തലസ്ഥാനത്ത് സ്വിഗ്ഗി ജീവനക്കാര്‍  ഇന്ന് പണിമുടക്കുന്നു

തലസ്ഥാനത്ത് സ്വിഗ്ഗി ജീവനക്കാര്‍ ഇന്ന് പണിമുടക്കുന്നു

വീണ്ടും സമരവുമായി സ്വിഗ്ഗി ജീവനക്കാര്‍. ജീവനക്കാര്‍ക്ക് ആവശ്യമായ പരിരക്ഷയും സുരക്ഷയും മാനേജ്‌മെന്റ് നടപ്പിലാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരുടെ പ്രതിഷേധം. ഇന്ന് തിരുവനന്തപുരം ജില്ലയില്‍ സ്വിഗ്ഗി ജീവനക്കാര്‍ പണിമുടക്ക് സമരം നടത്തുന്നു. ജീവനക്കാര്‍ക്ക് മതിയായ സുരക്ഷയോ പരിരക്ഷയോ മാനേജ്‌മെന്റ് നടപ്പാക്കുന്നില്ല എന്നാണ് തൊഴിലാളികളുടെ പരാതി.

കഴിഞ്ഞ മാസം 23 -ാം തീയതി സ്വിഗ്ഗി ഡെലിവറി പാര്‍ട്ണറായ യുവതിക്ക് അപകടമുണ്ടായി. അപകടത്തില്‍ സാരമായി പരിക്കേറ്റ യുവതി നിലവില്‍ തിരുവനന്തപുരത്ത് വിദഗ്ധ ചികിത്സയിലാണ്. ഭീമമായ തുക ആശുപത്രിയിലെ ചികിത്സയ്ക്ക് മാത്രം ആവശ്യമുണ്ട്. എന്നാല്‍, ഈ വിഷയത്തില്‍ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ സഹായവും ഉണ്ടായില്ല എന്നാണ് സിഗ്ഗി ജീവനക്കാര്‍ പറയുന്നത്.

ഈ സാഹചര്യത്തിലാണ് ജീവനക്കാര്‍ പണിമുടക്ക് സമരത്തിലേക്ക് കടക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ സിഐടിയു വിഭാഗം തൊഴിലാളികളാണ് പണിമുടക്ക് നടത്തുന്നത്. ശമ്പളം ഉള്‍പ്പെടെയുള്ള നിരവധി പരാതികള്‍ സ്വിഗ്ഗി മാനേജ്‌മെന്റിനെതിരെ ഉയര്‍ന്നിരുന്നു. എന്നാല്‍ അതിലും മാനേജ്‌മെന്‍റിന്‍റെ ഭാഗത്തുനിന്ന് കൃത്യമായ മറുപടി തൊഴിലാളികള്‍ക്ക് ലഭിച്ചിരുന്നില്ല. മാനേജ്‌മെന്റിനെതിരെ സംസാരിക്കുന്നവരെ ബാന്‍ ചെയ്യുന്നതടക്കമുള്ള നടപടികള്‍ മാനേജ്‌മെന്റ് സ്വീകരിച്ചതായും തൊഴിലാളികള്‍ പറയുന്നു.

വിവരാവകാശ നിയമം: ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ്, രജിസ്‌ട്രേഷൻ 13 വരെ

വിവരാവകാശ നിയമം: ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ്, രജിസ്‌ട്രേഷൻ 13 വരെ

തിരുവനന്തപുരം: വിവരാവകാശ നിയമം 2005 നെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇൻ മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐ എം ജി) ജനുവരിയിൽ നടത്തുന്ന സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സിനു രജിസ്‌ട്രേഷൻ ആരംഭിച്ചു. കോഴ്‌സ് ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്.

16 വയസ് കഴിഞ്ഞ ഏതൊരു പൗരനും ഈ കോഴ്‌സിൽ ചേരാം. താത്പര്യമുള്ളവർക്ക് rti.img.kerala.gov.in ൽ ജനുവരി രണ്ടു മുതൽ 13 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കോഴ്‌സ് ജനുവരി 16ന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.

