by Midhun HP News | Feb 12, 2026 | Latest News, ജില്ലാ വാർത്ത
കെ.എ.എസ്.പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കിളിമാനൂർ പുല്ലയിൽ സ്വദേശികളായ ദേവനാരായണൻ.എ.എസ്, ഒൻപതാം റാങ്ക് നേടിയ ദിവ്യ മുരളി എന്നിവരെ ഫ്രാക്ക് – ഫോറം ഓഫ് റസിഡൻ്റ്സ് അസോസിയേഷൻസ് കിളിമാനൂർ ഭാരവാഹികൾ വീടുകളിലെത്തി അനുമോദിച്ചു. പ്രസിഡൻ്റ് പ്രേമചന്ദ്രബാബു, ജന.സെക്രട്ടറി ഹരികൃഷ്ണൻ.എൻ, ട്രഷറർ ആർ.സുഭാഷ്, സെക്രട്ടറി ഹരീഷ് കുമാർ.എസ്, വൈസ് പ്രസിഡൻ്റ് എ.ടി.പിള്ള, ജോ.സെക്രട്ടറി രാജേന്ദ്രൻ നായർ, സത്യരാജ് കുമാർ, അരുൺ തുടങ്ങിയവർ പങ്കെടുത്തു.


by Midhun HP News | Feb 12, 2026 | Latest News, ജില്ലാ വാർത്ത
ആലംകോട് പൂവൻപാറ വിളയിൽ അപ്പൂപ്പൻ നടയിലെ കുംഭമഹോത്സവം ഫെബ്രുവരി 7 നു തുടങ്ങി നാളെ (ഫെബ്രുവരി 13) സമാപിക്കും. 6ആം ദിവസമായ ഇന്ന് പതിവ് ക്ഷേത്രചടങ്ങുകൾക്ക് പുറമെ രാവിലെ 7.30നു നാഗർക്ക് നൂറും പാലും നേദിക്കൽ
നടന്നു. വൈകുന്നേരം 7 നു ചന്ദ്രഘണ്ട ടീം പേരാണം അവതരിപ്പിക്കുന്ന തിരുവാതിരയും കൈകൊട്ടിക്കളിയും നടക്കും. 8നു ശ്രീ പദ്മനാഭ കൈകൊട്ടിക്കളി ടീം അവതരിപ്പിക്കുന്ന വീര നാട്യവും അരങ്ങേറും.
7 ആം ദിവസമായ നാളെ രാവിലെ 7നാണ് സമൂഹപൊങ്കാല. ഉച്ചയ്ക്ക് 12.30 നു സമൂഹസദ്യ, വൈകുന്നേരം 4 മണിക്ക് നടക്കുന്ന ഘോഷയാത്രയോടെ ഉത്സവം സമാപിക്കും.


