യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം: ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട സിഐക്കെതിരെ നടപടിക്ക് ശുപാര്‍ശ

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം: ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട സിഐക്കെതിരെ നടപടിക്ക് ശുപാര്‍ശ

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ ഉണ്ടായ സംഘര്‍ഷത്തിനു പിന്നാലെ സാമൂഹിക മാധ്യമത്തില്‍ മോശം കുറിപ്പ് പോസ്റ്റ് ചെയ്ത കന്റോണ്‍മെന്റ് എസ്എച്ച്ഒ സതീഷ് കുമാറിനെതിരെ അച്ചടക്ക നടപടിക്ക് ശുപാര്‍ശ. എസ്എച്ചഒയ്ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടിക്ക് ശുപാര്‍ശയെന്നാണ് വിവരം.

യൂണിഫോമിലുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നും ഉണ്ടാവരുതാത്ത നടപടിയാണ് സതീഷ്‌കുമാര്‍ ചെയ്തതെന്നാണ് സിറ്റി പൊലീസ് കമ്മിഷണര്‍ അരുള്‍ ബി.കൃഷ്ണയുടെ റിപ്പോര്‍ട്ടിലുള്ളത്. പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതെന്നായിരുന്നു സതീഷ്‌കുമാറിന്റെ വിശദീകരണം.

യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ പൊലീസ് നടപടിക്കു പിന്നാലെ സതീഷ്‌കുമാറിന്റെ വീട്ടിലേക്ക് ഡിവൈഎഫ്‌ഐ- എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടെന്നാണ് സതീഷ്‌കുമാര്‍ നല്‍കിയ വിശദീകരണം. എന്നാല്‍ വൈകാരിക പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റിടുന്നത് പൊലീസുകാര്‍ക്ക് ചേര്‍ന്ന പ്രവൃത്തിയല്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. സിറ്റി പൊലീസ് കമ്മിഷണര്‍ ദക്ഷിണമേഖല ഐജി നിശാന്തിനിക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്.

കൊല്ലത്ത് യുവതിയെ ആണ്‍സുഹൃത്ത് വെട്ടിപ്പരുക്കേല്‍പ്പിച്ചു; അറസ്റ്റ്

കൊല്ലത്ത് യുവതിയെ ആണ്‍സുഹൃത്ത് വെട്ടിപ്പരുക്കേല്‍പ്പിച്ചു; അറസ്റ്റ്

കൊല്ലം: ചാത്തന്നൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് വെട്ടിപ്പരുക്കേല്‍പ്പിച്ചു. സംഭവത്തില്‍ മൈലക്കാട് സ്വദേശി അജയനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ചാത്തന്നൂർ സ്വദേശി ഷമിജയ്ക്കാണ് (32) വെട്ടേറ്റത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ഷമിജയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എട്ട് വർഷമായി ഒരുമിച്ച്‌ താമസിച്ചിരുന്ന ഇരുവരും അടുത്തിടെയുണ്ടായ അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് വേർപിരിഞ്ഞു താമസിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് ആക്രമണം ഉണ്ടായത്. പൊലിസ് അന്വേഷണം നടത്തിവരുന്നു.

സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ നേരിയ വ‌ർധനവ്

സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ നേരിയ വ‌ർധനവ്

തിരുവനന്തപുരം: ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ നേരിയ വ‌ർധനവ്. ഇന്ന് 22 കാരറ്റ് സ്വ‍‌ർണം ​ഗ്രാമിന് 20 രൂപയാണ് കൂടിയിരിക്കുന്നത്. പവന് കണക്കാക്കുമ്പോൾ 160 രൂപയുടെ വ‍ർധനവാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്. ഇതോടെ 22 കാരറ്റ് സ്വർണം ​ഗ്രാമിന് 13, 535 രൂപയിലും പവന് 1,08,280 രൂപയിലുമാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. ഇന്നലെ വിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. അതിന് ശേഷമാണ് നേരിയ തോതിലെങ്കിലും ഈ വില വ‍ർധനവ് ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണ വിലയെ സ്വാധീനിക്കാറുള്ളത്. അതേ സമയം, സംസ്ഥാനത്ത് വെള്ളി വിലയിലും മാറ്റമില്ലാതെ തുടരുന്ന നിലയാണ്. നിലവിൽ വെള്ളി ഗ്രാമിന് 30 രൂപയിലും 10 ഗ്രാമിന് 2,300 രൂപയും എന്ന കണക്കിലാണ് വ്യാപാരം നടക്കുന്നത്.

