by Midhun HP News | Mar 19, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം വലിയവേളിയിൽ വള്ളം മറിഞ്ഞ് അപകടം. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുന്നതിനിടെ തിരയിൽ പെട്ടാണ് അപകടമുണ്ടായത്. രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ മത്സ്യത്തൊഴിലാളികളെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളികൾ സഞ്ചരിച്ച വള്ളമാണ് അപകടത്തിൽപ്പെട്ടത്. തീരത്തേക്ക് മടങ്ങുന്നതിനിടെ ശക്തമായ തിരയിൽ പെടുകയായിരുന്നു. വലിയവേളി സ്വദേശികളായ ഫ്രഡ്ഡി, ഷിബു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല.
by Midhun HP News | Mar 19, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ ദേശത്തിൻ്റെ അധിഷ്ഠാന ദേവതാസ്ഥാനമായ തിരുവറാട്ടു കാവിലെ പൂരംകുളി മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം 7 മണിക്ക് മഹാകവി കുമാരനാശാൻ്റെ കരുണ എന്ന ഖണ്ഡകാവ്യത്തെ അവലംബിച്ച് ചെങ്ങാരപ്പള്ളി നാരായണൻ പോറ്റി രചിച്ച കഥകളി അരങ്ങേറുന്നു. അമ്പലപ്പുഴ സന്ദർശൻ കഥകളി യോഗം അവതരിപ്പിക്കുന്ന കഥകളിക്ക് ആട്ട പ്രകാരം നിശ്ചയിച്ച് സംവിധാനം ചെയ്തിരിക്കുന്നത് ഡോ. പി.വേണുഗോപാലനാണ്.
മഹാകവിയുടെ ചരമശതാബ്ദിയോടനുബന്ധിച്ച് ആദരപൂർവ്വം അവതരിപ്പിക്കുന്ന കഥകളി അപൂർവ്വമായ അരങ്ങനുഭവമായിരിക്കും. നിണത്തോടുകൂടിയ അവസാനത്തെ ശ്മശാനരംഗം എടുത്തു പറയേണ്ട പ്രത്യേകതയാണ്. ഇന്ന് കഥകളി രംഗത്തുള്ള പ്രഗത്ഭരായ കലാകാരന്മാരാണ് അരങ്ങിലും പിന്നണിയിലുമുള്ളത്.
by liji HP News | Mar 19, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങല്‍: ചരിത്രവും ഐതീഹ്യങ്ങളും സവിശേഷാചാരങ്ങളും ഇഴചേരുന്ന അവനവഞ്ചേരി ഇണ്ടിളയപ്പന്‍ ക്ഷേത്രത്തിലെ നായ്‌വയ്പുത്സവത്തിന് കഴിഞ്ഞ ദിവസം കൊടിയേറി. ഒരു മതില്‍ക്കെട്ടിനുള്ളില്‍ രണ്ട് ആരാധനാമൂര്‍ത്തികളുള്ള ക്ഷേത്രമാണിത്. പ്രധാനപ്രതിഷ്ഠ ശിവനാണ്. എങ്കിലും ഇണ്ടല്‍ ഇളയ്ക്കുന്ന ശാസ്താവിന്റെ പേരിലാണ് ക്ഷേത്രം അറിയപ്പെടുന്നത്. ജാതിമതവ്യസ്യാസങ്ങളില്ലാതെ ഒരു നാടൊന്നാകെ ആഘോഷത്തിന്റെ ലഹരിയിലാകുന്ന ദിവസങ്ങളാണ് ഇണ്ടിളയപ്പന്‍ക്ഷേത്രത്തിലെ നായ്‌വയ്പുത്സവം.
ഇന്ന് രാവിലെ 8.30 ന് ഭാഗവതപാരായണം, 10 ന് കലശപൂജ, 10.30 ന് ആവണിഞ്ചേരി സദ്യ, വൈകീട്ട് 6.45 ന് സംഗീതക്കച്ചേരി, രാത്രി 7.30 ന് കഥകളി: അയ്യപ്പചരിതം. 20 ന് വൈകീട്ട് 5.30 ന് ക്ലാസ്സിക്കല്‍ പിന്നല്‍ തിരുവാതിര-ലാസ്യനടനം, 6.45 ന് നൃത്തസന്ധ്യ, രാത്രി 9.30 ന് ലൈവ് മ്യൂസിക്കല്‍ ബാന്‍ഡ് ഷോ.
21 ന് രാവിലെ 10.30 ന് നാഗരൂട്ട്, 12.30 ന് കലശാഭിഷേകവും നാഗപൂജയും വൈകീട്ട് 6 ന് സംഗീതക്കച്ചേരി, രാത്രി 8 ന് നൃത്തനൃത്യങ്ങള്‍.
