെ മടക്കം; വാപ്പയെ അവസാനമായി കാണാൻ കണ്ണീരോടെ മകൾ

വിങ്ങലായി പുനലൂർ സ്വദേശി ഷാജഹാന്റെ മടക്കം; വാപ്പയെ അവസാനമായി കാണാൻ കണ്ണീരോടെ മകൾ

ഷാർജ: ഏഴ് വർഷമായി നാട്ടിൽ പോകാതെ ഷാർജ അൽ ഇത്തിഹാദ് സ്ക്വയർ പാർക്കിൽ കടുത്ത വെയിലും തണുപ്പുമേറ്റ് ജീവിച്ചിരുന്ന മലയാളി പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പുനലൂർ പേപ്പർമിൽ ആഷിഖ് മൻസിലിൽ ഷാജഹാൻ (54) ആണ് മരിച്ചത്. കഴിഞ്ഞദിവസം ഓഗസ്‌റ്റ് മൂന്നിന് വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. പാർക്കിൽ കിടന്നുറങ്ങുകയാണെന്ന് കരുതി ആരും ആദ്യം ശ്രദ്ധിച്ചിരുന്നില്ലെങ്കിലും, രാത്രി ഒൻപതോടെ ആരോ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

രണ്ടു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതത്തിൽ വലിയ പ്രതിസന്ധികളാണ് ഷാജഹാൻ നേരിട്ടത്. 26 വർഷം മുൻപ് സൗദി അറേബ്യയിലെത്തി ഡ്രൈവറായി 10 വർഷത്തോളം ജോലി ചെയ്ത ശേഷമാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്. പിന്നീട് ഏഴ് വർഷം മുൻപാണ് യുഎഇയിലേക്ക് വരുന്നത്. എന്നാൽ സൗദിയിലായിരുന്നപ്പോഴും യുഎഇയിലെത്തിയ ശേഷവും സ്വന്തം കുടുംബവുമായി യാതൊരു ബന്ധവും പുലർത്താൻ അദ്ദേഹം തയ്യാറായിരുന്നില്ല. മകൾ തസ്‌നിമിന്റെയും മകൻ ആഷിഖിന്റെയും വിവാഹ മംഗളകർമ്മങ്ങൾക്ക് പോലും ഷാജഹാൻ നാട്ടിലേക്ക് പോയിരുന്നില്ല.

ഷാർജ സൗദി പള്ളിക്കടുത്തുള്ള അൽ ഇത്തിഹാദ് സ്ക്വയർ പാർക്കിലായിരുന്നു നിരാലംബനായ അദ്ദേഹത്തിന്റെ ജീവിതം. പള്ളിയിൽ നിന്ന് പ്രാഥമികാവശ്യങ്ങൾ നിറവേറ്റിയും മറ്റുള്ളവർ നൽകുന്ന ഭക്ഷണം കഴിച്ചും ദിവസം തള്ളിനീക്കിയ അദ്ദേഹം കടുത്ത പ്രമേഹബാധിതനായിരുന്നെങ്കിലും മരുന്നുകൾ കഴിക്കാൻ കൂട്ടാക്കിയിരുന്നില്ല. മുൻപ് വിശന്നുതളർന്നിരുന്ന ഷാജഹാനെ കണ്ട് ഭക്ഷണം വാങ്ങിനൽകിയ സാമൂഹികപ്രവർത്തക മായയോട് ഒരിക്കൽ അദ്ദേഹം ഭാര്യ ഷൈലജയുടെ ഫോൺ നമ്പർ കൈമാറിയിരുന്നു. തുടർന്ന് മായ നാട്ടിലേക്ക് വിളിച്ച് സംസാരിച്ചപ്പോഴാണ് വർഷങ്ങളായി കുടുംബവുമായി ബന്ധമില്ലെന്നും കടബാധ്യതകൾ വീട്ടാൻ നെട്ടോട്ടമോടുകയാണെന്നും കുടുംബം വ്യക്തമാക്കുന്നത്. യുഎഇ ഡ്രൈവിങ് ലൈസൻസുള്ള താങ്കൾക്ക് വീണ്ടും ജോലി ചെയ്തൂടെ എന്ന് മായ ചോദിച്ചെങ്കിലും അദ്ദേഹം അതിന് തയ്യാറായിരുന്നില്ല.

പാർക്കിൽ ഒരു മലയാളി മരണപ്പെട്ട വിവരമറിഞ്ഞ് സംശയം തോന്നിയ മായ, പഴയ നമ്പർ തിരഞ്ഞുപിടിച്ച് നാട്ടിലേക്ക് വിളിച്ച് പാസ്പോർട്ട് കോപ്പിയും ഫോട്ടോയും വാങ്ങിയാണ് മരിച്ചത് ഷാജഹാൻ തന്നെയാണെന്ന് സ്ഥിരീകരിച്ചത്. ഏഴ് വർഷമായി ഫോണിൽ പോലും സംസാരിച്ചിട്ടില്ലെന്നും അവസാനമായി വാപ്പയുടെ മുഖമൊന്ന് കാണാൻ മൃതദേഹം നാട്ടിലെത്തിക്കാൻ ഇന്ത്യൻ കോൺസുലേറ്റും സാമൂഹിക പ്രവർത്തകരും സഹായിക്കണമെന്നും മകൾ തസ്‌നിം അഭ്യർത്ഥിച്ചു. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം ഉടൻ നാട്ടിലേക്ക് കൊണ്ടുപോകും.

