സൗദി അരാംകോ റിഫൈനറിക്ക് നേരെ ഡ്രോൺ ആക്രമണം; തൊടുത്തത് രണ്ട് ഡ്രോണുകൾ

സൗദി അരാംകോ റിഫൈനറിക്ക് നേരെ ഡ്രോൺ ആക്രമണം; തൊടുത്തത് രണ്ട് ഡ്രോണുകൾ

റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ റാസ് തനൂറയിലുള്ള സൗദി അരാംകോയുടെ എണ്ണശുദ്ധീകരണ ശാലയ്ക്ക് (റിഫൈനറി) നേരെ ഡ്രോൺ ആക്രമണം ഉണ്ടായി. വിദേശ ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണ ശ്രമം പരാജയപ്പെടുത്തിയതായി സൗദി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി റിഫൈനറിയുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു.

രണ്ട് ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണത്തിന് ശ്രമം നടന്നതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു. ആകാശത്തുവെച്ച് തന്നെ സൈന്യം ഡ്രോണുകളെ വെടിവെച്ചിട്ടു. തകർക്കപ്പെട്ട ഡ്രോണുകളുടെ അവശിഷ്ടങ്ങൾ പതിച്ചതിനെത്തുടർന്ന് പ്ലാൻറിൽ ചെറിയ രീതിയിൽ തീപിടുത്തമുണ്ടായെങ്കിലും ഉടൻ തന്നെ അത് നിയന്ത്രണവിധേയമാക്കി. ഇറാൻ ബന്ധമുള്ള ഡ്രോണുകളാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ആക്രമണത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. സുരക്ഷാ മുൻകരുതൽ എന്ന നിലയിലാണ് പ്ലാൻറ് താത്കാലികമായി അടച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സ്ഥലത്തുനിന്നും പുക ഉയരുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. നിലവിൽ സ്ഥിതിഗതികൾ പൂർണമായും നിയന്ത്രണവിധേയമാണെന്നും മേഖലയിൽ സുരക്ഷാ സന്നാഹങ്ങൾ ശക്തമാക്കിയതായും അധികൃതർ അറിയിച്ചു.

എണ്ണ ഉൽപ്പാദനത്തെ ബാധിക്കുമോ?

ആക്രമണം എണ്ണ ഉൽപ്പാദനത്തെയോ വിതരണത്തെയോ ബാധിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയെങ്കിലും, പ്ലാൻറ് അടച്ചിട്ടത് ഭാവിയിൽ ബാധിക്കുമോ എന്ന കാര്യത്തിൽ അരാംകോ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കുവൈത്തിൽ എംബസി മുന്നറിയിപ്പ്

യുഎസ് എംബസി കുവൈത്തിലുള്ള അമേരിക്കൻ പൗരന്മാർക്ക് അത്യാവശ്യ സുരക്ഷാ മുന്നറിയിപ്പ് നൽകി. രാജ്യത്ത് മിസൈൽ- ഡ്രോൺ ആക്രമണ ഭീഷണി തുടരുന്നതായി എംബസി അറിയിച്ചു. സാഹചര്യം പരിഗണിച്ച്, എംബസി പരിസരത്തേക്ക് വരാതിരിക്കണമെന്ന് പൗരന്മാരോട് ആവശ്യപ്പെട്ടു. കൂടാതെ, വീടുകളിൽ തന്നെ തുടരുകയും ജനാലകളിൽ നിന്ന് അകന്ന് സുരക്ഷിത സ്ഥാനങ്ങളിൽ അഭയം പ്രാപിക്കണമെന്നും നിർദേശിച്ചു.