22 ന് രാവിലെ 10.30 ന് സമൂഹസദ്യ, വൈകീട്ട് 6 ന് ഭജന്‍, രാത്രി 8 ന് മ്യൂസിക് ഫെസ്റ്റിവല്‍: ആറ്റിങ്ങല്‍ വൈബ്.
23 ന് രാവിലെ 9 ന് അമ്പലംമുക്ക് ജങ്ഷനില്‍ ഗജസ്വീകരണം, 10 ന് കലശപൂജ, വൈകീട്ട് 5 ന് ആവണിഞ്ചേരി പൂരം, 5.15 ന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരും സംഘവും അവതരിപ്പിക്കുന്ന തിരുമുമ്പില്‍ മേളം, 5.30 ന് കുടമാറ്റം, രാത്രി 8 ന് ആകാശപ്പൂരം.
24 ന് രാവിലെ 10.30 ന് ഉത്സവബലി, ഉച്ചയ്ക്ക് 12.30 ന് ഉത്സവബലി ദര്‍ശനം, വൈകീട്ട് 6 ന് നൃത്താര്‍ച്ചന, രാത്രി 8 ന് മ്യൂസിക് ഇവന്റ്, 11 ന് പള്ളിവേട്ടയ്‌ക്കെഴുന്നള്ളത്ത്, വെളുപ്പിന് 1 ന് പള്ളിവേട്ട.
25 ന് രാവിലെ 9 ന് പൂമൂടല്‍, 10.30 ന് മഹാമൃത്യുഞ്ജയഹോമം, വൈകീട്ട് 4.30 ന് ആറാട്ടെഴുന്നള്ളത്ത്, 5.30 ന് നടയില്‍ സേവ, 6 ന് താലപ്പൊലിയുടെ അകമ്പടിയോടെ ആറാട്ട് തിരിച്ചെഴുന്നള്ളത്ത്, 6.15 ന് നൃത്തനൃത്യങ്ങള്‍, രാത്രി 7 ന് പുഷ്പാഭിഷേകം, 7.30 ന് തിരുവാതിര, 9 ന് മഹാദേവക്ഷേത്രത്തിലെ കൊടിയിറക്കം, തുടര്‍ന്ന് വലിയ കാണിക്ക, 10.30 ന് നാടന്‍പാട്ട്, വെളുപ്പിന് 2 ന് ഉരുള്‍, 4.30 ന് ഉരുള്‍ സന്ധിപ്പ്.
26 ന് രാത്രി 7.15 ന് പ്ലാറ്റ്‌ഫോം കച്ചേരി, രാത്രി 8 ന് പനവേലിപ്പറമ്പിലേയ്ക്ക് നായ്‌വയ്‌പെഴുന്നള്ളത്ത്, 9.30 ന് നാടകം: ജീവിതം സാക്ഷി, വെളുപ്പിന് 1.30 ന് നൃത്തനാടകം: ദേവിശാകംബരി, 5.30 ന് നായ്‌വയ്‌പെഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തി നായ്‌വയ്‌പോടുകൂടി കൊടിയിറക്കം, 6 ന് ദ്രവ്യകലശം.
മണ്ണില്‍തീര്‍ത്ത മൃഗങ്ങളുടെയും മനുഷ്യരുടെയും മനുഷ്യാവയവങ്ങളുടെയും രൂപങ്ങള്‍ ഭക്തര്‍ നടയ്ക്ക് വയ്ക്കുന്നതാണ് നായ്‌വയ്പ് ചടങ്ങ്. ആറ്റിങ്ങല്‍ കൊട്ടാരത്തിന്റെ ഭാഗത്ത് കളിമണ്‍ പാത്രനിര്‍മ്മാണം ഉപജീവനോപാധിയായി സ്വീകരിച്ചിരുന്ന നിരവധി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇവരാണ് ഈ രൂപങ്ങളുണ്ടാക്കി ക്ഷേത്രത്തില്‍ വില്പനയ്‌ക്കെത്തിക്കുന്നത്. പൗരാണികതയുടെ പെരുമയും ആചാരാനുഷ്ഠാനങ്ങളുടെ നിറവുമാണ് നായ്‌വയ്പുത്സവത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
by liji HP News | Mar 18, 2024 | Latest News, ജില്ലാ വാർത്ത
ആനത്തലവട്ടം ഗവൺമെൻറ് യു പി സ്കൂളിലെ 116-ാം വാർഷികാഘോഷവും എസ് എസ് കെയുടെ മെയിൻറനൻസ് ഗ്രാൻഡ് ഉപയോഗിച്ച് നവീകരിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനവും നടന്നു. വാർഷികാഘോഷ സമ്മേളനത്തിന്റെ ഉദ്ഘാടനം ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സരിത ആർ നിർവഹിച്ചു. ബിജു ജെ (വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചിറയിൻകീഴ്) സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് സ്വാഗതം പറയുകയും കെ.ദിനേശ് (സീനിയർ സൂപ്രണ്ട് എ ഇ ഒ), വാർഡ് മെമ്പർ ഷിബ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വാർഷികാഘോഷ സമാപന സമ്മേളന ഉദ്ഘാടനവും എസ് എസ് കെ യുടെ മെയിൻറനൻസ് ഗ്രാൻഡ് ഉപയോഗിച്ച് നവീകരിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനവും ചിറയിൻകീഴ് എംഎൽഎ വി ശശി നിർവഹിച്ചു. സമാപന സമ്മേളനത്തിന് വാർഡ് മെമ്പർ അധ്യക്ഷത വഹിക്കുകയും സ്കൂൾ ഹെഡ്മിസ്ട്രസ് സ്വാഗതം പറയുകയും ചെയ്തു.
