‘ഇന്ത്യ- യുഎസ് വ്യാപാര കരാര്‍ നയതന്ത്ര വിജയം’; ക്ഷമ ഫലം കണ്ടെന്ന് മോദി

‘ഇന്ത്യ- യുഎസ് വ്യാപാര കരാര്‍ നയതന്ത്ര വിജയം’; ക്ഷമ ഫലം കണ്ടെന്ന് മോദി

ഡല്‍ഹി: ഇന്ത്യ- യുഎസ് വ്യാപാര കരാര്‍ നയതന്ത്ര വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി. ഇന്ത്യ ക്ഷമയോടെ കത്തിരുന്നു. അതിന്റെ ഫലം ലഭിച്ചുവെന്നും പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞു.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപ്രധാനമായ വ്യാപാര കരാര്‍ നിരന്തരമായ ക്ഷമയുടെ ഫലമാണ്. താരിഫ് ചര്‍ച്ചകളെക്കുറിച്ചുള്ള മുന്‍ വിമര്‍ശനങ്ങള്‍ ഇപ്പോള്‍ ഒരു നല്ല ഫലത്തിലേക്ക് എത്തിച്ചേര്‍ന്നു. വ്യാപാര കരാര്‍ അനുകൂലമായ ഒരു സാമ്പത്തിക അന്തരീക്ഷം സൃഷ്ടിച്ചുവെന്നും മോദി പറഞ്ഞു.ആഗോള വ്യാപാര ചര്‍ച്ചകളോടുള്ള സര്‍ക്കാരിന്റെ സ്ഥിരതയുള്ളതും കണിശവുമായ സമീപനത്തെ കരാര്‍ പ്രതിഫലിപ്പിക്കുന്നുവെന്നും മോദി അഭിപ്രായപ്പെട്ടു. ലോകക്രമം മാറിക്കൊണ്ടിരിക്കുന്നു, അതിന്റെ പാത ഇന്ത്യയിലേക്ക് കൂടുതല്‍ കൂടുതല്‍ ചായുകയാണ്. ഇന്ന് പല രാജ്യങ്ങളിലെയും വ്യാപാര സംഘര്‍ഷങ്ങള്‍ക്കിടയിലും ഇന്ത്യ നേട്ടമുണ്ടാക്കുന്നു. മോദി പറഞ്ഞു.

വ്യാപാരക്കരാറിൽ തീരുമാനമായതിനു പിന്നാലെ ചേർന്ന എൻഡിഎ പാർലമെൻ്ററി യോഗത്തിൽ നിറഞ്ഞ കരഘോഷത്തോടെയും അഭിനന്ദനങ്ങളോടെയുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേറ്റത്.

എല്ലാ പുരോഗതിക്കും പിന്നിലെ പ്രേരകശക്തി ആത്മവിശ്വാസമാണെന്ന് എന്‍ഡിഎ യോഗത്തിന് മുമ്പായി പ്രധാനമന്ത്രി എക്സില്‍ കുറിച്ചിരുന്നു. ‘എല്ലാം സാധ്യമാകുന്ന ശക്തിയാണ് ആത്മവിശ്വാസം. വികസിത ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് നാട്ടുകാരുടെ ഈ ശക്തി തന്നെ വളരെയധികം ഉപയോഗപ്രദമാകും.’ മോദി അഭിപ്രായപ്പെട്ടു.

സൂപ്പര്‍ ഹിറ്റുകളുടെ ശില്‍പി; ‘മെലഡി കിങ്’ എസ്.പി വെങ്കിടേഷ് അന്തരിച്ചു

സൂപ്പര്‍ ഹിറ്റുകളുടെ ശില്‍പി; ‘മെലഡി കിങ്’ എസ്.പി വെങ്കിടേഷ് അന്തരിച്ചു

ചെന്നൈ: സംഗീത സംവിധായകന്‍ എസ്.പി വെങ്കിടേഷ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ചെന്നൈയിലെ വീട്ടിലെ ശുചിമുറിയില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. 70 വയസായിരുന്നു. എണ്‍പതുകളുകളിലും തൊണ്ണൂറുകളിലും മലയാളത്തില്‍ നിരവധി ഹിറ്റുകളൊരുക്കിയ സംഗീത സംവിധായകനായിരുന്നു. 1985 ല്‍ പുറത്തിറങ്ങഇയ ജനകീയ കോടതിയിലൂടെയാണ് മലയാളത്തിലെ കരിയര്‍ ആരംഭിക്കുന്നത്.

മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തിയ രാജാവിന്റെ മകനിലൂടെ ശ്രദ്ധനേയനായി. തുടര്‍ന്ന് കിലുക്കം, ഇന്ദ്രജാലം, സ്പടികം, കൗരവ്വര്‍, ജോണി വാക്കര്‍, കിഴക്കന്‍ പത്രോസ്, ഹിറ്റ്‌ലര്‍ തുടങ്ങി നിരവധി ഹിറ്റ് സിനിമകള്‍ക്ക് സംഗീതമൊരുക്കിയിട്ടുണ്ട്.

സത്യജിത് റേ ഡോക്യുമെൻ്ററി പുരസ്കാരം ഏറ്റുവാങ്ങി ബിന്ദു നന്ദന

സത്യജിത് റേ ഡോക്യുമെൻ്ററി പുരസ്കാരം ഏറ്റുവാങ്ങി ബിന്ദു നന്ദന

ആറ്റിങ്ങൽ: സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ പതിനൊന്നാമത് ഇൻ്റർനാഷന ൽ ഹ്രസ്വചിത്ര മേളയിൽ ചായമൻസയ്ക്ക് ലഭിച്ച ഡോക്യുമെൻ്ററി പുരസ്കാരം സംവിധായിക ബിന്ദു നന്ദന സാഹിത്യകാരൻ ഡോ ജോർജ് ഓണക്കൂറിൽ നിന്നും ഏറ്റുവാങ്ങി.

തിരുവനന്തപുരം എ കെ ജി സ്മാരകഹാളിൽ വച്ച് മന്ത്രി ജി ആർ അനിൽ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. സംവിധായകൻ സജിൻ ലാൽ അധ്യക്ഷനായി. എഴുത്തുകാരി കെ പി സുധീര, വയലാർ ശരത് ചന്ദ്ര വർമ്മ, ജി വേണുഗോപാൽ, സംവിധായകരായ രാജീവ് അഞ്ചൽ, ബാലു കിരിയത്ത്, ടി എസ് സുരേഷ് ബാബു, തുളസീദാസ്, ചലച്ചിത്ര നടൻ ഹരീഷ് പേരടി തുടങ്ങി
കലാ സാംസ്കാരിക മേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

സര്‍ക്കാര്‍ അല്ല, കളിക്കില്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പറയട്ടെ… അപ്പോള്‍ കാണാം, ഐസിസിയുടെ ‘കളി’!

സര്‍ക്കാര്‍ അല്ല, കളിക്കില്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പറയട്ടെ… അപ്പോള്‍ കാണാം, ഐസിസിയുടെ ‘കളി’!

ദുബൈ: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കില്ലെന്നു പാകിസ്ഥാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും പാക് ക്രിക്കറ്റ് ബോര്‍ഡ് അക്കാര്യം ഐസിസിയെ ഇപ്പോഴും അറിയിച്ചിട്ടില്ല. പാകിസ്ഥാനെതിരെ എന്ത് നടപടിയെന്ന കാര്യത്തില്‍ ഐസിസിയും ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. കളി ഉപേക്ഷിച്ചാല്‍ പാകിസ്ഥാനെ കാത്ത് പിഴയടക്കമുള്ള നടപടികള്‍ ഉണ്ടാകുമെന്നു റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇതിലൊന്നും വ്യക്തത ഇനിയുമായിട്ടില്ല. പാകിസ്ഥാനെതിരെ എന്ത് നടപടിയുണ്ടാകുമെന്ന കാര്യത്തില്‍ ആകാംക്ഷ ഇപ്പോഴും നിനില്‍ക്കുന്നു.

