കൃഷി പുരസ്കാരം; അവനവഞ്ചേരി ഗവ. ഹൈസ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക്

കൃഷി പുരസ്കാരം; അവനവഞ്ചേരി ഗവ. ഹൈസ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക്

മുദാക്കൽ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ നടത്തിയ കർഷക ദിനാചരണത്തിന്റെ ഭാഗമായി മികച്ച കുട്ടിക്കർഷകർക്കുള്ള പുരസ്കാരം അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് ലഭിച്ചു. മുദാക്കൽ കൃഷിഭവനിൽ നടന്ന ചടങ്ങിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.ജയശ്രീ പുരസ്കാരം വിതരണം ചെയ്തു. കഴിഞ്ഞ പത്തു വർഷമായി നെൽകൃഷി ഏറ്റെടുത്ത് വിജയകരമായി നടപ്പിലാക്കിയതിനാണ് പുരസ്കാരം.

മുദാക്കൽ പഞ്ചായത്തിലെ കട്ടയിൽകോണത്തും ഇപ്പോൾ പിരപ്പമൺകാടുമാണ് കൃഷി ചെയ്തു വരുന്നത്. മുദാക്കൽ പഞ്ചായത്ത് പ്രസിഡന്റ് എ. ചന്ദ്രബാബു, പഞ്ചായത്ത് അംഗങ്ങളായ പള്ളിയറ ശശി, പൂവണത്തുംമൂട് മണികണ്ഠൻ, സി. അനിൽകുമാർ, പി.എസ്. രമ്യ, എം. ബാദുഷ, ബി.സുജിത, എ.ബിജു, വി.ഷൈനി, കൃഷി ഓഫീസർ വൈ. ജാസ്മി എന്നിവർ പങ്കെടുത്തു.

കാര്‍ഷിക, കുടുംബശ്രീ ഉത്പന്നങ്ങള്‍ റേഷന്‍ കടകള്‍ വഴി വില്‍ക്കാന്‍ അവസരം ഒരുക്കും; ജി ആര്‍ അനില്‍

കാര്‍ഷിക, കുടുംബശ്രീ ഉത്പന്നങ്ങള്‍ റേഷന്‍ കടകള്‍ വഴി വില്‍ക്കാന്‍ അവസരം ഒരുക്കും; ജി ആര്‍ അനില്‍

തിരുവനന്തപുരം: ഗ്രാമീണ മേഖലകളിലെ റേഷന്‍ കടകളില്‍ പ്രദേശത്തെ കര്‍ഷകരുടെയും കുടുംബശ്രീയുടെയും ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ അവസരം ഒരുക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആര്‍ അനില്‍. നെടുമങ്ങാട് നഗരസഭയും, കൃഷി ഭവനും സംയുക്തമായി സംഘടിപ്പിച്ച കര്‍ഷക ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാര്‍ഷിക രംഗത്ത് സര്‍ക്കാര്‍ നടത്തുന്ന ഫലപ്രദമായ ഇടപെടലുകളാണ് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വിലവര്‍ധനവ് പിടിച്ച് നിര്‍ത്തുന്നത്. ഓരോ വര്‍ഷം കഴിയുമ്പോഴും ഉത്പാദനരംഗത്ത് കേരളം മുന്നേറുകയാണ്.

തരിശ് രഹിത ഭൂമിയെന്ന ലക്ഷ്യത്തിലേക്ക് കേരളം നീങ്ങുകയാണെന്നും മന്ത്രി പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളേയും സഹായിക്കുന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും മന്ത്രി വ്യക്തമാക്കി. നെടുമങ്ങാട് നഗരസഭാ പരിധിയിലെ തെരഞ്ഞെടുത്ത കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു.

ആറ്റിങ്ങലിൽ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു

ആറ്റിങ്ങലിൽ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു

ആറ്റിങ്ങൽ: കേരള പ്രദേശ് പ്രവാസി കോൺഗ്രസ്‌ ആറ്റിങ്ങൽ ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വക്കം പുരുഷോത്തമൻ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. ആറ്റിങ്ങൽ എസ്. എസ് പ്ലാസാ മന്ദിരത്തിൽ നടന്ന പരിപാടിയിൽ ഐ.എൻ.റ്റി.യു.സി ദേശിയ വർക്കിംഗ്‌ കമ്മിറ്റി അംഗമായ ഡോ.വി.എസ് അജിത്‌ കുമാർ ഉദ്‌ഘാടനം നിർവഹിച്ചു.

കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ ഭരണാധികാരിയും ആറ്റിങ്ങലിന്റെ വികസനശിൽപ്പിയും എന്ന നിലയിൽ വക്കംജിയെ എന്നെന്നും ഓർത്തിരിക്കാൻ, ആറ്റിങ്ങലിന്റെ ഹൃദയഭാഗത്ത്‌ സ്മാരകം ഉണ്ടാക്കുന്ന കാര്യം എല്ലാവരുമായി ആലോചിച്ചു തീരുമാനിക്കുമെന്ന് സൂചിപ്പിച്ചു.

സമ്മേളനത്തിൽ പ്രവാസി കോൺഗ്രസ് ആറ്റിങ്ങൽ ബ്ലോക്ക്‌ പ്രസിഡന്റ്‌ എസ്.ശ്രീരംഗൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജമാൽ പാലാംകോണം, വൈസ് പ്രസിഡന്റ്‌ ആലംകോട് നാസർ, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സലിം പാണന്റെമുക്ക്, കടയ്ക്കാവൂർ അശോകൻ, കെ.കൃഷ്ണമൂർത്തി, യു.പ്രകാശ്‌, ശാസ്തവട്ടം രാജേന്ദ്രൻ, ഊരുപൊയ്ക അനിൽ, ആർ.വിജയകുമാർ, എം.പി പ്രതാപൻ ഭരതൻ ആറ്റിങ്ങൽ, വിജയൻ സോപാനം, ചന്ദ്രശേഖരൻ നായർ, ബി.മനോജ്‌, ഹേമന്ത് കുമാർ എന്നിവർ പങ്കെടുത്തു.

കെഎസ്ഇബിയുടെ വാഴവെട്ടല്‍; കര്‍ഷകന് എംഎല്‍എ നേരിട്ടെത്തി നഷ്ടപരിഹാരം നല്‍കി

കെഎസ്ഇബിയുടെ വാഴവെട്ടല്‍; കര്‍ഷകന് എംഎല്‍എ നേരിട്ടെത്തി നഷ്ടപരിഹാരം നല്‍കി

കോതമംഗലം: വാരപ്പെട്ടിയില്‍ കെഎസ്ഇബി വാഴത്തോട്ടം വെട്ടിനശിപ്പിച്ച സംഭവത്തില്‍ കര്‍ഷകന്‍ തോമസിന് നഷ്ടപരിഹാരം നല്‍കി. എംഎല്‍എ ആന്റണി ജോണ്‍ നേരിട്ടെത്തിയാണ് മൂന്നര ലക്ഷം രൂപ കൈമാറിയത്. നഷ്ടപരിഹാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നായിരുന്നു തോമസിന്റെ പ്രതികരണം. കര്‍ഷകദിനത്തില്‍ സാധാരണ കര്‍ഷകന് ലഭിക്കുന്ന അംഗീകാരമായാണ് കാണുന്നത് എന്ന് തോമസിന്റെ മകന്‍ അനീഷും വ്യക്തമാക്കി.

ശരിതെറ്റുകള്‍ ചര്‍ച്ചചെയ്യേണ്ട സാഹചര്യമല്ല ഇപ്പോഴെന്നും തോമസിനുണ്ടായ നഷ്ടം പരിഹരിക്കുന്നതിനാണ് സാമ്പത്തിക സഹായം നല്‍കാന്‍ തീരുമാനിച്ചതെന്നും ആന്റണി ജോണ്‍ പറഞ്ഞു. അപകട സാധ്യതയുണ്ടെന്ന് കര്‍ഷകനെ മുന്‍കൂട്ടി അറിയിക്കുന്നതില്‍ കെഎസ്ഇബിക്ക് വീഴ്ചപറ്റിയിട്ടുണ്ട്. വലിയ സാമ്പത്തിക നഷ്ടമാണ് അദ്ദേഹത്തിനുണ്ടായത്. ഇതെല്ലാം പരിഗണിച്ചുകൊണ്ടാണ് അര്‍ഹമായ സാമ്പത്തിക സഹായം അദ്ദേഹത്തിനു നല്‍കാനും അത് കെഎസ്ഇബി തന്നെ നല്‍കണമെന്നുമുള്ള നിര്‍ദ്ദേശം ഉയര്‍ന്നുവന്നത്- എംഎല്‍എ പറഞ്ഞു.

