ചാലയിൽ മിന്നൽ പരിശോധന; 751 കിലോ പ്ലാസ്റ്റിക് പിടിച്ചെടുത്തു

ചാലയിൽ മിന്നൽ പരിശോധന; 751 കിലോ പ്ലാസ്റ്റിക് പിടിച്ചെടുത്തു

തിരുവനന്തപുരം: ചാല കമ്പോളത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് 751 കിലോ നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു. മാലിന്യ സംസ്കരണ നിയമ ലംഘനങ്ങൾ
കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് നിയോഗിച്ച പ്രത്യേക ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പ്ലാസ്റ്റിക് ഉത്പന്നങ്ങളായ ക്യാരി ബാഗുകൾ, സ്പൂണുകൾ,പ്ലേറ്റുകൾ, ഗ്ലാസുകൾ എന്നിവയാണ് പിടിച്ചെടുത്തത്.

കമ്പോളത്തിനുള്ളിൽ പ്രവർത്തിക്കുന്ന ലക്കി ട്രെഡേഴ്‌സ് എന്ന മൊത്ത വ്യാപര സ്ഥാപനത്തിന്റെ ഇറക്കുമതി ലോറിയിൽ നിന്നും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വൻ ശേഖരമാണ് പിടികൂടിയത്. പരിശോധന വിവരമറിഞ്ഞ് സ്ഥാപനത്തിന്റെ ഉടമസ്ഥർ സ്‌ക്വാഡ് എത്തുന്നതിനു മുൻപേ ഗോഡൗൺ പൂട്ടിയിരുന്നു. തുടർന്ന് പോലീസിന്റെ സഹായത്തോടെയാണ് സ്‌ക്വാഡ് ലോറിയിൽ പരിശോധന നടത്തിയത്. മറ്റ് ലഘുവ്യാപാര സ്ഥാപനങ്ങളിൽ നിന്നും കച്ചവടം നടത്താനായി സൂക്ഷിച്ചിരുന്ന നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്തുക്കൾ തിരുവനന്തപുരം നഗര സഭയ്ക്ക് കൈമാറി.വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് സ്‌ക്വാഡ് അറിയിച്ചു.

ജില്ലാ ശുചിത്വ മിഷൻ എൻഫോഴ്‌സ്‌മെന്റ് ഓഫീസർ, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ പ്രതിനിധികൾ ,പോലീസ്,തിരുവനന്തപുരം നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. തദ്ദേശ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ ചെയർമാനും ശുചിത്വ മിഷൻ കോ – ഓർഡിനേറ്റർ ജില്ലാ നോഡൽ ഓഫീസറുമായാണ് എൻഫോസ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ചിരിക്കുന്നത്.

പ്രതിഭ സംഗമം സംഘടിപ്പിച്ചു

പ്രതിഭ സംഗമം സംഘടിപ്പിച്ചു

ഭാരതീയ ദളിത് കോൺഗ്രസ് ചിറയിൻകീഴ് ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിറയിൻകീഴ് ആൽത്തറമൂട് എൻ എസ് എസ് കരയോഗം ഹാളിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു. ബ്ലോക്ക്‌ പ്രസിഡന്റ് എം.എസ് രാജേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി മുന്‍ എം.എല്‍.എ ഡോ. കെ.മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു.

എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിയ്ക്കുകയും, കലാ കായിക രംഗങ്ങളിൽ സംസ്ഥാന അവാർഡ് നേടിയ കായിക താരങ്ങളെ അനുമോദിക്കുകയും ചെയ്തു. സമ്മേളനത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. എസ്. കൃഷ്ണകുമാർ, എം. ജെ.ആനന്ദ്, ഷാബു ഗോപിനാഥ്, കടയ്ക്കാവൂർ അശോകൻ, കെ.ആർ അഭയൻ,ബി.എസ് അനൂപ്, അഡ്വ. രാജേഷ് ബി നായർ, മോനി ശാർക്കര, ബേബി, ബി. അനിൽകുമാർ, അരുൺ വിളയിൽ, സുരേന്ദ്രൻ അൽത്തറമൂട് തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.

ഗാന്ധിദർശൻ ക്ലബ്ബ് ഉദ്ഘാടനവും, ഉല്പന്ന നിർമ്മാണ പരിശീലനവുംസംഘടിപ്പിച്ച് ആലംകോട് ഗവ.എൽ പി എസ്

ഗാന്ധിദർശൻ ക്ലബ്ബ് ഉദ്ഘാടനവും, ഉല്പന്ന നിർമ്മാണ പരിശീലനവുംസംഘടിപ്പിച്ച് ആലംകോട് ഗവ.എൽ പി എസ്