പി മുരളി (ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ്), മണികണ്ഠൻ (ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്) കെ രേണുക മാധവൻ, (ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ചിറയിൻകീഴ്), മിനി എം ദാസ് (സ്റ്റാൻഡിങ്ങ്കമ്മിറ്റി ചെയർപേഴ്സൺ), ശ്രീകുമാർ (പത്തൊമ്പതാം വാർഡ് മെമ്പർ ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത്), വിനു എസ് (ബി പി സി, ആറ്റിങ്ങൽ ബി ആർ സി), ബബിതനാഥ് (അദ്ധ്യാപിക ഗവ.യു പി എസ് ആനത്തലവട്ടം), ബിജി എ(അധ്യാപിക യുപിഎസ് ആനത്തലവട്ടം), തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .സീമ കെ (സീനിയർ ടീച്ചർ )നന്ദിയും രേഖപ്പെടുത്തി.
by liji HP News | Mar 18, 2024 | Latest News, ജില്ലാ വാർത്ത
കടുത്ത വേനലിൽ ചുട്ടുപൊള്ളുമ്പോൾ, പറവകൾക്കും മറ്റ് ചെറുജീവികൾക്കു മെല്ലാം ദാഹജലമൊരുക്കുകയാണ് അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ കുട്ടിപ്പോലീസുകാർ. ‘കിളികളും കൂളാവട്ടെ’ എന്ന കാമ്പയിനുമായി തങ്ങളുടെ വീടുകളിലും സമീപപ്രദേശങ്ങളിലും തുറസായ സ്ഥലങ്ങളിലും മറ്റും ചെറിയ പാത്രങ്ങളിൽ വെള്ളം വയ്ക്കുകയാണിവർ ചെയ്യുന്നത്.

തോടുകളും, തണ്ണീർത്തടങ്ങളുമെല്ലാം വറ്റി വരണ്ടതോടെ പക്ഷികൾക്കും മറ്റും ആശ്വാസമാവുകയാണ് വെള്ളം നിറച്ച ഇത്തരം പാത്രങ്ങൾ. കഴിഞ്ഞ കുറെ കാലം മുതൽ വേനൽക്കാലത്ത് സ്‌കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റംഗങ്ങൾ പക്ഷികൾക്ക് ദാഹജലം ഒരുക്കി വരുന്നുണ്ട്. മരക്കൊമ്പിലും മറ്റും വയ്ക്കുന്ന പാത്രങ്ങളിൽ നിന്നും ദാഹമകറ്റിയ ശേഷം മിക്ക കിളികളും ചെറിയ കുളിയും കഴിഞ്ഞാണ് യാത്രയാകുന്നത്. വെള്ളം തീരുന്നതനുസരിച്ച് ഇടയ്ക്കിടെ വീണ്ടും നിറച്ച് വയ്ക്കാനും ഇവർ ശ്രദ്ധിക്കാറുണ്ട്. ക്യാമ്പയിൻ്റെ ഭാഗമായി സ്കൂളിൽ വിവിധ ഇടങ്ങളിലും വെള്ളം നിറച്ച പാത്രങ്ങൾ കേഡറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.
by liji HP News | Mar 18, 2024 | Latest News, ജില്ലാ വാർത്ത
മാലിന്യമുക്ത നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷൻ നടത്തിയ ഹരിത ഓഡിറ്റിന്റെ ബ്ലോക്ക് തല പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും വർക്കല എം എൽ എ വി. ജോയി നിർവഹിച്ചു. ആറ്റിങ്ങൽ എം എൽ എ ഒ എസ്. അംബിക അധ്യക്ഷത വഹിച്ച ചടങ്ങിൽ നവകേരളം ആർ പി പ്രവീൺ പി വിഷയാവതരണം നടത്തി. ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ തിരഞ്ഞെടുത്ത സ്ഥാപന പ്രതിനിധികൾ ഉൾപ്പടെ പങ്കെടുത്ത ചടങ്ങിൽ A+, A ഗ്രേഡുകൾ ലഭിച്ച 38 സ്ഥാപനങ്ങൾ ക്കാണ് ആദ്യഘട്ടത്തിൽ സാക്ഷ്യപത്രം നൽകിയത്.
Recent Comments