by Midhun HP News | Aug 4, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പട്ടാപ്പകല്‍ അധ്യാപികയെ ക്ലാസില്‍ നിന്നും വിളിച്ചിറക്കി കുത്തിക്കൊലപ്പെടുത്തി. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. സിക്കോണയിലെ സരസ്വതി സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇംഗ്ലീഷ് അധ്യാപിക സന്ധ്യ(26)യാണ് കൊല്ലപ്പെട്ടത്. മണിക്കൂറുകള്‍ക്കകം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ട് ഗ്രാമവാസിയായ അമിത് ( 21 ) ആണ് അറസ്റ്റിലായത്.

തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ബൈക്കിയെത്തിയ പ്രതി, സംസാരിക്കണമെന്ന് പറഞ്ഞ് അധ്യാപികയെ ക്ലാസില്‍ നിന്നും വിദ്യാലയത്തിന്റെ കവാടത്തിലേക്ക് വിളിച്ചു വരുത്തി. പുറത്തേക്ക് വന്ന സന്ധ്യയെ ഇയാള്‍ തുരുതുരാ കൂത്തുകയായിരുന്നു. മുഖത്തും കഴുത്തിലും വയറിലുമായി 20 ഓളം തവണയാണ് ഇയാള്‍ കുത്തിയത്. സ്‌കൂളിലെ സിസിടിവിയില്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.
അധ്യാപികയുടെ നിലവിളി കേട്ട് തടയാനെത്തിയ സ്‌കൂള്‍ മാനേജരെ പ്രതി ഭീഷണിപ്പെടുത്തി. കുത്തേറ്റ് നിലത്ത് വീണിട്ടും പ്രതി സന്ധ്യയെ വീണ്ടും വീണ്ടും കുത്തി. തുടര്‍ന്ന് പ്രതി ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അധ്യാപികയെ ഉടന്‍ തന്നെ അല്‍ ഫലാഹ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.രണ്ട് വർഷം മുമ്പാണ് പ്രതി അമിത് സന്ധ്യയെ പരിചയപ്പെടുന്നത്. തുടർന്ന് സന്ധ്യയെ ഇയാൾ നിരന്തരം പിന്തുടരുമായിരുന്നു. ശല്യം സഹിക്കവയ്യാതെ ഏതാനും ദിവസങ്ങൾക്ക് മുൻപ് സന്ധ്യ അമിതിനെതിരെ പൊലീസിൽ പരാതി നൽകി. അന്ന് നാട്ടുകാരുടെ മുന്നിൽ വച്ച് പരസ്യമായി മാപ്പ് പറഞ്ഞ് അമിത് രക്ഷപ്പെടുകയായിരുന്നു. ഈ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

by Midhun HP News | Aug 4, 2026 | Latest News, കേരളം
മൂന്നാർ: സിഎസ്ഐ പള്ളിക്ക് സമീപം മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ദേശീയപാതയിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം തുടരുന്നതോടെ മൂന്നാറിലേക്കുള്ള യാത്ര വലിയ പ്രതിസന്ധിയിൽ. മൂന്നാർ ടൗണിലേക്കും ദേശീയപാത വഴി മറ്റ് പ്രദേശങ്ങളിലേക്കും കടന്നുപോകാൻ ഇപ്പോൾ പൊലീസ് സ്റ്റേഷന് സമീപമുള്ള ചെറിയ പാലം മാത്രമാണ് ഏക ആശ്രയം. ഇതോടെ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. പാലത്തിന്റെ അപകടസാധ്യതയും പഴക്കവും കണക്കിലെടുത്ത് ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ കടത്തിവിടുന്നില്ല. ചെറിയ വാഹനങ്ങൾക്ക് മാത്രമാണ് നിലവിൽ അനുമതി നൽകിയിരിക്കുന്നത്.

