പതിറ്റാണ്ടോളം നീണ്ട മലയാളം വാര്‍ത്താവായനയ്ക്ക് വിരാമമിട്ട് ഹേമലത തിരുവനന്തപുരം ദൂരദര്‍ശന്‍റെ പടിയിറങ്ങി

പതിറ്റാണ്ടോളം നീണ്ട മലയാളം വാര്‍ത്താവായനയ്ക്ക് വിരാമമിട്ട് ഹേമലത തിരുവനന്തപുരം ദൂരദര്‍ശന്‍റെ പടിയിറങ്ങി

തിരുവനന്തപുരം: നാല് പതിറ്റാണ്ടോളം നീണ്ട മലയാളം വാര്‍ത്താവായനയ്ക്ക് വിരാമമിട്ട് ഹേമലത തിരുവനന്തപുരം ദൂരദര്‍ശന്‍റെ പടിയിറങ്ങി. കഴിഞ്ഞ ദിവസം വൈകീട്ട് എഴുമണിക്കുള്ള അവസാന ബുള്ളറ്റിന്‍ വായിച്ചായിരുന്നു മടക്കം. എല്ലാരോടും യാത്ര പറയുമ്പോൾ കണ്ണു നിറഞ്ഞിരുന്നു. സ്വകാര്യ ചാനലുകളിൽ ഉയർന്ന തസ്തികയും ശമ്പളവും വാഗ്ദാനം ലഭിച്ചിട്ടും ദൂരദർശനോടൊപ്പം എന്നും നിൽക്കാൻ ആഗ്രഹിച്ച വ്യക്തിയാണ് ഹേമലത എന്ന് സഹപ്രവർത്തകർ പറയുന്നു.

സ്വകാര്യ ചാനലുകള്‍ ഒന്നുമില്ലാതിരുന്ന കാലത്ത് ദൂരദര്‍ശനില്‍ ദിനം പ്രതി പ്രേക്ഷകര്‍ കണ്ട് പരിചയിച്ച മുഖമാണിത്. ഇപ്പോള്‍ തിരുവനന്തപുരം ദൂരദർശന്റെ അസി.ന്യൂസ് എഡിറ്റര്‍ ആയി തുടരവേയാണ് ഹേമലത ദൃശ്യ വാർത്താ മാധ്യമരംഗത്തെ നിറവാർന്ന കാലം നല്കി പടിയിറങ്ങുന്നത്.

പച്ചത്തുരത്തിലേക്ക് പുതു മാതൃക സൃഷ്ടിച്ച് പള്ളിക്കൽ വിഎച്ച്എസ്ഇ

പച്ചത്തുരത്തിലേക്ക് പുതു മാതൃക സൃഷ്ടിച്ച് പള്ളിക്കൽ വിഎച്ച്എസ്ഇ

പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ പകൽക്കുറി വിഎച്ച്എസ്ഇ എൻഎസ്എസ് വോളണ്ടിയേഴ്സിന്റെ ക്യാമ്പുമായി ബന്ധപ്പെട്ട് സ്നേഹാരാമം പൂന്തോട്ട നിർമ്മാണത്തോടനുബന്ധിച്ചായിരുന്നു പച്ചത്തുരുത്ത് നിർമ്മിച്ചത്. മുൻ മാസം സ്കൂളിൽ നിർമ്മിച്ച പച്ചത്തുരുത്തിന്റെ ഉപയോഗം മനസ്സിലാക്കിയ വിദ്യാർത്ഥികൾ പുതുതായി നിർമ്മിച്ച പൂന്തോട്ടത്തിനോടൊപ്പം ഫലവൃക്ഷങ്ങൾ കൂടി നട്ട് പച്ചത്തുരുത്ത് സൃഷ്ടിക്കുകയായിരുന്നു.

പുതുതായി നിർമ്മിച്ച സ്നേഹാരാമം പൂന്തോട്ടവും പച്ചത്തുരുത്തും പഞ്ചായത്ത് പ്രസിഡന്റ് എം ഹസീന ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാധവൻകുട്ടി എം വാർഡ് മെമ്പർ രഹുത്തമൻ പി സ്കൂൾ പിടിഎ പ്രസിഡന്റ് മനു എസ് ഹരിത കേരള മിഷൻ ആർ പി പ്രവീൺ പി നാഷണൽ സർവീസ് സ്കീം കോഡിനേറ്റർ ഷിബു കെ വിഎച്ച്എസ്ഇ വിഭാഗം അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

എഫ് എൻ ആർ ഐ ഗ്ലോബൽ; ജില്ലാ യോഗം സംഘടിപ്പിച്ചു

എഫ് എൻ ആർ ഐ ഗ്ലോബൽ; ജില്ലാ യോഗം സംഘടിപ്പിച്ചു

തൃശൂർ ആസ്ഥാനമായ എഫ് എൻ ആർ ഐ ഗ്ലോബൽ എന്ന പ്രവാസി ക്ഷേമം ലക്ഷ്യമാക്കിയുള്ള സംഘടനയുടെ പ്രവർത്തന മേഖല വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള തിരുവനന്തപുരം ജില്ലാ യോഗം മണനാക്ക് മിനി മാസ്സ് ആഡിറ്റോറിയത്തിൽ എഫ് എൻ ആർ ഐ ഗ്ലോബൽ ചെയർമാൻ കമറുദ്ദീൻറ്റെ അദ്ധ്യക്ഷതയിൽ നടന്നു. വക്കം ജയലാലിന്റെ നേതൃത്വത്തിൽ ഒരു 13 അംഗ കമ്മറ്റി രൂപീകരിച്ച് ലക്ഷ്യ പ്രാപ്തിക്കു വേണ്ടി
പ്രവർത്തിക്കാനും തീരുമാനിച്ചു.

