by liji HP News | Apr 23, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: റോഡുഗതാഗതത്തില്‍ ഏറ്റവും അപകടകാരിയാകുന്ന ഒന്നാണ് വാഹനങ്ങളിലെ ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ അഥവാ കാണാമറകള്‍. കാഴ്ചകേന്ദ്രീകൃതമായ ഡ്രൈവിംഗില്‍ സുരക്ഷ ഉറപ്പാക്കാന്‍ വാഹനത്തിന്റെ എല്ലാ വശങ്ങളിലും ഡ്രൈവറുടെ കണ്ണുകള്‍ കൃത്യമായി എത്തേണ്ടതുണ്ട്. നിര്‍മ്മാണസാങ്കേതികത, ഡ്രൈവര്‍ സീറ്റിന്റെ സ്ഥാനം എന്നിവ കാരണം കണ്ണുകളെത്താത്ത കാഴ്ചപരിമിതിയാണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍. ഇവയെ കുറിച്ച് ഡ്രൈവര്‍മാര്‍ക്ക് ധാരണ ഉണ്ടായിരിക്കണമെന്ന് കേരള മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കി.
‘യാത്രയിലെ പിന്‍മറ കണ്‍മുന്നിലെത്തിക്കാനാണ് ഇരുചക്രവാഹനങ്ങളില്‍ റിയര്‍വ്യൂ മിററുകള്‍ നിര്‍ബന്ധമാക്കിയിട്ടുള്ളത്. തിരക്കേറിയ ട്രാഫിക്കില്‍ ‘ഊളിയിടലി’നും വല്യേട്ടന്മാര്‍ക്കിടയിലൂടെ ‘എട്ടെ’ടുക്കാനുമൊക്കെ ഈ സുരക്ഷാേപാധി ഒരു ‘ശല്ല്യമാ’യതിനാല്‍ യുവതലമുറ ഇത് ഷോകേയ്‌സിലാക്കി ‘ഷോ’ കാണിക്കുന്ന ഭ്രമയുഗമാണിത്.’- കേരള മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കുറിപ്പ്:
ഇരുമെയ്യാണെങ്കിലും…8.O*
ഇരുചക്രവാഹനയാത്ര ഏറെ ദുഷ്‌കരവും അപകടകരവുമാകുന്നത് എങ്ങിനെയെന്ന് വിശദീകരിക്കുന്ന സംവാദപരമ്പരയുടെ 8-ാം ഭാഗമാണിത്. എല്ലായ്‌പോഴും ഒരു എട്ടിന്റെ പണി തന്നെയാണ് ഇരുചക്രവാഹനഡ്രൈവിംഗ്.
റോഡുഗതാഗതത്തില്‍ ഏറ്റവും അപകടകാരിയാകുന്ന ഒന്നാണ് വാഹനങ്ങളിലെ ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ അഥവാ കാണാമറകള്‍. ഇരുചക്രയാത്രക്കാരുടെ ചുറ്റിലും ചുറ്റുന്ന ‘കാലകൈയ്യന്മാരി’ല്‍ മുഖ്യന്‍ ഇതരവാഹനങ്ങളുടെ കാണാമറകളാണ്. ഇരുചക്രവാഹന അപകടമരണങ്ങളില്‍ ഭൂരിഭാഗവും ഈ കാണാമറയത്താണ് സംഭവിക്കുന്നതും..
