ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ മെയ് 20 മുതൽ 25 വരെ

ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ മെയ് 20 മുതൽ 25 വരെ

ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ മെയ് 20 മുതൽ 25 വരെ നടത്തുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് ഹയർ സെക്കൻഡറി വിഭാഗം വിജ്ഞാപനമിറക്കി. ജില്ലയിൽ 22 ഹയർസെക്കൻഡറി സ്‌കൂളുകൾ പരീക്ഷാ കേന്ദ്രങ്ങളാകും. ഹയർ സെക്കൻഡറി ഒന്നാം വർഷം, രണ്ടാം വർഷ പരീക്ഷകളാണ് മെയ് മാസത്തിൽ നടക്കുക. പരീക്ഷാ ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി മാർച്ച് അഞ്ച് ആണ്.

ഗ്രേഡിങ് രീതിയിലാണ് തുല്യതാ പരീക്ഷയും നടക്കുക. നിരന്തര മൂല്യനിർണ്ണയം, പ്രായോഗിക മൂല്യനിർണ്ണയം, ആത്യന്തിക മൂല്യനിർണ്ണയം എന്നിവ ഉൾപ്പെട്ടിട്ടുള്ളതാണ് ഗ്രേഡിങ് സമ്പ്രദായം. ജില്ലയിൽ 29 സമ്പർക്ക പഠനകേന്ദ്രങ്ങളിലായി രണ്ടായിരത്തോളം മുതിർന്ന പഠിതാക്കളാണ് തുല്യതാ പരീക്ഷക്ക് തയാറെടുക്കുന്നത്.കോഴ്‌സിന്റെ നടത്തിപ്പ് ചുമതല സാക്ഷരതാ മിഷനും പൊതുപരീക്ഷയുടെ നടത്തിപ്പ് ചുമതല പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് ഹയർ സെക്കൻഡറി വിഭാഗത്തിനുമാണ്.

പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 95264 13455, 9947528616 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ അറിയിച്ചു.

ഇലവുംകുന്ന് – വേട്ടക്കാട്ട് കോണം റോഡിന്റെ ഉദ്ഘാടനം നടന്നു

ഇലവുംകുന്ന് – വേട്ടക്കാട്ട് കോണം റോഡിന്റെ ഉദ്ഘാടനം നടന്നു

ആറ്റിങ്ങൽ: മടവൂർ ഗ്രാമപഞ്ചായത്തിൽ വർക്കല എം എൽ എ അഡ്വ: ജോയിയുടെ ആസ്‌ഥി വികസന ഫണ്ടിൽ ഉൾപ്പടുത്തി 25-ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച ഇലവുംകുന്ന് – വേട്ടക്കാട്ട് കോണം റോഡ് ഉദ്ഘാടനം ചെയ്തു. മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം ബിജുകുമാറിന്റെ അധ്യക്ഷതയിൽ വി ജോയി എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.

വേട്ടക്കാട്ട് കോണം ബ്രാഞ്ച്‌ സെക്രട്ടറി എൻ മുരളീധരൻ, സിപിഐഎം ലോക്കൽ സെക്രട്ടറി
അഡ്വ ബിനു, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്ബി എം റസിയ, പാർട്ടി ലോക്കൽ കമ്മിറ്റി അംഗങ്ങൾ, എം എസ് റാഫി, ബി എസ് ഹർഷ കുമാർ, വാർഡ്‌ മെമ്പർ ഇന്ദു എസ് രാജീവ് തുടങ്ങിയവർ പങ്കെടുത്തു.

പ്രധാനമന്ത്രി സംസ്ഥാനത്തെത്തി; ഉജ്ജ്വല വരവേല്‍പ്പ്

പ്രധാനമന്ത്രി സംസ്ഥാനത്തെത്തി; ഉജ്ജ്വല വരവേല്‍പ്പ്

തിരുവനന്തപുരം: ഒറ്റദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്ത് എത്തി. രാവിലെ പത്തരയ്ക്ക് തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളത്തിലെ വ്യോമസേന ടെക്‌നിക്കല്‍ ഏരിയയിലാണ് മോദി വിമാനം ഇറങ്ങിയത്.

