by Midhun HP News | Mar 2, 2026 | Latest News, കേരളം
ഭക്തിയുടെ ലഹരിയിലമർന്ന തലസ്ഥാനത്ത് പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ പൂർത്തിയായി ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.
കുഭത്തിലെ പൂരം നാളും പൗർണമിയും ഒരുമിക്കുന്ന ദിവസമാണ് പൊങ്കാല.
നാളെ രാവിലെ 9.15ന് ശുദ്ധപുണ്യാഹത്തോടെ പൊങ്കാലയുടെ ചടങ്ങുകള്‍ ആരംഭിക്കും. ശ്രീകോവിലില്‍ നിന്നും മേല്‍ശാന്തി ദീപം പകർന്ന് തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ തീ കത്തിച്ച ശേഷം സഹമേല്‍ശാന്തിമാർക്ക് ദീപം കൈമാറും.
അവർ വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുന്നിലെ പണ്ടാരഅടുപ്പിലും തീകത്തിക്കും. 9.45നാണ് പൊങ്കാലയുടെ അടുപ്പുവെട്ട്. തുടർന്ന് 10 കിലോമീറ്റർ ചുറ്റളവില്‍ അടുപ്പുകൂട്ടി കാത്തിരിക്കുന്ന ഭക്തരുടെ സഹസ്രകലശങ്ങളില്‍ പൊങ്കാലയ്ക്ക് തീ തെളിയും. ഉച്ചയ്ക്ക് 2.15നാണ് പൊങ്കാല നിവേദ്യം. 350 ഓളം പൂജാരിമാരെ പൊങ്കാല നിവേദ്യത്തിനായി നിയോഗിച്ചിട്ടുണ്ട്.
by Midhun HP News | Mar 1, 2026 | Latest News, കായികം
കൊല്‍ക്കത്ത: സഞ്ജു സാംസണിന്റെ ചിറകിലേറി ഇന്ത്യ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍. സൂപ്പര്‍ എട്ടില്‍ നിര്‍ണായക മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ അവസാന നാലിലെത്തുന്നത്. ഇംഗ്ലണ്ടാണ് സെമിയില്‍ ഇന്ത്യയുടെ എതിരാളി. കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വിന്‍ഡീസ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സാണ് നേടിയത്. 25 പന്തില്‍ 40 റണ്‍സ് നേടിയ റോസ്റ്റണ്‍ ചേസാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യക്ക് വേണ്ടി ജസ്പ്രിത് ബുമ്ര രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 19.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സഞ്ജുവിന്റെ (50 പന്തില്‍ പുറത്താവാതെ 97) ഇന്നിംഗ്‌സാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
ADVERTISEMENT
മറുപടി ബാറ്റിംഗില്‍ മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. മൂന്നാം ഓവറില്‍ ഇന്ത്യക്ക് അഭിഷേക് ശര്‍മയുടെ (10) വിക്കറ്റ് നഷ്ടമായി. ഹൊസീന്റെ പന്തില്‍ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ക്ക് ക്യാച്ച്. അഞ്ചാം ഓവറില്‍ ഇഷാന്‍ കിഷനും (10) മടങ്ങി. ഹോള്‍ഡര്‍ക്കായിരുന്നു വിക്കറ്റ്. പിന്നാലെ സൂര്യകുമാര്‍ യാദവ് (18) – സഞ്ജു കൂട്ടുകെട്ട് 58 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 11-ാം ഓവറില്‍ സൂര്യ മടങ്ങി. തുടര്‍ന്നെത്തിയ തിലക് വര്‍മ (15 പന്തില്‍ 27) – സഞ്ജു സഖ്യം വേഗത്തില്‍ 42 റണ്‍സ് ചേര്‍ത്തു. എന്നാല്‍ 15-ാം ഓവറില്‍ തിലക് മടങ്ങി. തുടര്‍ന്നെത്തിയ ഹാര്‍ദിക് പാണ്ഡ്യക്കും (17) കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. 19-ാം ഓവറിലാണ് ഹാര്‍ദിക് മടങ്ങുന്നത്. എന്നാല്‍ സഞ്ജു – ശിവം ദുബെ (4 പന്തില്‍ 8) സഖ്യം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. അവസാന ഓവറില്‍ ഏഴ് റണ്‍സാണ് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നു. റൊമാരിയോ ആദ്യ പന്ത് തന്നെ സഞ്ജു സിക്‌സര്‍ പറത്തി. പിന്നാലെ ഫോറും. ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം. 50 പന്തുകള്‍ നേരിട്ട താരം നാല് സിക്‌സും 12 ഫോറും നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വിന്‍ഡീസിന് വേണ്ടി ബാറ്റ് ചെയ്ത മിക്കവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. നേരത്തെ, പതിഞ്ഞ തുടക്കമായിരുന്നു വിന്‍ഡീസിന്. ഒന്നാം വിക്കറ്റില്‍ ഷായ് ഹോപ്പ് (33 പന്തില്‍ 32) – ചേസ് സഖ്യം 68 റണ്‍സ് ചേര്‍ത്തെങ്കിലും ഇന്നിംഗ്‌സിന് ഒട്ടും വേഗമുണ്ടായിരുന്നില്ല. 53 പന്തുകള്‍ ഇരുവരും നേരിട്ടു. ഒമ്പതാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. തുടര്‍ന്നെത്തിയ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ 12 പന്തില്‍ 27 റണ്‍സ് സ്‌കോറിംഗ് വേഗത്തിലാക്കി. എന്നാല്‍ ഒരോവറില്‍ ഹെറ്റമെയറേയും ചേസിനേയും മടക്കിയച്ച് ജസ്പ്രിത് ബുമ്ര ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.
