by Midhun HP News | Feb 18, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: സംസ്കാര സാഹിതി സംസ്ഥാന കമ്മിറ്റിയുടെ ഡോക്യുമെൻ്ററി പുരസ്കാരം ചായമൻസയുടെ സംവിധായിക ബിന്ദു നന്ദന ഏറ്റുവാങ്ങി. കോട്ടയം ജില്ലാ സ്പോർട്സ് കൗൺസിൽ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന ചടങ്ങിൽ സംസ്കാര സാഹിതി ചെയർമാൻ സി ആർ മഹേഷ് എം എൽ എ പുരസ്കാരം നൽകി.
ചലച്ചിത്ര താരം പ്രേംകുമാർ, സംവിധായകൻ ആലപ്പി അഷറഫ്, നടൻ സലിം ഹസൻ, സംസ്കാര സാഹിതി വർക്കിംഗ് ചെയർമാൻ എൻ വി പ്രദീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.


by Midhun HP News | Feb 18, 2026 | Latest News, ദേശീയ വാർത്ത
മുംബൈ: മഹാരാഷ്ട്രയിലെ മുസ്ലീം സമുദായത്തിന് ജോലിയിലും വിദ്യാഭ്യാസത്തിലും അനുവദിച്ചിരുന്ന അഞ്ച് ശതമാനം സംവരണം സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ഓര്‍ഡിനന്‍സ് കാലാവധി കഴിഞ്ഞതും കോടതിയുടെ ഇടക്കാല സ്റ്റേ തുടരുന്നതുമാണ് ഇത്തരമൊരൂ തീരുമാനത്തിന് കാരണമെന്നാണ് ഉത്തരവില്‍ പറയുന്നത്.

കോണ്‍ഗ്രസ് – എന്‍സിപി സര്‍ക്കാരാണ് മറാത്തകള്‍ക്ക് 16 ശതമാനവും മുസ്ലീങ്ങള്‍ക്ക് അഞ്ച് ശതമാനവും സംവരണം അനുവദിച്ചുകൊണ്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നത്. ‘പ്രത്യേക പിന്നാക്ക വിഭാഗം (എ)’ എന്നതില്‍ ഉള്‍പ്പെടുത്തി മുസ്ലീം വിഭാഗത്തിന് സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ഏര്‍പ്പെടുത്തിയത്.
2014 മുതലുള്ള ഇതുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും സര്‍ക്കുലറുകളും പിന്‍വലിച്ചതായി ഉത്തരവില്‍ പറയുന്നു. കൂടാതെ ഈ വിഭാഗത്തിന് കീഴില്‍ മുസ്ലീങ്ങള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റുകളും നോണ്‍-ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നതും നിര്‍ത്തിവച്ചതായി ഉത്തരവില്‍ വ്യക്തമാക്കുന്നു.

by Midhun HP News | Feb 18, 2026 | Latest News, കേരളം
പത്തനംതിട്ട: സ്വകാര്യ സ്‌കൂളില്‍ റിസപ്ഷനിസ്റ്റായിരുന്ന യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഇതേ സ്‌കൂളിലെ പിആര്‍ഒ ആയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് സുഹൈല്‍ അന്‍സാരി അറസ്റ്റില്‍. പത്തനംതിട്ട ഏനാത്ത് പൊലീസാണ് മുഹമ്മദ് സുഹൈല്‍ അന്‍സാരിയെ അറസ്റ്റ് ചെയ്തത്. യുവതി എഴുതിയെന്ന് കരുതുന്ന മൂന്ന് ആത്മഹത്യാ കുറിപ്പുകളില്‍ ഒന്നില്‍ സുഹൈലിനെതിരേ ഗുരുതര പരാമര്‍ശം ഉണ്ടായിരുന്നു.

