ഓടക്കുഴല്‍ അവാര്‍ഡ് പിഎന്‍ ഗോപികൃഷ്ണന്

ഓടക്കുഴല്‍ അവാര്‍ഡ് പിഎന്‍ ഗോപികൃഷ്ണന്

കൊച്ചി: ഗുരുവായൂരപ്പന്‍ ട്രസ്റ്റിന്റെ 2023ലെ ഓടക്കുഴല്‍ അവാര്‍ഡ് പിഎന്‍ ഗോപികൃഷ്ണന്റെ മാംസഭോജിക്ക്. മഹാകവി ജിയുടെ ചരമ വാര്‍ഷിക ദിനമായ ഫെബ്രുവരി രണ്ടിന് എറണാകുളം ജി ഓഡിറ്റോറിയത്തില്‍ ഗുരുവായൂരപ്പന്‍ ട്രസ്റ്റ് അധ്യക്ഷ ഡോക്ടര്‍ എം ലീലാവതി സമ്മാനിയ്ക്കും. 30000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

വാഴക്കുളത്ത് ബിരുദ വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവ്

വാഴക്കുളത്ത് ബിരുദ വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവ്

കൊച്ചി: വാഴക്കുളത്ത് ബിരുദ വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ. മൂര്‍ഷിദാബാദ് സ്വദേശി ബിജു മൊല്ല (44) യെയാണ് എറണാകുളം പറവൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. അമ്പുനാട് അന്തിനാട് സ്വദേശിനി നിമിഷ തമ്പിയെയാണ് കൊലപ്പെടുത്തിയത്. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

2018 ജൂലൈ 30ന് തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. വല്യമ്മയുടെ മാല പൊട്ടിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് നിമിഷയെ പ്രതി ആക്രമിച്ചത്. ആക്രമണം തടയാന്‍ ശ്രമിച്ച വല്യച്ഛന്‍ ഏലിയാസിനെയും കുത്തിപരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നായിരുന്നു നിമിഷയുടെ മരണം. മാറമ്പിള്ളി എംഇഎസ് കോളജിലെ ബിബിഎ വിദ്യാര്‍ഥിനിയായിരുന്നു.

കൊലപാതകം, കൊലപാതക ശ്രമം, ആയുധം ഉപയോഗിച്ച് കവര്‍ച്ച, അതിക്രമിച്ചു കയറല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രതിക്കുമേല്‍ ചുമത്തിയായിരുന്നു കേസ്. വിചാരണ വേളയില്‍ 40 സാക്ഷികളെ കോടതി വിസ്തരിച്ചു.

ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി രാഹുലിന്റെ ജാമ്യാപേക്ഷ; 17ന് പരിഗണിക്കും

ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി രാഹുലിന്റെ ജാമ്യാപേക്ഷ; 17ന് പരിഗണിക്കും

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യഹര്‍ജി ഈ മാസം 17 ന് കോടതി പരിഗണിക്കും. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുക. കഴിഞ്ഞദിവസം രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചിരുന്നു.

സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ നാലാം പ്രതിയാണ് രാഹുല്‍. അറസ്റ്റ് ചെയ്ത് രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്ത രാഹുല്‍ മാങ്കൂട്ടത്തില്‍ പൂജപ്പുര ജയിലിലാണ്.

ഏതാനും ദിവസം മുമ്പ് മാത്രം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടിയാണ് പുതിയ ജാമ്യാപേക്ഷ നല്‍കിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ബുധനാഴ്ച രാഹുലിനെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു.

നേരത്തെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചെങ്കിലും വീണ്ടും ആരോഗ്യപരിശോധനക്ക് വിധേയമാക്കിയശേഷമാണ് മജിസ്‌ട്രേറ്റ് കോടതി രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം നിഷേധിച്ചത്. ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ ഡോക്ടര്‍ക്കുമേല്‍ സമ്മര്‍ദമുണ്ടായെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ ആരോപണം ഉന്നയിച്ചു.

ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 25ന്

ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 25ന്

തിരുവനന്തപുരം: ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനുള്ള തയാറെടുപ്പുകളും ക്രമീകരണങ്ങളും സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി വിവിധ സർക്കാർ വകുപ്പുകൾക്ക് നിർദേശം നൽകി. പൊങ്കാല മഹോത്സവത്തിനോടനുബന്ധിച്ച് സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മന്ത്രിയുടെ അധ്യക്ഷതയിൽ ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ് ഹാളിൽ അവലോകന യോഗം ചേർന്നു. ഫെബ്രുവരി 17 മുതൽ 26 വരെയാണ് ആറ്റുകാൽ പൊങ്കാല മഹോത്സവം. ഫെബ്രുവരി 25നാണ് ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല.