by Midhun HP News | Mar 1, 2026 | Latest News, ദേശീയ വാർത്ത
വാഷിങ്ടന്‍: യുഎസ് – ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു. ഇക്കാര്യം ഇറാന്‍ സ്ഥിരീകരിച്ചു. ഖമേനി കൊല്ലപ്പെട്ടന്ന് നേരത്തെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി നെതാന്യൂഹുവും അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ സ്ഥിരികരണം.
യുഎസ് – ഇസ്രായേല്‍ ഇന്റലിജന്‍സിനെ മറികടക്കാന്‍ ഖമേനയിക്ക് കഴിഞ്ഞില്ലെന്ന് ട്രംപ് പറഞ്ഞു. ഖമേനിയെ കൂടാതെ ഇറാനിലെ സുപ്രധാന നേതാക്കളെയും വധിച്ചെന്നായിരുന്നു ട്രംപിന്റെ അവകാശവാദം. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് ഖമേനയി കൊല്ലപ്പെട്ടെന്ന് ട്രംപ് കുറിച്ചത്. എന്നാല്‍ ട്രംപിന്റെ അവകാശവാദം ഇറാന്‍ തള്ളി. ഇറാന്‍ പരമോന്നത നേതാവായ ആയത്തുല്ല അലി ഖമേനിയുടെ മകള്‍, മരുമകന്‍, ചെറുമകന്‍ എന്നിവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
‘ചരിത്രത്തിലെ ഏറ്റവും ക്രൂരരായ വ്യക്തികളില്‍ ഒരാളായ ഖമേനി കൊല്ലപ്പെട്ടു. ഇത് ഇറാനിലെ ജനങ്ങള്‍ക്ക് മാത്രമല്ല, ഖമേനിയും രക്തദാഹികളായ ഗുണ്ടാസംഘവും കൊലപ്പെടുത്തുകയോ അംഗഭംഗം വരുത്തുകയോ ചെയ്ത എല്ലാ മഹത്തായ അമേരിക്കന്‍ ജനതയ്ക്കും ലോകമെമ്പാടുമുള്ള മറ്റു രാജ്യങ്ങളിലെ ജനങ്ങള്‍ക്കും ലഭിച്ച നീതിയാണ്. ഞങ്ങളുടെ ഇന്റലിജന്‍സിനെയും അത്യന്താധുനിക ട്രാക്കിങ് സംവിധാനങ്ങളെയും മറികടക്കാന്‍ ഖമേനിക്ക് കഴിഞ്ഞില്ല. ഇസ്രയേലുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിനാല്‍ ഖമേനിക്കും ഒപ്പമുള്ളവര്‍ക്കും ഒന്നും ചെയ്യാന്‍ കഴിഞ്ഞതുമില്ല. ഇറാനിലെ ജനങ്ങള്‍ക്ക് അവരുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള ഏറ്റവും വലിയ അവസരമാണിത്. അവരുടെ റവല്യൂഷണറി ഗാര്‍ഡ്, സൈന്യം, മറ്റ് സുരക്ഷാ-പൊലീസ് സേനകളിലെ പലരും ഇനി പോരാടാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഞങ്ങളില്‍ നിന്ന് കുറ്റവിമുക്തി തേടുകയാണെന്നും ഞങ്ങള്‍ അറിയുന്നു. ഇന്നലെ പറഞ്ഞതുപോലെ, ”ഇപ്പോള്‍ അവര്‍ക്ക് കുറ്റവിമുക്തി നേടാം, പിന്നീട് അവര്‍ക്ക് ലഭിക്കുന്നത് മരണം മാത്രമായിരിക്കും.” റവല്യൂഷണറി ഗാര്‍ഡും പൊലീസും ഇറാനിലെ രാജ്യസ്നേഹികളുമായി സമാധാനപരമായി ഒന്നിക്കുകയും, രാജ്യം അര്‍ഹിക്കുന്ന മഹത്വത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എങ്കിലും, പശ്ചിമേഷ്യയിലും ലോകമെമ്പാടും സമാധാനം എന്ന നമ്മുടെ ലക്ഷ്യം കൈവരിക്കുന്നതുവരെ, ശക്തവും കൃത്യവുമായ ബോംബാക്രമണം ഈ ആഴ്ചയിലുടനീളം അല്ലെങ്കില്‍ ആവശ്യമുള്ളത്ര കാലം തടസ്സമില്ലാതെ തുടരും’ ട്രംപ് കുറിച്ചു.
