തിരുവാഭരണ ഘോഷയാത്ര ഇന്ന്; ഭക്തിസാന്ദ്രമായി ശബരിമല; മകരവിളക്ക് 14ന്

തിരുവാഭരണ ഘോഷയാത്ര ഇന്ന്; ഭക്തിസാന്ദ്രമായി ശബരിമല; മകരവിളക്ക് 14ന്

ശബരിമല: മകരവിളക്കിന് ശബരിമലയിലെ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായി ഘോഷയാത്ര തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിനു വലിയ കോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്നു പുറപ്പെടും. രാജപ്രതിനിധി പുണര്‍തം നാള്‍ നാരായണ വര്‍മയാണ് നയിക്കുക. ജനുവരി 14നാണ് മകര ജ്യോതിയും മകര സംക്രമ പൂജയും.

26 പേരാണ് സംഘത്തില്‍ ഉള്ളത്. ഘോഷയാത്ര മൂന്നാം നാള്‍ ശബരിമലയില്‍ എത്തും. തിരുവാഭരണങ്ങള്‍ ചാര്‍ത്തി ദീപാരാധന അന്ന് വൈകിട്ട് ആറരയോടുകൂടി നടക്കും. ജനുവരി 18ന് കൊട്ടാരം വക കളഭാഭിഷേകവും, 19ന് ഗുരുതിയും രാജപ്രതി തിധിയുടെ സാന്നിധ്യത്തില്‍ നടക്കും. ശബരിമലയില്‍ ഭക്തജനങ്ങള്‍ക്ക് 19 ന് രാത്രി വരെയെ ദര്‍ശനം ഉണ്ടായിരിക്കുള്ളു. ജനുവരി 20 ന് രാവിലെ 6 മണിയോടുകൂടി നട അടച്ച് തിരുവാഭരണവുമായി രാജപ്രതിനിധി പടി ഇറങ്ങി മടക്കയാത്ര ആരംഭിക്കും.

ഘോഷയാത്ര കടന്നുപോകുന്ന പാതയിൽ 11 സ്ഥലങ്ങളിൽ ആഭരണപ്പെട്ടികൾ തുറന്ന് ദർശനമുണ്ടാകും. കുളനട ഭഗവതിക്ഷേത്രം, ഉള്ളന്നൂർ ദേവീക്ഷേത്രം, കുറിയാനപ്പള്ളി ദേവീക്ഷേത്രം, പാമ്പാടിമൺ അയ്യപ്പക്ഷേത്രം, അയിരൂർ പുതിയകാവ് ദേവീക്ഷേത്രം, തിരുവാഭരണപ്പാറ, ഇടക്കുളം അയ്യപ്പക്ഷേത്രം, വടശേരിക്കര ചെറുകാവ് ദേവീക്ഷേത്രം, പ്രയാർ മഹാവിഷ്ണു ക്ഷേത്രം, കൊട്ടാരത്തിൽ രാജരാജേശ്വരീ മണ്ഡപം, ളാഹ വനംവകുപ്പ് സത്രം എന്നിവിടങ്ങളിലാണ് ദർശനം.

പന്തളം വലിയകോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ നിന്നു പുറപ്പെടുന്ന ഘോഷയാത്രയ്ക്ക് 1.15ന് മണികണ്ഠനാൽത്തറ ക്ഷേത്രത്തിൽ ആദ്യ സ്വീകരണം. കൈപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം-1.30, കുളനട ഭഗവതി ക്ഷേത്രം-2.00, ഉള്ളന്നൂർ ഭദ്രാദേവീക്ഷേത്രം-3.00, പറയങ്കര ഗുരുമന്ദിരം-3.20, കുറിയാനിപ്പള്ളി ദേവീക്ഷേത്രം-3.30, കാവുംപടി ക്ഷേത്രം-4.00, കിടങ്ങന്നൂർ ജംക്‌ഷൻ-4.30, നാൽക്കാലിക്കൽ സ്കൂൾ ജംക്‌ഷൻ-5.00, ആറന്മുള കിഴക്കേനട-5.30, പൊന്നുംതോട്ടം ക്ഷേത്രം-5.45, പാമ്പാടിമണ്ണ്-7.00, ചെറുകോൽപ്പുഴ ക്ഷേത്രം-8.30, അയിരൂർ പുതിയകാവ് ദേവീക്ഷേത്രം-9.30, വിശ്രമം.