അവിടെ നിന്ന് മോദി വിക്രം സാരാഭായ് സ്‌പേസ് സെന്ററിലേക്ക് തിരിച്ചു. വിഎസ്എസ്‌സിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും. ഉച്ചയ്ക്ക് 12 മുതല്‍ ഒരു മണി വരെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതു പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും.ഉച്ചയ്ക്ക് 1.20ന് തിരുവനന്തപുരത്ത് നിന്ന് തമിഴ്‌നാട്ടിലേക്ക് യാത്ര തിരിക്കും.

28ന് ഉച്ചയ്ക്ക് 1.10 ന് തിരുനെല്‍വേലിയില്‍ നിന്ന് ഹെലികോപ്റ്ററില്‍ തിരുവനന്തപുരം വ്യോമസേന ടെക്‌നിക്കല്‍ ഏരിയയില്‍ തിരിച്ചെത്തുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് 1.15ന് മഹാരാഷ്ട്രയിലേക്ക് പോകും.

ഇനി ‘ഉച്ചയൂൺ’ സ്റ്റീൽ പാത്രത്തിൽ ഓഫീസിലെത്തും! വരുന്നു കുടുംബശ്രീയുടെ ‘ലഞ്ച് ബെൽ’

ഇനി ‘ഉച്ചയൂൺ’ സ്റ്റീൽ പാത്രത്തിൽ ഓഫീസിലെത്തും! വരുന്നു കുടുംബശ്രീയുടെ ‘ലഞ്ച് ബെൽ’

തിരുവനന്തപുരം: ഇനി ഉച്ചയൂൺ കഴിക്കാൻ പുറത്തിറങ്ങേണ്ടി വരില്ല. സ്റ്റീൽ പാത്രങ്ങളിൽ ചൂടോടെ ഉച്ചയൂൺ എത്തിക്കാൻ കുടുംബശ്രീ ഉണ്ടാകും. ഇതിനായി കുടുംബശ്രീയുടെ ‘ലഞ്ച് ബെൽ’ സജ്ജമാകുന്നു. കുടുംബശ്രീ ഓൺലൈൻ ആപ്പായ ‘പോക്കറ്റ് മാർട്ട്’ വഴിയാണ് ഓർഡറുകൾ സ്വീകരിക്കുക.

തുടക്കത്തിൽ ഉച്ചയൂണു മാത്രമാണ് നൽകുന്നത്. മുട്ട, മീൻ എന്നിവ ചേർന്ന ഉച്ചയൂണിനു 99 രൂപയും പച്ചക്കറി ഉൾപ്പെടുന്ന ഊണിനു 60 രൂപയുമാണ് വില. ഉപഭോക്താവിന്റെ ആവശ്യം അനുസരിച്ച് റെ​ഗുലർ ലഞ്ച്, ഹാപ്പി ലഞ്ച് എന്നിങ്ങനെ രണ്ട് അളവിലായിരിക്കും ഉച്ച ഭക്ഷണം ലഭ്യമാക്കുന്നത്. ഒരു മാസം വരെ മുൻകൂട്ടി പണമടച്ച് ബുക്ക് ചെയ്യാം.

കുടുംബശ്രീ അം​ഗങ്ങൾ തന്നെയാണ് വിതരണവും. സ്റ്റീൽ പാത്രങ്ങളിൽ എത്തിച്ച ശേഷം പാത്രങ്ങൾ പിന്നീട് മടക്കി വാങ്ങും. തുടക്കത്തിൽ തിരുവനന്തപുരത്താണ് പദ്ധതി തുടങ്ങുന്നത്. പദ്ധതി താമസിയാതെ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും.

കേന്ദ്രീകൃത അടുക്കളയിൽ പാചകം ചെയ്ത ഭക്ഷണമായിരിക്കും നൽകുക. വൃത്തിയോടെ രുചികരവും ​ഗുണമേന്മയുള്ളതും മായം കലരാത്തതുമായ ഉച്ച ഭക്ഷണം നൽകുന്നുവെന്നതാണ് മെച്ചമെന്നു കുടുംബശ്രീ പറയുന്നു. ഭക്ഷണ വിതരണത്തിൽ പ്രാവീണ്യമുള്ള ഏജൻസിയുടെ മേൽനോട്ടത്തിലായിരിക്കും അടുക്കള പ്രവർത്തിക്കുക. ഹരിത മാനദണ്ഡം പാലിച്ചായിരിക്കും പ്രവർത്തനം.

