by Midhun HP News | Dec 31, 2025 | Latest News, കേരളം
ആലപ്പുഴ: മുഹമ്മ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ ടെറസില്‍ തൂങ്ങിമരിച്ചു. എസ് സന്തോഷ് കുമാര്‍ (45) ആണ് മരിച്ചത്. തിങ്കളാഴ്ച നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയിരുന്നു.
എന്നാല്‍ ചൊവ്വാഴ്ച വൈകുന്നേരമായിട്ടും വീട്ടില്‍ എത്താതിനെ തുടര്‍ന്ന് കുടുംബം പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് സ്റ്റേഷന്റെ മുകളിലത്തെ അടച്ചു പൂട്ടിയ ടെറസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മുഹമ്മ കപ്പേള സ്‌കൂളിന് സമീപമാണ് സന്തോഷിന്റെ വീട്. ഭാര്യയും രണ്ട് പെണ്‍ മക്കളുമുണ്ട്. സാമ്പത്തികപ്രതിസന്ധിയാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് നിഗമനം. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.



by Midhun HP News | Dec 31, 2025 | Latest News, ദേശീയ വാർത്ത
ഡൽഹി : വൈസ് ചാൻസലറെ നിയമിക്കാൻ സംസ്ഥാന സർക്കാരിന് അധികാരം നൽകിക്കൊണ്ട് തമിഴ്‌നാട് നിയമസഭ പാസാക്കിയ ബിൽ രാഷ്ട്രപതി ദ്രൗപദി മുർമു തിരിച്ചയച്ചു. മൂന്നുവർഷത്തിനുശേഷമാണ് മദ്രാസ് സർവകലാശാലാ ഭേദഗതി ബിൽ രാഷ്ട്രപതി തിരിച്ചയച്ചത്. വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ രവിയുമായി ഇടഞ്ഞു നിൽക്കുന്ന സ്റ്റാലിൻ സർക്കാരിന് രാഷ്ട്രപതിയുടെ നീക്കം തിരിച്ചടിയാണ്.
2022 ഏപ്രിലിലാണ് തമിഴ്നാട് നിയമസഭ മദ്രാസ് സർവകലാശാലാ ഭേദഗതി ബിൽ പാസാക്കിയത്. ബില്ലിലൂടെ 168 വര്‍ഷം പഴക്കമുള്ള സര്‍വകലാശാലയുടെ നിയന്ത്രണം ഏറ്റെടുക്കാനാണ് സർക്കാർ ലക്ഷ്യമിട്ടത്. നിയമനം പ്രതിസന്ധിയിലായതോടെ, മൂന്നു വര്‍ഷത്തിലേറെയായി വൈസ് ചാന്‍സലര്‍ ഇല്ലാതെയാണ് ദൈനംദിന നടപടിക്രമങ്ങള്‍ മുന്നോട്ടുപോകുന്നത്.
മദ്രാസ് സർവകലാശാലയുടെ വൈസ് ചാൻസലറെ നിയമിക്കാനും നീക്കം ചെയ്യാനുമുള്ള അധികാരം ചാൻസലർ കൂടിയായ ഗവർണറിൽ നിന്ന് മാറ്റി സംസ്ഥാന സർക്കാറിനു നൽകുന്നതാണ് നിയമ ഭേദഗതി. നിയമസഭ പാസാക്കിയ ബില്ലിലെ വ്യവസ്ഥകൾ യുജിസി ചട്ടങ്ങൾക്കു വിരുദ്ധമാണെന്ന സംശയം പ്രകടിപ്പിച്ച് ഗവർണർ ആർ എൻ രവി അത് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കുകയായിരുന്നു.