ആലംകോട്: ആലംകോട് ഗവ.എൽ പി എസിലെ ഗാന്ധിദർശൻ ക്ലബ്ബ് ഉദ്ഘാടനം എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ ഷാഹിന നിർവ്വഹിച്ചു. ആറ്റിങ്ങൽ ബി പി സി ബിനുമാഷ് അനുബന്ധഭാഷണം നടത്തി. സ്കൂൾ എച്ച് എം റീജാ സത്യൻ സ്വാഗതം പറഞ്ഞു. ക്ലബ്ബ് കൺവീനർ സുധീർ എ സലാം ഗാന്ധിദർശൻ ക്ലബ്ബിൻ്റെ ഭാവി പ്രവർത്തനങ്ങൾ വിശദീകരിച്ചു. ആറ്റിങ്ങൽ ബി ആർ സി ട്രെയിനേഴ്സ് വിദ്യാർത്ഥികൾക്ക് വേണ്ടി സോപ്പ് നിർമ്മാണ പരിശീലനത്തിന് നേതൃത്വം കൊടുത്തു.

പള്ളിക്കൽ പുഴയിൽ ഇറങ്ങിയ ദമ്പതികളടക്കം രണ്ട് പേരെ കാണാതായി ഒരാൾ മരിച്ചു

പള്ളിക്കൽ പുഴയിൽ ഇറങ്ങിയ ദമ്പതികളടക്കം രണ്ട് പേരെ കാണാതായി ഒരാൾ മരിച്ചു

കല്ലമ്പലം: പള്ളിക്കൽ പുഴയിൽ ദമ്പതികളടക്കം മൂന്ന് പേരെ കാണാതായി. വിനോദയാത്രയ്‌ക്കെത്തി പുഴയിൽ ഇറങ്ങിയവരെയാണ് കാണാതായത്. പള്ളിക്കൽ പോലീസും ഫയർഫോഴ്സും മുങ്ങൽ വിദഗ്ധരും നടത്തിയ തിരച്ചിലിൽ ഇന്ന് രാത്രി 8.45 ഓടെ ഒരാളുടെ മൃതദേഹം കണ്ടെത്തി. പള്ളിക്കൽ സ്വദേശി അൻസലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ബന്ധുവും നവദമ്പതികളുമായ കടയ്ക്കൽ സ്വദേശി സിദ്ദിഖ്, ഭാര്യ നൗഫിയ എന്നിവർക്കായി ഏറെ വൈകിയും തിരച്ചിൽ തുടരുന്നു

വഴിയോരക്കച്ചവടക്കാരന് ചന്തയിലെ കരാറുകാരന്റെ നേതൃത്വത്തിൽ ക്രൂര മർദ്ദനം.

വഴിയോരക്കച്ചവടക്കാരന് ചന്തയിലെ കരാറുകാരന്റെ നേതൃത്വത്തിൽ ക്രൂര മർദ്ദനം.

തിരുവനന്തപുരം: കഴക്കൂട്ടം കുളത്തൂരിൽ വഴിയോരക്കച്ചവടക്കാരന് ചന്തയിലെ കരാറുകാരന്റെ നേതൃത്വത്തിൽ ക്രൂര മർദ്ദനം. സംഭവത്തിൽ വധശ്രമത്തിന് തുമ്പ പൊലീസ് കേസെടുത്തു. വിഴിഞ്ഞം മുക്കോല കരടിവിള പുത്തൻവീട്ടിൽ ഷാനു (28) ആണ് മർദ്ദനത്തിന് ഇരയായത്. കുളത്തൂർ ചന്തയിലെ കരാറുകാരനായ ശിവപ്രസാദും സംഘവുമാണ് ഷാനുവിനെ അക്രമിച്ചത്.

പിക്കപ്പ് വാഹനത്തിൽ വഴിയോരത്ത് ഫ്രൂട്ട്സ് വ്യാപാരം നടത്തുന്നയാളാണ് ഷാനു. ചന്തയ്ക്ക് പുറത്ത് റോഡരികിൽ കച്ചവടം ചെയ്യുന്നതിലുള്ള വിരോധം കാരണമാണ് മർദ്ദനം എന്നാണ് ഷാനു പരാതിപ്പെടുന്നത്. ഒരാഴ്ച മുൻപ് മറ്റൊരു കച്ചവടക്കാരനെ 40 രൂപ വരി നൽകാത്തതിന് ശിവപ്രസാദ് മർദിച്ചിരുന്നുവെന്നും അന്ന് താൻ അത് തടഞ്ഞ് അയാളുടെ പണം കൂടി നൽകാം എന്ന് പറഞ്ഞിരുന്നതായും ഷാനു പറയുന്നു. വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെ കുളത്തൂർ ജംഗ്ഷനിൽ കച്ചവടം നടത്തുകയായിരുന്ന ഷാനുവിന്റെ പിക്കപ്പ് വാനിന്റെ താക്കോൽ ശിവപ്രസാദ് ഊരിയെടുത്ത് കൊണ്ടുപോവുകയായിരുന്നു.