ഈ മാസം പതിനാലിന് പുലര്‍ച്ചെയാണ് പാണ്ടിമലപ്പുറം പറമലയിലുള്ള വീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ശരീരത്ത് മര്‍ദനമേറ്റ പാടുകളും ഉണ്ടായിരുന്നു. മുഹമ്മദ് സുഹൈല്‍ അന്‍സാരിയും യുവതിയും തമ്മില്‍ സുഹൃത്തുക്കളായിരുന്നു. ഇരുവരും തമ്മിലുള്ള സുഹൃദ് ബന്ധം യുവതിയുടെ ഭര്‍ത്താവ് അറിയുകയും ഇത് തര്‍ക്കത്തില്‍ കലാശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു യുവതി ജീവനൊടുക്കിയത്.
പൊലീസ് നടത്തിയ പരിശോധനയില്‍ യുവതി എഴുതിയ കുറിപ്പ് കണ്ടെത്തുകയായിരുന്നു. ഇതില്‍ മുഹമ്മദ് സുഹൈല്‍ അന്‍സാരിയുടെ പേര് പരാമര്‍ശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് മുഹമ്മദ് സുഹൈല്‍ അന്‍സാരിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
യുവതിയുടെ ആത്മഹത്യയില്‍ നാട്ടുകാരും ബന്ധുക്കളും സംശയമുന്നയിച്ചതോടെ ആത്മഹത്യയക്ക് കാരണം ഭര്‍ത്താവാണെന്നായിരുന്നു പൊലിസിന്റെ നിഗമനം. പൊലിസ് ചോദ്യം ചെയ്തപ്പോള്‍ യുവതിയുടെ ഫോണ്‍ ഭര്‍ത്താവ് പോലീസിന് കൈമാറി. ഇതിലുണ്ടായിരുന്ന വാട്‌സ് ആപ്പ് ചാറ്റുകളാണ് സുഹൈലിലേക്ക് വഴി തെളിച്ചത്. സുഹൈല്‍ മുന്‍പ് അധ്യാപകനായി ജോലി നോക്കിയിരുന്നു. സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വേണ്ടി അധ്യാപനം ഉപേക്ഷിച്ച് സ്‌കൂളില്‍ പിആര്‍ഓ ജോലി ചെയ്യുകയായിരുന്നു.

by Midhun HP News | Feb 18, 2026 | Latest News, കേരളം
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലും സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വിധി. ജാമ്യ ഉത്തരവ് ഉടൻ പുറത്തിറങ്ങും. ശബരിമല സ്വർണ്ണക്കൊള്ളയുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാൻ ഈ ഘട്ടത്തിൽ തെളിവുകൾ ഇല്ലെന്നാണ് കോടതി വിലയിരുത്തൽ.
തന്ത്രിക്ക് ജാമ്യം കിട്ടിയത് എസ്ഐടിക്ക് തിരിച്ചടിയായിരിക്കുകയാണ്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് പ്രോസിക്യൂഷന് തെളിയിക്കാനായില്ല. തന്ത്രിക്ക് താന്ത്രികപരമായ അധികാരങ്ങൾ മാത്രമാണുള്ളത് എന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രഥമദൃഷ്ടിയാൽ തന്ത്രിക്ക് ശബരിമല സ്വർണ്ണക്കൊള്ളയുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാൻ ഈ ഘട്ടത്തിൽ തെളിവുകൾ ഇല്ലെന്നാണ് കോടതി വിലയിരുത്തൽ. തന്ത്രിയുടെ ആരോഗ്യസ്ഥിതിയും പരിഗണിച്ചുകൊണ്ടാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ജാമ്യ ഹർജിയിലെ വാദത്തിനിടെ തന്ത്രിയുടെയും ഭാര്യയുടെയും സ്വത്ത് സമ്പാദനം സംബന്ധിച്ച നിർണായക തെളിവുകൾ എസ്ഐടി ഹാജരാക്കിയിരുന്നു. ഇരുവരുടെയും പേരിൽ കണക്കിൽപ്പെടാത്ത വൻ നിക്ഷേപം ഉണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. പ്രതിയുടെ സാമ്പത്തിക സ്രോതസ്സ് ദുരൂഹമാണെന്നും വിശദമായ അന്വേഷണം വേണമെന്നുമായിരുന്നു പ്രോസിക്യൂഷൻ്റെ ആവശ്യം. എന്നാൽ, ആചാരപരമായ കാര്യങ്ങളിൽ മാത്രം ഇടപെട്ടയാളാണ് താനെന്നും സ്വർണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് തന്ത്രിയുടെ വാദം.


