by Midhun HP News | Aug 1, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുകയും ചിലയിടങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ റവന്യൂ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ജില്ലാ കലക്ടര്‍മാരുമായും ഫോണില്‍ ബന്ധപ്പെട്ടതായി മുഖ്യമന്ത്രി വിഡി സതീശന്‍. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ റവന്യൂ മന്ത്രി ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
11 മണിക്ക് ജില്ലാ കലക്ടര്‍മാരുടെ യോഗം റവന്യൂ മന്ത്രി വിളിച്ചിട്ടുണ്ട്. എന്‍ഡിആര്‍എഫ്, പൊലീസ് ഉള്‍പ്പെടെയുള്ളവര്‍ ഏത് സാഹചര്യവും നേരിടാന്‍ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും പുനരധിവാസ പ്രവര്‍ത്തങ്ങള്‍ വേഗത്തിലാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്തെ ശക്തമായ മഴയില്‍ വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്നു പേര്‍ മരിച്ചു. കുടയത്തൂര്‍ അടൂര്‍മലയിലുണ്ടായ ഉരുള്‍പൊട്ടലിലാണ് ഏഴാം വാര്‍ഡില്‍ മഷിക്കല്ലേല്‍ രവി നാരായണന്റെ ഭാര്യ സുമതി, വാഗമണില്‍ കോലാഹലമേട്ടില്‍ ലീലാമണിയുടെ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് ബന്ധു വൈക്കം സ്വദേശി പ്രഭാകരന്‍ നായര്‍ (72), പൂഞ്ഞാര്‍ തെക്കേക്കര പയ്യാനിത്തോട്ടത്തില്‍ വീട് ഇടിഞ്ഞുവീണ് ജോസഫിന്‍ ജോണി (24) എന്നിവരാണ് മരിച്ചത്. ജോസഫിന്റെ മാതാവ് റെജീനയ്ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.
ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുള്‍പൊട്ടലുണ്ടായി. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ അതിതീവ്രമഴ കണക്കിലെടുത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. നാളെയും സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

by Midhun HP News | Aug 1, 2026 | Latest News, കേരളം
പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന നെയ്യ് കൂടുതൽ കാര്യക്ഷമമായി ശേഖരിക്കാനും ഉപയോഗം കൃത്യമായി നിരീക്ഷിക്കാനുമായി പുതിയ സംവിധാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. നിലവിൽ ഉപയോഗിക്കുന്ന ഇരുമ്പ് സംഭരണ ടാങ്കുകൾക്ക് പകരം സ്റ്റെയിൻലെസ് സ്റ്റീൽ ടാങ്കുകൾ സ്ഥാപിക്കാനാണ് ആലോചന. നെയ്യുടെ അളവ് അറിയാൻ ഇൻഡക്സ് മീറ്ററും പുറത്തുനിന്ന് തന്നെ അളവ് കാണാൻ കഴിയുന്ന സംവിധാനവും പുതിയ ടാങ്കുകളിൽ ഒരുക്കും.
ശബരിമലയിൽ ഭക്തർ സമർപ്പിക്കുന്ന നെയ്യുടെ വരവും ഉപയോഗവും കൃത്യമായി രേഖപ്പെടുത്തുകയും കൂടുതൽ സുതാര്യമായ സംവിധാനം ഒരുക്കുകയുമാണ് ലക്ഷ്യമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പറഞ്ഞു. ”ക്ഷേത്രത്തിൽ എത്ര നെയ്യാണ് ലഭിക്കുന്നത്, അത് ഏതെല്ലാം ആവശ്യങ്ങൾക്കാണ് വിനിയോഗിക്കുന്നത് എന്നിവ കൃത്യമായി നിരീക്ഷിക്കാൻ കഴിയുന്ന സംവിധാനമാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്” അദ്ദേഹം പറഞ്ഞു.

