വിദ്യാർഥിനിയുടെ രക്ഷാ പ്രവർത്തനത്തിന് എട്ട് വർഷങ്ങൾക്കു ശേഷം നാട്ടുകാരുടെ ആദരം

വിദ്യാർഥിനിയുടെ രക്ഷാ പ്രവർത്തനത്തിന് എട്ട് വർഷങ്ങൾക്കു ശേഷം നാട്ടുകാരുടെ ആദരം

ആറ്റിങ്ങൽ: ബിഡിഎസ് രണ്ടാംവർഷ വിദ്യാർഥിനിയായ ആറ്റിങ്ങൽ താഴെയിളമ്പ സ്വദേശിനി അക്ഷയയെ ആറ്റിങ്ങൽ പള്ളിയറ ക്ഷേത്രത്തിലെ ഉത്സവത്തിന് പഞ്ചായത്തിൻറെ നേതൃത്വത്തിൽ ആദരിച്ചു. കൂട്ടുകാരനെ ഗുണാകേവിൽനിന്ന് രക്ഷിച്ച സുഹൃത്തുക്കളുടെ കഥപറഞ്ഞ മഞ്ഞുമ്മൽ ബോയ്സ് ഹിറ്റായതോടെ കൂട്ടുകാരനെ രക്ഷിച്ച അക്ഷയയെയും ഇപ്പോൾ നാട്ടുകാർ ഓർക്കുകയാണ്.

ഇന്നും ആ ദിവസം തെളിഞ്ഞ ഓർമയാണ് അക്ഷയയ്ക്.‌ തോട്ടിലെ ഒഴുക്കിൽപ്പെട്ട സഹപാഠിയെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയ ദിവസം. ആറാംക്ലാസിൽ പഠിക്കുമ്പോഴാണ് സംഭവം. മേയ് മാസത്തിൽ മഴപെയ്ത് നിറഞ്ഞുകിടക്കുന്ന തോടിനരികിൽക്കൂടി ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് നടക്കുകയായിരുന്നു അക്ഷയ. മറ്റൊരു ട്യൂഷൻ ക്ലാസിൽനിന്ന് വരുന്ന ഏതാനും കുട്ടികളും മുന്നിലുണ്ട്. അക്ഷയയേക്കാൾ ഒരു വയസ് കുറഞ്ഞ കുട്ടികൾ. തോട്ടുവെള്ളത്തിൽ കുട മുട്ടിച്ച് കളിച്ചുനടന്ന ഒരു വിദ്യാർഥി പെട്ടെന്ന് തെന്നി തോട്ടിൽ വീണു. നല്ല ഒഴുക്കിൽ കുട്ടി മുങ്ങിത്താണ് ഒഴുകിപ്പോകുന്നതാണ് അക്ഷയ കണ്ടത്.

പാലത്തിനടുത്തേക്ക് കുട്ടി ഒഴുകിയെത്താറായപ്പോഴേക്കും പിന്നിലേക്കോടി മറുവശത്തെത്തിയ അക്ഷയ ഒഴുക്കിൽപ്പെട്ട കുട്ടിയുടെ ബാഗിൽ പിടിച്ച് കരയിലേക്ക് വലിച്ചുകയറ്റി. 12 വയസാണ് അന്ന് അക്ഷയയ്ക്ക്. രക്ഷപ്പെട്ട കുട്ടിക്ക് പതിനൊന്നും. ആ കുട്ടി ഇപ്പോൾ എൻജിനിയറിങ് രണ്ടാംവർഷ വിദ്യാർഥിയാണ്.