ഇറാന്റെ പരമോന്നത നേതാവ്, പ്രസിഡന്റ്, സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി, പാര്‍ലമെന്റ് സ്പീക്കര്‍ എന്നിവര്‍ സുരക്ഷിതരാണെന്നായിരുന്നു ഇതിന് പിന്നാലെ ഇറാന്റെ പ്രതികരണം. ഇവര്‍ കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ ശത്രുക്കള്‍ നടത്തുന്ന മനശാസ്ത്രപരമായ യുദ്ധത്തിന്റെ ഭാഗമാണെന്ന് ഖമേനിയുടെ ഓഫിസിലെ പബ്ലിക് റിലേഷന്‍സ് മേധാവി സാമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ഖമേനി ഇപ്പോഴും അധികാരത്തില്‍ തുടരുന്നുവെന്ന് സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സികളും രണ്ട് പാര്‍ലമെന്റ് അംഗങ്ങളും പരസ്യമായി അറിയിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ ഖമേനിയുടെ ഔദ്യോഗിക വസതിയും ഓഫീസും ഉള്‍പ്പെടുന്ന സമുച്ചയത്തിന് നേരെ 30 ബോംബുകള്‍ പ്രയോഗിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സമുച്ചയത്തിന് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചതിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഖമേനി ഒരു ഭൂഗര്‍ഭ ബങ്കറിലായിരുന്നുവെന്നും എന്നാല്‍ ആക്രമണത്തെ അതിജീവിക്കാന്‍ കഴിഞ്ഞിട്ടുണ്ടാകില്ലെന്നുമാണ് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആക്രമണത്തിന് പിന്നാലെ ഗള്‍ഫ് മേഖലയിലാകെ സംഘര്‍ഷം പടര്‍ന്നു. ഇസ്രയേലിന് പുറമെ ഖത്തര്‍, ബഹ്റൈന്‍, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ക്ക് നേരെയും ഇറാന്‍ പ്രത്യാക്രമണം നടത്തിയതോടെ മേഖല വലിയൊരു യുദ്ധത്തിന്റെ വക്കിലാണ്. 1989-ല്‍ റുഹുള്ള ഖമേനിയുടെ മരണശേഷമാണ് അലി ഖമേനി അധികാരമേറ്റത്. കഴിഞ്ഞ 36 വര്‍ഷമായി ഇറാനിലെ അവസാന വാക്ക് ഖമേനിയുടേതായിരുന്നു.
by Midhun HP News | Mar 1, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ പൊങ്കാല പ്രത്യേക ക്രമീകരണങ്ങള്‍ കാരണം 2026 മാര്‍ച്ച് ഒന്ന് മുതല്‍ മാര്‍ച്ച് മൂന്നുവരെ വാഹന പാര്‍ക്കിങ് കര്‍ശനമായി നിയന്ത്രിക്കപ്പെടും. നിലവിലെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാരണം രണ്ടാം എന്‍ട്രന്‍സ് (പവര്‍ ഹൗസ് റോഡ് വശം) പൂര്‍ണമായി അടച്ചിരിക്കുന്നു.എല്ലാ യാത്രക്കാരും, പ്രത്യേകിച്ച് തീര്‍ഥാടകരും താഴെപ്പറയുന്ന എന്‍ട്രന്‍സുകള്‍ ഉപയോഗിക്കണമെന്ന് റെയില്‍വേ അഭ്യര്‍ഥിച്ചു.