പുലർച്ചെ രണ്ടിന് പുതിയകാവ് ദേവീക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് മൂക്കന്നൂർ-3.40, ഇടപ്പാവൂർ-3.50, പേരൂർചാൽ-4.00, ആയിക്കപ്പാറ-4.15, ഇടക്കുളം അയ്യപ്പക്ഷേത്രം-4.30, വടശേരിക്കര ചെറുകാവ് ക്ഷേത്രം-8.00, പ്രയാർ മഹാവിഷ്ണു ക്ഷേത്രം-9.30, മാടമൺ ഋഷികേശ ക്ഷേത്രം-10.30, പൂവത്തുമൂട്-11.00, കൂടക്കാവ്-12.00, കൊട്ടാരത്തിൽ-12.30, പെരുനാട് കക്കാട്ട് കോയിക്കൽ ക്ഷേത്രം-1.30, പെരുനാട് രാജേശ്വരീ മണ്ഡപം-3.30, ളാഹ വനംവകുപ്പ് സത്രം-8.00, വിശ്രമം.

പുലർച്ചെ രണ്ടിന് ളാഹയിൽ നിന്നും ഘോഷയാത്ര പുറപ്പെടും. പ്ലാപ്പള്ളി-5.00, ഇലവുങ്കൽ-6.30, നിലയ്ക്കൽ ക്ഷേത്രം-9.00, അട്ടത്തോട്-10.00, കൊല്ലമൂഴി-10.30, ഒലിയമ്പുഴ-11.30, വലിയാനവട്ടം-12.30, ചെറിയാനവട്ടം-1.00, നീലിമല-2.30, ശബരിപീഠം-4.30, ശരംകുത്തി-5.30, സന്നിധാനം-6.00.

തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കാനും ശുചീകരണത്തിനുമായി പകല്‍ 12 മുതല്‍ സന്നിധാനത്ത് കര്‍ശന നിയന്ത്രണമുണ്ടാകും. പതിനെട്ടാംപടിക്ക് മുകളിലുള്ള ഭാഗത്ത് (ഫ്ലൈ ഓവര്‍ ഉള്‍പ്പെടെ) 5000 പേരില്‍ കൂടുതല്‍ പാടില്ല. 13നും 14നും എരുമേലി വഴിയുള്ള കാനനപാതയിലൂടെ 1000 തീര്‍ഥാടകരെയും സത്രം- പുല്ലുമേടുവഴി 1500 പേരേയും മാത്രമേ അനുവദിക്കൂ. അപ്പാച്ചിമേട് -ബെയ്‌ലി ബ്രിഡ്ജ് വനപാതയിലൂടെ ആരെയും പ്രവേശിപ്പിക്കില്ല.

മകരവിളക്ക് ദര്‍ശിക്കാന്‍ പുല്ലുമേട്ടില്‍ പാസുള്ള 5000 പേരില്‍ കൂടുതല്‍ ഇല്ലെന്ന് ഉറപ്പാക്കണം. പൊന്നമ്പലമേട്ടില്‍ മകരജ്യോതി ചടങ്ങിന് ചുമതലപ്പെട്ടവര്‍മാത്രമേ പാടുള്ളൂ. തീര്‍ഥാടകരുടെ മടക്കയാത്രയ്ക്കായി പമ്പാ ഹില്‍ടോപ്പില്‍ ആവശ്യമെങ്കില്‍ പാര്‍ക്കിങ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താമെന്നും ഉത്തരവില്‍ വ്യക്തമാക്കി.

