മകരവിളക്ക് ബുധനാഴ്ച, വെര്‍ച്വല്‍ ക്യൂ ബുക്കിങ് 30,000 മാത്രം

മകരവിളക്ക് ബുധനാഴ്ച, വെര്‍ച്വല്‍ ക്യൂ ബുക്കിങ് 30,000 മാത്രം

കൊച്ചി: മകരവിളക്ക് പ്രമാണിച്ച് ശബരിമലയിലും തീര്‍ഥാടന പാതയിലും തിരക്ക് നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും കര്‍ശന നിര്‍ദേശങ്ങളുമായി ഹൈക്കോടതി. ഓരോ പ്രധാന കേന്ദ്രത്തിലും ഉള്‍ക്കൊള്ളാവുന്നവരുടെ എണ്ണംകൂടി കണക്കിലെടുത്താണ് ജസ്റ്റിസ് വി രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ വി ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്. മകരവിളക്കിന് ശബരിമല അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണം വഹിച്ചുള്ള ഘോഷയാത്ര തിങ്കളാഴ്ച പന്തളം കൊട്ടാരത്തില്‍നിന്ന് പുറപ്പെടും. തിങ്കള്‍ പകല്‍ ഒന്നിനാണ് ഘോഷയാത്ര ആരംഭിക്കുന്നത്.

മകരവിളക്ക് ദിവസമായ 14ന് വെര്‍ച്വല്‍ ക്യൂ ബുക്കിങ് 30,000 പേര്‍ക്ക് മാത്രമായിരിക്കും. 13ന് 35,000 പേര്‍ക്കും 15 മുതല്‍ 18 വരെ 50,000 പേര്‍ക്കും 19ന് 30,000 പേര്‍ക്കും പാസ് അനുവദിക്കും. സ്‌പോട്ട് ബുക്കിങ് 5000 പേര്‍ക്കായി നേരത്തേ പരിമിതപ്പെടുത്തിയിരുന്നു. പാസില്ലാത്തവരെയും തീയതിയും സമയവും തെറ്റിച്ചുവരുന്നവരെയും പ്രവേശിപ്പിക്കില്ല. തീര്‍ഥാടകര്‍ക്ക് കുടിവെള്ളം, ലഘുഭക്ഷണം, അന്നദാനം എന്നിവ ഉറപ്പാക്കണം. 14ന് രാവിലെ 10നുശേഷം നിലയ്ക്കലില്‍നിന്ന് പമ്പയിലേക്കും 11നുശേഷം പമ്പയില്‍നിന്ന് സന്നിധാനത്തേക്കും തീര്‍ഥാടകരെ അനുവദിക്കില്ല.

തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കാനും ശുചീകരണത്തിനുമായി പകല്‍ 12 മുതല്‍ സന്നിധാനത്ത് കര്‍ശന നിയന്ത്രണമുണ്ടാകും. പതിനെട്ടാംപടിക്ക് മുകളിലുള്ള ഭാഗത്ത് (ഫ്‌ലൈ ഓവര്‍ ഉള്‍പ്പെടെ) 5000 പേരില്‍ കൂടുതല്‍ പാടില്ല. 13നും 14നും എരുമേലി വഴിയുള്ള കാനനപാതയിലൂടെ 1000 തീര്‍ഥാടകരെയും സത്രം- പുല്ലുമേടുവഴി 1500 പേരേയും മാത്രമേ അനുവദിക്കൂ. അപ്പാച്ചിമേട് -ബെയ്ലി ബ്രിഡ്ജ് വനപാതയിലൂടെ ആരെയും പ്രവേശിപ്പിക്കില്ല.

മകരവിളക്ക് ദര്‍ശിക്കാന്‍ പുല്ലുമേട്ടില്‍ പാസുള്ള 5000 പേരില്‍ കൂടുതല്‍ ഇല്ലെന്ന് ഉറപ്പാക്കണം. പൊന്നമ്പലമേട്ടില്‍ മകരജ്യോതി ചടങ്ങിന് ചുമതലപ്പെട്ടവര്‍മാത്രമേ പാടുള്ളൂ. തീര്‍ഥാടകരുടെ മടക്കയാത്രയ്ക്കായി പമ്പാ ഹില്‍ടോപ്പില്‍ ആവശ്യമെങ്കില്‍ പാര്‍ക്കിങ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താമെന്നും ഉത്തരവില്‍ വ്യക്തമാക്കി.