കാഴ്ചകേന്ദ്രീകൃതമായ ഡ്രൈവിംഗില്‍ സുരക്ഷ ഉറപ്പാക്കാന്‍ വാഹനത്തിന്റെ എല്ലാ വശങ്ങളിലും ഡ്രൈവറുടെ കണ്ണുകള്‍ കൃത്യമായി എത്തേണ്ടതുണ്ട്. നിര്‍മ്മാണസാങ്കേതികത, ഡ്രൈവര്‍ സീറ്റിന്റെ സ്ഥാനം എന്നിവ കാരണം കണ്ണുകളെത്താത്ത കാഴ്ചപരിമിതിയാണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍. ഇവ മൂന്നുതരമുണ്ട് :
Forward Blind Spot – മുന്‍മറ
Backward Blind Spot – പിന്‍മറ
Sideways Blind Spot വശമറ
വാഹനങ്ങള്‍ക്കും ഡ്രൈവര്‍ക്കും അനുസൃതമായി മാറുന്ന ഈ കാണാമറകള്‍, മുന്നിലേക്കും വശങ്ങളിലേക്കും മാത്രമല്ല പിന്നിലേയ്ക്കും ഒട്ടുമില്ലാത്ത ഏകവാഹനം ഇരുചക്രവാഹനങ്ങളായിരിക്കും. അവയ്ക്ക് ‘മേനിനടിക്കാ’വുന്ന ഏകസുരക്ഷാസംഗതി ഒരു പക്ഷെ ഇത് മാത്രമാകും. സ്വാഭാവികമായി കൂടുതല്‍ സുരക്ഷിതമാകേണ്ട ഇരുചക്ര വാഹനങ്ങളാണ് പക്ഷെ കൂടുതലും അപകടത്തില്‍പ്പെടുന്നത്….
യാത്രയിലെ പിന്‍മറ കണ്‍മുന്നിലെത്തിക്കാനാണ് ഇരുചക്രവാഹനങ്ങളില്‍ റിയര്‍വ്യൂ മിററുകള്‍ നിര്‍ബന്ധമാക്കിയിട്ടുള്ളത്. തിരക്കേറിയ ട്രാഫിക്കില്‍ ‘ഊളിയിടലി’നും വല്യേട്ടന്മാര്‍ക്കിടയിലൂടെ ‘എട്ടെ’ടുക്കാനുമൊക്കെ ഈ സുരക്ഷാേപാധി ഒരു ‘ശല്ല്യമാ’യതിനാല്‍ യുവതലമുറ ഇത് ഷോകേയ്‌സിലാക്കി ‘ഷോ’ കാണിക്കുന്ന ഭ്രമയുഗമാണിത്.
പുതുതലമുറ വാഹനങ്ങളില്‍ ഈ കാണാമറകളെ ‘കൈകാര്യം’ചെയ്യാന്‍ കൂടുതല്‍ കണ്ണാടികള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും, ഈ സന്തതസഹചാരികളുടെ ‘ആളെക്കൊല്ലിനിഴലില്‍’പ്പെടാതെ ചലിക്കുക മാത്രമാണ് സുരക്ഷിതശീലം. *”ഇല മുള്ളില്‍ വീണാലും മുള്ള് ഇലയില്‍ വീണാലും കേട് ഇലയ്ക്കു തന്നെ”* പഴഞ്ചൊല്ലാണ്, പക്ഷെ ഇന്ന് റോഡിലേറെ പ്രസക്തമായ ‘പഞ്ച്’ ചൊല്ലാണത്.
എല്ലാത്തരം വാഹനങ്ങളുടേയും ‘ആളെക്കൊല്ലി’മറകളെപ്പറ്റി കൃത്യമായ ധാരണയുണ്ടാവണം. ഈ Vulnerability അഥവാ അപകടചുഴികള്‍ക്ക് ഇടയിലാണ് ഇരുചക്ര’ഈയാംപാറ്റകള്‍’ ഭ്രമണം ചെയ്യുന്നത് എന്ന് മറക്കാതിരിക്കുകയും വേണം.
പിന്നിലൂടെ വന്നണയുന്ന കാണാമറ’ഭൂതങ്ങ’ളെ മുന്നില്‍ക്കണ്ട് തിരികെ വീടണയാന്‍, പിന്‍കാഴ്ചദര്‍പ്പണങ്ങള്‍ ഒരു ‘ബുദ്ധിമുട്ടായി’ ചൂഴ്‌ന്നെടുക്കാതെ ബുദ്ധിപൂര്‍വ്വം ഉപയോഗിക്കാന്‍ ശീലിക്കുക.