ആറ്റിങ്ങൽ ഡയറ്റ് സ്കൂളിൽ ‘വർണ്ണക്കൂടാരം’ പദ്ധതിയുടെയും, പൈതൃക കെട്ടിടത്തിന്റെ  നവീകരണ നിർമ്മാണോദ്ഘാടനം നടന്നു

ആറ്റിങ്ങൽ ഡയറ്റ് സ്കൂളിൽ ‘വർണ്ണക്കൂടാരം’ പദ്ധതിയുടെയും, പൈതൃക കെട്ടിടത്തിന്റെ  നവീകരണ നിർമ്മാണോദ്ഘാടനം നടന്നു

ആറ്റിങ്ങൽ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക വഴി സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത് കേവലം കെട്ടിടം ഉയർത്തലല്ല മറിച്ച് കുട്ടികളുടെ സന്തോഷവും ആത്മവിശ്വാസവും സൃഷ്ടിക്കുന്നതിനുള്ള പഠനാന്തരീക്ഷമൊരുക്കലാണെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. ആറ്റിങ്ങൽ ഡയറ്റ് സ്കൂളിൽ ‘വർണ്ണക്കൂടാരം’ പദ്ധതിയുടെയും, പൈതൃക കെട്ടിടത്തിന്റെ നവീകരണ നിർമ്മാണോദ്ഘാടനവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വിപ്ലവകരമായ പദ്ധതിയാണ് വർണ്ണകൂടാരം. കളിക്കോപ്പുകളും, ചിത്രപുസ്‌തകങ്ങളും, ചെടികളും, പൂക്കളുമൊക്കെയായി വിദ്യാർത്ഥികളെ വരവേൽക്കാൻ സജ്ജമായ ആറ്റിങ്ങൽ ഡയറ്റ് സ്കൂൾ, ആധുനിക കാലത്തെ പ്രീ-പ്രൈമറി വിദ്യാഭ്യാസത്തിന്റെ ഉത്തമ മാതൃകയാണന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ പ്രതീക്ഷകളായ കുരുന്നുകൾക്ക് ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകുക എന്നതാണ് സർക്കാരിന്റെ നയം എന്ന് മന്ത്രി വ്യക്തമാക്കി.

നൂറിലേറെ വർഷത്തെ പാരമ്പര്യമുള്ള ആറ്റിങ്ങൽ ഡയറ്റ് സ്കൂളിൽ സമഗ്രശിക്ഷ കേരളയുടെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ വിനിയോഗിച്ചാണ് ‘വർണ്ണക്കൂടാരം’ ഒരുക്കിയിരിക്കുന്നത്. ഇവിടുത്തെ പൈതൃക കെട്ടിടത്തിൻ്റെ നവീകരണത്തിന് 30 ലക്ഷം രൂപയാണ് അനുവദിച്ചത്.

ഒ എസ്. അംബിക എം.എൽ.എ അധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം. പ്രദീപ്, ആറ്റിങ്ങൽ ഡയറ്റ് സ്കൂൾ പ്രിൻസിപ്പൾ ഗീതാ നായർ തുടങ്ങിയവർ പങ്കെടുത്തു.

അപേക്ഷകരുടെ പ്രായം വർദ്ധിപ്പിക്കാതെ പി എസ് സി വിജ്ഞാപനം, കാരണം ഇതാണ്

അപേക്ഷകരുടെ പ്രായം വർദ്ധിപ്പിക്കാതെ പി എസ് സി വിജ്ഞാപനം, കാരണം ഇതാണ്

കേരള സ‍ർക്കാ‍ർ ജോലികളിൽ അപേക്ഷിക്കാനുള്ള പ്രായം വ‍ർദ്ധിപ്പിച്ചുകൊണ്ടുള്ള മന്ത്രിസഭാ തീരുമാനം പ്രഖ്യാപിച്ചുവെങ്കിലും, അത് പ്രയോഗത്തിൽ വന്നില്ല.