ഇടുങ്ങിയ പാലവും അതിന്റെ തകർന്ന കൈവരികളും യാത്രക്കാരുടെ ജീവന് വലിയ ഭീഷണിയുയർത്തുന്നുണ്ട്. വളരെ കുറച്ച് വാഹനങ്ങൾക്ക് മാത്രമേ ഒരേ സമയം ഇതുവഴി കടന്നുപോകാൻ സാധിക്കൂ എന്നതിനാൽ ഗതാഗതം നിയന്ത്രിക്കാൻ പൊലീസും ഏറെ പാടുപെടുകയാണ്. സാധാരണക്കാരും സ്കൂൾ വിദ്യാർത്ഥികളും ജോലിക്കാരും രോഗികളുമാണ് ഈ നിയന്ത്രണങ്ങൾ കാരണം ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്. അടിയന്തര ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് രോഗികളുമായി പോകുന്ന ആംബുലൻസുകൾ വരെ മിനിറ്റുകളോളം ഈ വഴിയിലെ വൻ കുരുക്കിൽപ്പെടുന്നത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു.
ഇനിയും മഴ ശക്തമായാൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുന്ന അവസ്ഥയുണ്ടാകുമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പ് നൽകുന്നു. അപകടഭീഷണിയിലുള്ള പ്രദേശങ്ങളിലെ സുരക്ഷ ഉറപ്പാക്കി ദേശീയപാതയിലെ തടസ്സങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നും ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരം കാണണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

by Midhun HP News | Aug 4, 2026 | Latest News, കേരളം
കണ്ണൂർ: പേരാവൂർ കാഞ്ഞിരപ്പുഴയിൽ ശക്തമായ ഒഴുക്കിൽപ്പെട്ട് കാണാതായ കൊട്ടംചുരം സ്വദേശി വി.പി ഹനീഫയുടെ മൃതദേഹം കണ്ടെത്തി. നാല് ദിവസമായി ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ചൊവ്വാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.ഒഴുക്കിൽപ്പെട്ട സ്ഥലത്തുനിന്നും ഏകദേശം 100 മീറ്റർ മാത്രം അകലെ കാഞ്ഞിരപ്പുഴ സർവ്വീസ് സ്റ്റേഷന് പിൻവശത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. പൊലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അതേസമയം, ചെറുപുഴ മീന്തുള്ളിയിൽ രക്ഷാപ്രവർത്തനത്തിനിടെ പുഴയിലെ ഒഴുക്കിൽപ്പെട്ട് കാണാതായ രാജേഷിനായുള്ള തിരച്ചിൽ ഫയർഫോഴ്സും രക്ഷാപ്രവർത്തകരും ഇപ്പോഴും തുടരുകയാണ്. പ്രതികൂല കാലാവസ്ഥയും ശക്തമായ ഒഴുക്കും പ്രദേശത്ത് തിരച്ചിലിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.


by Midhun HP News | Aug 4, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: വിവാദ പരാമര്‍ശത്തില്‍ തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ പൊലീസ് കസ്റ്റഡിയിൽ. രാവിലെ ഉദയനിധിയുടെ വീട്ടില്‍ പൊലീസ് എത്തിയത് വളരെ നാടകീയസംഭവങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മുഖ്യമന്ത്രി ജോസഫ് വിജയ് യെ വിമര്‍ശിക്കുന്നതിനിടെ നടി തൃഷയെക്കുറിച്ച് നടത്തിയ ദ്വയാര്‍ഥ പരാമര്‍ശമാണ് വിവാദമായത്. കാവേരി നദീജല തര്‍ക്ക വിഷയത്തില്‍ തഞ്ചാവൂരില്‍ നടന്ന കര്‍ഷക പ്രതിഷേധ മാര്‍ച്ചിനിടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
കാവേരി വിഷയത്തില്‍ മുഖ്യമന്ത്രി വിജയ് മിണ്ടുന്നില്ലെന്നും അദ്ദേഹത്തിന് ആകെയുള്ള ജോലി ഡിഎംകെയ്ക്ക് എതിരെ കള്ളക്കേസെടുക്കുന്നതാണെന്നും ഉദയനിധി പറഞ്ഞു. പ്രസംഗത്തിനിടെ ഡിഎംകെ പ്രവര്‍ത്തകര്‍ ‘തൃഷ, തൃഷ’ എന്ന് കൂട്ടത്തോടെ വിളിച്ചതോടെ പ്രസംഗം നിര്‍ത്തിയ ശേഷം ഉദയനിധി നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ദ്വയാര്‍ഥ പ്രയോഗത്തിനെതിരെ ടിവികെ പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തി.