കോതമംഗലം ഇളങ്ങവം കണ്ടംപാറ ഇറിഗേഷന് സമീപം കാവുംപുറത്ത് തോമസിന്റെ ഭൂമിയില്‍ കൃഷിചെയ്തിരുന്ന ഒന്‍പത് മാസം പ്രായമായ 406 ഏത്തവാഴകളാണ് ടച്ചിങ് വെട്ടലിന്റെ പേരില്‍ മുന്നറിയിപ്പില്ലാതെ കെഎസ്ഇബി ജീവനക്കാര്‍ വെട്ടിനശിപ്പിച്ചത്. വാഴയില ലൈനില്‍ മുട്ടിയെന്നാരോപിച്ചായിരുന്നു അധികൃതര്‍ അരയേക്കറിലെ വാഴകള്‍ വെട്ടിനശിപ്പിച്ചത്. വാര്‍ത്ത പുറത്തുവന്നതോടെ കൃഷിമന്ത്രിയും വൈദ്യുതിമന്ത്രിയും വിഷയത്തില്‍ ഇടപെടുകയായിരുന്നു.

സ്വതന്ത്ര്യദിനാഘോഷവും നവീകരിച്ച വെയ്റ്റിംഗ് ഷെഡിന്റെ ഉദ്ഘാടനവും നടന്നു

സ്വതന്ത്ര്യദിനാഘോഷവും നവീകരിച്ച വെയ്റ്റിംഗ് ഷെഡിന്റെ ഉദ്ഘാടനവും നടന്നു

ചിറയിൻകീഴ്: പെരുങ്ങുഴി ക്യാപ്റ്റൻ വിക്രം റെസിഡന്റ്‌സ് അസോസിയേഷൻ സ്വതന്ത്ര്യദിനാഘോഷവും അനുപമ ജംഗ്ഷനിലെ നവീകരിച്ച വെയ്റ്റിംഗ് ഷെഡിന്റെ
ഉദ്ഘാടനം സംഘടിപ്പിച്ചു. സ്വതന്ത്ര്യദിനാഘോഷ പരിപാടിയുടെ ഉദ്ഘാടനം അഴൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. അനിൽ നിർവഹിച്ചു.

വെയ്റ്റിംഗ് ഷെഡിന്റെ ഉദ്ഘാടനം ചിറയിൻകീഴ് പോലീസ് എസ് എച്ച് ഒ കെ. കണ്ണൻ നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ്‌ എം. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ കെ. ഓമന, എസ്. അംബിക, സിന്ധു, നെസിയ സുധീർ എന്നിവർ ആശംസകൾ നേർന്നു. അസോസിയേഷൻ ജോയിന്റ് സെക്രട്ടറി എസ്. വിജയൻ സ്വഗതവും ഖജാൻജി എം. അബ്ദുൽ ജബ്ബാർ നന്ദിയും പറഞ്ഞു. അസോസിയേഷൻ ഭാരവാഹികളായ എസ്. വിജയകുമാർ, എ. കെ. സലിം, എസ്. അരുൺജിത്ത് എന്നിവർ സംബന്ധിച്ചു.

വർക്കലയിൽ 10 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി കോടതിയിൽ നിന്നും ഇറങ്ങി ഓടി

വർക്കലയിൽ 10 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി കോടതിയിൽ നിന്നും ഇറങ്ങി ഓടി

തിരുവനന്തപുരം വർക്കലയിൽ 10 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി കോടതിയിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. സബ് ജയിലിൽ നിന്നും വർക്കല കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴായിരുന്നു നാടകീയ സംഭവം. പിന്നാലെ ഓടിയ പൊലീസ്, വിചാരണ തടവുകാരനായ അജിത്തിനെ പിടികൂടി.പത്തുവയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിന് അയിരൂർ പോലീസ് 2020 -ൽ രജിസ്റ്റർ ചെയ്ത പോക്സോ കേസ് പ്രതിയാണ് അയിരൂർ സ്വദേശി അജിത്ത്. വിചാരണ തടവുകാരനായ പ്രതിയെ ആറ്റിങ്ങൽ സബ് ജയിലിൽ നിന്നും ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ വർക്കല കോടതിയിൽ എത്തിച്ചതായിരുന്നു. കോടതിക്കകത്തു നിർത്തിയിരുന്ന പ്രതി പതി വരാന്തയിലേക്ക് നടന്ന് പോലീസിനെ വെട്ടിച്ച് കോടതിക്കകത്തു നിന്നും ഇറങ്ങി ഓടി.

അജിത് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നത് കണ്ട പൊലീസ് പിന്നാലെ ഓടി. വർക്കല സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഒരു കിലോമീറ്ററോളം പിന്നാലെ ഓടി റോഡിൽ വച്ചാണ് ഇയാളെ കീഴ്പെടുത്തിയത്. കോടതിയിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ചതിന് അജിത്തിനെതിരെ വർക്കല പോലീസ് പുതിയൊരു കേസ് കൂടി കേസ് രജിസ്റ്റർ ചെയ്തു. പ്രതിയുടെ അറസ്റ്റും രേഖപ്പെടുത്തി. വൈദ്യപരിശോധനക്കുശേഷം അജിത്തിനെ വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.