ഇളമ്പ ഗവൺമെന്റ് എൽ.പി.എസിന്റെ 99 മത് വാർഷികാഘോഷം നടന്നു

ഇളമ്പ ഗവൺമെന്റ് എൽ.പി.എസിന്റെ 99 മത് വാർഷികാഘോഷം നടന്നു

ആറ്റിങ്ങൽ: ഇളമ്പ ഗവൺമെന്റ് എൽ.പി.എസിന്റെ വാർഷികാഘോഷ പരിപാടികൾ കവിയും
ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. സ്കൂളിന്റെ 99 മത് വാർഷികാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുൻപ്രഥമാധ്യാപികമാരായ ജയശ്രീ, റീന, ബിആർസി കോഡിനേറ്റർ ഷിബിന, എസ്എം സി വൈസ് ചെയർമാൻ ജോയ്, എം പി ടി എ പ്രസിഡന്റ് അനിത എന്നിവർ സംസാരിച്ചു. എസ് എം സി ചെയർമാൻ സന്തോഷ് കണ്ണങ്കര അധ്യക്ഷനായി. സ്കൂൾ പ്രഥമഅധ്യാപകൻ വി സുഭാഷ് സ്വാഗതവും അധ്യാപിക അശ്വതി നന്ദിയും പറഞ്ഞു.

ആറ്റിങ്ങലിലെ മോഷണം: തസ്കര ഗ്രാമത്തിലെത്തി പ്രതികളെ പൊക്കി പൊലീസ്

ആറ്റിങ്ങലിലെ മോഷണം: തസ്കര ഗ്രാമത്തിലെത്തി പ്രതികളെ പൊക്കി പൊലീസ്

തിരുവനന്തപുരം: ആറ്റിങ്ങലിൽ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശികളായ കിഷൻലാൽ(27), സാൻവർ ലാൽ(26) എന്നിവരാണ് പിടിയിലായത്. രാജസ്ഥാനിലെ താണ്ടോടി എന്ന തസ്കര ​ഗ്രാമത്തിൽ നിന്നാണ് ആറ്റിങ്ങൽ പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവരെ നാളെ കേരളത്തിലെത്തിക്കും. അജ്മീറിൽ നിന്നും 70 കിലോമീറ്റർ അകലെയുള്ള ഉൾനാടൻ ഗ്രാമമായ താണ്ടോടിയിലെത്തി ഏറെ പണിപ്പെട്ടാണ് ആറ്റിങ്ങൽ എസ്ഐ ആദർശ്, റൂറൽ ഡാൻസാഫ് എസ്ഐ ബിജുകുമാർ എന്നിവരടങ്ങുന്ന സംഘം പ്രതികളെ പിടികൂടിയത്.

മോഷണത്തിനു പിന്നാലെ ലഭിച്ച സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രതികളിലേക്കെത്തിയത്. താണ്ടോടിയിലെത്തിയ പൊലീസ് ആദ്യം കിഷൻ ലാലിനെ കസ്റ്റഡിയിലെടുത്തു. പിന്നാലെ സാൻവർ ലാലിനെ തൊട്ടടുത്ത ​ജെട്പുര ​ഗ്രാമത്തിൽ നിന്നും പിടികൂടി.

അതിവിദ​ഗ്ധമായി കവർച്ച നടത്തുന്ന സംഘത്തിലുള്ളവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. ഉത്സവപ്പറമ്പുകളിലും റോഡുകളിലും കളിപ്പാട്ടങ്ങളും തുണികളും വിൽക്കാനെന്ന വ്യാജേനയാണ് ഇവർ കേരളത്തിൽ അലഞ്ഞുതിരിയുന്നത്. സ്ത്രീകളും കുട്ടികളുമായി എത്തുന്ന ഇത്തരം സംഘങ്ങൾ റോഡരുകിൽ ടെന്റ് അടിച്ചാണ് താമസം. തുടർന്ന് ആളൊഴിഞ്ഞ വീടുകൾ നോക്കി മനസ്സിലാക്കി കവർച്ച നടത്തും. മോഷണ വസ്തുക്കൾ നിസ്സാര വിലയ്ക്ക് മറ്റുള്ളവർക്ക് വിൽക്കുകയാണ് പതിവ്. മാർച്ച് ഏഴിനാണ് ദന്തൽ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് സംഘം സ്വർണവും പണവും കവർന്നത്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം: പൊതുജനങ്ങള്‍ക്ക് സി-വിജിൽ ആപ്പുവഴി പരാതി നല്‍കാം

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം: പൊതുജനങ്ങള്‍ക്ക് സി-വിജിൽ ആപ്പുവഴി പരാതി നല്‍കാം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ഉള്‍പ്പെടെയുളള പരാതികളും ക്രമക്കേടുകളും പൊതുജനങ്ങള്‍ക്ക് സി-വിജില്‍ ആപ്പ് വഴി അറിയിക്കാം. സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിനുളള സംവിധാനമാണിത്. പ്ലേ സ്റ്റോറില്‍/ ആപ്പ് സ്റ്റോറില്‍ സി വിജിൽ എന്ന് സെര്‍ച്ച് ചെയ്താല്‍ ആപ്പ് ലഭ്യമാവും.