താക്കോൽ ചോദിച്ച ഷാനുവിനെ അസഭ്യം വിളിക്കുകയായിരുന്നു. തുടർന്ന് കച്ചവടം ചെയ്തു കൊണ്ടിരുന്ന ഷാനുവിനെ ശിവപ്രസാദിന്റെ നേതൃത്വത്തിൽ മടങ്ങി എത്തിയ ആറംഗ സംഘം ക്രൂരമായി മർദ്ദിച്ചു. ചുടുകല്ലും താബുക്ക് കല്ലും കൊണ്ട് ശരീരമാസകലം മർദ്ദിച്ചു. തളർന്ന് തറയിൽ വീണ ഷാനുവിനെ ഇവർ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ യുവാവിന്‍റെ തലയ്ക്ക് ചുടുകല്ലുവച്ച് ഇടിച്ചു. നാട്ടുകാർ കൂടിയതോടെയാണ് അക്രമി സംഘം സ്ഥലം വിട്ടത്. ശരീരമാസകലം പരിക്കേറ്റ ഷാനുവിനെ ജനറൽ ആശുപത്രിയിലേക്കു മാറ്റി. നിരവധി കേസുകളിൽ പ്രതിയാണ് ശിവപ്രസാദ് എന്ന് തുമ്പ പൊലീസ് വിശദമാക്കുന്നത്. പ്രതികൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. വിദേശത്ത് ജോലി ചെയ്തിരുന്ന ഷാനു നാട്ടിൽ തിരിച്ചെത്തി അഞ്ചുമാസം മുൻപാണ് ഷാനു വഴിയോര ഫ്രൂട്ട്സ് കച്ചവടം ആരംഭിച്ചത്.

മലയാളി യുവതി ഷാര്‍ജയിൽ ഫ്ലാറ്റില്‍ തൂങ്ങി മരിച്ചു

മലയാളി യുവതി ഷാര്‍ജയിൽ ഫ്ലാറ്റില്‍ തൂങ്ങി മരിച്ചു

കൊല്ലം: കല്ലുവാതുക്കൽ മേവനകോണം സ്വദേശിയും ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമായ യുവതി ഷാര്‍ജയിൽ തൂങ്ങിമരിച്ചതിൽ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പരാതിയുമായി യുവതിയുടെ കുടുംബം. 29 വയസുള്ള റാണി ഗൗരിയുടെ മരണത്തിന് പിന്നിൽ സ്ത്രീധന മാനസിക പീഡനമെന്നാണ് പരാതി. ഭര്‍ത്താവ് ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശി വൈശാഖിനും കുടുംബത്തിനുമെതിരെയാണ് ആരോപണം

കഴിഞ്ഞദിവസമാണ് റാണി ഗൗരിയെ ഷാര്‍ജയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭര്‍ത്താവിനും നാലുവയസുള്ള മകൾക്കുമൊപ്പമായിരുന്നു താമസം. മരണത്തിന് പിന്നിൽ നിരന്തര മാനസിക പീഡനമെന്നാണ് ബന്ധുക്കളുടെ പരാതി.
ഷാര്‍ജാ പൊലീസിലും പാരിപ്പള്ളി, ആറ്റിങ്ങൽ സ്റ്റേഷനുകളിലും ഭര്‍ത്താവ് വൈശാഖിനും കുടുംബത്തിനുമെതിരെ പരാതി നൽകി. റാണിയുടെ വിവാഹത്തിന് മുമ്പുള്ള ബന്ധത്തിന്‍റെ പേരിലും പ്രശ്നങ്ങളുണ്ടായിരുന്നു

2018 ഫെബ്രുവരി 18നായിരുന്നു റാണിയുടേയും വൈശാഖിന്‍റേയും വിവാഹം. 130 പവൻ സ്വര്‍ണം നൽകിയായിരുന്നെന്നാണ് റാണിയുടെ ബന്ധുക്കൾ പറയുന്നത്. സ്വകാര്യ കമ്പനിയിലെ എഞ്ചിനിയറാണ് വൈശാഖ്. ആറുമാസം മുമ്പാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റായ റാണി ജോലികിട്ടി ഭര്‍ത്താവിനൊപ്പം താമസിക്കാൻ ഷാര്‍ജയിലെത്തിയത്.
ഷാർജയിൽ ഇരുവര്‍ക്കുമൊപ്പമുണ്ടായിരുന്ന വൈശാഖിന്‍റെ അമ്മ മിനി വിജയൻ ഒരാഴ്ച മുന്പാണ് പേരക്കുട്ടി ദേവ്‍നയുമായി നാട്ടിലെത്തിയത്. പ്രവാസി സംഘടനകളുടെ സഹായത്തോടെ ഭൗതികദേഹം നാട്ടിലെത്തിക്കാനാണ് തീരുമാനം.