കണ്ഠരര് രാജീവരുടെ വീട്ടില്‍ നടന്നത് എട്ടുമണിക്കൂറിലേറെ നീണ്ട പരിശോധന; ബാങ്ക് രേഖകള്‍ കസ്റ്റഡിയിലെടുത്തു

കണ്ഠരര് രാജീവരുടെ വീട്ടില്‍ നടന്നത് എട്ടുമണിക്കൂറിലേറെ നീണ്ട പരിശോധന; ബാങ്ക് രേഖകള്‍ കസ്റ്റഡിയിലെടുത്തു

ആലപ്പുഴ: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടില്‍ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നടത്തിയ പരിശോധനയില്‍ ബാങ്ക് രേഖകള്‍ കസ്റ്റഡിയിലെടുത്തു. പാസ്ബുക്ക്, ചെക്ക് ഉള്‍പ്പടെ രേഖകളാണ് കസ്റ്റഡിയിലെടുത്തത്. കേസിലെ മുഖ്യ പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാട് തന്ത്രി നടത്തിയിട്ടുണ്ടോ എന്ന് അറിയുന്നതിന് വേണ്ടിയായിരുന്നു പരിശോധന.

ശനിയാഴ്ച പകല്‍ രണ്ടരയോടെ ഡിവൈഎസ്പി സുരേഷ്ബാബുവിന്റെ നേതൃത്വത്തില്‍ ചെങ്ങന്നൂര്‍ മുണ്ടന്‍കാവിലെ താഴമണ്‍ മഠത്തിലെത്തിയ എട്ടംഗ അന്വേഷണ സംഘം എട്ടുമണിക്കൂറിലേറെ നീണ്ട പരിശോധന പൂര്‍ത്തിയാക്കി രാത്രി 10.45നാണ് മടങ്ങിയത്. സംഘത്തിനൊപ്പമുണ്ടായിരുന്ന സ്വര്‍ണ മൂല്യനിര്‍ണയക്കാരനെ കൂടാതെ സ്ഥലത്തുനിന്ന് ഒരു സ്വര്‍ണപ്പണിക്കാരനെയും വൈകീട്ട് നാലരയോടെ അന്വേഷണ സംഘം വീട്ടിലേക്ക് വിളിച്ചുവരുത്തി. വീട്ടിലുള്ളവ കൂടാതെ ദക്ഷിണയായി ലഭിച്ച സ്വര്‍ണാഭരണങ്ങളും സംഘം പരിശോധിച്ചു. സ്വര്‍ണത്തിന്റെ മൂല്യം, കാലപ്പഴക്കം എന്നിവയാണ് പരിശോധിച്ചത്. തന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും മറ്റ് സാമ്പത്തിക രേഖകളും പരിശോധിച്ചു.

ചെങ്ങന്നൂര്‍, പുളിക്കീഴ്, മാന്നാര്‍ സ്റ്റേഷനുകളിലെ പൊലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു. തന്ത്രിയുടെ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് കുടുംബം അറിയിച്ചു. അതിനിടെ കണ്ഠരര് രാജീവരെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഐസിയുവിലേക്ക് മാറ്റിയിരിക്കുകയാണ്. കേസില്‍ റിമാന്‍ഡിലായ രാജീവരെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ സ്പെഷ്യല്‍ സബ്ജയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് ഇന്നലെ രാവിലെയാണ് തന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

ജയിലില്‍ ഭക്ഷണം നല്‍കാനെത്തിയ ഉദ്യോഗസ്ഥരോട് തനിക്ക് തലകറക്കമുണ്ടെന്ന് തന്ത്രി അറിയിക്കുകയായിരുന്നു. ഇതോടെ കൂടുതല്‍ പരിശോധനകള്‍ക്കായി തന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്കും അവിടെനിന്ന് മെഡിക്കല്‍ കോളജിലേക്കും എത്തിക്കുകയും പിന്നാലെ ഐസിയുവിലേക്ക് മാറ്റുകയുമായിരുന്നു.

അമിത് ഷാ തിരുവനന്തപുരത്ത്; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടും

അമിത് ഷാ തിരുവനന്തപുരത്ത്; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടും

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരത്ത് എത്തി. ഇന്നലെ രാത്രി പ്രത്യേക വിമാനത്തിലാണ് അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയത്. ഇന്ന് പത്മനാഭസ്വാമി ക്ഷേത്രത്തിൽ സന്ദർശനം നടത്തുന്ന അദ്ദേഹം ഇവിടെ പൂജ നടത്തും. തുടർന്നു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പുതിയ ബിജെപി പ്രതിനിധികളുമായി സംസാരിക്കും. രാവിലെ 11നു കവടിയാറിലാണ് ബിജെപി ജനപ്രതിനിധി സമ്മേളനം.