ലോകകപ്പ് കളിക്കുമെന്നും എന്നാല്‍ ഇന്ത്യക്കെതിരെ കളിക്കില്ലെന്നുമാണ് നിലവില്‍ പാകിസ്ഥാന്‍ എടുത്ത തീരുമാനം. ഇത്തരത്തില്‍ ഒരു മത്സരം ബഹിഷ്‌കരിക്കാന്‍ ഐസിസി നിയമം അനുവദിക്കുന്നുണ്ടോ?

ടൂര്‍ണമെന്റില്‍ പങ്കെടുക്കുമ്പോള്‍ തന്നെ മത്സരം ബഹിഷ്‌കരിക്കാനുള്ള സ്വാതന്ത്ര്യം ടീമുകള്‍ക്കുണ്ട്. ഇക്കാര്യത്തില്‍ ഐസിസിക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍ ചില നടപടികള്‍ ടീമുകള്‍ക്കെതിരെ എടുക്കാന്‍ സാധിക്കുന്ന തരത്തിലുള്ള നിയമങ്ങളും ഐസിസിക്കുണ്ട്.

വാക്കോവര്‍

ഒരു ടീം മത്സരം ബഹിഷ്‌കരിച്ചാല്‍ എതിരാളികള്‍ക്ക് കളിക്കാതെ തന്നെ മുഴുവന്‍ പോയിന്റും നല്‍കുന്നതാണ് ഒരു നടപടി. പാകിസ്ഥാന്‍ കളിക്കാതിരുന്നാല്‍ ഇന്ത്യക്ക് കളത്തിലിറങ്ങാതെ തന്നെ രണ്ട് പോയിന്റ് ഇതിലൂടെ ലഭിക്കും. ഇന്ത്യന്‍ ക്യാപ്റ്റന്‍ ടോസിനായി ഗ്രൗണ്ടിലേക്ക് വരണം. പാക് നായകന്‍ ഗ്രൗണ്ടിലേക്ക് വന്നില്ല എങ്കില്‍ മത്സരം ബഹിഷ്‌കരിച്ചതായി ഉറപ്പിക്കപ്പെടും. ഇതോടെ മാച്ച് റഫറിക്ക് മത്സരം റദ്ദാക്കിയതായി പ്രഖ്യാപിക്കാം. മത്സരം ഇന്ത്യ ജയിച്ചതായി കണക്കാക്കി രണ്ട് പോയിന്റ് ടീമിനു സമ്മാനിക്കും.

മാത്രമല്ല കളിക്കാത്ത ടീം 20 ഓവര്‍ കളിച്ചിട്ടും പൂജ്യം റണ്‍സ് മാത്രമാണ് എടുത്തത് എന്നു റിപ്പോര്‍ട്ട് നല്‍കി അവരുടെ നെറ്റ് റണ്‍റേറ്റ് ഗണ്യമായി കുറയ്ക്കാനും മാച്ച് റഫറിക്ക് സാധിക്കും. അതോടെ മത്സരം ബഹിഷ്‌കരിക്കുന്ന ടീമിന്റെ നോക്കൗട്ട് സാധ്യതകളേയും ഇതു ബാധിക്കും. മറ്റ് മത്സരങ്ങള്‍ ജയിച്ചാലും 20 ഓവറില്‍ പൂജ്യം റണ്‍സെന്ന കണക്ക് ആ ടീമിനു തിരിച്ചടിയായി മാറും.

പിഴ

ഇന്ത്യക്കെതിരായ മത്സരം പാകിസ്ഥാന്‍ ഉപേക്ഷിച്ചാല്‍ അത് ലോകകപ്പിനെ മൊത്തത്തില്‍ തന്നെ ബാധിക്കും. ക്രിക്കറ്റ്, മത്സരം മാത്രമല്ല. അതൊരു വിപണി മൂല്യമുള്ള വ്യവസായം കൂടിയായതിനാല്‍ വരുമാനത്തെ കാര്യമായി തന്നെ ബാധിക്കും. പ്രത്യേകിച്ച് ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം പോലെ ഹൈ വോള്‍ട്ടേജ് മത്സരമാകുമ്പോള്‍ പ്രത്യേകിച്ചും. മത്സരത്തിന്റെ സംപ്രേഷണ അവകാശം, പരസ്യ വരുമാനം അടക്കമുള്ള നിരവധി വിഷയങ്ങള്‍ ഉള്‍ച്ചേര്‍ന്നതിനാല്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധിയും ഇതു തന്നെയാണ്.

