72 റണ്‍സും 2 വിക്കറ്റും; ലീ‍‍ഡിന്റെ ഓൾ റൗണ്ട് ബ്രില്ല്യൻസ്; പാകിസ്ഥാൻ ‘വേദന’ മറന്ന് നെതര്‍ലന്‍ഡ്‌സ്

72 റണ്‍സും 2 വിക്കറ്റും; ലീ‍‍ഡിന്റെ ഓൾ റൗണ്ട് ബ്രില്ല്യൻസ്; പാകിസ്ഥാൻ ‘വേദന’ മറന്ന് നെതര്‍ലന്‍ഡ്‌സ്

ഡല്‍ഹി: ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ വിറപ്പിച്ച് പൊരുതി വീണ നെതര്‍ലന്‍ഡ്‌സ് ടി20 ലോകകപ്പിലെ തങ്ങളുടെ രണ്ടാം പോരാട്ടത്തില്‍ വിജയം സ്വന്തമാക്കി. നമീബിയയെ അവര്‍ 7 വിക്കറ്റിനു അനായാസം വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത നമീബിയ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് കണ്ടെത്തി. നെതര്‍ലന്‍ഡ്‌സ് 18 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 159 റണ്‍സെടുത്താണ് ജയം സ്വന്തമാക്കിയത്.

ബാസ് ഡെ ലീഡിന്റെ അര്‍ധ സെഞ്ച്വറി മികവിലാണ് ഓറഞ്ച് സംഘം ജയിച്ചു കയറിയത്. നമീബിയ ബാറ്റ് ചെയ്തപ്പോള്‍ ലീഡ് രണ്ട് വിക്കറ്റും വീഴ്ത്തി ഓള്‍ റൗണ്ട് മികവ് പുറത്തെടുത്തു. താരം 48 പന്തില്‍ 5 ഫോറും 4 സിക്‌സും സഹിതം 72 റണ്‍സുമായി പുറത്താകാതെ നിന്നു.

കോളിന്‍ അക്കര്‍മാന്‍ 28 പന്തില്‍ 32 റണ്‍സും ഓപ്പണര്‍ മിഷേല്‍ ലെവിറ്റ് 15 പന്തില്‍ 3 സിക്‌സും ഒരു ഫോറും സഹിതം 28 റണ്‍സും അടിച്ചെടുത്തു നിര്‍ണായക സംഭാവന നല്‍കി. കളി അവസാനിക്കുമ്പോള്‍ ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വേര്‍ഡ്‌സാണ് ലീഡിനൊപ്പം പുറത്താകാതെ ക്രീസിലുണ്ടായിരുന്നത്. ക്യാപ്റ്റന്‍ ഒരോ സിക്‌സും ഫോറും സഹിതം 9 പന്തില്‍ 18 റണ്‍സെടുത്തു.

നേരത്തെ ടോസ് നേടി നെതര്‍ലന്‍ഡ്‌സ് നമീബിയയെ ബാറ്റിങിനു വിടുകയായിരുന്നു. 38 പന്തില്‍ 2 സിക്‌സും ഒരു ഫോറും സഹിതം 42 റണ്‍സ് എടുത്ത യാന്‍ നിക്കോള്‍ ലോഫ്റ്റി ഈറ്റന്റെ ചെറുത്തു നില്‍പ്പാണ് പൊരുതാവുന്ന സ്‌കോറിലേക്ക് നമീബിയയെ എത്തിച്ചത്.

യാന്‍ ഫ്രിലിങ്ക് (30), ജെജെ സ്മിത്ത് (22) എന്നിവരും പൊരുതി. ക്യാപ്റ്റന്‍ ഗെര്‍ഹാഡ് ഇറാസ്മസ് 9 പന്തില്‍ 18 റണ്‍സും കണ്ടെത്തി. മറ്റാരും രണ്ടക്കം കടന്നില്ല.

നെതര്‍ലന്‍ഡ്‌സിനായി ലോഗന്‍ വാന്‍ ബീക്, ബാഡ് ഡെ ലീഡ് എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ വീഴ്ത്തി. ആര്യന്‍ ദത്ത്, ഫ്രെഡ് ക്ലാസന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

കാത്തിരുന്ന മാറ്റം, വാട്‌സ്ആപ്പ് വെബില്‍ പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ചു

കാത്തിരുന്ന മാറ്റം, വാട്‌സ്ആപ്പ് വെബില്‍ പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ചു

ഡല്‍ഹി: വാട്‌സ്ആപ്പ് വെബില്‍ പുത്തന്‍ ഫീച്ചര്‍ കൊണ്ടുവരുന്നതായി റിപ്പോര്‍ട്ട്. ഉപയോക്താക്കള്‍ക്കായി വോയ്സ്, വിഡിയോ കോളിങ് ഫീച്ചറുകളാണ് വാട്‌സ്ആപ്പ്അ വതരിപ്പിച്ചത്. ദീര്‍ഘകാലമായി കാത്തിരുന്ന ഈ സവിശേഷത നിലവില്‍ തെരഞ്ഞെടുത്ത ബീറ്റ ഉപയോക്താക്കള്‍ക്ക് മാത്രമേ ലഭ്യമാകൂ.

