by Midhun HP News | Feb 16, 2026 | Latest News, കേരളം
കാസര്‍കോട്: ജീവനൊടുക്കിയ വ്ലോഗര്‍ ചിന്നു പാപ്പുവിന്റെ ( രേഷ്മ) ആണ്‍സുഹൃത്തിന്റെ ആത്മഹത്യക്ക് കാരണം മാനസിക സമ്മര്‍ദമെന്ന് പൊലീസ്. ചിന്നു പാപ്പുവിന്റെ മരണത്തിന് പിന്നാലെ കാസര്‍കോട് മന്നിപ്പാടി സ്വദേശി സന്ദേശ് (29) വലിയ തോതില്‍ വിമര്‍ശനം നേരിട്ടിരുന്നു. വിമര്‍ശനം സൈബര്‍ ആക്രമണത്തിലേക്ക് തിരിഞ്ഞതോടെ ഉണ്ടായ മാനസിക സമ്മര്‍ദമാണ് സന്ദേശിന്റെ ആത്മഹത്യക്ക് പിന്നില്‍ എന്നാണ് പൊലീസിന്റെ നിഗമനം.

ശനിയാഴ്ച രാത്രി വൈകിയും സുഹൃത്തുക്കള്‍ക്കൊപ്പം ഉണ്ടായിരുന്ന സന്ദേശിനെ ഞായറാഴ്ച പകല്‍ പുറത്തേക്ക് കാണാതായതോടെ നടത്തിയ പരിശോധനയിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മാനസിക സമ്മര്‍ദത്തെ കുറിച്ച് സന്ദേശ് പറഞ്ഞിരുന്നു എന്നാണ് സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നത്. ചിന്നു പാപ്പുവിന്റെ മരണത്തെത്തുടര്‍ന്ന് പൊലീസ് സന്ദേശില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.
ചിന്നു പാപ്പു എന്നറിയപ്പെടുന്ന വ്‌ളോഗര്‍ രേഷ്മ കഴിഞ്ഞ തിങ്കളാഴ്ചയാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ചത്. ഉളിയത്തടുക്കയിലെ വാടകവീട്ടിലാണ് രേഷ്മയും സന്ദേശും താമസിച്ചിരുന്നത്. രേഷ്മയുടേത് തൂങ്ങി മരണം ആണെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതോടെ മരണത്തില്‍ ദുരൂഹതയില്ലെന്ന രീതിയിലാണ് അന്വേഷണം നീങ്ങിയത്.
കാസര്‍കോട് തുടര്‍ന്ന് പൊലീസെത്തി പ്രാഥമിക പരിശോധനയ്ക്കു ശേഷം സന്ദേശിന്റെ മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അച്ഛന്‍ നാരായണ നായ്ക്, അമ്മ സരോജ. സഹോദരി ഗൗതമി.

by Midhun HP News | Feb 16, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ശബരിമല യുവതീപ്രവേശന വിധിയില്‍ മാര്‍ച്ച് 14 ന് അകം സംസ്ഥാന സര്‍ക്കാര്‍ അടക്കം കേസിലെ കക്ഷികള്‍ വാദങ്ങളും നിലപാടുകളും രേഖാമൂലം അറിയിക്കണമെന്ന് സുപ്രീംകോടതി. പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കാനായി 9 അംഗ ഭരണഘടനാബെഞ്ച് രൂപീകരിക്കും. ഏപ്രില്‍ 7 ന് കേസില്‍ വാദം കേള്‍ക്കല്‍ ആരംഭിക്കും. ഏപ്രില്‍ 22 ന് വാദംകേള്‍ക്കല്‍ പൂര്‍ത്തിയാക്കുമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അറിയിച്ചു.