കുറുക്കുവഴികളില്‍ നറുക്കുവീഴാതിരിക്കട്ടെ
സുരക്ഷയ്ക്ക് കുറുക്കുവഴികളുമില്ല
ഇന്നത്തെ ചിന്താവിഷയം :
*കാമറ കണ്ടില്ലെങ്കിലും..*
*കാണാമറ കാണാതിരിക്കരുത്*
by liji HP News | Apr 22, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. പാലക്കാട് ജില്ലയില്‍ ഈ ദിവസങ്ങളില്‍ ചൂട് 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കൊല്ലം, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും പത്തനംതിട്ട, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 37°C വരെയും തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ 36°C വരെയും (സാധാരണയേക്കാള്‍ 2 – 4°C കൂടുതല്‍) രേഖപ്പെടുത്താന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍ മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളില്‍ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
അതിനിടെ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ഇടിമിന്നല്‍ അപകടകാരികള്‍ ആയത് കൊണ്ട് ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കേരളത്തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.0 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും തിരമാലയുടെ വേഗത സെക്കന്‍ഡില്‍ 40 cm നും 55 cm നും ഇടയില്‍ മാറിവരുവാന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
ജാഗ്രതാനിര്‍ദേശം:
1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.
by liji HP News | Apr 22, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ബിയർ പാർലറിൽ നടന്ന ജന്മദിന ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ അഞ്ചു പേർക്ക് കുത്തേറ്റു. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. അക്രമത്തിൽ പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേക്ക് മുറിക്കുന്നത് ആരെന്നതിന്റെ പേരിലായിരുന്നു തർക്കം.
ശ്രീകാര്യം സ്വദേശി ഷാലു കെ നായർ (34), ചെറുവയ്ക്കൽ സ്വദേശി സൂരജ് (28),സ്വരൂപ് (30), ആക്കുളം സ്വദേശി വിശാഖ് (26), ശ്രീകാര്യം സ്വദേശി അതുൽ (28) എന്നിവർക്കാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഷാലു, സൂരജ് എന്നിവർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ശനിയാഴ്ച രാത്രി 11.30ന് ആണ് കേസിനാസ്പദമായ സംഭവം. ചെമ്പകമംഗലം സ്വദേശി അക്ബറിന്റെ ജന്മദിനം ആഘോഷിക്കാൻ എത്തിയ 9 അംഗസംഘം സമീപത്തെ മേശയിലിരുന്ന നാലംഗ സംഘവുമായി സൗഹൃദത്തിലായി. തുടർന്ന് ഒരുമിച്ചുള്ള ആഘോഷത്തിനിടെ, കേക്ക് മുറിക്കുന്നതിലായിരുന്നു തർക്കം ഉടലെടുത്തത്.
വാക്കുതർക്കത്തിനിടെ നാലംഗ സംഘം കയ്യിലുണ്ടായ കത്തി ഉപയോഗിച്ച് ആക്രമിച്ചു. കേക്ക് മുറിക്കാനുള്ള കത്തിയും ഫോർക്കും ഉപയോഗിച്ച് എതിർ സംഘവും കുത്തി. അക്രമത്തിൽ കഠിനംകുളം മണക്കാട്ടിൽ ഷമീം (34), കല്ലമ്പലം ഞാറയിൽക്കോണം കരിമ്പുവിള അനസ് (22) എന്നിവരെ അറസ്റ്റ് ചെയ്തു.
by liji HP News | Apr 22, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് പത്തൊൻപതുകാരൻ മരിച്ചു. പെരുങ്ങുഴി പൊന്നുകൂട്ടി വിളാകം സ്വദേശി ഇന്ദ്രജിത് (19) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിക്ക് മംഗലപുരം ശാസ്തവട്ടത്തായിരുന്നു അപകടം നടന്നത്. അമിത വേഗതയിലെത്തിയ ബൈക്ക് മതിലിലും പോസ്റ്റിലും ഇടിക്കുകയായിരുന്നു. ഉടൻ തന്നെ മെഡി. കോളേജിലെത്തിച്ചെങ്കിലും മരണപെട്ടു. മംഗലപുരം പോലീസ് അപകടത്തിൽ കേസെടുത്തു.