ഏറ്റവും കുറഞ്ഞത് ആയിരം ഉച്ച ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യാൻ സൗകര്യമുള്ള മികച്ച യൂണിറ്റിനെ കണ്ടെത്തി ദൗത്യം ഏൽപ്പിക്കും. ടു വീല‍ർ സ്വന്തമായുള്ള ലൈസൻസുള്ള കുടുംബശ്രീ അം​ഗങ്ങൾ, കുടുബാം​ഗങ്ങളെ തിരഞ്ഞെടുത്ത് പരിശീലനം നൽകും. ആവശ്യക്കാരുടെ താത്പര്യം അറി‍ഞ്ഞ് ഭാവിയിൽ കേരള ഊണിനു പുറമെ നോർത്ത് ഇന്ത്യൻ ഉച്ച ഭക്ഷണം, ജീവിതശൈലീ രോ​ഗത്തിനു മുൻകരുതലായി ഡയറ്ററി ലഞ്ച്, നാരുകൾ കൂടുതൽ അടങ്ങിയ ഉച്ച ഭക്ഷണം, സാലഡ് എന്നിവയും ലഭ്യമാക്കും.

പ്രധാനമന്ത്രി സംസ്ഥാനത്തെത്തി; ഉജ്ജ്വല വരവേല്‍പ്പ്

മോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരത്ത് ഇന്നും നാളെയും ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തിന്‍റെ ഭാ​ഗമായി തിരുവനന്തപുരം ന​ഗരത്തിൽ ഇന്നും നാളെയും ​ഗതാ​ഗത നിയന്ത്രണം. ഇന്ന് രാവിലെ മുതൽ ഉച്ച വരെയും നാളെ 11 മണി മുതൽ ഉച്ച വരെയുമാണ് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ വ്യോമസേനയുടെ ടെക്നിക്കൽ ഏരിയയിൽ രാവിലെ 10.30ന് എത്തുന്ന പ്രധാനമന്ത്രി അവിടെ നിന്ന് വിക്രം സാരാഭായ് സ്പേസ് സെന്ററിലേക്ക് പോകും. വിഎസ്എസ്‍സിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം നിർവഹിക്കും. തുടർന്ന് ഉച്ചയ്ക്ക് 12 മുതൽ ഒരു മണി വരെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുപരിപാടിയിൽ പങ്കെടുക്കും. ഉച്ചയ്ക്ക് 1.20ന് തിരുവനന്തപുരത്ത് നിന്ന് തമിഴ്നാട്ടിലേക്ക് യാത്ര തിരിക്കും.

പാര്‍ക്കിങ്ങിന് നിരോധനം

പുലർച്ചെ 5 മണിമുതല്‍ ഉച്ചയ്ക്ക് 2 മണി വരെ തലസ്ഥാന നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകും. എയർപോർട്ട് – ശംഖുമുഖം – കൊച്ചുവേളി- പൗണ്ട്കടവ് വരെയുള്ള റോഡിലും ആള്‍സെയിൻസ് – പേട്ട – ആശാൻ സ്ക്വയർ – പാളയം – സ്റ്റാച്യൂ – പുളിമൂട് വരെയുള്ള റോഡിലും സെക്രട്ടറിയേറ്റിനും സെന്‍ട്രല്‍ സ്റ്റേഡിയത്തിനും ചുറ്റുമുള്ള റോഡിലുമാണ് പ്രധാനമായും ഗതാഗത നിയന്ത്രണമുണ്ടാകുക. ഈ സ്ഥലങ്ങളിൽ റോഡുകള്‍ക്ക് ഇരുവശങ്ങളിലും വാഹനങ്ങള്‍ പാർക്ക് ചെയ്യാനും അനുവദിക്കില്ല.

നാളെ രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് ഗതാഗത നിയന്ത്രണം. എയർപോർട്ട് – ശംഖുമുഖം – ചാക്ക – ഈഞ്ചക്കല്‍ റോഡിലാണ് അന്നേ ദിവസം ഗതാഗത നിയന്ത്രണമുണ്ടായിരിക്കുക. ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള പ്രധാന റോഡുകളിലോ ഇടറോഡുകളിലോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. അത്തരത്തില്‍ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച്‌ നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്ന് അറിയിപ്പുണ്ട്.