by Midhun HP News | Feb 18, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ നിയമവലിയിൽ മൂന്ന് പ്രധാന ഭേദഗതികൾ വരുത്തി. അസോസിയേഷൻ സ്ഥാപിതമായിട്ട് 75 വർഷം തികയുന്ന വേളയിലാണ് ക്രിക്കറ്റ് ഭരണരംഗത്ത് കൂടുതൽ പങ്കാളിത്തവും സുതാര്യതയും ഉറപ്പാക്കുന്നതിനായി അടിസ്ഥാന നിയമാവലിയിൽ മാറ്റങ്ങൾ വരുത്തിയത്.
14 ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകൾക്കും വിരമിച്ച അന്താരാഷ്ട്ര താരങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്തിയിരുന്ന അസോസിയേഷൻ അംഗത്വം ഇനി മുതൽ വിരമിച്ച പുരുഷ-വനിതാ താരങ്ങൾ, അമ്പയർമാർ, സ്കോറർമാർ, ക്യൂറേറ്റർമാർ എന്നിവർക്ക് ഉൾപ്പെടെ ലഭ്യമാകുന്ന രീതിയിലാണ് ബൈലോ പരിഷ്കരിച്ചത്.
പുതിയ ഭേദഗതി നിലവിൽ വന്നതോടെ കേരള ക്രിക്കറ്റിന്റെ സമഗ്ര വികസനത്തിനായി പ്രവർത്തിച്ച വ്യക്തികൾക്കും അസോസിയേഷനിൽ വ്യക്തിഗത അംഗത്വം നൽകാൻ സാധിക്കും. ഇതിനുപുറമെ ക്രിക്കറ്റ് മേഖലയ്ക്ക് വലിയ സംഭാവനകൾ നൽകിയവർക്കായി ഓണററി മെമ്പർഷിപ്പ്, കെസിഎ ക്ലബ് ഹൗസ് മെമ്പർഷിപ്പ്, കെസിഎ സ്റ്റേഡിയം മെമ്പർഷിപ്പ് എന്നീ പുതിയ വിഭാഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഭരണപരമായ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി കെസിഎയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയായ അപ്പക്സ് കൗൺസിലിലെ അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനും തീരുമാനമായി. നിലവിൽ ഒൻപത് അംഗങ്ങളുള്ള കൗൺസിൽ ഭേദഗതിയോടെ വിപുലീകരിക്കും.

ക്രിക്കറ്റ് സമിതികളിലേക്കും സെലക്ഷൻ കമ്മിറ്റികളിലേക്കുമുള്ള മുൻ താരങ്ങളുടെ യോഗ്യതയിൽ വരുത്തിയ ഇളവാണ് മറ്റൊരു പ്രധാന ഭേദഗതി. മുൻപ് 25 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചവർക്ക് മാത്രം ലഭിച്ചിരുന്ന ഈ പദവികൾ ഇനി മുതൽ രഞ്ജി ട്രോഫി കളിച്ച എല്ലാ മുൻ താരങ്ങൾക്കും ലഭിക്കും.
കേരളത്തിലെ ക്രിക്കറ്റ് വികസനത്തിന് സംഭാവന നൽകിയവർക്കുള്ള അംഗീകാരമാണ് ഈ നിയമഭേദഗതിയെന്നും അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ കൂടുതൽ പേർക്ക് ഇതിലൂടെ അവസരം ലഭിക്കുമെന്നും കെസിഎ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി നായർ പറഞ്ഞു.

Recent Comments