by Midhun HP News | Dec 31, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മെഡിസെപ് ഒന്നാംഘട്ട പദ്ധതി ജനുവരി 31 വരെ തുടരുമെന്ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍. ഒന്നാം ഘട്ട പദ്ധതി ഒരു മാസം കൂടി നീട്ടുന്നതിനുള്ള പ്രീമിയം തുകയായ 61.14 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതായും മന്ത്രി അറിയിച്ചു.
മെഡിസെപ് രണ്ടാംഘട്ട പദ്ധതി ജനുവരി ഒന്നുമുതല്‍ തുടങ്ങുമെന്നാണ് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തിരുന്നു. രണ്ടാംഘട്ട പദ്ധതിയുടെ സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് ഒന്നാംഘട്ട പദ്ധതി ഒരു മാസംകൂടി നീട്ടിയത്. അതിനാല്‍ രണ്ടാംഘട്ട പദ്ധതിയിലെ പുതുക്കിയ പ്രീമിയം തുക ജനുവരിയില്‍ വിതരണം ചെയ്യുന്ന ശമ്പളത്തില്‍നിന്ന് പിടിക്കേണ്ടതില്ലെന്ന് ഡിഡിഒമാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ പ്രീമിയം പിടിക്കപ്പെട്ടാല്‍ അത് പിന്നീടുള്ള പ്രീമിയം ഗഡുക്കളില്‍ നിന്ന് കുറച്ചു നല്‍കണമെന്നും നിര്‍ദേശിച്ച് ധനകാര്യ വകുപ്പ് ഉത്തരവിറക്കി.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ‘മെഡിസെപ്പിന്റെ’ പ്രീമിയം തുക കഴിഞ്ഞ ദിവസമാണ് വര്‍ധിപ്പിച്ചത്. നിലവില്‍ പ്രതിമാസം 500 രൂപയായിരുന്ന പ്രീമിയം 810 രൂപയാക്കി സംസ്ഥാന ധനകാര്യ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്.
310 രൂപയാണ് ഒരുമാസം വര്‍ധിക്കുക. ഒരു വര്‍ഷം 8237 രൂപയും ജിഎസ്ടിയും ആയിരിക്കും പ്രീമിയം തുകയായി നല്‍കേണ്ടി വരിക. തീരുമാനത്തിന് എതിരെ സര്‍വീസ് സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു.സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അധിക ബാധ്യത വരുത്തുന്നതാണ് ഈ നടപടിയെന്നാണ് സംഘടനകള്‍ ആരോപിക്കുന്നത്.