ഉച്ചകഴിഞ്ഞ് ബിജെപിയുടെ കോർ കമ്മിറ്റി യോഗത്തിലും അമിത് ഷാ പങ്കെടുക്കും. വൈകീട്ട് തിരുവനന്തപുരത്ത് എൻഡിഎ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ, കെ സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ തുടങ്ങിയ നേതാക്കൾ ഈ യോഗങ്ങളിൽ പങ്കെടുക്കും. കേരളത്തിൽ ബിജെപിയുടെ എ പ്ലസ്, എ കാറ്റഗറിയിലുള്ള മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയം സംബന്ധിച്ച കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. എൻഡിഎ നേതാക്കളുമായുള്ള യോഗത്തിൽ സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകളും നടക്കും. വൈകീട്ട് ഏഴ് മണിയോടെ അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും.

എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കമിടാനാണ് അമിത് ഷാ കേരളത്തിലെത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിലായ ഘട്ടത്തിലാണ് അമിത് ഷായുടെ കേരള സന്ദർശനം എന്ന പ്രത്യേകതയും ഉണ്ട്. സ്വർണക്കൊള്ളയിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം സംബന്ധിച്ചുള്ള നിർണായക തീരുമാനം ഇന്നത്തെ ബിജെപി യോഗത്തിൽ ചർച്ചയായേക്കും.

ഗതാ​ഗത നിയന്ത്രണം ഇങ്ങനെ

അമിത് ഷായുടെ സന്ദർശനത്തെ തുടർന്ന് തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം ഉണ്ട്. രാവിലെ 7 മുതൽ വൈകീട്ട് 6 വരെ വിമൻസ് കോളജ്, തൈക്കാട്, തമ്പാനൂർ ഫ്ലൈഓവർ, ചൂരക്കാട്ടുപാളയം, പവർഹൗസ് റോഡ്, തകരപറമ്പ് ഫ്ലൈഓവർ, ശ്രീകണ്ഠേശ്വരം പാർക്ക്, എസ്‌പി ഫോർട്ട്, മിത്രാനന്ദപുരം, വാഴപ്പള്ളി റോഡ്, അരി‌സ്റ്റോ ജങ്ഷൻ മാരാർജി ഭവൻ റോഡ്, നോർക്ക ജങ്ഷൻ, സംഗീത കോളജ് റോഡ്, വിമൻസ് കോളജ്, വഴുതക്കാട്, പിഎച്ച്ക്യു, ആൽത്തറ ജങ്ഷൻ, വെള്ളയമ്പലം, ടിടിസി, ഗോൾഫ് ലിങ്ക്‌സ്, ഉദയപാലസ് റോഡ്, തമ്പാനൂർ ഫ്ലൈഓവർ, പൊന്നറ പാർക്ക്, അരിസ്‌റ്റോ ജങ്ഷൻ, മോഡൽ സ്‌കൂൾ ജങ്ഷൻ, പനവിള, ബേക്കറി ഫ്ലൈഓവർ, പഞ്ചാപുര, ആശാൻ സ്ക്വയർ, ജനറൽ ആശുപത്രി, പാറ്റൂർ പള്ളിമുക്ക്, പേട്ട, ചാക്ക, ഓൾ സെയിന്റ്സ്, ശംഖുമുഖം, ഡൊമസ്‌റ്റിക് എയർപോർട്ട് റോഡിന്റെ ഇരുവശങ്ങളിലും വാഹന പാർക്കിങ് അനുവദിക്കില്ല.

ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള റോഡുകളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ നീക്കം ചെയ്യുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യും. വിമാനത്താവളത്തിലേക്കും റെയിൽവേ സ്‌റ്റേഷനിലേക്കും വരുന്നവർ യാത്ര മുൻകൂട്ടി ക്രമീകരിക്കണം.