മത്സരം ഉപേക്ഷിക്കുന്നതിലൂടെ ഐസിസിക്ക് ലഭിക്കേണ്ട വരുമാനത്തെ അതു ബാധിക്കും. പരസ്യം നല്‍കിയവരേയും സംപ്രേഷാവകാശം സ്വന്തമാക്കിയ കമ്പനികളേയും സാമ്പത്തികമായി ബാധിക്കുന്ന കാര്യം കൂടിയായി സംഭവം മാറും. ഈ നഷ്ടം പാക് ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെടാനുള്ള എല്ലാ അധികാരങ്ങളും ഐസിസിക്കുണ്ട്. മാത്രമല്ല പാക് ക്രിക്കറ്റ് ബോര്‍ഡിനു വാര്‍ഷികമായി ലഭിക്കുന്ന വരുമാനത്തിന്റെ 80 ശതമാനം വരെ തടഞ്ഞു വയ്ക്കാനുള്ള അധികാരവും ഐസിസിക്കുണ്ട്. ഇപ്പോള്‍ തന്നെ സാമ്പത്തികമായി തകര്‍ന്നു നില്‍ക്കുന്ന പാക് ടീമിനെ സംബന്ധിച്ച് ഇത് വലിയ കുരുക്കായി മാറുന്ന അവസ്ഥയാണ് വരാന്‍ പോകുന്നത്.

സര്‍ക്കാര്‍ ഇടപെടല്‍ അംഗീകരിക്കില്ല

നിലവില്‍ പാകിസ്ഥാന്‍ സര്‍ക്കാരാണ് ഇന്ത്യക്കെതിരെ കളിക്കില്ലെന്നു പറഞ്ഞത്. പാക് ക്രിക്കറ്റ് ബോര്‍ഡ് ഇക്കാര്യത്തില്‍ മൗനം തുടരുകയാണ്. പാക് ക്രിക്കറ്റ് ബോര്‍ഡ് ബഹിഷ്‌കരണ കാര്യം പറയാത്തതിനാല്‍ ഐസിസിയെ സംബന്ധിച്ച് മത്സരം നടക്കും എന്നു തന്നെയാണ്. കാരണം രാജ്യത്തെ ക്രിക്കറ്റ് ബോര്‍ഡുകളില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഐസിസി അനുവദിക്കുന്നില്ല. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണ് എല്ലാ രാജ്യങ്ങളിലേയും ക്രിക്കറ്റ് ബോര്‍ഡുകള്‍. അതിനാല്‍ നിലവില്‍ ഐസിസിയുടെ കണ്ണില്‍ ഇന്ത്യ- പാക് പോരാട്ടം നടക്കുമെന്നു തന്നെയാണ്.

സര്‍ക്കാര്‍ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിന്റെ പേരില്‍ ഐസിസി ഉപരോധം അടക്കമുള്ള നടപടികളില്‍ പാക് ക്രിക്കറ്റിനു സംരക്ഷണം നല്‍കണമെന്നു മുന്‍ പിസിബി ചെയര്‍മാന്‍ എഹ്‌സാന്‍ മാനി വാദിച്ചിരുന്നു. എന്നാല്‍ ഐസിസി ഇതംഗീകരിച്ചില്ല. മാത്രമല്ല ഇന്ത്യയില്‍ കളിക്കില്ലെന്നു നേരത്തെ തന്നെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് പാകിസ്ഥനു വേണ്ടി ശ്രീലങ്കയേയും ഐസിസി ലോകകപ്പ് വേദിയായി നിശ്ചയിച്ചത്. ആ വേദിയിലും ഇന്ത്യക്കെതിരെ കളിക്കില്ലെന്നു പറയുന്നത്, അതും സര്‍ക്കാര്‍ ഇടപെട്ട് മത്സരം ബഹിഷികരിക്കുന്നത് ഐസിസി ഭരണഘടനയുടെ നേരിട്ടുള്ള ലംഘനമായും കണക്കാക്കും. അപ്പോള്‍ ചില്ലര ബുദ്ധിമുട്ടുകളല്ല പാക് ക്രിക്കറ്റിനു മുകളില്‍ വാളായി തൂങ്ങി നില്‍ക്കുന്നത് എന്നു ചുരുക്കം.