മണ്ഡല-മകരവിളക്ക് തീർഥാടനകാലത്ത് പ്രതിദിനം ഏകദേശം 1,000 ലിറ്റർ നെയ്യാണ് ശബരിമലയിൽ എത്തുന്നത്. പതിനെട്ടാംപടി കയറുന്ന ഓരോ ഭക്തന്റെയും ഇരുമുടിക്കെട്ടിൽ നെയ്തേങ്ങ ഉണ്ടാകാറുണ്ട്. ക്ഷേത്രപരിസരത്ത് ഇതിനായി നിശ്ചയിച്ച സ്ഥലത്ത് നെയ്തേങ്ങ ഉടച്ച ശേഷം അതിലെ നെയ്യിന്റെ ഒരു ഭാഗം ശ്രീകോവിലിലെ അഭിഷേകത്തിനായി സമർപ്പിക്കും.
ശേഷിക്കുന്ന നെയ്യ് ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്ന മൂന്ന് നെയ്തോണി പാത്രങ്ങളിലേക്കാണ് ഭക്തർ ഒഴിക്കുന്നത്. ഈ നെയ്തോണികളിൽ ശേഖരിക്കുന്ന നെയ്യും അഭിഷേകത്തിനുശേഷം ശ്രീകോവിലിൽ നിന്ന് ലഭിക്കുന്ന അവശിഷ്ട നെയ്യും പിന്നീട് വലിയ ഇരുമ്പ് സംഭരണ ടാങ്കുകളിലേക്ക് മാറ്റും. ഇത്തരത്തിൽ ശേഖരിക്കുന്ന നെയ്യ് യന്ത്രസഹായത്തോടെ ചൂടാക്കി ശുദ്ധീകരിച്ച ശേഷമാണ് വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്. ക്ഷേത്രത്തിലെ ചില പൂജകൾക്കും ശ്രീകോവിലിനകത്തും പുറത്തുമുള്ള എല്ലാ നെയ്‌വിളക്കുകളും തെളിയിക്കുന്നതിനും അരവണ, പായസം തുടങ്ങിയ പ്രസാദങ്ങളുടെ നിർമാണത്തിനും ഈ നെയ്യാണ് ഉപയോഗിക്കുന്നത്.
കൂടാതെ ക്ഷേത്രത്തിലെ തിടപ്പള്ളിയിലെയും ജീവനക്കാരുടെ കാന്റീനിലെയും പാചകത്തിനും ഇതേ നെയ്യാണ് ഉപയോഗിക്കുന്നത്. ഭക്തർക്ക് ‘ആടിയശിഷ്ടം നെയ്യ്’ എന്ന പേരിൽ പായ്ക്ക് ചെയ്ത് പ്രസാദമായും ഇത് വിതരണം ചെയ്യുന്നു.
by Midhun HP News | Aug 1, 2026 | Latest News, കേരളം
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ മലയോര മേഖലകളില്‍ പെയ്ത അതിശക്തമായ മഴയെത്തുടര്‍ന്ന് റാന്നി ടൗണ്‍ ഒറ്റപ്പെട്ടു. പമ്പയില്‍ അതിവേഗം ജലനിരപ്പ് ഉയരുകയാണ്. റാന്നി വടശ്ശേരിക്കര റോഡ് മുങ്ങി. ടൗണിലെ കടകളിലും വെള്ളം കയറിയിട്ടുണ്ട്. മേഖലയിലാകെ വൈദ്യുതി വിച്ഛേദിച്ചു. വീടിന്റെ മുകള്‍ നിലയിലും മറ്റും അഭയം പ്രാപിച്ചവരെ ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. പമ്പയിലെ അരയാഞ്ഞിലിമണ്ണ് ക്രോസ് വേ മുങ്ങിയ നിലയിലാണ്. വളരെപെട്ടെന്നാണ് ഇവിടെ വെള്ളം കയറിയത്. പല വീടുകളിലും ആളുകള്‍ ഒറ്റപ്പെട്ടു. ആളുകളെ ഡിങ്കി ബോട്ടുകളിലാണ് മാറ്റിയത്.
റാന്നി ടൗണിലെ പല ഭാഗങ്ങളും അരപ്പൊക്കത്തില്‍ വെള്ളത്തിനടിയിലായി. ഒറ്റരാത്രി കൊണ്ടാണ് റാന്നിയിലെ സ്ഥിതി ആകെ മാറിമറിഞ്ഞത്. വെള്ളം ഇനിയും ഉയര്‍ന്നേക്കാമെന്ന് പ്രദേശത്തെ വ്യാപാരികള്‍ ഉള്‍പ്പെടെ ആശങ്കപ്പെടുന്നു. ‘ഞങ്ങളുടെ വീടിന് സമീപം ഇപ്പോള്‍ വെള്ളം അല്പം ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ ടൗണില്‍ വെള്ളം വീണ്ടും ഒന്നര അടിയോളം ഉയരാനാണ് സാധ്യത. അതിനുശേഷമേ ജലനിരപ്പ് താഴാന്‍ തുടങ്ങൂ. ഇത് ഒട്ടും പ്രതീക്ഷിച്ചതല്ല. പുലര്‍ച്ചെ 1:30ഓടെയാണ് സാഹചര്യം ഗുരുതരമാണെന്ന് തിരിച്ചറിഞ്ഞത്’ -പ്രദേശവാസി പ്രതികരിച്ചു. അരമണിക്കൂര്‍ കൊണ്ട് എല്ലായിടത്തും വെള്ളം കയറിയെന്നും 2018ലെ പ്രളയത്തിന് സമാന അവസ്ഥയാണെന്നും മറ്റൊരാൾ പറഞ്ഞു.
2018ലെ പ്രളയത്തില്‍ 1.5 കോടി രൂപയുടെ നഷ്ടം സംഭവിച്ച കാര്യം ഓര്‍ത്തെടുത്ത വ്യാപാരി, ഇത്തവണ ജീവനക്കാരുടെ സഹായത്തോടെ സാധനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണെന്ന് വ്യക്തമാക്കി. ‘2018ലെ പ്രളയത്തില്‍ എനിക്ക് 1.5 കോടി രൂപയുടെ നഷ്ടമുണ്ടായിരുന്നു. ഇത്തവണ ഇതുവരെ വലിയ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. വെള്ളപ്പൊക്കം അപ്രതീക്ഷിതമായിരുന്നതിനാല്‍ സാധനങ്ങള്‍ മാറ്റിത്തുടങ്ങുന്നതേയുള്ളൂ. കുറച്ചു ജീവനക്കാര്‍ മാത്രമാണ് എത്തിയിട്ടുള്ളത്. അവരുടെ സഹായത്തോടെ സാധനങ്ങള്‍ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റുകയാണ്. ഇനി വെള്ളം ഉയര്‍ന്നില്ലെങ്കില്‍ വലിയ നാശനഷ്ടങ്ങളില്ലാതെ രക്ഷപ്പെടാം.’ -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റാന്നി പാലത്തിന് സമീപത്ത് വെള്ളം ഉയര്‍ന്നതോടെ കടകളിലേക്ക് എത്താന്‍ പോലും കഴിയാത്ത സാഹചര്യമാണെന്ന് ടെക്‌സ്‌റ്റൈല്‍ ഷോപ്പ് ഉടമയായ അബൂട്ടി പറഞ്ഞു. ‘റാന്നിയില്‍ വളരെ പെട്ടെന്നായിരുന്നു വെള്ളം കയറിയത്. ഇപ്പോള്‍ ഒരു വ്യാപാരി പോലും ഇവിടെയില്ല, കാരണം ഭൂരിഭാഗം പേരും ദൂരസ്ഥലങ്ങളില്‍ നിന്ന് വരുന്നവരായതിനാല്‍ ടൗണിലെത്താന്‍ കഴിയുന്നില്ല. ഇവിടെയുള്ളവര്‍ക്ക് പോലും സാധനങ്ങള്‍ മാറ്റാന്‍ കടകളില്‍ കയറാന്‍ പറ്റാത്ത അവസ്ഥയാണ്. പ്രദേശം മുഴുവന്‍ വെള്ളത്തിനടിയിലാണ്. റോഡ് എവിടെ, പുഴ എവിടെ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത വിധം വെള്ളം ഉയര്‍ന്നിരിക്കുന്നു. മുന്നോട്ടുപോകാന്‍ വഴിയില്ലാത്തതിനാല്‍ ഞങ്ങള്‍ ഇപ്പോള്‍ പാലത്തിന് സമീപമാണ് നില്‍ക്കുന്നത്. ആളുകളെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ചിട്ടുണ്ടെങ്കിലും വീട്ടിലെ സാധനങ്ങളൊന്നും മാറ്റാന്‍ കഴിഞ്ഞിട്ടില്ല’ -അബൂട്ടി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ചും അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

