ശബരിമലയില്‍ ഭക്തപ്രവാഹം; അരവണയില്‍ വീണ്ടും നിയന്ത്രണം,ഇന്നും നാളെയും കര്‍പ്പൂരാഴി ഘോഷയാത്ര

ശബരിമലയില്‍ ഭക്തപ്രവാഹം; അരവണയില്‍ വീണ്ടും നിയന്ത്രണം,ഇന്നും നാളെയും കര്‍പ്പൂരാഴി ഘോഷയാത്ര

പത്തനംതിട്ട: മണ്ഡല പൂജയ്ക്ക് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കേ, ശബരിമലയില്‍ ഭക്തജനത്തിരക്ക്. മണ്ഡല പൂജയുടെ പ്രധാന ദിവസങ്ങളിലേക്ക് കടന്നതോടെയാണ് തീര്‍ഥാടകരുടെ വലിയ തിരക്ക് അനുഭവപ്പെടുന്നത്. പതിനെട്ടാംപടി കയറാനുള്ള ക്യൂ കിലോമീറ്റര്‍ അകലെ ശരംകുത്തിക്കു സമീപം വരെ നീണ്ടു. പൊലീസിന്റെ കണക്ക് അനുസരിച്ച് രാവിലെ 8 വരെ 33,624 പേര്‍ ദര്‍ശനം നടത്തി. സ്‌കൂളുകളില്‍ ക്രിസ്മസ് അവധിയാകുന്നതോടെ തിരക്ക് ഇനിയും കൂടും.

കാനനപാതകളിലും തിരക്കേറി. പുല്ലുമേട് പാതയിലാണ് ഏറ്റവും കൂടുതല്‍ തിരക്ക്. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് പുല്ലുമേട് വഴി 87,128 പേര്‍ സന്നിധാനത്ത് എത്തി. കരിമല വഴിയുള്ള പരമ്പരാഗത കാനനപാതയിലൂടെ ഇന്നലെ വരെ 49,666 പേരാണ് എത്തിയത്.

അരവണയ്ക്ക് നിയന്ത്രണം
കരുതല്‍ ശേഖരം കുറഞ്ഞതോടെ അരവണ വിതരണത്തില്‍ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തി. ഒരാള്‍ക്ക് 10 ടിന്‍ അരവണ എന്ന വിധത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കരുതല്‍ ശേഖരം 5 ലക്ഷത്തില്‍ താഴെയായി കുറഞ്ഞതാണ് നിയന്ത്രണം കടുപ്പിക്കാന്‍ ഇടയായത്. 15 മുതല്‍ ഒരാള്‍ക്ക് 20 അരവണ എന്ന നിയന്ത്രണം കൊണ്ടുവന്നിരുന്നു. ഇത് വീണ്ടും കുറയ്ക്കുകയായിരുന്നു. ഇതുകാരണം അരവണ കൗണ്ടറിനു മുന്‍പില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

സന്നിധാനത്ത് ഇന്നും നാളെയും കര്‍പ്പൂരാഴി ഘോഷയാത്രയാണ്. ആപത്തുകൂടാതെ മണ്ഡലകാല തീര്‍ഥാടനം പൂര്‍ത്തിയാക്കാന്‍ അയ്യപ്പ സ്വാമിയോടുള്ള പ്രാര്‍ഥനയുമായി ഇന്ന് ദേവസ്വം ജീവനക്കാരുടെയും നാളെ പൊലീസിന്റെയും വകയായിട്ടാണ് കര്‍പ്പൂരാഴി ഘോഷയാത്ര നടക്കുന്നത്.

തങ്കഅങ്കി രഥഘോഷയാത്ര
അതിനിടെ അയ്യപ്പന് ചാര്‍ത്താനുള്ള തങ്കഅങ്കി വഹിച്ച് കൊണ്ടുള്ള രഥഘോഷയാത്ര ശബരിമലയിലേക്ക് പുറപ്പെട്ടു. വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി 26ന് ഉച്ചയ്ക്ക് രഥഘോഷയാത്ര പമ്പയിലെത്തിച്ചേരും. ഇവിടെ നിന്ന് പ്രത്യേക പേടകങ്ങളിലാക്കുന്ന തങ്കഅങ്കി ആഘോഷ പൂര്‍വം ഗുരുസ്വാമിമാര്‍ തലയിലേന്തി നീലിമല, അപ്പാച്ചിമേട്, ശബരീപീഠം, ശരംകുത്തി വഴി സന്നിധാനത്ത് എത്തിക്കും. വൈകിട്ട് 6.30ന് അയ്യപ്പവിഗ്രഹത്തില്‍ തങ്കഅങ്കി ചാര്‍ത്തി ദീപാരാധന നടക്കും. 27ന് ഉച്ചയ്ക്ക് തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ നടക്കും.