ഇടുക്കിയില്‍ ഒരു മാസത്തിനിടെ ചികിത്സ തേടിയത് 5983 പേര്‍; ഗുരുതര സാഹചര്യം

ഇടുക്കിയില്‍ ഒരു മാസത്തിനിടെ ചികിത്സ തേടിയത് 5983 പേര്‍; ഗുരുതര സാഹചര്യം

തൊടുപുഴ: ഇടുക്കി ജില്ലയില്‍ വൈറല്‍ പനിയുള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികള്‍ പടരുന്നു. വൈറല്‍ പനിയാണ് കൂടുതല്‍ പേര്‍ക്കും പിടിപെട്ടത്. ഡെങ്കിപ്പനി, എലിപ്പനി, ചിക്കന്‍പോക്‌സ്, മഞ്ഞപ്പിത്തം തുടങ്ങിയവയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സ തേടി എത്തുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ ജില്ലയില്‍ ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണം ശ്രദ്ധയില്‍പെട്ടാല്‍ സ്വയം ചികിത്സിക്കാതെ ആശുപത്രിയിലെത്തി ഡോക്ടര്‍മാരുടെ സഹായം സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഇടുക്കിയില്‍ ഈ വര്‍ഷം വൈറല്‍ പനി ബാധിച്ച് 5983 പേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രികളിലെത്തിയവരുടെ എണ്ണം കൂടി ചേര്‍ത്താല്‍ പനി ബാധിതരുടെ എണ്ണം ഇനിയും വര്‍ധിക്കും. തണുപ്പും ചൂടും മാറി മാറി വരുന്ന കാലാവസ്ഥയാണ് ഇപ്പോള്‍ പനി ബാധിതരുടെ എണ്ണം കൂടാന്‍ കാരണം. മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 36 കുട്ടികള്‍ക്കാണ് ജില്ലയില്‍ ചിക്കന്‍ പോക്‌സ് സ്ഥിരീകരിച്ചത്.

മഞ്ഞപ്പിത്തം ബാധിച്ച 11 പേരില്‍ ഏഴു പേര്‍ പെരുവന്താനം പഞ്ചായത്തിലാണുള്ളത്. ഇവിടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മുട്ടം, കല്ലാര്‍വട്ടയാര്‍, തട്ടക്കുഴ, കാഞ്ചിയാര്‍,വണ്ടിപ്പെരിയാര്‍, കഞ്ഞിക്കുഴി എന്നിവിടങ്ങളിലായി പത്തു പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ദേവികുളം, വാത്തിക്കുടി എന്നിവിടങ്ങളിലായി 24 പേര്‍ക്കാണ് മലേറിയ പിടിപെട്ടത്. ഇടുക്കിയില്‍ പലയിടത്തും കുട്ടികളില്‍ മുണ്ടി നീര് രോഗവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നിലവില്‍ ഏഴു പേരാണ് കുഷ്ഠരോഗത്തിന് ചികിത്സയിലുളളത്. ഇതില്‍ മൂന്ന് പേര്‍ മലയാളികളും ബാക്കിയുള്ളവര്‍ അതിഥി തൊഴിലാളികളുമാണ്. ചൂട് കൂടുന്നതിനാല്‍ ജലജന്യ രോഗങ്ങള്‍ കൂടാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.