by Midhun HP News | Apr 21, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ പ്രവാസി കൂട്ടായ്മയായ ആറ്റിങ്ങൽ കെയർ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി അഡ്വ. അടൂർ പ്രകാശിന്റെ വിജയത്തിനായി ആറ്റിങ്ങൽ കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ കുടുംബ യോഗം സംഘടിപ്പിച്ചു.
കുടുംബയോഗത്തിന്റെ ഉദ്ഘാടനം വർക്കല മുൻ എം എൽ എയും കോൺഗ്രസ് നേതാവുമായ വർക്കല കഹാർ നിർവ്വഹിച്ചു. വിശദീകരണ യോഗം ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റ് അഡ്വ. വൈ എ റഹിം നിർവഹിച്ചു. ആറ്റിങ്ങൽ കെയർ ചെയർമാൻ ഷാജി ഷംസുദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസിഡന്റ് ബിനു പിള്ള സ്വാഗതം ആശംസിച്ചു. ഐ എൻ ടി യു സി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം വി എസ് അജിത് കുമാർ, ആറ്റിങ്ങൽ കെയർ നേതാക്കളായ അനസ് ഇടവ, അൻസാർ കിളിമാനൂർ, നൗഷാദ് അഴൂർ, എം യു ഇർഷാദ്, സവാദ് വെഞ്ഞാറമൂട്, സലിം കല്ലറ, സജീർ സീമന്തപുരം, അഷ്‌റഫ് ആലംകോട്, ഷാജി ഇടവ, നാസറുദ്ധീൻ പാലോകോട് എന്നിവർ സംസാരിച്ചു. നൂറുകണക്കിന് കുടുംബങ്ങൾ പങ്കെടുത്ത യോഗത്തിൽ എല്ലാവരും യു ഡി എഫ് സ്ഥാനാർഥി അടൂർ പ്രകാശിന് വിജയാശംസകൾ നേർന്നുകൊണ്ട് യോഗം അവസാനിപ്പിച്ചു.
by Midhun HP News | Apr 21, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കെഎസ്ആർടിസിൽ മദ്യപിച്ച് ജോലി ചെയ്ത ജീവനക്കാർക്കെതിരേ വീണ്ടും നടപടി. 97 ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും 40 ഓളം ജീവനക്കാരെ പിരിച്ചു വിടുകയും ചെയ്തു. മദ്യപിച്ച് ഡ്യൂട്ടിക്ക് വന്നതിനും ഡ്യൂട്ടിക്കിടയിൽ മദ്യം സൂക്ഷിച്ചതിനുമാണ് ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
കെഎസ്ആർടിസിയിലെ 97 സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും സ്വിഫ്റ്റിലെ താൽക്കാലിക ജീവനക്കാരെയും കെഎസ്ആർടിസിയിലെ ബദൽ ജീവനക്കാരായ 26 ജീവനക്കാരെയും സർവീസിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തു.
ഡ്യൂട്ടിക്കെത്തുന്ന വനിത ജീവനക്കാരൊഴികെ മറ്റ് മുഴുവൻ ജീവനക്കാരെയും ബ്രീത്ത് അനലൈസർ ചെയ്യണമെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാറിന്‍റെ നിർദേശ പ്രകാരം ഉത്തരവിറക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി വിജിലൻസ് വിഭാഗം കെഎസ്ആർടിസി ചീഫ് ഓഫിസ് ഉൾപ്പെടെ എല്ലാ യൂണിറ്റുകളിലും റീജിയണൽ വർക് ഷോപ്പുകളിലാണ് പരിശോധന നടത്തിയത്.
Recent Comments