സ്വര്‍ണവില പുതിയ റെക്കോര്‍ഡിലേക്ക് കുതിക്കുന്നു; പവന് ഒറ്റയടിക്ക് വര്‍ധിച്ചത് 1,240രൂപ

സ്വര്‍ണവില പുതിയ റെക്കോര്‍ഡിലേക്ക് കുതിക്കുന്നു; പവന് ഒറ്റയടിക്ക് വര്‍ധിച്ചത് 1,240രൂപ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു. പവന് 1,240 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഒരുപവന്‍ സ്വര്‍ണത്തിന്റെ വില 1,04,240 രൂപയായി. ഒരുഗ്രാം സ്വര്‍ണത്തിന്റെ വില 13,030 രൂപയാണ്

ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. ഡിസംബര്‍ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുറഞ്ഞ് ഒരു ലക്ഷത്തില്‍ താഴെയെത്തിയ സ്വര്‍ണവിലയിലാണ് ഇപ്പോള്‍ ചാഞ്ചാട്ടം തുടരുന്നത്.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. വെനസ്വേലയിലെ അമേരിക്കന്‍ സൈനിക നടപടി അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് വില ഇപ്പോഴും ഉയര്‍ന്നുനില്‍ക്കാന്‍ കാരണം.

രാഹുലിനെ അയോ​ഗ്യനാക്കാന്‍ നിയമസഭയ്ക്ക് അധികാരം, സ്പീക്കറുടെ നിലപാട് നിര്‍ണായകം

രാഹുലിനെ അയോ​ഗ്യനാക്കാന്‍ നിയമസഭയ്ക്ക് അധികാരം, സ്പീക്കറുടെ നിലപാട് നിര്‍ണായകം

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നിയമസഭയുടെ നടപടിയില്‍ നിയമോപദേശം നിര്‍ണായകമാകും. അറസ്റ്റ് നടപടി റിപ്പോർട്ട് എസ്ഐടി സ്പീക്കർക്ക് കൈമാറി. വിഷയം നിയമസഭയുടെ പ്രവിലേജ് ആന്റ് എത്തിക്‌സ് കമ്മിറ്റിക്ക് സ്പീക്കര്‍ വിട്ടാല്‍, തീരുമാനമെടുക്കുക സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ അടക്കമുള്ളവരാണ്. രാഹുലിനെ അയോഗ്യനാക്കുന്നത് അടക്കമുള്ള നടപടിയില്‍ എത്തിക്‌സ് കമ്മിറ്റിയാണ് ശുപാര്‍ശ ചെയ്യേണ്ടത്.

സിപിഎം പ്രതിനിധി മുരളി പെരുനെല്ലിയാണ് നിയമസഭ പ്രവിലേജ് ആന്റ് എത്തിക്‌സ് കമ്മിറ്റിയുടെ അധ്യക്ഷന്‍. കമ്മിറ്റിയില്‍ എം വി ഗോവിന്ദന്‍, ടിപി രാമകൃഷ്ണന്‍, കെ കെ ശൈലജ, എച്ച് സലാം എന്നീ സിപിഎം എംഎല്‍എമാരും, സിപിഐയില്‍ നിന്ന് പി ബാലചന്ദ്രന്‍, ജെഡിഎസിന്റെ മാത്യു ടി തോമസ്, യുഡിഎഫിലെ റോജി എം ജോണ്‍ ( കോണ്‍ഗ്രസ്), യു എ ലത്തീഫ് ( മുസ്ലിം ലീഗ് ) എന്നിവര്‍ അംഗങ്ങളാണ്.

രാഹുലിനെ നീക്കണമെന്ന തീരുമാനം കമ്മിറ്റി ശുപാര്‍ശ ചെയ്യുകയും നിയമസഭ അംഗീകരിക്കുകയും ചെയ്താല്‍, സംസ്ഥാന നിയമസഭയില്‍ നിന്നും പുറത്താക്കപ്പെടുന്ന ആദ്യ എംഎല്‍എയാകും രാഹുല്‍ മാങ്കൂട്ടത്തില്‍. അറസ്റ്റ് ചെയ്ത വിവരം അറിയിച്ചുകൊണ്ടുള്ള പൊലീസ് റിപ്പോര്‍ട്ടിന്മേല്‍ അച്ചടക്ക നടപടി ആവശ്യമാണോയെന്ന് പരിശോധിക്കാന്‍ സ്പീക്കര്‍ക്ക് കമ്മിറ്റിയെ ചുമതലപ്പെടുത്താം. ഏതെങ്കിലും എംഎല്‍എ സമര്‍പ്പിക്കുന്ന പരാതിയിലും തുടര്‍നടപടിയാകാം.