അടുത്ത മാസം ഇന്ധനവില വര്‍ധിപ്പിച്ചേക്കും, റിസര്‍വ് ബാങ്ക് പലിശനിരക്ക് കൂട്ടാനും സാധ്യത; റിപ്പോര്‍ട്ട്

അടുത്ത മാസം ഇന്ധനവില വര്‍ധിപ്പിച്ചേക്കും, റിസര്‍വ് ബാങ്ക് പലിശനിരക്ക് കൂട്ടാനും സാധ്യത; റിപ്പോര്‍ട്ട്

ഡല്‍ഹി: നവംബറില്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില വര്‍ധിപ്പിച്ചേക്കുമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷത്തിന്റെ തുടക്കത്തിലാണ് നിരവധി സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് വരുന്നത്. അങ്ങനെ വരുമ്പോള്‍ ഇന്ധനവില വര്‍ധിപ്പിക്കാന്‍ അനുകൂല സാഹചര്യമായാണ് നവംബര്‍ മാസത്തെ കേന്ദ്രസര്‍ക്കാര്‍ കാണുന്നതെന്ന് ഒക്‌സ്ഫണ്ട് ഇക്കണോമിക്‌സിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 109 ഡോളറിന് മുകളിലാണ്.

‘2027ന്റെ തുടക്കത്തിലുള്ള നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കായുള്ള പ്രചാരണം ശക്തമാകുന്നതിന് മുന്‍പ് ഇന്ധനവില വര്‍ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും അവസാനത്തെ യാഥാര്‍ഥ്യബോധമുള്ള അവസരമായി നവംബര്‍ മാസത്തെ കാണുന്നു’- ഒക്‌സ്ഫണ്ട് ഇക്കണോമിക്‌സിലെ ലീഡ് സാമ്പത്തിക ശാസ്ത്രജ്ഞനായ അലക്‌സാണ്ട്ര ഹെര്‍മാന്‍ പ്രസാദ് പറുന്നു. ഗോവ, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലാണ് അടുത്തവര്‍ഷം തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്.

മെയ് മാസത്തിലെ ഇന്ധന വില വര്‍ധനയുടെ പകുതിയോളം നവംബറില്‍ ഉണ്ടായേക്കും. ഇത് രാജ്യത്ത് പണപ്പെരുപ്പ് നിരക്ക് ഉയര്‍ത്താന്‍ ഇടയാക്കിയേക്കുമെന്നും ഹെര്‍മാന്‍ പ്രസാദ് പറഞ്ഞു. അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ പണപ്പെരുപ്പനിരക്ക് 6.5 ശതമാനമായി ഉയരാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. അങ്ങനെ വന്നാല്‍ പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് വര്‍ധിപ്പിക്കാന്‍ വീണ്ടും മുതിര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ഭക്ഷ്യമേള സംഘടിപ്പിച്ച് വൈ എൽ എം യു പി എസ്സിലെ കുട്ടികൾ

ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ഭക്ഷ്യമേള സംഘടിപ്പിച്ച് വൈ എൽ എം യു പി എസ്സിലെ കുട്ടികൾ

കീഴാറ്റിങ്ങൽ: ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് വൈ എൽ എം യു പി എസ്സിൽ നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചു. ഈ വർഷത്തെ ലോക ഭക്ഷ്യ ദിന സന്ദേശമായ ‘ഇന്ന് നവീകരിക്കൂ നാളെപോഷിപ്പിക്കു’ എന്ന ആശയത്തെ അടിസ്ഥാനമാക്കിയായിരുന്നു മേള.

സ്കൂൾ പ്രധാന അധ്യാപിക ബിനു ഷെറീന മേള ഉദ്ഘാടനം ചെയ്തു. ഭക്ഷ്യസുരക്ഷ, ഭക്ഷണം പാഴാക്കാതിരിക്കാൻ, നാടൻ ഭക്ഷണത്തിന്റെ പ്രാധാന്യം, പോഷകാഹാരത്തിന്റെ ആവശ്യകത എന്നിവയെ കുറിച്ച് ടീച്ചർ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. വിദ്യാർത്ഥികൾ വീടുകളിൽ നിന്നു കൊണ്ടുവന്ന പോഷക സമൃദ്ധമായ നാടൻ വിഭവങ്ങൾ, ചെറുധാന്യങ്ങൾ, പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ എന്നിവ മേളയിൽ പ്രദർശിപ്പിച്ചു. സുരക്ഷയുമായി ബന്ധപ്പെട്ട പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചു. സോഷ്യൽ സയൻസ് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. അധ്യാപകരായ അഞ്ജലി, രശ്മി എന്നിവർ നേതൃത്വം നൽകി.