ഈ വർഷം ആദ്യത്തെ വിജ്ഞാപനം പി എസ് സി പ്രസിദ്ധീകരിച്ചുവെങ്കിലും അതിൽ നിർദ്ദിഷ്ട പ്രഖ്യാപന പ്രകാരമുള്ള വർദ്ധന ഉൾപ്പെടുത്തിയിട്ടില്ല. ഏറ്റവും പുതിയ വിജ്ഞാപനത്തിൽ പി എസ് സി നാല് ജോലികളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

അതിൽ കേരള സംസ്ഥാന പിന്നാക്ക വിഭാ​ഗ കോർപ്പറേഷനിൽ എക്സിക്യൂട്ടീവ് അസിസ്റ്റ​ന്റ തസ്തികയിലെ പ്രായപരിധി നിശ്ചയിച്ചിട്ടുള്ളത് 36 വയസ്സാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്?

പ്രായവർദ്ധന – മന്ത്രിസഭാ തീരുമാനം ഇങ്ങനെ
പിഎസ് സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി കൂട്ടി ഫെബ്രുവരി 24 നാണ് മന്ത്രിസഭാ തീരുമാനം പ്രഖ്യാപിച്ചത്. ജനറല്‍ വിഭാഗത്തില്‍ നാലുവര്‍ഷം കൂട്ടിയായിരുന്നു പ്രഖ്യാപനം. ഈ പ്രഖ്യാപന പ്രകാരം ജനറല്‍ വിഭാഗത്തിലുള്ളവര്‍ക്ക് പിഎസ് സി പരീക്ഷയ്ക്ക് 40 വയസ് വരെ അപേക്ഷിക്കാം.

ഈ പ്രായപരിധി വർദ്ധനവോടെ ഒബിസി വിഭാഗങ്ങള്‍ക്ക് 39 വയസ് എന്നതിൽ നിന്ന് 43 വയസ് വരെ . മന്ത്രിസഭായോഗ തീരുമാനം അനുസരിച്ച് എസ് സി, എസ് ടി വിഭാഗക്കാര്‍ക്ക് 45 വയസ് വരെയും അപേക്ഷിക്കാനാവുമായിരുന്നു.

പ്രായപരിധി വര്‍ധിപ്പിക്കണമെന്ന ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് അം​ഗീകരിച്ചുകൊണ്ടാണ് പ്രായപരിധി വ‍ർദ്ധിപ്പിക്കാൻ സ‍ർക്കാർ തീരുമാനമെടുത്തത്.

പുതിയ അപേക്ഷകൾ ഏതൊക്കെ? അതിലെ പ്രായപരിധി എത്ര?
ഇതിനൊപ്പം അപേക്ഷ ക്ഷണിച്ചിട്ടുള്ള മറ്റ് തസ്തികകളുടെ കാര്യത്തിൽ പ്രായപരിധിയിൽ മറ്റ് ചില വ്യത്യാസങ്ങളാണുള്ളത്. കെ എസ് എഫ് ഇയിൽ പ്യൂൺ- വാച്ച‍ർ നിയമനം, മത്സ്യഫെഡിലെ ജൂനിയ‍ർ അസിസ്റ്റ​ന്റ് തസ്തികകളിൽ 50 വയസുവരെയാണ്.

പൊതുമരാമത്ത് വകുപ്പിൽ ​ഗ്രേഡ് ഓവർസിയ‍ർ തസ്തികയിൽ വകുപ്പ് തല നിയമനമായതിനാൽ ഉയർന്ന പ്രായപരിധി നിർബന്ധമാക്കാതെയുമുള്ള വിജ്ഞാപനമാണ് പുറപ്പെടുവിച്ചിട്ടുള്ളത്.

പി എസ് സി വിജ്ഞാപനത്തിൽ പ്രായപരിധി വർദ്ധിപ്പിക്കാത്ത് എന്തുകൊണ്ട്?
അതേസമയം, പി എസ് സി വിജ്ഞാപനം സർക്കാർ പ്രഖ്യാപനം വരുന്നതിന് മുമ്പ് ചേർന്ന യോ​ഗത്തിലെടുത്ത തീരുമാന പ്രകാരമുള്ളതാണ്. ഇതിലെ പ്രായപരിധി മാറ്റണമെങ്കിൽ ഇക്കാര്യത്തിൽ മന്ത്രിസഭാ തീരുമാനം മാത്രം പോര. ആ തീരുമാനം സർക്കാർ ഉത്തരവായി ​ഗസറ്റ് വിിജ്ഞാപനം വന്നാൽ മാത്രമേ, പി എസ് സിക്ക് പ്രായപരിധി മാറ്റാൻ സാധിക്കുകയുള്ളൂവെന്ന് പി എസ് സി വൃത്തങ്ങൾ വ്യക്തമാക്കി.