മണ്ഡലകാല തീര്‍ഥാടനത്തിന് പരിസമാപ്തി കുറിച്ച് ശബരിമലയില്‍ മണ്ഡലപൂജ ശനിയാഴ്ചയാണ്. പരീക്ഷകള്‍ അവസാനിച്ച് ക്രിസ്മസ് അവധിക്കാലം ചൊവ്വാഴ്ച ആരംഭിക്കാനിരിക്കെ വരുംദിവസങ്ങളില്‍ തിരക്ക് വര്‍ധിച്ചേക്കാം. മണ്ഡലപൂജ നടക്കുന്ന 27ന് വെര്‍ച്വല്‍ ക്യൂ വഴി 35000 പേര്‍ക്കാണ് ദര്‍ശനം അനുവദിച്ചിരിക്കുന്നത്. 27ന് രാവിലെയാണ് മണ്ഡലപൂജയെങ്കിലും അത്താഴപൂജ കഴിഞ്ഞ് രാത്രി പത്തിനാകും നട അടയ്ക്കുക.

ശനിയാഴ്ച രാവിലെ 10.10 നും 11.30നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തില്‍ മണ്ഡലപൂജ നടക്കുമെന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് അറിയിച്ചു. പൂജയോടനുബന്ധിച്ചുള്ള ദീപാരാധന 11.30ന് പൂര്‍ത്തിയാകും. അന്നേദിവസം രാത്രി 11ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ മണ്ഡലകാല തീര്‍ത്ഥാടനത്തിന് പരിസമാപ്തി കുറിക്കും. തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ 1973ല്‍ സമര്‍പ്പിച്ചതാണ് 420 പവന്‍ തൂക്കമുള്ള തങ്കഅങ്കി. മകരവിളക്ക് തീര്‍ഥാടനത്തിനായി 30നു വൈകിട്ട് അഞ്ചിനു നട തുറക്കും. അന്നു പ്രത്യേക പൂജകളില്ലെങ്കിലും ദര്‍ശനം നടത്താം. മകരവിളക്കു കാലത്തെ പൂജകളും അഭിഷേകവും 31നു പുലര്‍ച്ചെ മൂന്നിന് ആരംഭിക്കും.

ജനുവരി 14ന് ആണ് മകരവിളക്ക്. എരുമേലി പേട്ട തുള്ളല്‍ ജനുവരി 11നും. മകരസംക്രമ സന്ധ്യയില്‍ അയ്യപ്പ സ്വാമിക്ക് ചാര്‍ത്താനുള്ള തിരുവാഭരണവുമായുള്ള ഘോഷയാത്ര ജനുവരി 12നു പന്തളം കൊട്ടാരത്തില്‍നിന്നു പുറപ്പെട്ട് 14നു വൈകിട്ടു സന്നിധാനത്തെത്തും. ശരംകുത്തിയില്‍നിന്നു സ്വീകരിച്ച് ആഘോഷമായി സന്നിധാനത്ത് എത്തിച്ച് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടക്കും. ഈ സമയം പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും.