ഒമ്പത് അംഗ ഭരണഘടനാ ബെഞ്ചില്‍ ഉള്‍പ്പെടുന്ന ജഡ്ജിമാരുടെ പട്ടിക ചീഫ് ജസ്റ്റിസ് അഡ്മിനിസ്‌ട്രേറ്റീവ് ഉത്തരവിലൂടെ അറിയിക്കും.ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല ബാഗ്ചി, വിപുല്‍ എം പഞ്ചോളി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. ശബരിമല കോടതി വിധിയെ അനുകൂലിക്കുന്നവരുടെ വാദമാണ് ഏപ്രില്‍ 7 മുതല്‍ 9 വരെ നടക്കുക. തുടര്‍ന്ന് ഏപ്രില്‍ 14 മുതല്‍ 16 വരെ പുനഃപരിശോധനാ ഹര്‍ജിയെ പിന്തുണയ്ക്കുന്നവരുടെ വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.
ശബരിമലയിലെ വിധി പുനഃപരിശോധിക്കേണ്ടതാണെന്ന് കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ അറിയിച്ചു. ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചത് അംഗീകരിക്കാനാവില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ഇതുവരെ പുനഃപരിശോധനാ ഹര്‍ജിയെ എതിര്‍ത്തിരുന്നുവെന്ന് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത പറഞ്ഞു. എന്നാല്‍ തുടര്‍ന്നും എതിര്‍ക്കുമോയെന്നതില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.
എതിര്‍ക്കുന്നവരുടേയും അനുകൂലിക്കുന്നവരുടേയും വാദങ്ങള്‍ക്ക് ശേഷം അമിക്കസ് ക്യൂറിമാരുടെ വാദവും, മറുപടി സത്യവാങ്മൂലങ്ങളും കോടതി പരിശോധിക്കും. മുതിര്‍ന്ന അഭിഭാഷകനായ രാജു രാമചന്ദ്രനു പുറമെ, മലയാളി അഭിഭാഷകനായ കെ പരമേശ്വരനെ കൂടി കേസില്‍ അമിക്കസ് ക്യൂറിയായി നിയമിച്ചിട്ടുണ്ട്. നേരത്തെ രൂപീകരിച്ചിരുന്ന ഒമ്പതംഗ ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മാത്രമാണ് സുപ്രീംകോടതിയില്‍ അവശേഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ ബെഞ്ച് രൂപീകരിക്കുന്നത്.

by Midhun HP News | Feb 16, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഒരു പവന് ഇന്നത്തെ വില 114,720 രൂപയാണ്. പവന് ഒറ്റയടിക്ക് കുറഞ്ഞത് 960 രൂപ. ഗ്രാമിന് 120 രൂപയാണ് കുറഞ്ഞത്. 14,340 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
വെള്ളിയാഴ്ച രണ്ടു തവണകളായി പവന് 2400 രൂപ കുറഞ്ഞെങ്കിലും ശനിയാഴ്ച ഒറ്റയടിക്ക് 1,920 രൂപ വര്‍ധിച്ചിരുന്നു. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്.
ഇപ്പോള്‍ കൂടിയു കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.


by Midhun HP News | Feb 16, 2026 | Latest News, ജില്ലാ വാർത്ത
കൊച്ചി: പിതൃമോക്ഷത്തിനായി ആലുവ മണപ്പുറത്ത് പതിനായിരങ്ങള്‍. ബലിതര്‍പ്പണം നടത്തി. പുലര്‍ച്ചെ മുതല്‍ ബലിതര്‍പ്പണത്തിനായി വലിയ തിരക്കാണ് മണപ്പുറത്ത് അനുഭവപ്പെട്ടത്. ഇന്ന് ഉച്ചവരെയാണ് ചടങ്ങുകള്‍. ബലിതര്‍പ്പണത്തിനായി ഇന്നലെ രാത്രി മുതല്‍ തന്നെ ആളുകള്‍ മണപ്പുറത്ത് എത്തിതുടങ്ങിയിരുന്നു. സംസ്ഥാനത്ത് മറ്റ് ക്ഷേത്രങ്ങളിലും ബലിതര്‍പ്പണത്തിനായി ആയിരങ്ങളാണ് എത്തിയത്.

ആലുവയില്‍ കർമങ്ങൾക്കു തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരി, മേൽശാന്തി മുല്ലപ്പിള്ളി ശങ്കരൻ നമ്പൂതിരി എന്നിവർ കാർമികത്വം നല്‍കി. 116 ബലിത്തറകളാണ് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുള്ളത്. ഇന്ന് ആരംഭിക്കുന്ന ബലിതർപ്പണം കുംഭത്തിലെ അമാവാസിയായ ചൊവ്വാഴ്ച വരെ തുടരും. പിതൃതര്‍പ്പണത്തിനായി എത്തുന്നവര്‍ക്ക് സൗജന്യ ലഘുഭക്ഷണവും ചുക്കുവെള്ളവും ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്.
ശിവരാത്രിയുടെ ഭാഗമായി ഇന്ന് പകല്‍ 2 വരെ ആലുവ പട്ടണത്തിലും പരിസരത്തും പൊലീസ് ഗതാഗതനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. .1500 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ളത്. പിതൃതര്‍പ്പണത്തിനായി എത്തുന്നവര്‍ക്ക് സൗജന്യ ലഘുഭക്ഷണവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്. ശിവരാത്രി നാളില്‍ മണപ്പുറത്തെത്തുന്നവര്‍ക്ക് ദേവസ്വം ബോര്‍ഡ് രണ്ടുകോടിയുടെ ഗ്രൂപ്പ് ഇന്‍ഷുറന്‍സും ആലുവ നഗരസഭ ഒരു കോടിയുടെ ഗ്രൂപ്പ് ഇന്‍ഷുറന്‍സും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

