by Midhun HP News | Dec 22, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വി പ്രിയദര്‍ശിനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. തിരുവനന്തപുരം കല്ലമ്പലം ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ് വി പ്രിയദര്‍ശിനി. സിപിഎം വര്‍ക്കല ഏരിയ കമ്മിറ്റി അംഗമാണ്. 15 സീറ്റുകള്‍ നേടിയാണ് തിരുവനന്തപരം ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫ് നിലനിര്‍ത്തിയത്. 13 സീറ്റുകളാണ് യുഡിഎഫ് നേടിയത്. കഴിഞ്ഞ തവണ ആറു സീറ്റുകളുണ്ടായിരുന്ന യുഡിഎഫ് നില മെച്ചപ്പെടുത്തിയെങ്കിലും ഭരണം പിടിക്കാനായില്ല. എൻഡിഎക്ക് ജില്ലാ പഞ്ചായത്തിൽ ഒരു സീറ്റിലും വിജയിക്കാനായില്ല.
അതേസമയം, തിരുവനന്തപുരം കോര്‍പറേഷനിൽ ആര്‍പി ശിവജി സിപിഎം കക്ഷി നേതാവാകും. ജില്ലാ സെക്രട്ടറിയേറ്റാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കോര്‍പറേഷനിലെ പുന്നയ്ക്കാമുകള്‍ കൗണ്‍സിലറാണ് ശിവജി. മറ്റു ജില്ലകളിലെ ജില്ലാ പഞ്ചായത്തുകളിലെയും കോര്‍പറേഷനുകളിലേക്കുമടക്കം പ്രസിഡന്‍റുമാരെയും മേയര്‍മാരെയും തെരഞ്ഞെടുക്കുന്ന നടപടികളുമായി പാര്‍ട്ടികള്‍ മുന്നോട്ടുപോവുകയാണ്.
കോഴിക്കോട് ജില്ലാ പഞ്ചായത്തിൽ കോണ്‍ഗ്രസ് അംഗം മില്ലി മോഹൻ ആണ് പ്രസിഡന്‍റാകുക കോടഞ്ചേരി ഡിവിഷനില്‍ നിന്നാണ് മില്ലി മോഹന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യമായിട്ടാണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചത്. നാദാപുരം ഡിവിഷനില്‍ നിന്നും ജയിച്ച ലീഗിന്റെ കെകെ നവാസാണ് വൈസ് പ്രസിഡന്‍റാവുക. രണ്ടര വര്‍ഷത്തിനുശേഷം അധ്യക്ഷ പദവി ലീഗിന് നല്‍കാനാണ് മുന്നണിയിലെ ധാരണ. ഇടതുമുന്നണി കുത്തകയാക്കിവെച്ചിരുന്ന കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ 15 സീറ്റുകളാണ് ഇക്കുറി യുഡിഎഫ് നേടിയത്. 13 ഡിവിഷനുകളിലാണ് എല്‍ഡിഎഫ് ജയിച്ചത്.
അതേസമയം, കണ്ണൂര്‍ കോര്‍പറേഷനിൽ കെപി താഹിര്‍ ഡെപ്യൂട്ടി മേയറാകും. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്‍റാണ് താഹിര്‍. വാരം ഡിവിഷനിൽനിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. അഡ്വ. പി ഇന്ദിരയെ മേയറാക്കാൻ നേരത്തെ കോൺഗ്രസ് തീരുമാനിച്ചിരുന്നു.
സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റിരുന്നു. ഗ്രാമ,ബ്ലോക്ക്,ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും രാവിലെ പത്തിനും കോർപ്പറേഷനുകളിൽ പതിനൊന്നരയ്ക്കുമാണ് സത്യപ്രതിജ്ഞ നടന്നത്.