ഗാന്ധിജിയുടെ ചിത്രം ഇന്ത്യന്‍ കറന്‍സിയില്‍ നിന്ന് നീക്കുന്നു, ആദ്യഘട്ട ചര്‍ച്ച കഴിഞ്ഞെന്ന് ബ്രിട്ടാസ്

ഗാന്ധിജിയുടെ ചിത്രം ഇന്ത്യന്‍ കറന്‍സിയില്‍ നിന്ന് നീക്കുന്നു, ആദ്യഘട്ട ചര്‍ച്ച കഴിഞ്ഞെന്ന് ബ്രിട്ടാസ്

ഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ മഹാത്മാ ഗാന്ധിയുടെ ചിത്രം ഇന്ത്യന്‍ കറന്‍സിയില്‍ നിന്ന് നീക്കാന്‍ തീരുമാനിച്ചതായി സിപിഎം രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ്. ഇതുസംബന്ധിച്ച ആലോചനയുടെ ഒന്നാം ഘട്ടം കഴിഞ്ഞുവെന്നും ഇന്ത്യയുടെ ആര്‍ഷ ഭാരത പൈതൃകത്തെ പ്രതിനിധാനം ചെയ്യുന്ന ഒന്നുരണ്ട് ചിഹ്നങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും ബ്രിട്ടാസ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചായ സല്‍ക്കാരത്തില്‍ പങ്കെടുത്തതില്‍ കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധിയെ വിമര്‍ശിക്കുന്നതിനിടെയാണ് ബ്രിട്ടാസ് ഇക്കാര്യം പറഞ്ഞത്.

ഒരുപക്ഷേ ഈ പ്രിയങ്ക ഗാന്ധിയും കൂട്ടരും മഹാത്മാ ഗാന്ധിയെ ഇന്ത്യന്‍ കറന്‍സിയില്‍ നിന്നും നീക്കിയ ശേഷമുള്ള ചായ സല്‍ക്കാരത്തിലും പങ്കെടുക്കുമായിരിക്കുമെന്നാണ് താന്‍ വിചാരിക്കുന്നതെന്നും ബ്രിട്ടാസ് വിമര്‍ശിച്ചു. ജനാധിപത്യവിരുദ്ധമായ ബില്ലുകള്‍ പാസാക്കുന്ന സര്‍ക്കാരിനോട് മൃദുസമീപനം സ്വീകരിക്കുന്നത് പ്രതിപക്ഷത്തിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏറ്റവും ദൗര്‍ഭാഗ്യകരമായ സംഭവമാണിതെന്നു പറഞ്ഞ ബ്രിട്ടാസ്, ഇന്ത്യയിലെ 50 കോടി വരുന്ന പാവപ്പെട്ട ജനങ്ങളെ തെരുവിലാക്കുന്ന തൊഴിലുറപ്പ് ബില്‍ പാസാക്കിയതിന് പിന്നാലെ പ്രധാനമന്ത്രിയുടെ ചായ സല്‍ക്കാരത്തിന് പ്രിയങ്ക പോയത് ഇന്ത്യന്‍ ജനാധിപത്യത്തിന് ഏറ്റ തീരാകളങ്കമാണെന്നും കൂട്ടിച്ചേര്‍ത്തു.

പ്രിയങ്ക ഗാന്ധിക്ക് കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടിയുമായി എന്താണ് ബന്ധമുള്ളതെന്നും ബ്രിട്ടാസ് ചോദിച്ചു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ലീഡറോ, ഡെപ്യൂട്ടി ലീഡറോ, ചീഫ് വിപ്പോ പോലെയുള്ള യാതൊരു ഔദ്യോഗിക പദവികളും ഇല്ലാതിരുന്നിട്ടും പ്രിയങ്ക ഗാന്ധി എന്തിനാണ് അവിടെ പോയതെന്നും ബ്രിട്ടാസ് ചോദിച്ചു.

തൃശൂർ സ്വദേശിയുടെ ഒന്നര കോടി തട്ടിയ കേസ്; 22 സ്ഥലങ്ങളിൽ സിബിഐ റെയ്‌ഡ്

തൃശൂർ സ്വദേശിയുടെ ഒന്നര കോടി തട്ടിയ കേസ്; 22 സ്ഥലങ്ങളിൽ സിബിഐ റെയ്‌ഡ്

തിരുവനന്തപുരം: വെർച്വൽ അറസ്‌റ്റിലൂടെ ഒന്നര കോടി രൂപ തട്ടിയ കേസിൽ രാജ്യത്ത് 22 സ്ഥലങ്ങളിൽ സിബിഐ റെയ്‌ഡ്. തിരുവനന്തപുരം സിബിഐ യൂണിറ്റ് എസ്പിയുടെ നേതൃത്വത്തിലായിരുന്നു റെയ്‌ഡ്. രാജസ്ഥാൻ, മഹാരാഷ്ട്ര, ഒഡീഷ, മധ്യപ്രദേശ് എന്നിവിടങ്ങളിലായിരുന്നു പരിശോധന.