by Midhun HP News | Feb 12, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ നയങ്ങള്‍ക്കെതിരെ പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ സംയുക്തമായി പ്രഖ്യാപിച്ച 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. ബുധനാഴ്ച അര്‍ധരാത്രി ആരംഭിച്ച 24 മണിക്കൂര്‍ പണിമുടക്ക് വ്യാഴാഴ്ച അര്‍ധരാത്രി വരെ നീളും.
കേരളത്തില്‍ ഭരണ-പ്രതിപക്ഷ അനുകൂല സംഘടനകള്‍ പണിമുടക്കിന് പിന്തുണ നല്‍കുന്നതിനാല്‍ സംസ്ഥാനം പൂര്‍ണ്ണമായും സ്തംഭിച്ചേക്കും. കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും ബാങ്ക്, ഇന്‍ഷുറന്‍സ്, കല്‍ക്കരി, വൈദ്യുതി, പ്രതിരോധ മേഖലയിലെ ജീവനക്കാരും ഉള്‍പ്പെടെ കോടിക്കണക്കിന് തൊഴിലാളികളാണ് പണിമുടക്കിന്റെ ഭാഗമാകുന്നത്.
കര്‍ഷക, കര്‍ഷകത്തൊഴിലാളി സംഘടനകളും സമരമുഖത്തുണ്ട്. സിപിഎം അടക്കമുള്ള ഇടതുപക്ഷ പാര്‍ടികളുടെയും മറ്റ് പ്രതിപക്ഷ പാര്‍ടികളുടെ പിന്തുണയിലാണ് പണിമുടക്ക്. തൊഴില്‍ കോഡുകള്‍ പിന്‍വലിക്കുക, തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, വൈദ്യുതി, വിത്ത് ഭേദഗതി ബില്ലുകള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തിയും ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം എഫ്ഡിഐ, ആണവോര്‍ജ മേഖലയുടെ സ്വകാര്യവല്‍ക്കരണം എന്നിവയ്ക്കെതിരെയുമാണ് പണിമുടക്ക്. രാജ്യത്തെ ആയിരത്തിലധികം കേന്ദ്രങ്ങളില്‍ സിഐടിയു പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. ഓരോ കേന്ദ്രങ്ങളിലും ആയിരം പേര്‍ വീതം പങ്കാളികളാകും.
പ്രതിഷേധത്തിന്റെ ഭാഗമായി പൊതുയോഗങ്ങളും പ്രകടനങ്ങളും വാഹനറാലികളുമുണ്ട്. രാജ്യതലസ്ഥാന മേഖലയില്‍ ആറിടങ്ങളിലാണ് പ്രതിഷേധം.ആശുപത്രി ഉള്‍പ്പെടെയുള്ള അവശ്യ സര്‍വീസുകളെ പണിമുടക്കില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവാ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി എന്നീ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്.
അഖിലേന്ത്യാ പണിമുടക്കില്‍ കേരളം പൂര്‍ണമായും സ്തംഭിക്കും. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കും. വാഹനങ്ങള്‍ നിരത്തിലിറങ്ങില്ല. പണിമുടക്ക് വിവരം അറിയാതെയെത്തുന്ന ടൂറിസ്റ്റുകളുടെ വാഹനങ്ങള്‍ അനുവദിക്കും. ചരമം, വിവാഹം തുടങ്ങിയ ആവശ്യത്തിന് പോകുന്ന വാഹനങ്ങള്‍ക്ക് ബോര്‍ഡുവച്ച് യാത്രചെയ്യാം. പാല്‍, പത്രം, ആശുപത്രി, മരുന്ന് ഷോപ്പുകള്‍ തുടങ്ങിയ അവശ്യ സര്‍വീസുകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, പണിമുടക്കിന് സര്‍ക്കാര്‍ ഡയസ് നോണ്‍ പ്രഖ്യാപിച്ചു. ജോലിക്ക് ഹാജരാകാത്തവര്‍ക്ക് ഇന്നത്തെ ശമ്പളം ലഭിക്കില്ല.


by Midhun HP News | Feb 12, 2026 | Latest News, കേരളം
പത്തനംതിട്ട: കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് (വ്യാഴാഴ്ച) തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇ ഡി പ്രസാദ് നടതുറക്കും. കുംഭം ഒന്നിന് വെള്ളിയാഴ്ച രാവിലെ അഞ്ചിനാണ് ദര്‍ശനത്തിന് നട തുറക്കുക.
ഈ ദിവസങ്ങളില്‍ ദീപാരാധനയ്ക്കുശേഷം പതിനെട്ടാം പടിയില്‍ പടിപൂജ ഉണ്ടാകും. കുംഭമാസ പൂജ പൂര്‍ത്തിയാക്കി 17ന് രാത്രി 10ന് നട അടയ്ക്കും. വ്യാഴാഴ്ചത്തെ പൊതുപണിമുടക്കില്‍ നിന്ന് ശബരിമല തീര്‍ഥാടകരെ ഒഴിവാക്കിയിട്ടുണ്ട്. ദിവസം 50,000 പേര്‍ക്കാണ് വിര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം. ദര്‍ശനത്തിനായി നട തുറക്കുന്ന വെള്ളിയാഴ്ച 30,000 പേര്‍ക്കാണ് പ്രവേശനം. തീര്‍ഥാടകരുടെ യാത്രയ്ക്കായി കെഎസ്ആര്‍ടിസിയുടെ പത്തനംതിട്ട, ചെങ്ങന്നൂര്‍, കുമളി ഡിപ്പോകളില്‍നിന്നായി എണ്‍പതോളം സര്‍വീസുണ്ടാകും. 54 ബസുകള്‍ നിലയ്ക്കല്‍-പമ്പ റൂട്ടില്‍ ഓടും.


