സ്വര്‍ണവില ഒരു ലക്ഷത്തില്‍ താഴെ തന്നെ; നാലുദിവസത്തിനിടെ ഇടിഞ്ഞത് 4800 രൂപ

സ്വര്‍ണവില ഒരു ലക്ഷത്തില്‍ താഴെ തന്നെ; നാലുദിവസത്തിനിടെ ഇടിഞ്ഞത് 4800 രൂപ

കൊച്ചി: ഇന്നലെ ഒരു ലക്ഷത്തില്‍ താഴെയെത്തിയ സ്വര്‍ണവില ഇന്ന് വീണ്ടും കുറഞ്ഞു. ഇന്ന് പവന് 240 രൂപയാണ് കുറഞ്ഞത്. 99,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 30 രൂപയാണ് കുറഞ്ഞത്. 12,455 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ പവന് ഒറ്റയടിക്ക് 2240 രൂപ കുറഞ്ഞതോടെയാണ് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവില ഒരു ലക്ഷത്തില്‍ താഴെയെത്തിയത്. 1,02,120 രൂപയില്‍ നിന്നാണ് താഴ്ന്നത്. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. ശനിയാഴ്ച 1,04,440 രൂപയായി ഉയര്‍ന്ന് സര്‍വകാല റെക്കോര്‍ഡ് ഇട്ട ശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. നാലുദിവസത്തിനിടെ 4800 രൂപയാണ് കുറഞ്ഞത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 95,680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 94,920 രൂപയായി ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്.

കലൂര്‍ സ്‌റ്റേഡിയത്തിലെ അപകടം: രണ്ടുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമ തോമസ്

കലൂര്‍ സ്‌റ്റേഡിയത്തിലെ അപകടം: രണ്ടുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമ തോമസ്

കൊച്ചി: കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിന്റെ ഗാലറിയില്‍ നിന്നു വീണ് പരിക്കേറ്റ സംഭവത്തില്‍ രണ്ടുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമാതോമസ് എംഎല്‍എ സ്റ്റേഡിയത്തിന്റെ ഉടമകളായ ജിസിഡിഎയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചു. ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച മൃദംഗനാദം നൃത്തസന്ധ്യയ്ക്കിടെയായിരുന്നു എംഎല്‍എ താത്കാലികമായി ഒരുക്കിയ ഉദ്ഘാടനവേദിയില്‍ നിന്ന് വീണത്. 2024 ഡിസംബര്‍ 29-ന് ആയിരുന്നു പരിപാടി.

മൃദംഗ വിഷന്‍ ആന്‍ഡ് ഓസ്‌കര്‍ ഇവന്റ് മാനേജുമെന്റായിരുന്നു പരിപാടിയുടെ സംഘാടകര്‍. നൃത്തപരിപാടിക്കായി 9 ലക്ഷം രൂപയ്ക്കാണ് സ്റ്റേഡിയം വാടയ്ക്ക് എടുത്തത്. 12,000 പേര്‍ ഒരുമിച്ച് നൃത്തം ചെയ്യുന്നതായിരുന്നു പരിപാടി. സംഘാടകരുടെ വിശ്വാസ്യതപോലും പരിശോധിക്കാതെയാണ് ജിസിഡിഎ സ്റ്റേഡിയത്തില്‍ പരിപാടി അനുവദിച്ചതെന്ന് നോട്ടീസില്‍ ആരോപിക്കുന്നു.

ഗാലറിയുടെ മുകളില്‍ താല്‍ക്കാലികമായി തയ്യാറാക്കിയ വേദിക്ക് യാതൊരു സുരക്ഷയും ഉണ്ടായിരുന്നില്ല. 10.5 മീറ്റര്‍ ഉയരത്തിലായിരുന്ന വേദിയില്‍ നിന്നാണ് വീണത്. കൈവരി ഉണ്ടായിരുന്നില്ല. 50 സെന്റീമീറ്റര്‍ സ്ഥലമാണ് മുന്‍നിര സീറ്റിനുമുമ്പില്‍ ഉണ്ടായിരുന്നത് . ഇതിലൂടെ നടക്കുമ്പോഴാണ് തലയടിച്ച് താഴോട്ടുവീണത്. സ്ട്രെച്ചര്‍ പോലും അവിടെ ഉണ്ടായിരുന്നില്ല. അപകടത്തിന് ശേഷം 10 മിനിറ്റോളം എടുത്താണ് സ്‌റ്റേഡിയത്തിന് പുറത്ത് എത്തിച്ചത് തന്നെ. 9 ദിവസത്തിന് ശേഷമാണ് ബോധം വീണ്ടെടുക്കാനായത്. സ്വതന്ത്രമായി നടക്കാന്‍ മാസങ്ങള്‍ എടുത്തു. ഇപ്പോഴും പൂര്‍ണമായും ആരോഗ്യം വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. അപകടത്തിന്റെ ആഘാതം തുടരുകയാണ്.