മേയർ,ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് ഈ മാസം 26നും പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് 27നുമാണ് നടക്കുക. തിരുവനന്തപുരത്തും കൊച്ചിയിലും മേയർ ആരെന്നതിൽ തീരുമാനമായിട്ടില്ല. തിരുവനന്തപുരത്ത് ചരിത്രത്തിലാദ്യമായി അധികാരത്തിലെത്തിയ ബിജെപി അംഗങ്ങൾ ശ്രീപത്മനാഭ സ്വാമി ക്ഷേത്രദർശനംനടത്തിയ ശേഷം പാളയത്ത് നിന്ന് ജാഥയായാണ് കോർപ്പറേഷനിലേക്കെത്തിയത്. കെഎസ് ശബരീനാഥൻ അടക്കമുള്ള കോൺഗ്രസ് അംഗങ്ങൾ ഭരണഘടനാ പതിപ്പ് കയ്യിൽ പിടിച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്.
തൃശ്ശൂർ കോർപ്പറേഷനിൽ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു. മുതിർന്ന അംഗമായ എം.എൽ റോസിക്ക് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു. എം.എൽ റോസി മറ്റ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ആകെ 56 അംഗങ്ങളാണ് തൃശൂർ കോർപ്പറേഷൻ കൗൺസിലിലുള്ളത്. അടാട്ട് പഞ്ചായത്ത് അംഗമായി മുൻ എംഎൽഎ അനിൽ അക്കരെയും സത്യപ്രതിജ്ഞ ചെയ്തു. തൃശ്ശൂർ ജില്ലാ പഞ്ചായത്തിൽ ആദ്യ അംഗമായി മേരി തോമസ് സത്യപ്രതിജ്ഞ ചെയ്തു.



by Midhun HP News | Dec 22, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: രാത്രി യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനികള്‍ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്താതിരുന്ന സംഭവത്തില്‍ കണ്ടക്ടര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി. തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റിലെ കണ്ടക്ടറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് സര്‍വീസ് നടത്തുകയായിരുന്ന RPE 546 സൂപ്പര്‍ ഫാസ്റ്റ് ബസിലായിരുന്നു സംഭവം നടന്നത്.
പൊങ്ങം നൈപുണ്യ കോളേജിലെ വിദ്യാര്‍ത്ഥികളായ ഇടുക്കി സ്വദേശിനിക്കും പത്തനംതിട്ട സ്വദേശിനിക്കുമായിരുന്നു ദുരനുഭവമുണ്ടായത്. അങ്കമാലിക്കും മുരിങ്ങൂരിനും ഇടയിലുള്ള പൊങ്ങം എന്ന സ്ഥലത്തായിരുന്നു വിദ്യാര്‍ത്ഥിനികള്‍ക്ക് ഇറങ്ങേണ്ടിയിരുന്നത്. ബസ് നിര്‍ത്തി നല്‍കണമെന്ന് വിദ്യാര്‍ത്ഥിനികള്‍ ആവശ്യപ്പെട്ടെങ്കിലും കണ്ടക്ടര്‍ അതിന് തയ്യാറായില്ല. ഇതോടെ വിദ്യാര്‍ത്ഥിനികള്‍ കരയുകയും മറ്റ് യാത്രക്കാര്‍ വിഷയത്തില്‍ ഇടപെടുകയും ചെയ്തു. യാത്രക്കാര്‍ പ്രതിഷേധിച്ചെങ്കിലും കണ്ടക്ടര്‍ ബസ് നിര്‍ത്താന്‍ കൂട്ടാക്കിയില്ല.
ബസ് ചാലക്കുടി ബസ് സ്റ്റാന്‍ഡിലാണ് നിര്‍ത്തിയത്. ഇതോടെ യാത്രക്കാര്‍ കൊരട്ടി പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു.കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ രാത്രികാലങ്ങളില്‍ വനിതാ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്റ്റോപ്പില്‍ ബസ് നിര്‍ത്തണം എന്ന ഉത്തരവ് നിലനില്‍ക്കെ കണ്ടക്ടറുടെ ഭാഗത്ത് ഗുരുതരമായ കൃത്യവിലോപം ഉള്ളതായി കണ്ടെത്തി. തുടര്‍ന്നാണ് കണ്ടക്ടര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഇനിയും ഇത്തരത്തില്‍ നിരുത്തരവാദപരമായ പ്രവര്‍ത്തികള്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന പക്ഷം കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പുണ്ട്.