കമ്മിറ്റി പരാതിക്കാരില്‍ നിന്നും തെളിവെടുപ്പ് നടത്തി ശുപാര്‍ശ അടക്കം നല്‍കുന്ന റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കും. തുടര്‍ന്ന് റിപ്പോര്‍ട്ടിലെ നിര്‍ദേശം മുഖ്യമന്ത്രി പ്രമേയമായി സഭയില്‍ അവതരിപ്പിക്കണം. പ്രമേയത്തില്‍ താക്കീതോ, സസ്‌പെന്‍ഷനോ, പുറത്താക്കലോ ശുപാര്‍ശ ചെയ്യാം. ഇതു നിയമസഭ അംഗീകരിക്കുന്നതോടെ നടപടി പ്രാബല്യത്തിലാകും. എംഎല്‍എ സ്ഥാനത്തു നിന്നും പുറത്താക്കിയാലും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് തടസ്സമില്ല.

കണ്ഠര് രാജീവര് ആശുപത്രി വിട്ടു; ആരോഗ്യനില തൃപ്തികരം, ജയിലിലേക്ക് മാറ്റി

കണ്ഠര് രാജീവര് ആശുപത്രി വിട്ടു; ആരോഗ്യനില തൃപ്തികരം, ജയിലിലേക്ക് മാറ്റി

തിരുവനന്തപുരം: ശബരിമല സ്വണക്കൊള്ളക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന തന്ത്രി കണ്ഠര് രാജീവര് ആശുപത്രിവിട്ടു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ശനിയാഴ്ചയാണ് കണ്ഠര് രാജീവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യം മെച്ചപ്പെട്ടതിന് പിന്നാലെ ഞായറാഴ്ച ഉച്ചയോടെയാണ് അദ്ദേഹത്തെ ജയിലിലേക്ക് മാറ്റിയത്.

വെള്ളിയാഴ്ച രാത്രിയോടെയാണ് ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാജീവരെ കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തത്. വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി സി എസ് മോഹിതിന്റെ വീട്ടില്‍ ഹാജരാക്കിയത്. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തില്‍ നടത്തിയ ചോദ്യംചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്.

പിന്നാലെ തിരുവനന്തപുരത്തെ സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റിയ അദ്ദേഹത്തിന് ശനിയാഴ്ച രാവിലെ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയായിരുന്നു. ഇതോടെ ആദ്യം തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും ശേഷം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയും ചെയ്തു. പരിശോധനയില്‍ കാര്‍ഡിയാക് ഇഷ്യൂ കണ്ടതോടെയാണ് കൂടുതല്‍ പരിശോധനയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്നലെ ഉച്ചയോടെ ഐസിയുവില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആരോഗ്യം മെച്ചപ്പെട്ടതിന് പിന്നാലെ ഞായറാഴ്ച വൈകീട്ട് മുന്ന് മണിയോടെയാണ് ഡിസ്ചാർജ് ചെയ്തത്. ഒബ്സര്‍വേഷനുവേണ്ടിയാണ് രാജീവരെ ഐസിയുവില്‍ പ്രവേശിപ്പിച്ചത് എന്നാണ് ആശുപത്രി അധികൃതര്‍ നല്‍കിയ വിശദീകരണം. പിന്നാലെ ജയിലിലേക്ക് മാറ്റുകയായിരുന്നു.

ബി. സരസ്വതി (80) അന്തരിച്ചു

ബി. സരസ്വതി (80) അന്തരിച്ചു

ആറ്റിങ്ങൽ അമ്പലംമുക്ക് ആർ പി ഭവനിൽ ബി. സരസ്വതി (80) അന്തരിച്ചു.

ഭർത്താവ്: പരമേശ്വരൻ
മക്കൾ: കുമാരി ശോഭന (8 ആം വാർഡ് മെമ്പർ), ഗിരിജ, അരവിന്ദാക്ഷൻ, ഷീല, അനിൽ കുമാർ, ഗീത, അജിത്, ലത, വിക്രമൻ