സ്റ്റേഡിയം വാടകയ്ക്ക് നല്‍കുമ്പോള്‍ അവിടെ എത്തുന്നവര്‍ സുരക്ഷിതരായിരിക്കും എന്ന് ഉറപ്പാക്കാന്‍ ജിസിഡിഎയ്ക്ക് ബാധ്യതയുണ്ട്. എന്തിനുവേണ്ടിയാണോ സ്റ്റേഡിയം ഉപയോഗിക്കേണ്ടത്, അത്തരം ആവശ്യങ്ങള്‍ക്കേ നല്‍കാവു. അരലക്ഷത്തോളം ആളുകള്‍ ഒത്തുകൂടിയ പരിപാടിയില്‍ സുരക്ഷ ഉറപ്പാക്കുന്നതില്‍ വീഴ്ചയുണ്ടായി. ജിസിഡിഎയുടെ അറിവോടെയാണ് സ്റ്റേഡിയം സംഘാടകര്‍ നിയമവിരുദ്ധമായി ഉപയോഗിച്ചത് എന്നേ കരുതാനാകൂ.

ഇതാണ് തന്റെ അപകടത്തിനും അതിലൂടെ തൃക്കാക്കര നിയമസഭാമണ്ഡലത്തിലെ ജനങ്ങള്‍ക്കടക്കം നഷ്ടങ്ങള്‍ ഉണ്ടാകാന്‍ ഇടയാക്കിയതും. അതിനാല്‍ രണ്ടുകോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് എംഎല്‍എയുടെ ആവശ്യം.

മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അമ്മയുടെ സംസ്കാരം ഇന്ന്

മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അമ്മയുടെ സംസ്കാരം ഇന്ന്

തിരുവനന്തപുരം: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അമ്മയുടെ സംസ്കാരം ഇന്ന്. ബുധനാഴ്ച പുലർച്ചെ അഞ്ചരയോടെ തിരുവനന്തപുരം മുടവൻമുകളിലെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ സിനിമാ പ്രവർത്തകരടക്കം നിരവധി പേരാണ് എത്തുന്നത്. മോഹൻലാലിന്റെ അച്ഛൻ കെ വിശ്വനാഥൻ നായരും സഹോദരൻ പ്യാരിലാലും അന്ത്യനിദ്രകൊള്ളുന്ന വീട്ടുവളപ്പിൽ ഇന്ന് വൈകീട്ട് നാല് മണിക്കാണ് സംസ്കാരം. സംസ്ഥാന സർക്കാരിന് വേണ്ടി ചീഫ് സെക്രട്ടറി ജയ തിലക് ഐഎഎസ് അന്തിമോപചാരം അർപ്പിച്ചു. കേന്ദ്ര മന്ത്രി സുരേഷ് ​ഗോപി, സിപിഎം നേതാവ് ഇ പി ജയരാജൻ അടക്കമുള്ളവരും മോഹൻലാലിന്റെ വീട്ടിൽ രാവിലെ തന്നെ അന്തിമോപചാരം അർപ്പിക്കാനെത്തി.

പല ഘട്ടങ്ങളിലും അമ്മയെക്കുറിച്ച് വളരെ വൈകാരികമായി മോഹൻലാൽ പറയുമായിരുന്നു. അമ്മയുടെ കണ്ണിൽ നോക്കിയാണ് ആ സ്നേഹവും വാത്സല്യവും താൻ മനസിലാക്കിയിരുന്നതെന്നും മോഹൻലാൽ മുൻപ് പറഞ്ഞിരുന്നു. മോഹൻലാലിന്റെ മൂന്നാം വയസ്സിൽ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനായിരുന്ന അച്ഛൻ സ്ഥലം വാങ്ങി നിർമിച്ചതാണ് മുടവൻമുകളിലെ വീട്. നടന്റെ ആദ്യ ചിത്രമായ ‘തിരനോട്ട’ത്തിന്റെ ലൊക്കേഷനും ഈ വീടായിരുന്നു. ഏറെക്കാലം ഒറ്റയ്ക്കു താമസിച്ചിരുന്ന വീട്ടിൽ നിന്ന്‌ എത്ര നിർബന്ധിച്ചാലും വരാൻ അമ്മ തയ്യാറായിരുന്നില്ലെന്ന് മോഹൻലാൽ പറഞ്ഞിട്ടുണ്ട്. കോവിഡ് കാലത്ത് തിരുവനന്തപുരത്തെ വീട്ടിലെത്താൻ കഴിയാതിരുന്ന സമയത്ത്, ചെന്നൈയിലെ വീട്ടിലിരുന്ന് അമ്മയുടെ ശബ്ദം ഫോണിലൂടെ കേട്ട് വേദനിച്ച അനുഭവവും നടൻ പങ്കുെവച്ചിട്ടുണ്ട്.