by Midhun HP News | Dec 22, 2025 | Latest News, ജില്ലാ വാർത്ത
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 99,000 രൂപ കടന്ന് കുതിച്ചു. ഇന്ന് പവന് 800 രൂപ വര്‍ധിച്ചതോടെയാണ് വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുമെന്ന തോന്നല്‍ സൃഷ്ടിച്ചത്. 99,200 രൂപയാണ് ഇന്നത്തെ പവന്‍ വില. 15ന് രേഖപ്പെടുത്തിയ 99,280 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. സ്വര്‍ണവില ഒരു ലക്ഷം കടന്ന് കുതിക്കുമോ എന്ന ആകാംക്ഷയിലാണ് വിപണി.
ശനിയാഴ്ച സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഇന്ന് ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 12,400 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 95,680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 94,920 രൂപയായി ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്.



ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയതും യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറച്ചതും ഓഹരി വിപണിയിലെ അസ്ഥിരതയും അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. എന്നാല്‍ പണിക്കൂലിയും നികുതിയും ഉള്‍പ്പെടെ നിലവില്‍ തന്നെ സ്വര്‍ണ വില ഒരു ലക്ഷം കടന്നിട്ടുണ്ട്.
by Midhun HP News | Dec 22, 2025 | Latest News, കേരളം
കൊല്ലം: വിദേശത്തേക്ക് തിരികെ പോകാൻ തയ്യാറെടുക്കുന്നതിനിടെ പെരിനാട് സ്വദേശിനിയായ വീട്ടമ്മ വാഹന അപകടത്തിൽ മരിച്ചു. പെരിനാട് ചെമ്മക്കാട് സ്വദേശിനി ബിന്ദു ആണ് കിഴക്കേകല്ലട ചന്തമുക്കിലുണ്ടായ അപകടത്തിൽ തൽക്ഷണം മരിച്ചത് 48 വയസ്സായിരുന്നു. ഇന്നലെ വൈകുന്നേരം കൊല്ലം തേനി ദേശീയ പാതയിലായിരുന്നു അപകടം നടന്നത്.
വിദേശത്ത് ജോലി ചെയ്യുന്ന യുവതി ഈ മാസം 23ന് തിരികെ പോകാനിരിക്കുകയായിരുന്നു. യാത്ര ചോദിക്കുന്നതിനായി തന്റെ ഭർത്താവ് അനിൽ കുമാറിനൊപ്പം സ്കൂട്ടറിൽ മുതുപിലാക്കാട്ടുള്ള മകളുടെ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. ഫെഡറൽ ബാങ്കിന് സമീപം വെച്ച്, മുന്നിലുണ്ടായിരുന്ന KSRTC ബസിനെ മറികടക്കാൻ ശ്രമിച്ച സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിക്കുക ആയിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ യുവതിയുടെ തലയിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങി. സ്കൂട്ടർ ഓടിച്ചിരുന്ന ഭർത്താവ് അത്ഭുതകരമായി രക്ഷപ്പെട്ടു..
സ്വകാര്യ ബസിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണം എന്ന് ആരോപിച്ച് നാട്ടുകാർ വലിയ പ്രതിഷേധം നടത്തി. ജനക്കൂട്ടം ബസിന്റെ ചില്ലുകൾ അടിച്ച് തകർത്തു. അപകടത്താല്‍ ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു..
by Midhun HP News | Dec 22, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടര്‍പ്പട്ടിക തീവ്ര പുനഃപരിശോധനയുടെ കരട് പട്ടിക ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. ജനുവരി 22 വരെ അവകാശവാദവും എതിര്‍പ്പുകളും അറിയിക്കാം. ഓരോ നിര്‍ദേശത്തിനും പ്രത്യേകം ഫോമുണ്ടാകും. പേര് ചേര്‍ക്കാന്‍ ഫോം 6, എന്‍ആര്‍ഐ പൗരന്മാര്‍ക്ക് ഫോം 6 എ, പേര് നീക്കാന്‍ (മരണം, സ്ഥലം മാറ്റം, ഇരട്ടിപ്പ് തുടങ്ങിയവ) ഫോം 7, തിരുത്തലിനോ താമസസ്ഥലം മാറ്റാനോ ഫോം 8 എന്നിവ ഉപയോഗിക്കണം. ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ അവകാശവാദങ്ങളും എതിര്‍പ്പുകളും പരിശോധിച്ച് തീരുമാനമെടുക്കും.
കരട് പട്ടികയില്‍ ഉള്‍പ്പെട്ട ആരെയെങ്കിലും ഹിയറിങ്ങിനുശേഷം ഒഴിവാക്കിയാല്‍ ഇആര്‍ഒയുടെ ഉത്തരവ് തീയതി മുതല്‍ 15 ദിവസത്തിനകം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് (ഡിഇഒ) ഒന്നാം അപ്പീല്‍ നല്‍കാം. ഇതിലെ തീരുമാനം തൃപ്തികരമല്ലെങ്കില്‍ ഡിഇഒയുടെ ഒന്നാം അപ്പീല്‍ ഉത്തരവ് തീയതിമുതല്‍ 30 ദിവസത്തിനകം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് രണ്ടാം അപ്പീല്‍ നല്‍കാം. ഫെബ്രുവരി 21ന് അന്തിമ വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിക്കും.
അതിനിടെ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ (എസ്‌ഐആര്‍) വോട്ടര്‍മാരെ വ്യാപകമായി ഒഴിവാക്കുകയാണെന്ന പരാതിയുമായി രാഷ്ട്രീയകക്ഷികള്‍ രംഗത്തു വന്നു. മരിച്ചുപോയവര്‍, കണ്ടെത്താന്‍ സാധിക്കാത്തവര്‍, സ്ഥിരമായി താമസംമാറിയവര്‍, ഇരട്ടവോട്ടുള്ളവര്‍, മറ്റുള്ളവര്‍ എന്നിങ്ങനെ 5 വിഭാഗങ്ങളിലായി 24 ലക്ഷത്തോളം പേരെയാണ് ഒഴിവാക്കിയതെന്ന് രാഷ്ട്രീയകക്ഷികള്‍ ആരോപിക്കുന്നു.
ഇരട്ടവോട്ടിന്റെ കാര്യത്തില്‍ തര്‍ക്കമില്ലെങ്കിലും മരിച്ചുപോയവര്‍, കണ്ടെത്താന്‍ സാധിക്കാത്തവര്‍ എന്നിവരുടെ എണ്ണമെടുത്തതില്‍ ഗുരുതര പിഴവുകളുണ്ടെന്നാണ് ആക്ഷേപം. ‘മറ്റുള്ളവര്‍’ എന്ന വിഭാഗത്തെക്കുറിച്ചും അവ്യക്തതയുണ്ട്.
കരടുവോട്ടര്‍പട്ടിക നാളെ പ്രസിദ്ധീകരിക്കുമ്പോള്‍ കൂടുതല്‍ വിശദാംശങ്ങള്‍ ശേഖരിക്കാനാണു പാര്‍ട്ടികളുടെ തീരുമാനം. കണ്ടെത്താന്‍ സാധിക്കാത്തവരായി കമ്മിഷന്‍ രേഖപ്പെടുത്തിയ പലരുമായും തങ്ങള്‍ നേരിട്ടു സംസാരിച്ചെന്നാണ് പാര്‍ട്ടികളുടെ അവകാശവാദം.



Recent Comments