by Midhun HP News | Dec 31, 2025 | Latest News, കേരളം
കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അമ്മയുടെ വേർപാടിൽ അനുശോചനമറിയിച്ച് മമ്മൂട്ടി. അമ്മയ്ക്കൊപ്പമുള്ള മോഹൻലാലിന്റെ മനോഹരമായ ചിത്രത്തിനൊപ്പമാണ് മമ്മൂട്ടിയുടെ കുറിപ്പ്. “നമ്മുടെ എല്ലാമെല്ലാമായ ഒരാളുടെ വേർപാടിൽ വിലപിക്കുമ്പോൾ, എന്റെ ഹൃദയം വല്ലാതെ ഭാരമേറിയതായി തോന്നുന്നു. ധൈര്യമായി ഇരിക്കൂ, പ്രിയപ്പെട്ട ലാൽ”.- എന്നാണ് മമ്മൂട്ടി കുറിച്ചത്.
ഇന്നലെ കൊച്ചി എളമക്കരയിലെ മോഹൻലാലിന്റെ വീട്ടിലും മമ്മൂട്ടി എത്തിയിരുന്നു. മരണ വാർത്തയറിഞ്ഞ ഉടനെ തന്നെ മമ്മൂട്ടി വീട്ടിലേക്ക് എത്തുകയായിരുന്നു. മമ്മൂട്ടിക്കൊപ്പം രമേഷ് പിഷാരടിയും നിർമാതാവ് ആന്റോ ജോസഫും ജോർജ്, ഹൈബി ഈഡൻ എംപി എന്നിവരും ഉണ്ടായിരുന്നു. സിനിമാ രംഗത്തു നിന്ന് ഒട്ടേറെപ്പേര്‍ ഇന്നലെ എളമക്കരയിലെ വീട്ടില്‍ എത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചിരുന്നു.
ഇന്നലെ ഉച്ചയോടെ ആയിരുന്നു ശാന്തകുമാരി അമ്മയുടെ മരണം. 90 വയസ് ആയിരുന്നു. പത്ത് വർഷത്തിലേറെയായി പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലും വിശ്രമത്തിലുമായിരുന്നു ശാന്തകുമാരി അമ്മ. പരിചരിക്കുന്ന ആളുകളാണ് മരണസമയത്ത് ശാന്തകുമാരി അമ്മയുടെ ഒപ്പമുണ്ടായിരുന്നത്. കൊച്ചി അമൃത ആശുപത്രിയിലാണ് ശാന്തകുമാരിയമ്മയുടെ ചികിത്സ നടത്തിയിരുന്നത്. അതേസമയം ഇന്ന് പുലർച്ചെ അഞ്ചരയോടെ ശാന്തകുമാരി അമ്മയുടെ മൃതദേഹം തിരുവനന്തപുരം മുടവൻമുകളിലെ വീട്ടിലെത്തിച്ചു. സിനിമാ- സാംസ്കാരിക രംഗത്തെ പ്രമുഖരടക്കം നിരവധി പേരാണ് ആദരാഞ്ജലി അർപ്പിക്കാൻ ഇന്ന് രാവിലെ മുതൽ എത്തുന്നത്.
മോഹൻലാലിന്റെ അച്ഛൻ കെ വിശ്വനാഥൻ നായരും സഹോദരൻ പ്യാരിലാലും അന്ത്യനിദ്രകൊള്ളുന്ന വീട്ടുവളപ്പിൽ ഇന്ന് വൈകീട്ട് നാല് മണിക്കാണ് സംസ്കാരം നടക്കുക. പല വേദികളിലും അമ്മയെക്കുറിച്ച് അതിവൈകാരികമായി മോഹൻലാൽ സംസാരിച്ചിട്ടുണ്ട്. 89ാം പിറന്നാള്‍ ദിനത്തിൽ അമ്മയ്ക്കായി മോഹൻലാൽ എളമക്കരയിലെ വീട്ടിൽ സംഗീതാര്‍ച്ചന നടത്തിയിരുന്നു.



by Midhun HP News | Dec 31, 2025 | Latest News, കേരളം
തൃശൂർ: ഗുരുവായൂർ ക്ഷേത്രം ഇടത്തരികത്തു കാവിൽ ഭഗവതിയുടെ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് അടുത്ത തിങ്കളാഴ്ചയും ഫെബ്രുവരി ആറിനും ക്ഷേത്രനട രാവിലെ നേരത്തെ അടയ്ക്കും. താലപ്പൊലി സംഘം വക താലപ്പൊലിയാണ് ജനുവരി 5 തിങ്കളാഴ്ച നടക്കുക.
ദേവസ്വം വക താലപ്പൊലി ഫെബ്രുവരി 6 വെള്ളിയാഴ്ചയാണ്.ഗുരുവായൂർ ക്ഷേത്രം നട രാവിലെ 11.30ന് അടയ്ക്കും. ഉച്ചയ്ക്ക് പുറത്തേക്ക് എഴുന്നള്ളിപ്പ് ഉള്ളതിനാലാണിത്. ഈ ദിവസങ്ങളിൽ പകൽ 11.30 നു ശേഷം ക്ഷേത്രത്തിൽ ദർശന സൗകര്യം ഉണ്ടാകില്ല. വിവാഹം, ചോറൂൺ, തുലാഭാരം ,മറ്റുവഴിപാടുകൾ എന്നിവയും പകൽ 11.30 നു ശേഷം നടത്താൻ കഴിയില്ല. ക്ഷേത്രാചാര ചടങ്ങുകൾക്ക് ശേഷം വൈകിട്ട് പതിവ് പോലെ ദർശന സൗകര്യം തുടരുമെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് അറിയിച്ചു.



Recent Comments