പൂജപ്പുരയിലെ വായനശാലയിൽ അമ്മയ്ക്കൊപ്പം പുസ്തകമെടുക്കാൻ പോയ കുട്ടിക്കാലവും മോഹൻലാലിന്റെ സ്നേഹം നിറഞ്ഞ ഓർമ്മയാണ്. 12 വർഷം മുൻപ് പക്ഷാഘാതം വന്നതിനെ തുടർന്നാണ് ശാന്തകുമാരി അമ്മ മോഹൻലാലിന്റെ കൊച്ചിയിലെ എളമക്കരയിലെ വീട്ടിലേക്ക് മാറിയത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു ശാന്തകുമാരി അമ്മയുടെ അന്ത്യം.

മാധ്യമ പ്രവർത്തകനും ഫോട്ടോഗ്രാഫറും ആയിരുന്ന ഷിജു കൊല്ലമ്പുഴ (49) അന്തരിച്ചു

മാധ്യമ പ്രവർത്തകനും ഫോട്ടോഗ്രാഫറും ആയിരുന്ന ഷിജു കൊല്ലമ്പുഴ (49) അന്തരിച്ചു

ആറ്റിങ്ങൽ: ജോലിക്കിടയിൽ കുഴഞ്ഞുവീണ മാധ്യമ പ്രവർത്തകനും ഫോട്ടോഗ്രാഫറും ആയ ആറ്റിങ്ങൽ ശ്രീ വേദത്തിൽ ഷിജു കൊല്ലമ്പുഴ (49) ചികിത്സയിൽ തുടരവേ മരിച്ചു.
ഭാര്യ: അഖില
മകൻ: വേദവ്

കഴുത്തില്‍ കമ്പ് തുളച്ചു കയറി യുവാവ് മരിച്ചു; വീണത് കരിപ്പൂര്‍ വിമാനത്താവളത്തിനടുത്തുള്ള വ്യൂ പോയിന്റില്‍ നിന്ന്

കഴുത്തില്‍ കമ്പ് തുളച്ചു കയറി യുവാവ് മരിച്ചു; വീണത് കരിപ്പൂര്‍ വിമാനത്താവളത്തിനടുത്തുള്ള വ്യൂ പോയിന്റില്‍ നിന്ന്

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ കാഴ്ചകള്‍ കാണാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ യുവാവ് വെങ്കുളത്ത് വ്യൂ പോയിന്റില്‍ നിന്നു വീണു മരിച്ചു. മലപ്പുറം മുണ്ടുപറമ്പ് തച്ചഞ്ചേരി ജനാര്‍ദ്ദനന്റെ മകന്‍ ജിതിന്‍ (30) ആണ് മരിച്ചത്.

വ്യൂ പോയിന്റില്‍ നിന്നുള്ള വീഴ്ചയ്ക്കിടെ ജിതിന്റെ കഴുത്തില്‍ കമ്പ് തറച്ചുകയറി. ഗുരുതരാവസ്ഥയില്‍ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പുലര്‍ച്ചെ അഞ്ചരയോടെ വ്യൂ പോയിന്റില്‍ നിന്ന് യുവാവ് വീണെന്നാണ് പൊലീസിനു വിവരം ലഭിക്കുന്നത്. തുടര്‍ന്ന് പൊലീസ് എത്തി നാട്ടുകാരുടെ സഹായത്തോടെ യുവാവിനെ ആശുപത്രിയിലേക്കു മാറ്റിയത്. സംഭവത്തില്‍ കരിപ്പൂര്‍ പൊലീസ് അന്വേഷണം നടത്തി വരികയാണ്. അപകടസാധ്യത ഉള്ളതിനാല്‍ ഇവിടെ പൊലീസ് നേരത്തെ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു.