by Midhun HP News | Feb 8, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നെല്ലുല്‍പാദനം വര്‍ധിക്കുന്നത് നാടിനാകെ ബാധ്യതയാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ വിചിത്ര ന്യായം കര്‍ഷകരോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം നെല്ലിന് നല്‍കുന്ന അധിക പ്രോത്സാഹന ബോണസ് നിര്‍ത്തലാക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
നെല്ലുല്‍പാദനം ആവശ്യത്തിലധികമായതിനാല്‍ സംഭരണച്ചെലവ് പൊതുഖജനാവിന് ബാധ്യതയാകുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര ധനകാര്യ എക്സ്പെന്റീച്ചര്‍ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് ഔദ്യോഗികമായി കത്തയച്ചെന്നും മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നെല്ലുല്‍പാദനം ആവശ്യത്തിലധികമായതിനാല്‍ സംഭരണച്ചെലവ് പൊതുഖജനാവിന് ബാധ്യതയാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. എന്നാല്‍ കേന്ദ്രം നിശ്ചയിക്കുന്ന മിനിമം താങ്ങുവിലയ്ക്കു മുകളില്‍ ബോണസ് നല്‍കിയാണ് സംസ്ഥാന സര്‍ക്കാര്‍ നെല്‍കര്‍ഷകരെ ചേര്‍ത്തുപിടിക്കുന്നത്. ഇതില്‍ കേന്ദ്രസര്‍ക്കാരിന് എന്തിനാണ് അസ്വസ്ഥത.
ഇന്തോ -യുഎസ് വ്യാപാര കരാറിന്റെ ഭാഗമായി അമേരിക്കന്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് വിപണി തുറന്നുകൊടുക്കുന്നതിന്റെ ആദ്യപടിയായാണോ ഇതെന്ന് കേന്ദ്രം വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ ചോദിക്കുന്നു.
കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നെല്ലു സംഭരണത്തിനായി കിലോക്ക് 6.31 രൂപയാണ് അധികമായി നല്‍കുന്നത്. കോര്‍പ്പറേറ്റുകളുടെ കോടാനുകോടി രൂപയുടെ കടം എഴുതിത്തള്ളാന്‍ മടിക്കാത്തവരാണ് നെല്‍കര്‍ഷകനു നല്‍കുന്ന ബോണസ് വലിയ ബാധ്യതയായി ചിത്രീകരിക്കുന്നത്. ഉല്‍പാദന വര്‍ധനവിനെ ബാധ്യതയായി വ്യാഖ്യാനിച്ച് നിലവിലുള്ള ബോണസ് നയം പുനഃപരിശോധിക്കണമെന്ന് സംസ്ഥാനത്തിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. ഇത് കര്‍ഷകരോടു മാത്രമല്ല നാടിനോടാകെയുള്ള ശത്രുതാ മനോഭാവമാണ്. നെല്‍ക്കര്‍ഷകര്‍ക്ക് നല്‍കാനുള്ള സഹായത്തില്‍ കേന്ദ്ര വിഹിതം യഥാസമയം നല്‍കാതെയാണ് ഇത്തരമൊരു നടപടിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു.


by Midhun HP News | Feb 8, 2026 | Latest News, ജില്ലാ വാർത്ത
ന്യൂനപക്ഷ മോർച്ച ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് ആയി ടൈറ്റസ് ഗോമസ് ആർ നെ തെരഞ്ഞെടുത്തു.
by Midhun HP News | Feb 8, 2026 | Latest News, ദേശീയ വാർത്ത
ഗുവാഹത്തി: സന്തോഷ് ട്രോഫി ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ കിരീടം തേടി കേരളം ഇന്നിറങ്ങുന്നു. സര്‍വീസസ് ആണ് എതിരാളികള്‍. എട്ടാം കിരീടം തേടിയാണ് കേരള ടീം ഇറങ്ങുന്നത്. അസമിലെ ധാക്കുവാഖാന സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് ഒരു മണി മുതലാണ് മത്സരം.
സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ കേരളത്തിന്റെ തുടര്‍ച്ചയായ രണ്ടാം ഫൈനലാണിത്. കഴിഞ്ഞ തവണ ഫൈനലില്‍ ബംഗാളിനോടാണ് പരാജയപ്പെട്ടത്. ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ച് കളിയില്‍ മൂന്ന് ജയവും ഓരോ സമനിലയും തോല്‍വിയുമായിരുന്നു കേരളത്തിന്റേത്. എട്ടു ഗോള്‍ മാത്രമാണ് നേടിയത്. മൂന്നെണ്ണം വഴങ്ങി.
എന്നാല്‍ നോക്കൗട്ട് റൗണ്ടില്‍ അടുമുടി മാറിയ കേരള ടീമിനെയാണ് കാണാനായത്. സമഗ്രാധിപത്യത്തില്‍ എതിരാളികളുടെ വലയില്‍ ഗോള്‍ നിറച്ചാണ് കേരളം മുന്നേറിയത്. അവസാന രണ്ടു മത്സരങ്ങളില്‍ എതിരില്ലാതെ ഏഴു ഗോളുകളാണ് അടിച്ചത്.


കേരളത്തിന്റെ മധ്യനിര മികച്ച ഫോമിലാണ്. വി അര്‍ജുന്‍, ഒ എം ആസിഫ്, എം എം അര്‍ജുന്‍ ത്രയം പ്രതീക്ഷ പുലര്‍ത്തുന്നു. ക്യാപ്റ്റന്‍ ജി സഞ്ജു നയിക്കുന്ന പ്രതിരോധം കരുത്തുറ്റതാണ്. മുഹമ്മദ് അജ്സല്‍ നാല് ഗോളുമായി മുന്നിലാണ്. സര്‍വീസസിന്റേത് 13 സീസണുകള്‍ക്കിടെ ഏഴാം ഫൈനലാണ്.
by Midhun HP News | Feb 8, 2026 | Latest News, കേരളം
മലപ്പുറം: പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോളിനെ (71) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടപ്പാള്‍-കുറ്റിപ്പുറം റോഡിലെ സ്വന്തം സ്ഥാപനമായ ജെഡി ഡിജിറ്റല്‍ ആര്‍ട്ട് ഗാലറിയില്‍ ആണ് ശേഖര്‍ അയ്യന്തോളിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ചുപതിറ്റാണ്ടായി കേരളത്തിലെ ചിത്രകലാമേഖലയില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിത്വമാണ് ശേഖര്‍ അയ്യന്തോള്‍.
കേരള ചിത്രകലാപരിഷത്തിന്റെ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കുമരനല്ലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ചിത്രകലാ അധ്യാപകനായിരുന്നു. തൃശ്ശൂരിലെ അയ്യന്തോളില്‍ 1954ല്‍ജനിച്ച അദ്ദേഹം ഗവ. ഒക്യുപേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന ഇന്നത്തെ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സില്‍നിന്ന് ഡ്രോയിങ്ങിലും പെയിന്റിങ്ങിലും ഡിപ്ലോമ നേടി. 1976-ല്‍ ഇവിടെ ആര്‍ട്ട് ഇന്‍സ്ട്രക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: പി.കെ. ഓമന (റിട്ട. പ്രഥമാധ്യാപിക, ജി.എച്ച്.എസ്.എസ്. കുമരനെല്ലൂര്‍, പാലക്കാട്). മക്കള്‍: ജിനന്‍ ശേഖര്‍, ധനന്‍ ശേഖര്‍. സംസ്‌കാരം ഇന്ന്.


by Midhun HP News | Feb 8, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ വ്യാപ്തി സംബന്ധിച്ച് വിഎസ് എസ് സിയില്‍ നടത്തിയ പരിശോധനയുടെ അന്തിമ ഫോറന്‍സിക് ഫലം എസ്‌ഐടിക്ക് ലഭിച്ചു. നഷ്ടമായത് കിലോക്കണക്കിന് സ്വര്‍ണമാണെന്ന് പരിശോധനാ ഫലത്തില്‍ സൂചിപ്പിക്കുന്നു. പ്രതികള്‍ പറഞ്ഞിട്ടുള്ളതിലും കൂടുതല്‍ സ്വര്‍ണം നഷ്ടമായിട്ടുണ്ട്. പ്രതികളുടെ വാദം കളവാണ്. നഷ്ടമായ സ്വര്‍ണത്തിന്റെ അളവ് ഉള്‍പ്പെടെ നിര്‍ണായക വിവരങ്ങള്‍ സൂചിപ്പിക്കുന്ന പരിശോധനാ ഫലമാണ് എസ്‌ഐടിക്ക് ലഭിച്ചിട്ടുള്ളത്.
കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ പാളികള്‍ എന്നിവയില്‍ നിന്നായി 989 ഗ്രാം സ്വര്‍ണം ഉരുക്കിയപ്പോള്‍ ലഭിച്ചു. അതില്‍ 575 ഗ്രാം സ്വര്‍ണം തിരികെ പൂശിയെന്നാണ് പ്രതികള്‍ എസ്‌ഐടിയോട് പറഞ്ഞത്. എന്നാല്‍ പ്രതികളുടെ മൊഴി നുണയാണെന്ന് പരിശോധനയില്‍ വ്യക്തമായതായി എന്നാണ് റിപ്പോര്‍ട്ട്. ഈ പരിശോധനാഫലം നാളെ ഹൈക്കോടതിക്ക് കൈമാറും. ശബരിമലയില്‍ നിന്നും നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ കൃത്യമായ അളവ് അടക്കം കണ്ടെത്താനായിട്ടാണ് വിഎസ് എസ് സി രണ്ടാം വട്ട പരിശോധന നടത്തിയത്.
ശബരിമലയില്‍ നിന്നും 989 ഗ്രാമിനും കൂടുതല്‍ സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ സൂചന. ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുന്നോടിയായി പരിശോധന നടത്തിയ വിഎസ് എസ് സിയിലെ ശാസ്ത്രജ്ഞരുമായി എസ്‌ഐടി സംഘം കൂടുതല്‍ വ്യക്തത തേടിയിട്ടുണ്ട്. സ്വര്‍ണം ഉരുക്കിയതിനെത്തുടര്‍ന്ന് ശേഷിച്ച സ്വര്‍ണത്തിന് പകരം, തത്തുല്യമായ പണം ശബരിമലയിലേക്ക് നല്‍കിയെന്നുമാണ് പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവര്‍ധന്‍ തുടങ്ങിയവര്‍ മൊഴി നല്‍കിയിരുന്നത്.


Recent Comments