വാട്സ്ആപ്പ് വെബില്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്ത കോളുകളും സ്‌ക്രീന്‍-ഷെയറിങ്ങും ചേര്‍ക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഈ ഫീച്ചറുകള്‍ ഇതിനകം തന്നെ വിന്‍ഡോസ്, മാക് ഡെസ്‌ക്ടോപ്പ് ആപ്പുകളില്‍ ലഭ്യമായിരുന്നു. ഇതുവരെ, വാട്സ്ആപ്പ് വെബ് ഉപയോക്താക്കള്‍ക്ക് ടെക്സ്റ്റ് സന്ദേശങ്ങള്‍ അയയ്ക്കാനും മീഡിയ ഫയലുകള്‍ പങ്കിടാനും സാധിക്കുമായിരുന്നു, എന്നാല്‍ വോയ്സ്, വിഡിയോ കോളിങ് എന്നിവ ഡെസ്‌ക്ടോപ്പ് ആപ്പുകള്‍ക്ക് മാത്രമായിരുന്നു ലഭ്യമായിരുന്നത്.

ഉപയോക്താക്കള്‍ക്ക് ബ്രൗസറില്‍ നിന്ന് തന്നെ നേരിട്ട് കോള്‍ ചെയ്യാന്‍ സാധിക്കുന്ന വോയ്സ്, വിഡിയോ കോള്‍ ഫീച്ചറുകള്‍ ലഭ്യമായി തുടങ്ങിയതായാണ് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഫീച്ചര്‍ ഏകദേശം ഒരു വര്‍ഷമായി പരീക്ഷണ ഘട്ടത്തിലായിരുന്നുവെന്നും നിലവില്‍ വണ്‍-ടു-വണ്‍ ചാറ്റുകളില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഡെസ്‌ക്ടോപ്പ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ ബ്രൗസറില്‍ നിന്ന് കോളുകള്‍ വിളിക്കാന്‍ ഈ ഫീച്ചര്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. വാട്സ്ആപ്പ് വെബ് ബീറ്റ പ്രോഗ്രാമില്‍ ചേര്‍ന്നിട്ടുള്ള തെരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് കോളിങ് ഫീച്ചര്‍ ലഭ്യമാകും. കൂടാതെ സമീപഭാവിയില്‍ കൂടുതല്‍ ഉപയോക്താക്കളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കാം.

ആറ്റിങ്ങലിൽ എംസിഎഫ് തീപിടിച്ച് നശിച്ചു

ആറ്റിങ്ങലിൽ എംസിഎഫ് തീപിടിച്ച് നശിച്ചു

ആറ്റിങ്ങലിൽ എംസിഎഫ് തീപിടിച്ച് നശിച്ചു. ആറ്റിങ്ങൽ നഗരസഭ ആറാം വാർഡ് തച്ചൂർ കുന്നിലെ ഹരിത കർമ്മ സേനയുടെ എംസിഎഫിനാണ് കഴിഞ്ഞദിവസം വൈകുന്നേരം നാലുമണിയോടെ തീപിടിച്ചത്. സംഭവം അറിഞ്ഞു ഓടിക്കൂടിയ നാട്ടുകാരും ആറ്റിങ്ങലിൽ നിന്നെത്തിയ ഫയർഫോഴ്സും തീ നിതന്ത്രണ വിധേയമാക്കി. തീപിടുത്തത്തിന് കാരണം വ്യക്തമല്ല.

വർക്കലയിൽ കലാ മാമാങ്കം

വർക്കലയിൽ കലാ മാമാങ്കം

തിരു: ഫെബ്രുവരി 10 മുതൽ 15 വരെ വർക്കല ആർട്ട് ഫെസ്റ്റിവൽ വർക്കല ക്ലിഫിലെ സൺ വ്യൂ ബീച്ച് റിസോർട്ടിൽ നടക്കുന്ന വർക്കല 2026 കലാ മാമങ്കം കലാസ്നേഹികൾക്ക് വ്യത്യസ്തമായ അനുഭവം സമ്മാനിക്കാൻ ഒരുങ്ങുന്നു. ദി ആർട്ടിസ്റ്റ് ഗ്രൂപ്പ് – ബൈ രഹന സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ, ചിത്രകലയും സംസ്കാരവും ഒരുമിക്കുന്ന വേദിയാകുന്നു.

ഫെബ്രുവരി 10-ന് വൈകിട്ട് 4.30-ന് നടക്കുന്ന ഉദ്ഘാടന ചടങ്ങ് വർക്കല എം.എൽ.എ ശ്രീ. വി. ജോയ് ഉദ്ഘാടനം ചെയ്യും. പ്രശസ്ത സിനിമാതാരം മീനാക്ഷി മുഖ്യാതിഥിയായി പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി വി. പ്രിയദർശിനി ദീപം തെളിക്കും. പനച്ചമൂട് ഷാജഹാൻ അദ്ധ്യക്ഷത വഹിക്കും.
വർക്കല മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ഗീത ഹേമചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സന്തോഷ് കുമാർ, ചലച്ചിത്ര അഭിനേതാവും സംവിധായകനുമായ ജയൻ വി. പോറ്റി, എന്നിവർ സംസാരിക്കും. ആർട്ട് ഫെസ്റ്റിവൽ ക്യൂറേറ്റർ രഹന സ്വാഗത പ്രസംഗം നടത്തും.