എയര്‍പോര്‍ട്ടിലേക്ക് പോകുന്നവര്‍ ശ്രദ്ധിക്കുക

എയര്‍പോര്‍ട്ടിലേക്ക് പോകുന്ന യാത്രക്കാരടക്കം മുൻകൂട്ടി യാത്രകള്‍ ക്രമീകരിക്കണം. ഡൊമസ്റ്റിക് എയര്‍പോര്‍ട്ടിലേക്ക് പോകുന്ന യാത്രക്കാര്‍ വെണ്‍പാലവട്ടം – ചാക്ക ഫ്ളൈ ഓവര്‍ – ഈഞ്ചക്കല്‍ കല്ലുംമൂട് – വലിയതുറ വഴി തിരഞ്ഞെടുക്കണം. ഇൻര്‍നാഷണല്‍ ടെര്‍മിനലിലേക്ക് പോകുന്ന യാത്രക്കാരാണെങ്കിൽ വെണ്‍പാലവട്ടം – ചാക്ക ഫ്ളൈ ഓവര്‍, ഈഞ്ചക്കല്‍ അനന്തപുരി ആശുപത്രി സര്‍വീസ് റോഡ് തെരഞ്ഞെടുക്കാവുന്നതാണ്.

സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പൊതുപരിപാടിക്കായി എത്തുന്ന വാഹനങ്ങള്‍ പനവിള, ഊറ്റുകുഴി എന്നിവിടങ്ങളില്‍ ആളുകളെ ഇറക്കിയശേഷം വാഹനങ്ങള്‍ ആറ്റുകാല്‍ ക്ഷേത്രം ഗ്രൗണ്ടിലോ കോവളം ബൈപ്പാസില്‍ ഈഞ്ചക്കല്‍ മുതല്‍ തിരുവല്ലം വരെയുള്ള റോഡിൻറെ വശങ്ങളിലോ പാര്‍ക്ക് ചെയ്യേണ്ടതാണ്. 27, 28 തീയതികളില്‍ രാവിലെ 6 മണിമുതല്‍ വൈകുന്നേരം 6 മണിവരെ ഡ്രോണ്‍ പറത്തുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്.

പി.എച്ച്.ഡി ജേതാവിനെ ആദരിച്ച്  പരുത്തിയിൽ വാർഡ് കോൺഗ്രസ് കമ്മിറ്റി

പി.എച്ച്.ഡി ജേതാവിനെ ആദരിച്ച് പരുത്തിയിൽ വാർഡ് കോൺഗ്രസ് കമ്മിറ്റി

ആറ്റിങ്ങൽ: കേരള സർവകലാശാലയിൽ നിന്നും കെമിസ്ട്രിയിൽ പി.എച്ച്.ഡി നേടി നാടിന്റെ അഭിമാനമായി മാറിയ എ.എസ്.അച്യുതയെ പരുത്തിയിൽ വാർഡ് കോൺഗ്രസ് കമ്മിറ്റി ആദരിച്ചു.

ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.ആർ.അഭയൻ മെമെന്റോ നൽകി. പ്രൊഫസർ വിഎൽ പുഷ്പയുടെ കീഴിലാണ് അച്യുത ഗവേഷണം പൂർത്തിയാക്കിയത്. ആറ്റിങ്ങൽ അവനവഞ്ചേരി പരുത്തി പാർപ്പിടത്തിൽ എസ്.അനിൽകുമാറിന്റെയും (കോൺഗ്രസ് മണ്ഡലം സെക്രട്ടറി), ഡെപ്യൂട്ടി തഹസിൽദാർ വി.കെ. ഷീജയുടെയും മകളാണ് അച്യുത. അനുമോദന ചടങ്ങിൽ പ്രദീപ് കൊച്ചു പരുത്തി, കൃഷ്ണപിള്ള, ശശിധരൻ ചെട്ടിയാർ, വാർഡ് മെമ്പർ ശശികല, മോഹൻദാസ് എന്നിവർ പങ്കെടുത്തു.