പൂർണമായും ഗ്രീൻപ്രോട്ടോകോൾ പാലിച്ചായിരിക്കും പൊങ്കാല മഹോത്സവം നടത്തുക. ഉത്സവ മേഖലകളിലെ റോഡുകളുടെയും തെരുവ് വിളക്കുകളുടെയും അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കുന്നതിന് തിരുവനന്തപുരം നഗരസഭയ്ക്കും പൊതുമരാമത്ത് റോഡുകൾ വിഭാഗത്തിനും കെ.എസ്.ഇ.ബിയ്ക്കും മന്ത്രി നിർദേശം നൽകി.

തെരുവ് നായ ശല്യം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും മൊബൈൽ ടോയ്‌ലെറ്റുകൾ, വാട്ടർടാങ്കുകൾ എന്നിവയ്ക്കുള്ള ക്രമീകരണങ്ങൾ ഒരുക്കണമെന്നും മന്ത്രി പറഞ്ഞു. ഡ്രെയിനേജുകളും ഓടകളും വൃത്തിയാക്കുന്നതിനും ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെയും എക്‌സൈസിന്റെയും പരിശോധനകൾ കർശനമാക്കുന്നതിനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അടിയന്തരസാഹചര്യം നേരിടുന്നതിന് ദുരന്തനിവാരണവിഭാഗം എല്ലാ വിധത്തിലും സജ്ജമായിരിക്കണമെന്നും മന്ത്രി അറിയിച്ചു.

യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ച്; ഷാഫി പറമ്പില്‍ ഒന്നാം പ്രതി; 150 പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ച്; ഷാഫി പറമ്പില്‍ ഒന്നാം പ്രതി; 150 പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ കേസെടുത്ത് പൊലീസ്. ഷാഫി പറമ്പിലിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. അഞ്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെയും കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെയുമാണ് കേസ്.

തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് എടുത്തിരിക്കുന്ന കേസില്‍ ഷാഫി പറമ്പിലടക്കം അഞ്ചു പ്രതികളാണ് ഉള്ളത്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ സുധീര്‍ ഷാ, നേമം ഷജീര്‍, സാജു അമര്‍ദാസ്, മനോജ് മോഹന്‍ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ള മറ്റുള്ളവര്‍. അന്യായമായി സംഘം ചേരല്‍, ഗതാഗത തടസ്സം സൃഷ്ടിക്കല്‍ എന്നിവയാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.

യൂത്ത് കോണ്‍ഗ്രസിന്റെ മാര്‍ച്ചില്‍ സംഘര്‍ഷഭരിതമായിരുന്നു. പൊലീസ് രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു. ഷാഫി പറമ്പിലാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. പൊലീസിന്റെ ഒരു ആനുകൂല്യവും വേണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത സെക്രട്ടേറിയറ്റ് മാര്‍ച്ച് കേസില്‍ മൂന്നാം പ്രതിയായ തന്നെ ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യണമെന്ന് ഷാഫി പറമ്പില്‍ വെല്ലുവിളിച്ചിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്: കെപിസിസിയുടെ സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്: കെപിസിസിയുടെ സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ കെപിസിസി പ്രഖ്യാപിച്ച സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിക്കും. വൈകുന്നേരമായിരിക്കും പ്രതിഷേധം നടക്കുക.

സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്താനാണ് കെപിസിസി നേതൃത്വത്തിന്റെ നിര്‍ദേശം. യൂത്ത് കോണ്‍ഗ്രസും പ്രാദേശിക തലത്തില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത നടപടിയില്‍ ജാമ്യാപേക്ഷയുമായി മേല്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് നേതൃത്വം.

വിഷയം മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പിനുമെതിരെ രാഷ്ട്രീയായുധമാക്കിയേക്കും. രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പകപോക്കലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നത്. ഈ മാസം 22 വരെയാണ് സെഷന്‍സ് കോടതി രാഹുലിനെ റിമാന്‍ഡ് ചെയ്തത്. കോണ്‍ഗ്രസിലെയും യുഡിഎഫിലെയും മുതിര്‍ന്ന നേതാക്കള്‍ രാഹുലിനെ ജയിലിലെത്തി സന്ദര്‍ശിച്ചു.