by Midhun HP News | Aug 1, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തെരുവുനായ്ക്കളെ ദയാവധം ചെയ്യാമെന്ന സുപ്രീംകോടതി നിർദേശം നടപ്പാക്കാനൊരുങ്ങി കേരളം. അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകി. പ്രാഥമിക പ്രോട്ടൊക്കോൾ തയ്യാറാക്കി. തദ്ദേശസ്ഥാപന അടിസ്ഥാനത്തിൽ പ്രത്യേക സമിതികൾ രൂപീകരിച്ചു. നായ്ക്കളെ കൊല്ലുന്നത് ഈ സമിതിക്ക് തീരുമാനിക്കാം. അതുപോലെ ഷെൽട്ടറുകൾക്ക് സ്ഥലം കണ്ടെത്താൻ കളക്ടർമാർക്ക് നിർദേശം നൽകും. രണ്ടിൽ കൂടുതൽ നായ്ക്കളുള്ള വീടുകൾ ഷെൽട്ടറായി പരിഗണിക്കും. ഇവയ്ക്ക് പ്രത്യേക സ്‌മോൾ -ഷെൽട്ടർ ലൈസൻസ് നൽകും. തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനും പ്രത്യേക മാനദണ്ഡങ്ങൾ തയ്യാറാക്കാനാണ് തീരുമാനം.

by Midhun HP News | Aug 1, 2026 | Latest News, കേരളം
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മുന്നറിയിപ്പുമായി ജില്ലാഭരണകൂടം. ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളും വിനോദസഞ്ചാരികളും അതീവ ജാഗ്രത പാലിക്കണം.അത്യാവശ്യ ആവശ്യങ്ങള്‍ ഒഴികെ വയനാട്ടിലേക്കുള്ള യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
നിലവില്‍ ജില്ലയില്‍ ഉള്ള എല്ലാ വിനോദസഞ്ചാരികളും സുരക്ഷിതമായ താമസസ്ഥലങ്ങളില്‍ തന്നെ തുടരുകയും അനാവശ്യ യാത്രകളും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദര്‍ശനവും ഒഴിവാക്കുകയും വേണം.ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയും നല്‍കുന്ന ഔദ്യോഗിക നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. കനത്ത മഴയെ തുടര്‍ന്ന് വയനാട് ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണ്. പുഴയിലോ, വെള്ളക്കെട്ടിലോ കുളിക്കാന്‍ ഉള്‍പ്പെടെ ഇറങ്ങാന്‍ പാടുള്ളതല്ല. അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.
ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. അങ്കണവാടികള്‍, മതപഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.

Recent Comments