സംസ്ഥാനത്തിനകത്തും പുറത്തുമുള്ള കലാകാരൻമാർ പങ്കെടുക്കുന്ന ഫെസ്റ്റിവലിൽ, പെയിന്റിംഗ്, മിക്സ്ഡ് മീഡിയ, സ്റ്റോൺ ആർട്ട് തുടങ്ങിയ വിവിധ കലാരൂപങ്ങൾ പ്രദർശിപ്പിക്കുന്നു. എല്ലാ ദിവസവും 6 മണി മുതൽ വിവിധ കലാപരിപാടികൾ നടക്കും. വർക്കലയുടെ പ്രകൃതിസൗന്ദര്യത്തിനൊപ്പം കലയുടെ നിറങ്ങൾ ചേർന്ന ഈ ഫെസ്റ്റിവൽ, സന്ദർശകർക്കു ഒരു ദൃശ്യവിരുന്നായിരിക്കും.

കേരളത്തിനുള്ള കേന്ദ്രത്തിന്‍റെ സമ്മാനമെന്ന് സുരേഷ് ഗോപി എംപി; 2 സുപ്രധാന പദ്ധതികൾക്ക് അംഗീകാരം

കേരളത്തിനുള്ള കേന്ദ്രത്തിന്‍റെ സമ്മാനമെന്ന് സുരേഷ് ഗോപി എംപി; 2 സുപ്രധാന പദ്ധതികൾക്ക് അംഗീകാരം

തിരുവനന്തപുരം: കേരളത്തിലെ റെയിൽവേ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമൊരുക്കാൻ രണ്ട് വൻകിട പദ്ധതികൾക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയെന്ന് സുരേഷ് ഗോപി എംപി. ആലപ്പുഴ – അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ, പാലക്കാട് ടൗൺ – പറളി ബൈപാസ് ലൈൻ എന്നിവയ്ക്കാണ് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്‍റെ പച്ചക്കൊടി ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്‍റെയും നേതൃത്വത്തിൽ കേരളത്തിന്‍റെ റെയിൽവേ വികസനത്തിന് കരുത്തേകുന്ന തീരുമാനമാണിതെന്ന് സുരേഷ് ഗോപി എംപി അറിയിച്ചു.

ആലപ്പുഴ – അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ

എറണാകുളം – തുറവൂർ – കായംകുളം റൂട്ടിലെ ട്രെയിൻ ഗതാഗതത്തിന് വലിയ തടസമായിരുന്ന സിംഗിൾ ലൈൻ കുരുക്ക് ഇതോടെ ഇല്ലാതാകും. 12.66 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പദ്ധതിക്കായി 324.16 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. പാത ഇരട്ടിപ്പിക്കുന്നതോടെ പ്രതിദിനം ഇരുവശങ്ങളിലേക്കുമായി ഒമ്പത് പുതിയ പാസഞ്ചർ ട്രെയിനുകൾ കൂടി സർവീസ് നടത്താൻ സാധിക്കും. ചരക്ക് നീക്കം വേഗത്തിലാകുന്നതിലൂടെ റെയിൽവേയുടെ വരുമാനത്തിലും വലിയ വർദ്ധനവ് പ്രതീക്ഷിക്കുന്നു.

പാലക്കാട് ടൗൺ – പറളി ബൈപാസ് ലൈൻ
പാലക്കാട് വഴിയുള്ള ട്രെയിൻ യാത്രക്കാരുടെ ദീർഘകാല ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. 1.80 കിലോമീറ്റർ വരുന്ന ബൈപാസ് ലൈനിനായി 163.57 കോടി രൂപ അനുവദിച്ചു. പാലക്കാട് ജംഗ്ഷനിൽ എൻജിൻ മാറ്റുന്നത് മൂലമുണ്ടാകുന്ന കാലതാമസം ഇതോടെ ഒഴിവാകും. പാസഞ്ചർ ട്രെയിനുകൾക്ക് 40 മുതൽ 44 മിനിറ്റ് വരെയും, ചരക്ക് തീവണ്ടികൾക്ക് ഏകദേശം രണ്ട് മണിക്കൂറും (120 മിനിറ്റ്) യാത്രാസമയം ലാഭിക്കാം. ഷൊർണൂർ, തിരുവനന്തപുരം, പൊള്ളാച്ചി ഭാഗങ്ങളിലേക്കുള്ള ട്രെയിനുകളുടെ സമയക്രമം മെച്ചപ്പെടാൻ ഈ ബൈപാസ് സഹായിക്കും.