പ്രായം വർദ്ധിപ്പിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ഇതിന് അപേക്ഷിക്കാനുള്ള കാലയളവിനുള്ളിൽ നിലവിൽ വന്നാൽ പി എസ് സിക്ക് വേണമെങ്കിൽ തിരുത്തൽ വിജ്ഞാപനം (corrigendum) പുറപ്പെവടുവിക്കാവുന്നതേയുള്ളൂ.

ഫെബ്രുവരി 24 ന് വന്ന പ്രഖ്യാപനവും കഴിഞ്ഞ ദിവസം നിലവിൽ വന്ന വിജ്ഞാപനവും തമ്മിൽ അഞ്ച് ദിവസത്തെ വ്യത്യാസം മാത്രമേയുള്ളൂ. ഇത് ​ഗസറ്റ് വിജ്ഞാപനത്തിനുള്ള സ്വാഭാവിക കാലതാമസമാണെന്ന് സ‍ർക്കാരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കി.

ഇതേസമയം, നേരത്തെ, ഉദ്യോ​ഗാർത്ഥികൾക്ക് അപേക്ഷയിൽ തിരുത്തൽ വരുത്താൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം വരെ സമയം നൽകുമെന്ന് പി എസ് സി വ്യക്തമാക്കിയിരുന്നു. എന്നാൽ അക്കാര്യത്തെ കുറിച്ച് വിജ്ഞാപനത്തിൽ വിശദാംശങ്ങളൊന്നുമില്ല.

ജി ലക്ഷ്മിക്കുട്ടി അമ്മ (101) അന്തരിച്ചു

ജി ലക്ഷ്മിക്കുട്ടി അമ്മ (101) അന്തരിച്ചു

ആറ്റിങ്ങൽ: മൂഴിയിൽ ലക്ഷ്മി ഭവനിൽ പരേതനായ പി ബാലകൃഷ്ണ പിള്ളയുടെ സഹധർമ്മിണി ജി ലക്ഷ്മിക്കുട്ടി അമ്മ (101) അന്തരിച്ചു.

മക്കൾ: എൽ സരസ്വതി അമ്മ, എൽ ശാന്തമ്മ, ബി കൃഷ്ണൻ നായർ,
ബി വാസുദേവൻ നായർ, എൽ കൃഷ്ണമ്മ, ബി തങ്കപ്പൻ നായർ (സന്ധ്യാ ഡ്രൈവിംഗ് സ്കൂൾ, ആറ്റിങ്ങൽ).

മരുമക്കൾ: റ്റി രത്നമ്മ, ഒ വസന്ത കുമാരി, കെ.എം അനിത, പരേതരായ വി ഗോപാലകൃഷ്ണ പിള്ള, ജെ ശ്രീധരൻ പിള്ള, കെ ഗോപിനാഥ പിള്ള.

സഞ്ചയനം” ഞായറാഴ്ച രാവിലെ 8.30 ന്

ശശി (68) മരണപ്പെട്ടു

ശശി (68) മരണപ്പെട്ടു

ആറ്റിങ്ങൽ: കുറക്കട തെറ്റിച്ചിറ എസ് എസ് നിവാസിൽ ശശി (68) മരണപ്പെട്ടു.

ഭാര്യ: സുധ.
മക്കൾ: സനൽ, സരിത.
മരുമകൻ:ബിജു.
മരണാനന്തര ചടങ്ങുകൾ 08.03 ഞായർ രാവിലെ 8.30 ന്.