പ്രാദേശിക പ്രതിഭാ കേന്ദ്രം ഉദ്ഘാടനം ചെയ്തു

പ്രാദേശിക പ്രതിഭാ കേന്ദ്രം ഉദ്ഘാടനം ചെയ്തു

കിളിമാനൂർ: സമഗ്ര ശിക്ഷാ കേരളം കിളിമാനൂർ ബിആർസി നേതൃത്വത്തിൽ മടവൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ പ്രാദേശിക പ്രതിഭാ കേന്ദ്രം ഉദ്ഘാടനം ചെയ്തു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ ഡി ഉദ്ഘാടനം നിർവഹിച്ചു.

പുലിയൂർക്കോണം ഗവ എൽപിഎസ് മോഡൽ സ്കൂളായി പരിഗണിച്ച് അടുക്കോട്ടുകോണം അങ്കണവാടിയിലാണ് പ്രതിഭാ കേന്ദ്രം പ്രവർത്തനമാരംഭിച്ചത്. മടവൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ചന്ദ്രലേഖ.എസ് അധ്യക്ഷത വഹിച്ചു. കുട്ടികൾക്കുള്ള പഠന പിന്തുണ,കലാകായിക മേഖലകളിലെ പരിശീലനം, പ്രാദേശിക വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തി കുട്ടികൾക്കുള്ള പരിശീലനങ്ങൾ പ്രതിഭാ കേന്ദ്രത്തിൽ നടക്കും.

പ്രതിഭാ കേന്ദ്രപരിധിയിൽ വരുന്ന പൊതു വിദ്യാലയങ്ങളിലെ എല്ലാ കുട്ടികൾക്കും ഇത് പ്രയോജനപ്പെടും. കിളിമാനൂർ ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ നവാസ് കെ പദ്ധതി വിശദീകരണവും നടത്തി. ക്ലസ്റ്റർ കോഡിനേറ്റർമാരായ ദീപ ടി എസ്, അഖില പി ദാസ്, സി ഡി എസ് ചെയർപേഴ്സൺ ശാന്തി മോൾ വി എസ് എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ ഹർഷകുമാർ ബി എസ് സ്വാഗതവും ബി ആർ സി കോഡിനേറ്റർ പ്രീത നായർ എസ്. എ നന്ദിയും അറിയിച്ചു.

കല്ലമ്പലത്ത് ഡിഗ്രി വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

കല്ലമ്പലത്ത് ഡിഗ്രി വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

കല്ലമ്പലം : നാവായിക്കുളം ശങ്കരനാരായണ ക്ഷേത്രത്തിലെ വലിയ കുളത്തിൽ ഡിഗ്രി വിദ്യാർഥിയെ മരിച്ച നിലയിൽ കാണപ്പെട്ടു.നാവായിക്കുളം, രാധാകൃഷ്ണ വിലാസത്തിൽ ഗിരീഷ് ലേഖ ദമ്പതികളുടെ മകൻ അജയകൃഷ്ണൻ (21 അപ്പൂസ്) ആണ് മരിച്ചത്.ഇന്ന് പുലർച്ചെ അജയ കൃഷ്ണനെ വീട്ടിൽ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുളത്തിൽ മൃതദേഹം കണ്ടെത്തുന്നത്.ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

പാപനാശം ഹെലിപ്പാട് കുന്നിൻ മുകളിൽ നിന്നും യുവതി താഴേയ്ക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

പാപനാശം ഹെലിപ്പാട് കുന്നിൻ മുകളിൽ നിന്നും യുവതി താഴേയ്ക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

പാപനാശം ഹെലിപ്പാട് കുന്നിൻ മുകളിൽ നിന്നും യുവതി താഴേയ്ക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉച്ചയ്ക്ക് 1.45 ഓടെയാണ് സംഭവം. തമിഴ്‌നാട് തിരുനെൽവേലി സ്വദേശിനി അമൃത (28) ആണ് കുന്നിൻ മുകളിൽ നിന്നും താഴേയ്ക്ക് ചാടിയത്. സുഹൃത്തുക്കൾക്കൊപ്പം വിനോദ സഞ്ചാര മേഖലയായ വർക്കലയിൽ എത്തിയതാണ്. നാട്ടുകാരും ലൈഫ് ഗാർഡുകളും ടൂറിസം പോലീസും ചേർന്ന് യുവതിയെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ തലയ്ക്ക് സാരമായ പരിക്കേറ്റു. അബോധവസ്ഥയിലാണ്. ഇരു കൈകൾക്കും ഒടിവ് സംഭവിച്ചിട്ടുണ്ട്.

യുവതിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കൂടെ ഉണ്ടായിരുന്ന 3 ആൺ സുഹൃത്തുക്കളെ വർക്കല പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. യുവാക്കൾ മദ്യലഹരിയിലാണെന്ന് പൊലീസ് പറഞ്ഞു.