തൃശൂർ സ്വദേശിയിൽ നിന്നാണ് ഒന്നര കോടി തട്ടിയത്. തട്ടിപ്പ് പണം പോയ അക്കൗണ്ട് ഉടമകളുടെ വീട്ടിലും സ്ഥാപനങ്ങളിലുമായിരുന്നു റെയ്‌ഡ്. മൂന്ന് ദിവസം കൊണ്ടാണ് തൃശൂർ സ്വദേശിയുടെ ഒന്നര കോടി രൂപ സംഘം തട്ടിയത്. ആദ്യം തൃശൂർ സൈബർ പൊലീസാണ് അന്വേഷിച്ചത്. പിന്നീട് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചതോടെ അന്വേഷണം സിബിഐയ്ക്ക് വിടുകയായിരുന്നു.

കെ-ടെറ്റ്: ഡിസംബർ 30 വരെ അപേക്ഷ നൽകാം

കെ-ടെറ്റ്: ഡിസംബർ 30 വരെ അപേക്ഷ നൽകാം

കേരളാ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (K-TET) പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 30. അപേക്ഷകർക്ക് https://ktet.kerala.gov.in വെബ്‌സൈറ്റ് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

ഓരോ കാറ്റഗറിയിലേക്കുമുള്ള അപേക്ഷാ യോഗ്യത, പരീക്ഷാ മാനദണ്ഡങ്ങൾ, ഫീസ് എന്നിവ വിശദമായി ഉൾപ്പെടുത്തിയ ഔദ്യോഗിക വിജ്ഞാപനം വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടാതെ, ഓൺലൈൻ രജിസ്‌ട്രേഷൻ സംബന്ധിച്ച വിശദമായ മാർഗ്ഗനിർദ്ദേശങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കെ-ടെറ്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ https://ktet.kerala.gov.in , https://pareekshabhavan.kerala.gov.in എന്നീ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ നിന്ന് ലഭ്യമാകും. അപേക്ഷകർ സമയപരിധിക്കുള്ളിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കണമെന്ന് അധികൃതർ അറിയിച്ചു.

മക്കളെ ഭാര്യയ്ക്കൊപ്പം വിടാന്‍ കോടതി വിധി; താങ്ങാനാവാതെ കടുംകൈ, നടുക്കം മാറാതെ രാമന്തളി ഗ്രാമം

മക്കളെ ഭാര്യയ്ക്കൊപ്പം വിടാന്‍ കോടതി വിധി; താങ്ങാനാവാതെ കടുംകൈ, നടുക്കം മാറാതെ രാമന്തളി ഗ്രാമം

കണ്ണൂര്‍: ആരെ കണ്ടാലും സൗമ്യമായി ചിരിച്ചു സൗഹൃദം പങ്കിടുന്ന, നര്‍മ്മത്തോടെ സംസാരിക്കുന്ന രാമന്തളിയിലെ കലാധരന്‍ എന്ന യുവാവിന്റെയും കുടുംബത്തിന്റെയും കൂട്ടമരണത്തില്‍ നടുങ്ങി പയ്യന്നൂര്‍. പ്രദേശത്ത് അത്ര സുപരിചിതനായിരുന്നു കലാധരന്‍. മിക്കവാറും കല്യാണങ്ങളിലും പൊതു പരിപാടികളിലും കലാധരനും സംഘവും ഒരുക്കുന്ന പയ്യന്നൂര്‍ ടച്ചുള്ള വിഭവ സമൃദ്ധമായ സദ്യയുണ്ടാകും. നാടിനകത്തും പുറത്തും അറിയപ്പെട്ടിരുന്ന രാമന്തളിയിലെ പാചക തൊഴിലാളിയായ കലാധരന്റെയും അമ്മ ഉഷയുടെയും രണ്ട് പിഞ്ചുമക്കളുടെയും കൂട്ട മരണം രാമന്തളി ഗ്രാമത്തെ അക്ഷരാര്‍ത്ഥത്തില്‍ കണ്ണീരിലാഴ്ത്തി.