സപ്തദിന സഹവാസ ക്യാമ്പ് ‘നിറവ്’ നു സമാപനമായി

സപ്തദിന സഹവാസ ക്യാമ്പ് ‘നിറവ്’ നു സമാപനമായി

ഗവൺമെന്റ് ഐ ടി ഐ ആറ്റിങ്ങലിന്റെ എൻഎസ്എസ് സപ്തദിന സഹവാസ ക്യാമ്പ് (നിറവ്) സമാപന സമ്മേളനത്തോടുകൂടി അവസാനിച്ചു. സമാപന സമ്മേളനം പ്രിൻസിപ്പൽ അനിൽകുമാർ ടി ഉദ്ഘാടനം ചെയ്തു. വോളണ്ടിയർ ക്യാപ്റ്റൻ ദേവപ്രസാദിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈസ് പ്രിൻസിപ്പൽ ശ്രീമതി മിനി കെ, ഗ്രൂപ്പ് ഇൻസ്ട്രക്ടർ സുനിൽ ബി, നികേഷ് സീനിയർ ഇൻസ്ട്രക്ടർ എന്നിവർ ആശംസകൾ അറിയിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുരേഷ് ജി എസ് ക്യാമ്പ് വിലയിരുത്തി. തുടർന്ന് മികച്ച വോളണ്ടിയർ മാർക്കുള്ള പുരസ്കാരം നൽകുകയും ചെയ്തു.

ഗവൺമെന്റ് ആറ്റിങ്ങൽ നിന്നും ക്യാമ്പ് റാലിയോട് കൂടി ആരംഭിച്ച ക്യാമ്പിന്റെ ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വക്കേറ്റ് കുമാരി എസ് നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽ മിനി കെ പതാക ഉയർത്തുകയും, ഉദ്ഘാടന സമ്മേളനത്തിൽ വാർഡ് കൗൺസിലർ സുധർമ, പ്രസിഡന്റ് ഷാജി എൽ ആശംസകൾ അറിയിക്കുകയും ചെയ്തു.

ഗവൺമെന്റ് പോളിടെക്നിക് ആറ്റിങ്ങലിൽ ഏഴു ദിവസമായി നടന്ന ക്യാമ്പിൽ വോളണ്ടിയേഴ്സിന്റെ വ്യക്തിത്വ വികസനവും സാമൂഹിക ബോധവും ഉയർത്തുന്നതിന് വേണ്ട ബോധവൽക്കരണ ക്ലാസുകൾ, ആസാദ് ജ്വാല ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, ശുചീകരണ പ്രവർത്തനങ്ങൾ, ഇലക്ട്രൽ അവബോധ പരിപാടികൾ, വയോജനങ്ങൾക്കൊപ്പം ഒരു ദിനം തുടങ്ങി വിവിധതരത്തിലുള്ള പ്രോഗ്രാമുകൾ നടന്നു.

പോലീസ് ഉദ്യോഗസ്ഥരെ മുളകുപൊടി എറിഞ്ഞു ദേഹോപദ്രവം ഏൽപ്പിച്ച  പ്രതികൾ അറസ്റ്റിൽ

പോലീസ് ഉദ്യോഗസ്ഥരെ മുളകുപൊടി എറിഞ്ഞു ദേഹോപദ്രവം ഏൽപ്പിച്ച പ്രതികൾ അറസ്റ്റിൽ

ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരെ അവനവഞ്ചേരി കൈപ്പറ്റിമുക്ക് ഭാഗത്ത് വെച്ച് ഏഴോളം പേർ ചേർന്ന് മുളകുപൊടി എറിഞ്ഞു ദേഹോപദ്രവം ഏൽപ്പിച്ചു. സംഭവത്തിൽ അവനവഞ്ചേരി കൈപ്പറ്റി മുക്ക് സ്വദേശികളായ കണ്ണൻ, ശ്യാമോഹൻ, രാഹുൽ എന്നിവരെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. ഡിസംബർ 31നു രാത്രി കൈപ്പറ്റിമുക്ക് ഭാഗത്ത് മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എത്തിയ സബ് ഇൻസ്പെക്ടർമാരായ മനു, ഹണി എന്നിവരെയും അനിൽകുമാർ, സെയ്ദലി ഖാൻ എന്നീ പോലീസ് ഉദ്യോഗസ്ഥരെയും ആണ് ദേഹോപദ്രവം ഏൽപ്പിച്ചു ഡ്യൂട്ടി തടസ്സപ്പെടുത്തിയത്.