by Midhun HP News | Feb 12, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ കോഡുകളുള്‍ക്കെതിരെ ട്രേഡ് യൂണിയനുകളും കർഷക സംഘടനകളും സംയുക്തമായി ആഹ്വാനം ചെയ്ത പണിമുടക്കിന് തുടക്കം. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ 24 മണിക്കൂറാണ് പണിമുടക്ക്. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവാ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി എന്നീ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. സര്‍ക്കാര്‍ അനുകൂല സംഘടനയായ ബിഎംഎസ് പണിമുടക്കുമായി സഹകരിക്കുന്നില്ല.
ബാങ്ക്, ഇന്‍ഷുറന്‍സ്, കല്‍ക്കരി, വൈദ്യുതി, പ്രതിരോധ മേഖലയിലെ ജീവനക്കാര്‍, കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവരും പണിമുടക്കിന്റെ ഭാഗമാവും. ഭരണ പ്രതിപക്ഷ സംഘടകള്‍ പണിമുടക്കിന്റെ ഭാഗമാകുന്നതോടെ കേരളത്തിലെ വ്യവസായ കാര്‍ഷിക വാണിജ്യ വ്യാപാര മേഖലകള്‍ നിശ്ചലമാകും. മഹിളാ, വിദ്യാര്‍ഥി, യുവജന സംഘടനകളും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും. വ്യാഴാഴ്ച 650 കേന്ദ്രങ്ങളില്‍ പ്രതിഷേധറാലികളും യോഗങ്ങളും സംഘടിപ്പിക്കും. ജില്ലാ, ഏരിയാ കേന്ദ്രങ്ങളില്‍ ഉച്ചവരെനീളുന്ന യോഗങ്ങളുണ്ടാകും. കോണ്‍ഗ്രസ് അനുകൂല തൊഴിലാളി സംഘടനയായ ഐഎന്‍ടിയുസി സംയുക്ത സമരസമിതിയുടെ ഭാഗമാണെങ്കിലും കേരളത്തില്‍ യോജിച്ച പ്രതിഷേധത്തില്‍ പങ്കെടുക്കില്ല. എന്നാല്‍ ബ്ലോക്ക് മണ്ഡലം തലത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ ജില്ലാ കമ്മിറ്റികള്‍ക്ക് കെപിസിസി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഷോപ്പിങ് മാളുകളും സ്പെഷല്‍ ഇക്കണോമിക് സോണുകളും സ്തംഭിക്കും. പാല്‍, പത്രം, ആശുപത്രി, മരുന്നുകടകള്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ആംബുലന്‍സ് അടക്കം അവശ്യ സര്‍വീസ് ഒഴിച്ച് മറ്റെല്ലാ മേഖലയിലെയും തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കും. വൈദ്യുതി, വിത്ത് ഭേദഗതി ബില്ലുകള്‍, ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം എഫ്ഡിഐ, ആണവോര്‍ജ മേഖലയുടെ സ്വകാര്യവല്‍ക്കരണം പിന്‍വലിക്കുക തുടങ്ങിയവയാണ് തൊഴിലാളി സംഘടനകള്‍ ഉയര്‍ത്തുന്ന പ്രധാന വിഷയങ്ങള്‍.


Recent Comments