സ്വന്തം നാടായ രാമന്തളി ഉള്‍പ്പെടെ പയ്യന്നൂരിലെമ്പാടും വലിയ സൗഹൃദ ബന്ധങ്ങളുള്ളയാളാണ് കലാധരന്‍. വളരെ സൗമ്യനും ശാന്ത സ്വഭാവക്കാരനുമായിരുന്നു. നാട്ടുകാര്‍ക്കും ഏറെ പ്രിയങ്കരനായിരുന്നു. ഇദ്ദേഹത്തിന് സാമ്പത്തിക പ്രയാസങ്ങളൊന്നും അലട്ടിയിരുന്നില്ല. എന്നാല്‍ ദാമ്പത്യത്തിലെ പൊരുത്തക്കേടുകളും കുടുംബ കലഹവും മന:സമാധാനം തകര്‍ത്തിരുന്നു. കലാധരനും ഭാര്യ നയന്‍താരയുമായി കഴിഞ്ഞ കുറെ മാസങ്ങളായി വേര്‍പിരിഞ്ഞു ജീവിച്ചു വരികയാണ്.

വിവാഹമോചന കേസ് കുടുംബ കോടതിയില്‍ നടന്നുവരികയാണ്. രണ്ടുകുട്ടികള്‍ അവധി ദിനങ്ങളില്‍ പിതാവിന്റെ കൂടെയായിരുന്നു കഴിഞ്ഞിരുന്നത്. ഭാര്യ നിരന്തരം മക്കളെ വിട്ടു കിട്ടുന്നതിനായി കലാധരനെ വിളിച്ചിരുന്നതായി ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കുടുംബ പ്രശ്‌നത്തില്‍ കുട്ടികളെ അമ്മയ്‌ക്കൊപ്പം വിടാന്‍ കോടതി വിധിച്ചിരുന്നു. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കുട്ടികളെ ഉടന്‍ വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ട് കലാധരന്റെ ഭാര്യ വീട്ടുകാര്‍ പൊലീസിനെ സമീപിച്ചിരുന്നു. കുട്ടികളെ വിട്ടു നല്‍കേണ്ടതിന്റെ മാനസിക വിഷമമാകാം കൂട്ടമരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

രാമന്തളി സെന്‍ട്രല്‍ വടക്കുമ്പാട് റോഡിന് സമീപത്തെ വീട്ടിലാണ് തിങ്കളാഴ്ച രാത്രി ഒന്‍പതര മണിയോടെ കുട്ടികള്‍ ഉള്‍പ്പെടെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. പാചക തൊഴിലാളിയായ കോയിത്തട്ട താഴത്തെ വീട്ടില്‍ കലാധരന്‍(36) അമ്മ ഉഷ (56) മക്കളായ ഹിമ (6) കണ്ണന്‍ (രണ്ട്) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉഷയുടെ ഭര്‍ത്താവും ഓട്ടോറിക്ഷ ഡ്രൈവറുമായ ഉണ്ണികൃഷ്ണന്‍ വീട്ടിലെത്തിയപ്പോള്‍ വീട് അടച്ച നിലയിലും വീടിന് മുന്‍പില്‍ കത്ത് എഴുതി വെച്ചതായും കണ്ടു. തുടര്‍ന്ന് കത്തുമായി പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.

പൊലീസെത്തി വീടു തുറന്ന് നോക്കുമ്പോള്‍ കിടപ്പുമുറിയില്‍ ഉഷയെയും കലാധരനെയും തൂങ്ങിമരിച്ച നിലയിലും, രണ്ട് മക്കള്‍ നിലത്ത് കമിഴ്ന്ന് കിടന്ന് വീണു മരിച്ച നിലയിലുമായിരുന്നു. മക്കള്‍ക്ക് വിഷം കൊടുത്തതിനു ശേഷം കലാധരനും അമ്മയും തൂങ്ങിമരിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മാറ്റി. കുട്ടികളുടെ കളി ചിരികള്‍ കണ്‍മുന്‍പില്‍ നിന്നും മായുന്നില്ലെന്ന് സമീപവാസികളും ബന്ധുക്കളുമായ സ്ത്രീകള്‍ പറയുന്നു.