കെപിസിസി പ്രസിഡന്റിന്റെ ചുമതല ഷാഫി പറമ്പിലിന് നല്‍കിയേക്കും, റിപ്പോർട്ട്

കെപിസിസി പ്രസിഡന്റിന്റെ ചുമതല ഷാഫി പറമ്പിലിന് നല്‍കിയേക്കും, റിപ്പോർട്ട്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ വടകര എംപി ഷാഫി പറമ്പിലിന് കെപിസിസി പ്രസിഡന്റിന്റെ ചുമതല നല്‍കിയേക്കും. നിലവിലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പേരാവൂരില്‍ വീണ്ടും മത്സരിച്ചേക്കുമെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് നീക്കം. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനു മുമ്പായി തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

നിര്‍ണായകമായ തെരഞ്ഞെടുപ്പ് പ്രചാരണ കാലയളവില്‍ മുഴുവന്‍ സമയ കെപിസിസി പ്രസിഡന്റ് ഉണ്ടാകുക ലക്ഷ്യമിട്ടുള്ള തന്ത്രപരമായ തീരുമാനമായാണ് പാര്‍ട്ടി വൃത്തങ്ങള്‍ ഇതു ചൂണ്ടിക്കാട്ടുന്നതെന്നാണ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ‘ഷാഫി പറമ്പിലിന്റെ സംഘടനാ വൈദഗ്ധ്യം, ബഹുജന ആകര്‍ഷണം, തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കഴിവുകള്‍ എന്നിവ കെപിസിസിയുടെ പ്രചാരണ തന്ത്രം നയിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തിയാണ്.’ പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

‘സിറ്റിങ് എംഎല്‍എമാരെ മത്സരിപ്പിക്കുക എന്നത് കോണ്‍ഗ്രസില്‍ തുടര്‍ന്നുവരുന്ന കീഴ് വഴക്കമാണ്. സണ്ണി ജോസഫ് (പേരാവൂര്‍), വര്‍ക്കിങ് പ്രസിഡന്റുമാരായ എ പി അനില്‍ കുമാര്‍ (വണ്ടൂര്‍), പി സി വിഷ്ണുനാഥ് (കുണ്ടറ) എന്നിവര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിച്ചേക്കും. അതുകൊണ്ടു തന്നെ പ്രചാരണ ഘട്ടത്തിലെ സംഘടനാ ഉത്തരവാദിത്തങ്ങള്‍ മത്സരരംഗത്തില്ലാത്തവര്‍ക്കാകും നല്‍കുക. ഇതോടെ ഷാഫി പറമ്പിലിന് കേന്ദ്ര-സംസ്ഥാന ഏകോപന ചുമതല ലഭിക്കാനുള്ള സാധ്യത തെളിയുന്നു.’ കെപിസിസിയിലെ ഒരു മുതിര്‍ന്ന നേതാവ് സൂചിപ്പിച്ചു.

അതേസമയം, ഇതുവരെ അത്തരം ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നാണ് ഷാഫി പറമ്പിലുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. കെപിസിസി ഇടക്കാല അധ്യക്ഷനായി പ്രവര്‍ത്തിച്ച മുതിര്‍ന്ന നേതാവ് എംഎം ഹസ്സന്‍, മുന്‍ മന്ത്രി കെസി ജോസഫ് എന്നിവരെയും കെപിസിസി പ്രസിഡന്റിന്റെ ചുമതലയിലേക്ക് പരിഗണിച്ചേക്കാം. എന്നാല്‍ ഗ്രൂപ്പ് സമവാക്യങ്ങളും പ്രചാരണ ആവശ്യകതകളും കണക്കിലെടുത്ത് ഷാഫി പറമ്പില്‍ സ്വാഭാവിക ചോയ്‌സായി മാറിയേക്കാം.’ ഷാഫിയെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ഏകോപിപ്പിക്കാന്‍ നവംബറില്‍ എഐസിസി 17 അംഗ കോര്‍ കമ്മിറ്റി രൂപീകരിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി (കണ്‍വീനര്‍), എ കെ ആന്റണി, കെ സി വേണുഗോപാല്‍, ശശി തരൂര്‍, വി ഡി സതീശന്‍, സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, കെ സുധാകരന്‍, കെ മുരളീധരന്‍, വി എം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, അടൂര്‍ പ്രകാശ്, എം എം ഹസ്സന്‍, എ പി അനില്‍ കുമാര്‍, പി സി വിഷ്ണുനാഥ്, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരാണ് സമിതിയിലുള്ളത്.