ആറ്റിങ്ങൽ കരിച്ചിയിൽ വീടിനു തീ പിടിച്ചു

ആറ്റിങ്ങൽ കരിച്ചിയിൽ വീടിനു തീ പിടിച്ചു

ആറ്റിങ്ങൽ കരിച്ചിയിൽ പനവേലി പറമ്പ് ശാസ്ത ക്ഷേത്രത്തിനു സമീപം ജിനിലിഗ്നേഷ് ആരോൺ വിഹാറിന്റെ ഉടമസ്തയിൽ ഉള്ള വീട്ടിലാണ് തീ പിടുത്തം ഉണ്ടായത്. വീട്ടിൽ ഉള്ളവർ മോട്ടോർ ഓൺ ആക്കിയ ശേഷം പുറത്ത് പോയിരിക്കുകയായിരുന്നു. മോട്ടോർ അമിതമായി ചൂടാക്കുകയും സ്വിച്ച് ബോർഡിന് തീ പിടിക്കുകയും ചെയ്തു. ഇത് സമീപത്തെ വാഷിങ് മെഷീനിലേക്ക് പടർന്നു പിടിക്കുകയും വാഷിങ് മെഷീൻ പൂർണമായും കത്തി നശിക്കുകയും ചെയ്തു.

സമീപത്തു താമസിച്ചിരുന്ന സിവിൽ ഡിഫൻസ് വോളിന്റിയർ അശ്വതി ചന്ദ്രന്റെ സമയോചിതമായ ഇടപെടൽ മൂലം പൂട്ടി കിടന്ന ഗേറ്റ് തകർത്ത് വീട്ടിനുള്ളിൽ കയറി പ്രാഥമിക അഗ്നിശമന പ്രവർത്തനങ്ങൾ ചെയ്ത് വൻ ദുരന്തം ഒഴിവാക്കുകയും ആറ്റിങ്ങൽ അഗ്നിശമന നിലയത്തിൽ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് സ്റ്റേഷൻ ഓഫീസർ ജിഷാദ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മനോഹരൻ പിള്ള എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സേന സംഭവ സ്ഥലത്ത് എത്തി അഗ്നി നിയന്ത്രണവിധേയമാക്കി.

ന്യൂ ഇയർ ആഘോഷ മറവിൽ ആറ്റിങ്ങലിൽ അക്രമം; നാല് പേർ കസ്റ്റഡിയിൽ

ന്യൂ ഇയർ ആഘോഷ മറവിൽ ആറ്റിങ്ങലിൽ അക്രമം; നാല് പേർ കസ്റ്റഡിയിൽ

ആറ്റിങ്ങൽ: ന്യൂയർ ആഘോഷത്തിൻ്റേ മറവിൽ അക്രമം. പോലീസുകാർക്ക് മർദ്ദനമേറ്റ്. നാല് പേർ കസ്റ്റഡിയിൽ. ആറ്റിങ്ങൽ കൈപറ്റി മുക്കിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. മദ്യപിച്ച് സംഘം അതിക്രമങ്ങൾ കാട്ടുന്നു എന്ന പരാതിയെ തുടർന്നാണ് ആറ്റിങ്ങൽ നിന്നും പോലീസ് സംഘം സ്ഥലത്തെത്തിയത്. മദ്യലഹരിയിൽ ആയിരുന്ന ആക്രമികൾ പോലീസിന് നേരെയും അതിക്രമം അഴിച്ചു വിട്ടു. പോലീസ് ഓഫീസർമാരായ മനു, ഹണി, സെയ്ദലി, അനിൽകുമാർ എന്നിവർക്ക് സാമൂഹ്യവിരുദ്ധ സംഘത്തിൻറെ ആക്രമണത്തിൽ പരിക്കേറ്റു. കൂടുതൽ പോലീസ് സ്ഥലത്തെത്തിയാണ് ഇവരെ രക്ഷിച്ചത്. ആക്രമികളായ നാലു പേരെ ആറ്റിങ്ങൽ പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ടാൽ അറിയാവുന്ന മറ്റു പ്രതികൾക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.