പരാതി ലഭിച്ച് 100 മിനിറ്റിനുള്ളില്‍ നടപടി സ്വീകരിച്ച് മറുപടി ലഭിക്കുന്ന രീതിയിലാണ് ക്രമീകരണമെന്ന് അധികൃതർ അറിയിച്ചു. പെരുമാറ്റചട്ടലംഘനമോ ചെലവ് സംബന്ധമായ ചട്ടലംഘനമോ ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതികാരന് ആപ്പ് വഴി ചിത്രം അല്ലെങ്കില്‍ വീഡിയോ എടുത്ത് നല്‍കി പരാതി രജിസ്റ്റര്‍ ചെയ്യാം. ഫോട്ടോ/വീഡിയോയുടെ ഭൂമിശാസ്ത്രപരമായ വിവരം സ്വമേധയാ ശേഖരിക്കപ്പെടും. ബന്ധപ്പെട്ട ജില്ലാ കണ്‍ട്രോള്‍ റൂമിലേക്കാണ് പരാതി നേരിട്ട് അയക്കുക. ആപ്പ് ഉപയോഗിച്ച് എടുക്കുന്ന ലൈവ് ഫോട്ടോ/വീഡിയോ മാത്രമേ അയക്കാന്‍ കഴിയൂ.

ഏത് സ്ഥലത്തുനിന്നാണ് ഫോട്ടോ/വീഡിയോ എടുക്കുന്നതെന്ന് ആപ്പ് തിരിച്ചറിഞ്ഞ് രേഖപ്പെടുത്തുന്നതിനാല്‍ ഈ ഡിജിറ്റല്‍ തെളിവ് ഉപയോഗിച്ച് സ്‌ക്വാഡിന് സമയബന്ധിതമായി നടപടി എടുക്കാനാവും. ഫോണ്‍ നമ്പര്‍, ഒ.ടി.പി, വ്യക്തിവിവരങ്ങള്‍ നല്‍കി പരാതി സമര്‍പ്പിക്കുന്നയാള്‍ക്ക് തുടര്‍നടപടികള്‍ അറിയാന്‍ ഒരു ഐഡി ലഭിക്കും. പരാതിക്കാരന്‍ തിരിച്ചറിയപ്പെടാതെ പരാതി നല്‍കാനുള്ള സംവിധാനവും ആപ്പിലുണ്ട്. എന്നാല്‍, ഇങ്ങനെ പരാതി നല്‍കുന്നയാള്‍ക്ക് പരാതിയുടെ തുടര്‍വിവരങ്ങള്‍ ആപ്പ് വഴി അറിയാന്‍ സാധ്യമല്ല.

പരാതി ജില്ലാ കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചാല്‍ അത് ഫീല്‍ഡ് യൂണിറ്റിന് കൈമാറും. ഫീല്‍ഡ് യൂനിറ്റില്‍ ഫ്‌ളെയിങ് സ്‌ക്വാഡുകള്‍, സ്റ്റാറ്റിക് സര്‍വെയ്‌ലന്‍സ് ടീമുകള്‍ എന്നിവയുണ്ടാവും. ഫീല്‍ഡ് യൂണിറ്റിന് പരാതിയുടെ ഉറവിടം ട്രാക്ക് ചെയ്ത് നേരിട്ട് സ്ഥലത്ത് എത്താന്‍ കഴിയും. ഫീല്‍ഡ് യൂനിറ്റ് സ്ഥലത്തെത്തി നടപടി എടുത്ത ശേഷം തുടര്‍തീരുമാനത്തിനും തീര്‍പ്പിനുമായി ഇന്‍വെസ്റ്റിഗേറ്റര്‍ ആപ്പ് വഴി റിപ്പോര്‍ട്ട് നല്‍കും. ജില്ലാതലത്തില്‍ തീര്‍പ്പാക്കാന്‍ കഴിയാതെവന്നാല്‍ വിവരങ്ങള്‍ തുടര്‍നടപടികള്‍ക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നാഷനല്‍ ഗ്രീവന്‍സ് പോര്‍ട്ടലിലേക്ക് അയയ്ക്കും. 100 മിനിറ്റിനകം പരാതി നല്‍കിയയാള്‍ക്ക് വിവരം നല്‍കുകുയും ചെയ്യും.