‘ലോകം കേള്‍ക്കാത്ത നിലവിളി ദൈവം കേട്ടു’

‘ലോകം കേള്‍ക്കാത്ത നിലവിളി ദൈവം കേട്ടു’

തിരുവനന്തപുരം: ‘ദൈവത്തിന് നന്ദി’യെന്ന്, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതികരിച്ച് ആദ്യ പരാതിക്കാരി. ലോകം കേള്‍ക്കാത്ത നിലവിളി ദൈവം കേട്ടു എന്നും യുവതി പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം. ഇരുട്ടിൽ ചെയ്ത പ്രവർത്തികൾ ദൈവം കണ്ടെന്നും മാലാഖ കുഞ്ഞുങ്ങൾ സ്വർഗത്തിൽനിന്ന് തങ്ങളോട് ക്ഷമിക്കട്ടെയെന്നും അതിജീവിത സമൂഹമാധ്യമത്തിൽ കുറിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

‘പ്രിയപ്പെട്ട ദൈവമേ, എല്ലാ വേദനകളും, വിധികളും, വഞ്ചനകളും സഹിച്ച് മുന്നോട്ട് പോകാൻ ധൈര്യം നൽകിയതിന് നന്ദി. ഇരുട്ടിൽ അയാൾ ചെയ്ത പ്രവൃത്തി നീ കണ്ടു. ലോകത്തിന് മുന്നിൽ എത്താതിരുന്ന നിലവിളികൾ നീ കേട്ടു. ഞങ്ങളുടെ ശരീരം ആക്രമിക്കപ്പെട്ടപ്പോഴും ഞങ്ങളുടെ കുഞ്ഞുങ്ങളെ ബലപ്രയോഗത്തിലൂടെ തട്ടിയെടുത്തപ്പോളും നീ ഞങ്ങളെ ചേർത്തു പിടിച്ചു. ആ മാലാഖ കുഞ്ഞുങ്ങൾ സ്വർഗത്തിൽ നിന്ന് ഞങ്ങളോട് ക്ഷമിക്കട്ടെ. തെറ്റായ വ്യക്തിയെ വിശ്വസിച്ച് കുട്ടിയുടെ പിതാവാകാൻ യോഗ്യനല്ലാത്ത ഒരാളെ തിരഞ്ഞെടുത്തതിന് ക്ഷമ ചോദിക്കുന്നു’.

‘ആ മാലാഖ കുഞ്ഞുങ്ങളുടെ ആത്മാക്കൾ സമാധാനത്തോടെ വിശ്രമിക്കട്ടെ. അക്രമത്തിൽ നിന്നും ഭയത്തിൽ നിന്നും ഞങ്ങളെ സംരക്ഷിക്കാൻ കഴിയാത്ത ഈ ലോകത്തിൽ നിന്നും ആ മാലാഖ കുഞ്ഞുങ്ങ‌ൾ സ്വതന്ത്രരായിരിക്കട്ടെ. നമ്മുടെ കണ്ണുനീർ സ്വർഗത്തിൽ എത്തിയാൽ, അവർ നിങ്ങളോട് ഇക്കാര്യം പറയട്ടെ. നിങ്ങളുടെ അമ്മ ഒരിക്കലും നിങ്ങളെ മറന്നില്ല. നിങ്ങളുടെ അസ്തിത്വം പ്രധാനമാണ്. നിങ്ങളുടെ ആത്മാവ് പ്രധാനമാണ്. വീണ്ടും കണ്ടുമുട്ടുന്നതുവരെ അമ്മമാർ നിങ്ങളെ ഞങ്ങളുടെ ഹൃദയങ്ങളിൽ താലോലിക്കും. കുഞ്ഞാറ്റേ, അമ്മ നിന്നെ അങ്ങേയറ്റം സ്നേഹിക്കുന്നു’. യുവതി കുറിച്ചു.

മൂന്നാം ബലാത്സംഗക്കേസിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ക്രൂരമായ ബലാത്സംഗവും നിര്‍ബന്ധിത ഗര്‍ഭഛിദ്രവും, സാമ്പത്തിക ചൂഷണവുമടക്കം ഗുരുതര ആരോപണങ്ങളുന്നയിച്ച് പത്തനംതിട്ട സ്വദേശിനി ഇ-മെയില്‍ വഴി നല്‍കിയ പരാതിയിലാണ് രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

യുവതിയുടെ വിവാഹ ബന്ധത്തിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിനിടെയാണ് സോഷ്യൽ മീഡിയ വഴി രാഹുലിനെ പരിചയപ്പെടുന്നതെന്ന് യുവതി പരാതിയിൽ പറയുന്നു. പിന്നീട് പ്രണയത്തിലായി. വിവാഹബന്ധം വേർപെടുത്താൻ ആവശ്യപ്പെടുകയും ചെയ്തു. വിവാഹം കഴിക്കാമെന്ന് രാഹുൽ വാഗ്ദാനം ചെയ്‌തെന്നും യുവതിയുടെ പരാതിയിലുണ്ട്. ഒരു കുഞ്ഞുണ്ടായാൽ വിവാഹം വളരെ വേഗത്തിൽ നടക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചുവെന്നും പരാതിക്കാരി പറയുന്നു.