സമൂഹമാധ്യമങ്ങളിലും വ്യാപക വിമര്‍ശനമുയര്‍ന്നു. ‘അറപ്പുളവാക്കുന്ന’ പരാമര്‍ശം എന്നാണ് ടിവികെ എംഎല്‍എ രേവന്ത് ചരണ്‍ സമൂഹമാധ്യമത്തില്‍ കുറിച്ചത്. ആര്‍ക്കെതിരെയും ഇത്തരത്തിലുള്ള മ്ലേച്ഛമായ പരാമര്‍ശങ്ങള്‍ നടത്തുന്നത് അംഗീകരിക്കാനാവില്ല. ഇത്തരം പരാമര്‍ശം ഇവരുടെ മനോഭാവവും രാഷ്ട്രീയ സംസ്‌കാരവും നിലവാരത്തകര്‍ച്ചയും വെളിപ്പെടുത്തുന്നു.’ രേവന്ത് ചരണ്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. ഉദയനിധിയുടെ പരാമര്‍ശത്തെ ബിജെപിയും വിമര്‍ശിച്ചു.
പ്രതിഷേധം കനത്തതോടെ ഉദയനിധി മുന്‍കൂര്‍ ജാമ്യം തേടി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഹര്‍ജി പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. അതിനാല്‍ ഉച്ചയ്ക്ക് 12 മണി വരെ അറസ്റ്റ് പാടില്ലെന്നും കോടതി നിര്‍ദേശിച്ചതായാണ് സൂചന. ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത പൊലീസ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഉദയനിധിക്കെതിരെ പൊലീസ് കേസെടുത്തത്.

by Midhun HP News | Aug 4, 2026 | Latest News, ദേശീയ വാർത്ത
ഗുവാഹത്തി: 15 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. അസമിലെ ഹായ്‌ലകന്‍ഡി ജില്ലയിലാണ് സംഭവം. ശനിയാഴ്ച രാത്രിയാണ് 15 കാരിയെ വീട്ടില്‍ മൃഗീയമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
കേസില്‍ 17 മുതല്‍ 19 വരെ പ്രായമുള്ള മൂന്നു യുവാക്കളാണ് അറസ്റ്റിലായത്. പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. അതിക്രൂര പീഡനത്തിന് ഇരയായാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടതെന്ന് വീട്ടുകാര്‍ പറഞ്ഞു. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് കുറ്റകൃത്യം നടന്നതെന്ന് പൊലീസ് പറയുന്നു.

സംഭവസമയത്ത് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തൊട്ടടുത്തുള്ള ബന്ധുവിന്റെ വീട്ടില്‍ വരുന്നില്‍ പങ്കെടുക്കുകയായിരുന്നു. വിരുന്നിനിടെ ഒരു ബന്ധുവുമായി പിണങ്ങി പെണ്‍കുട്ടി 10.30 ഓടെ വീട്ടിലേക്ക് പോയി. പിന്നീട് വീട്ടില്‍ ചെന്നു നോക്കുമ്പോഴാണ് മകളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നതെന്ന് പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു.
തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധം വികൃതമായ നിലയില്‍ മൃതദേഹം നിലത്തു കിടക്കുകയായിരുന്നു. ശരീരം നിറയെ പരിക്കുകളായിരുന്നു. ജനനേന്ദ്രിയ ഭാഗം വികൃതമാക്കപ്പെട്ട നിലയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് 17 കാരനെയും മുതിര്‍ന്ന പൗരനെന്ന നിലയില്‍ കണക്കാക്കി വിചാരണ നടത്തണമെന്ന് ആവശ്യപ്പെടുമെന്ന് പൊലീസ് അറിയിച്ചു. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Recent Comments