250 കെഎസ്ആര്‍ടിസി ബസുകള്‍ മണപ്പുറത്തേക്ക് പ്രത്യേകം സര്‍വീസ് നടത്തുന്നുണ്ട്. മണപ്പുറത്ത് കെഎസ്ആര്‍ടിസിക്കായി പ്രത്യേകം സ്റ്റാന്‍ഡ് ഉണ്ടാകും. സ്വകാര്യ ബസുകള്‍ക്ക് രാത്രി സര്‍വീസ് നടത്തുന്നതിനായി പ്രത്യേകം പാസ് അനുവദിച്ചിരുന്നു. കൊച്ചി മെട്രോയും അധികസമയം സര്‍വീസ് നടത്തുണ്ട്. ശിവരാത്രിയോടനുബന്ധിച്ച് ആലുവ നഗരത്തില്‍ ഞായറാഴ്ച വൈകീട്ട് നാലുമണി മുതല്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുവരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
by Midhun HP News | Feb 16, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിനെതിരെ വീണ്ടും ചികിത്സാ പിഴവ് എന്ന് ആരോപണം. ഗർഭ ശുശ്രൂഷയുടെ ഭാഗമായി കുത്തിവെപ്പ് എടുത്തതിനെ തുടർന്ന് യുവതിയുടെ കാലുകളിൽ പഴുപ്പ് ഉണ്ടായെന്നാണ് പരാതി. എന്നാൽ, ഇതേക്കുറിച്ച് ഒരു പരാതിയും ആശുപത്രിയെയോ തന്നെയോ അറിയിച്ചിട്ടില്ലെന്നാണ് രജനിയെ ചികിത്സിച്ച ഡോക്ടർ ഹൃദ്യ പറയുന്നത്.

ഈ മാസം അഞ്ചു മുതൽ 9 വരെയാണ് ചുള്ളിമാനൂർ സ്വദേശിനി രഞ്ജിനി നെടുമങ്ങാട് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയത്. ഗർഭസമയത്ത് എടുക്കേണ്ട ആറ് കുത്തിവെപ്പ് ഡോക്ടറുടെ നിർദേശപ്രകാരം രജനിക്ക് നൽകി. കുത്തിവെപ്പ് എടുത്തശേഷം കാലുകളിൽ കടുത്ത വേദന അനുഭവപ്പെടുകയും പിന്നീട് പഴുപ്പ് ബാധിച്ചുവെന്നുമാണ് രഞ്ജിനിയുടെ ഭർത്താവ് പറയുന്നത്. വേദനയെക്കുറിച്ച് പലതവണ പരാതിപ്പെട്ടെങ്കിലും ഡോക്ടർ പരിശോധിച്ചു നോക്കാതെ ഡിസ്ചാർജ് എഴുതിയെന്നാണ് കുടുംബത്തിന്റെ ആരോപണം. വട്ടപ്പാറയിലെ സ്വകാര്യ ആശുപ്രതിയിലാണ് രഞ്ജിനിയെ തുടർ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്.
എന്നാൽ, യുവതിക്ക് വേദനയോ മറ്റ് അസ്വസ്ഥതകളാ ഉള്ളതായി അറിയിച്ചിട്ടില്ല എന്നാണ് ചികിത്സ നൽകിയ ഡോക്ടർ പറയുന്നത്. തുടർ ചികിത്സയ്ക്കായി വീണ്ടും ആശുപത്രിയിലും എത്തിയിട്ടില്ല. ചിലരിൽ മരുന്നുകളുടെ റിയാക്ഷൻ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഡോക്ടർ പറയുന്നു.

Recent Comments