ദേശീയപാതയോരത്ത് കഞ്ചാവ് ചെടി കണ്ടെത്തി

ദേശീയപാതയോരത്ത് കഞ്ചാവ് ചെടി കണ്ടെത്തി

കണിയാപുരം പള്ളിപ്പുറത്ത് ദേശീയപാതയോരത്ത് സാമൂഹ്യ വിരുദ്ധർ തള്ളിയിട്ടിരുന്ന മാലിന്യം നീക്കം ചെയ്യാനെത്തിയ ഹരിത കർമ്മ സേന അംഗങ്ങളാണ് റോഡരുകിൽ വളർന്ന നിന്ന കഞ്ചാവ് ചെടി കണ്ടെത്തിയത്. സംഭവം ശ്രദ്ധയിൽപെട്ടതോടെ ഹരിത കർമ്മസേന അംഗങ്ങൾ ഉടൻ തന്നെ പഞ്ചായത്ത് പ്രെസിഡന്റിനേയും പോലീസുകാരേയും വിവരം അറിയിച്ചു.

തുടർന്ന് സ്ഥലത്തെത്തിയ പോലീസ് പരിശോധന നടത്തി കഞ്ചാവ് ചെടി പിഴുത് മാറ്റി. ദേശീയപാതയോരത്ത് കഞ്ചാവ് ചെടി വളർന്നത് ആശങ്കയ്ക്കു ഇടവരുത്തിയ സാഹചര്യത്തിൽ പ്രദേശത്ത് കൂടുതൽ നിരീക്ഷണം ശക്തമാക്കണമെന്നു നാട്ടുകാർ ആവശ്യപെടുന്നു.

മുതലപ്പൊഴി അപകടം : ഫ്രീമോന്റെയും ഷിജിന്റെയും വീടുകളിൽ ബിജെപി സന്ദർശനം

മുതലപ്പൊഴി അപകടം : ഫ്രീമോന്റെയും ഷിജിന്റെയും വീടുകളിൽ ബിജെപി സന്ദർശനം

മുതലപ്പൊഴി അപകടത്തിൽപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച് ബിജെപി.
ഭാരതീയ ജനത പാർട്ടി തിരുവനന്തപുരം നോർത്ത് ജില്ലാ പ്രസിഡന്റ് എസ് ആർ റജികുമാറിന്റെ നേതൃത്വത്തിലാണ് അപകടത്തിൽപ്പെട്ടവരുടെ വീടുകളിലെത്തി കുടുംബഅംങ്ങളെ കണ്ടത്. കഴിഞ്ഞ 31 ന് മുതലപ്പൊഴിയിൽ ഉണ്ടായ അപകടത്തിൽ അഞ്ചുതെങ്ങ് കൊച്ചുമേത്തൻ കടവ് സ്വദേശികളായ ഫ്രീമോൻ (26), ഷിജിൻ (32) തുടങ്ങിയവരെ കാണാതായിരുന്നു. ഇവരിൽ ഫ്രീമോന്റെ മൃതദേഹം ഞായറാഴ്ചയോടെ കണ്ടെത്തിയിരുന്നു. ഷിജിനെ കണ്ടെത്താനായിരുന്നില്ല.

ഇരു കുടുംബങ്ങളുടേയും ദുഃഖത്തിൽ പങ്കുചേരുന്നതായി അദ്ദേഹം ബന്ധുക്കളെ അറിയിച്ചു. അപകടം സംഭവിച്ച് ദിവസങ്ങൾ കഴിയുമ്പോഴും ഷിജിനെ കണ്ടെത്താൻ കഴിയാത്തതിൽ ബന്ധുക്കളുടെ ആശങ്കകൾ കേട്ടറിഞ്ഞ അദ്ദേഹം പാർട്ടിയുടെ ഭാഗത്ത് നിന്നും മുതലപ്പൊഴിയിലെ സുരക്ഷാ ക്രമീകണങ്ങൾ വർധിപ്പിക്കുന്നതിനുള്ള ഇടപെടലുകൾ കേന്ദ്ര സംസ്ഥാന സർക്കാരുകളിൽ സമ്മർദ്ദം ചെലുത്തുമെന്നും ബന്ധുക്കൾക്ക് ഉറപ്പുനൽകി.

തുടർന്ന്, മുതലപ്പൊഴി അഴിമുഖ ചാലിൽ എത്തിയ അദ്ദേഹം അഴിമുഖ ചാലിലെ സ്ഥിതിഗതികളും നിർമ്മാണ പ്രവർത്തികളുടെ പുരോഗതികളും വിലയിരുത്തി. മുതലപ്പൊഴിയിലെ സുരക്ഷാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുവാനും തെരച്ചിൽ സംബന്ധമായി മുങ്ങൽ വിദഗ്ധരുടെ സേവനം അടിയന്തിരമായി ഉറപ്പ് വരുത്തുവാനുമുള്ള നടപടികൾ വേഗത്തിലാക്കുവാനും മുതലപ്പൊഴി ഹാർബർ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ രാകേഷ് എം എസ് നെ ഓഫീസിലെത്തികണ്ട് ആവിശ്യപ്പെട്ടു.

ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രഭാരി ഭൂവനേന്ദ്രൻ നായർ, മുൻ എൻഡിഎ സ്ഥാനാർത്ഥി ബി എസ് അനൂപ്, ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഞ്ചുതെങ്ങ് സജൻ, ജനറൽ സെക്രട്ടറി ബൈജു എസ്, ബൂത്ത് കമ്മിറ്റി പ്രസിഡന്റ് വത്സലൻ തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.