തമ്പാനൂര്‍ വശത്തുള്ള പ്രധാന എന്‍ട്രന്‍സ്
പാര്‍സല്‍ ഓഫീസ് വശവും പ്രീമിയം പാര്‍ക്കിങ് എന്‍ട്രന്‍സ്
തൈക്കാട് വനിതാ & ശിശു ആശുപത്രിക്ക് സമീപമുള്ള ഓവര്‍ബ്രിഡ്ജിനടുത്തുള്ള അണ്ടര്‍പാസ്
2026 മാര്‍ച്ച് മൂന്നിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്ന് പുറപ്പെടുന്ന ട്രെയിനുകള്‍ തീര്‍ഥാടകരുടെ സൗകര്യാര്‍ഥം താഴെപ്പറയുന്ന പ്ലാറ്റ്‌ഫോമുകളില്‍ നിന്നായിരിക്കും പുറപ്പെടുക.
കൊല്ലം ജങ്ഷന്‍ ഭാഗത്തേക്കുള്ള ട്രെയിനുകള്‍- പ്ലാറ്റ്‌ഫോമുകള്‍ 1, 2, 3, 4,
നാഗര്‍കോവില്‍ ഭാഗത്തേക്കുള്ള ട്രെയിനുകള്‍- പ്ലാറ്റ്‌ഫോം 5
ട്രെയിന്‍ ഷെഡ്യൂളിനനുസൃതമായി പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശനം അനുവദിക്കും. ഹോള്‍ഡിങ് ഏരിയകള്‍ക്ക് സമീപം അധിക ടിക്കറ്റ് കൗണ്ടറുകള്‍ സജ്ജീകരിക്കും. റിസര്‍വ്ഡ് ടിക്കറ്റുള്ള യാത്രക്കാര്‍ക്ക് പ്രധാന എന്‍ട്രന്‍സ് പോര്‍ട്ടിക്കോ വഴി നേരിട്ട് പ്രവേശിക്കാം. കൂടാതെ, റിസര്‍വ്ഡ് യാത്രക്കാരുടെ സൗകര്യാര്‍ഥം തിരുവനന്തപുരം പേട്ട സ്റ്റേഷനില്‍ താഴെപ്പറയുന്ന ട്രെയിനുകള്‍ക്ക് ഒരു മിനിറ്റ് താല്‍ക്കാലിക സ്റ്റോപ്പേജ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
by Midhun HP News | Mar 1, 2026 | Latest News, കേരളം
കൊച്ചി: ഇറാനെതിരായ യു എസ് – ഇസ്രയേല്‍ സംയുക്ത ആക്രമണത്തിൽ വലഞ്ഞ് കേരളത്തിൽ നിന്നുള്ള വിമാന യാത്രക്കാരും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തെ നിന്നും 17 സർവീസുകളും കരിപ്പൂരിൽ നിന്നും 21 സർവീസുകളും കൊച്ചിയിൽ നിന്ന് 16 വിമാനങ്ങളുമാണ് സർവീസ് റദ്ദാക്കിയത്. വരും മണിക്കൂറുകളിൽ കൂടുതൽ സർവീസുകൾ റദ്ദാക്കിയേക്കുമെന്നാണ് വിമാനക്കമ്പനികൾ നൽകുന്ന സൂചന.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട 17 സർവീസുകൾക്ക് പുറമെ ഇവിടേക്ക് എത്തേണ്ട 20 വിമാനങ്ങൾ ഇതുവരെ എത്തിയിട്ടില്ല.
ഇന്ന് റിയാദിലേക്ക് ഒരു വിമാനസർവീസ് മാത്രമാണ് കരിപ്പൂരിൽ നിന്ന് പുറപ്പെട്ടത്. ഇവിടെ നിന്ന് 32 സർവീസുകളാണ് രണ്ട് ദിവസത്തിനിടെ റദ്ദാക്കിയത്. കരിപ്പൂരിൽ ഇറങ്ങേണ്ടിയിരുന്ന 25 വിമാനങ്ങളും സർവീസ് അവസാനിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും രണ്ട് വിമാനങ്ങളാണ് ഗൾഫ് മേഖലയിലേക്ക് ഇന്ന് സർവീസ് നടത്തുക. രാവിലെ 8.10ന് മസ്കത്തിലേക്ക് ഒമാൻ എയറിന്റെ വിമാനം പുറപ്പെട്ടു. സൗദി എയർലൈനിന്റെ ജിദ്ദ വിമാനം 11.30ന് പുറപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കി.
ഇന്ന് പുലർച്ചെ നെടുമ്പാശ്ശേരിയിൽ നിന്ന് മസ്കത്തിലേക്ക് പുറപ്പെട്ട വിമാനം ഒന്നര മണിക്കൂറിനു ശേഷം തിരിച്ചു കൊച്ചിയിൽ തന്നെ ഇറക്കിയിരുന്നു. ഈ യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവരുടെ യാത്ര സംബന്ധിച്ച് ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.
Recent Comments