സി-വിജിലില്‍ ഫോട്ടോ/വീഡിയോ എടുത്ത ശേഷം അപ്ലോഡ് ചെയ്യാന്‍ അഞ്ച് മിനിറ്റ് മാത്രമേ ലഭിക്കൂ. നേരത്തെ റെക്കോഡ് ചെയ്ത ഫോട്ടോ/വീഡിയോ ആപ്പില്‍ അപ്ലോഡ് ചെയ്യാനാവില്ല. ആപ്പിലെടുത്ത ഫോട്ടോ/വീഡിയോ ഫോണ്‍ ഗാലറിയില്‍ നേരിട്ട് സേവ് ചെയ്യാനും കഴിയില്ല.തുടര്‍ച്ചയായി ഒരേ സ്ഥലത്തുനിന്ന് ഒരേ പരാതികള്‍ നല്‍കുന്നത് ഒഴിവാക്കാനും സംവിധാനമുണ്ട്.

വെള്ളിയാഴ്ച വോട്ടെടുപ്പ് വേണ്ട; തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് കെപിസിസി

വെള്ളിയാഴ്ച വോട്ടെടുപ്പ് വേണ്ട; തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് കെപിസിസി

തിരുവനന്തപുരം: കേരളത്തിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതി മാറ്റണണെന്ന് കോണ്‍ഗ്രസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി കെപിസിസി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. വെള്ളിയാഴ്ച വോട്ടെടുപ്പ് നടത്തുന്നത് പ്രവര്‍ത്തകര്‍ക്ക് അസൗകര്യമാണെന്നും കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസ്സന്‍ പറഞ്ഞു.

കേരളത്തില്‍ വോട്ടെടുപ്പ് തിയതി വെള്ളിയാഴ്ചയായത് കുറെ പ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടായിട്ടുണ്ട്. പോളിങ്ങ് ഏജന്റുമാര്‍ക്ക് അടക്കം അസൗകര്യമുണ്ടാകുന്ന സാഹചര്യമാണ്. അതിനാല്‍ വോട്ടെടുപ്പ് തീയതി മാറ്റണം. ഈ ആവശ്യം ഉന്നയിച്ച് കെപിസിസി തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞത്ത് ടിപ്പര്‍ ലോറിയില്‍ നിന്നും കരിങ്കല്ല് തെറിച്ചു വീണു; മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

വിഴിഞ്ഞത്ത് ടിപ്പര്‍ ലോറിയില്‍ നിന്നും കരിങ്കല്ല് തെറിച്ചു വീണു; മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിലേക്ക് പോയ ടിപ്പര്‍ ലോറിയില്‍ നിന്നും കരിങ്കല്ല് തെറിച്ചു വീണ് മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു. മുക്കോല സ്വദേശി അനന്തു(24) വാണ് മരിച്ചത്. തുറമുഖത്തിന് സമീപം മുക്കോല ജംങ്ഷനില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

സ്‌കൂട്ടറില്‍ പോകുകയായിരുന്ന അനന്തുവിന്റെ ദേഹത്തേക്ക് ലോറിയില്‍ നിന്നും കല്ല് തെറിച്ചു വീഴുകയായിരുന്നു. ഇതേത്തുടര്‍ന്ന് സ്‌കൂട്ടര്‍ സമീപത്തെ മതിലില്‍ ഇടിച്ചു മറിഞ്ഞു. കല്ല് അനന്തുവിന്റെ ദേഹത്ത് പതിക്കുകയും ചെയ്തു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ ഉടന്‍ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിംസ് മെഡിക്കല്‍ കോളജിലെ നാലാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിയാണ്.