by Midhun HP News | Jul 20, 2023 | Latest News, ജില്ലാ വാർത്ത
മുതലപ്പൊഴിയിലെ അപകടങ്ങളുമായി ബന്ധപ്പെട്ട അദാനി ഗ്രൂപ്പുമായി ഫിഷറീസ് വകുപ്പിന്റെ ചർച്ച മാറ്റിവെച്ചു. സംസ്ഥാന സർക്കാരിന്റെ അസൗകര്യം മൂലമാണ് ചർച്ച മാറ്റിവച്ചത്. മണൽ നീക്കം ചെയ്യുന്നത്ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അടിയന്തര തീരുമാനമെടുക്കാനായി അദാനി ഗ്രൂപ്പുമായി അടിയന്തര ചർച്ച ചെയ്യുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു.
മുതലപ്പൊഴിയിലെ അപകടങ്ങൾ പതിവായതോടെ മത്സ്യത്തൊഴിലാളികൾ സംസ്ഥാന സർക്കാരിനെതിരെ തിരിഞ്ഞിരുന്നു. കൂടാതെ, കേന്ദ്രം നേതൃത്വത്തിന്റെ സഹായത്തോടെ വിദഗ്ധസമിതി പരിശോധന കഴിഞ്ഞ ദിവസം മുതലപ്പൊഴി സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് അദാനി ഗ്രൂപ്പുമായി ചർച്ച ചെയ്ത് മണൽ നീക്കുന്ന നടപടികളിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ നിർബന്ധിതരായത്.
എന്നാൽ കേന്ദ്ര വിദഗ്ധ സമിതിയെത്തി പഠനം നടത്തി മൂന്നുദിവസം കഴിഞ്ഞിട്ടും സർക്കാർ ചർച്ചയ്‌ക്കുള്ള നടപടികളിലേക്ക് കടന്നിരുന്നില്ല. സർക്കാരിന്റെ അസൗകര്യം മൂലമാണ് ചർച്ച മാറ്റിവെച്ചത്. പുതിയ തീയതി അദാനി ഗ്രൂപ്പിനെ അറിയിച്ചിട്ടുമില്ല. ഡ്രജിംഗ് ഇല്ലെങ്കിൽ അപകടങ്ങൾ വീണ്ടും പതിവാകുമെന്നത് വ്യക്തമാകുന്ന സാഹചര്യത്തിലാണ് തുടർനടപടികൾ സ്വീകരിക്കാതെ സർക്കാർ മൗനം പാലിക്കുന്നത്.
by Midhun HP News | Jul 20, 2023 | Latest News, ജില്ലാ വാർത്ത
കരുനാഗപ്പള്ളിയില്‍ മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി നിരവധി കേസിലെ പ്രതിയായ യുവാവ് പോലീസ് പിടിയില്‍. ആദിനാട് വില്ലേജില്‍ ആദിനാട് തെക്കുമുറി വിഷ്ണു ഭവനത്തില്‍ രാധാകൃഷ്ണന്‍ മകന്‍ ഉണ്ണി എന്ന വിഷ്ണു(34) ആണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ ആദിനാട് തെക്ക്, തണാല്‍ ജംഗ്ഷനില്‍ നിന്നുമാണ് ഇയാളെ പോലീസ് പിടികൂടിയത്.
കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ബിജുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിഷ്ണുവിനെ പോലീസ് രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു. തുടര്‍ന്ന് മയക്ക് മരുന്ന് മാഫിയ സംഘങ്ങളുമായുള്ള ഇയാളുടെ ബന്ധം മനസ്സിലാക്കിയ കരുനാഗപ്പള്ളി പോലീസ്, ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ് ഐ.പി.എസിന്‍റെ നിര്‍ദ്ദേശ പ്രകാരം നടത്തിയ രഹസ്യ നീക്കത്തിനൊടുവില്‍ പ്രതിയെ പിടികൂടുകയായിരുന്നു.
ആറ് വലിയ പാക്കറ്റുകളിലും 240 ചെറിയ പൊതികളിലുമായി വില്‍പ്പനക്കായി കൈവശം സൂക്ഷിച്ചിരുന്ന 728.42 ഗ്രാം എം.ഡി.എം.എ ഇയാളില്‍ നിന്നും പോലീസ് കണ്ടെടുത്തു. വീട്ടില്‍ എത്തിയ പോലീസ് സംഘത്തെ കണ്ട് ഓടി രക്ഷപെടാന്‍ ശ്രമിച്ച ഇയാളെ അതിസാഹസികമായാണ് പോലീസ് കിഴ്പ്പെടുത്തിയത്. പിടികൂടിയ എം.ഡി.എം.എ സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് ചെറുകിട വില്‍പ്പനക്കാര്‍ക്കും വില്‍പ്പനയ്ക്കായി എത്തിച്ചതാണെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.
കൊല്ലം സിറ്റി ആൻഡ് നര്‍ക്കോട്ടിക്ക് ചുമതലയുള്ള ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ച് എ.സി.പി സക്കറിയ മാത്യുവിന്‍റെ മേല്‍നോട്ടത്തില്‍, കരുനാഗപ്പള്ളി അസിസ്റ്റന്‍റ് കമ്മീഷണര്‍ വി എസ് പ്രദീപ്കുമാറിന്‍റെ നേതൃത്വത്തില്‍ കരുനാഗപ്പള്ളി ഇന്‍സ്പെക്ടര്‍ ബിജു.വി, എസ്.ഐ മാരായ ഷമീര്‍, ഷാജിമോന്‍, എസ്.സി.പി.ഓ രാജീവ്, സിപിഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
by Midhun HP News | Jul 20, 2023 | Latest News, ജില്ലാ വാർത്ത
പോത്തൻകോട് : കെഎസ്ആർടിസി ബസിനുള്ളിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ
ഉപദ്രവിക്കുകയും തലയിൽ തുപ്പുകയും ചെയ്ത യുവാവിനെ പൊലീസും നാട്ടുകാരും
ചേർന്ന് ഓടിച്ചിട്ടു പിടിച്ചു. ആറ്റിങ്ങൽ പൂവണത്തുംമൂട് വാടകയ്ക്കു
താമസിക്കുന്ന അനന്തു എന്ന ഇന്ദ്രജിത്തിനെ (25) യാണ് വിദ്യാർത്ഥിനിയുടെ
പരാതിയിൽ മംഗലപുരം പൊലീസ് അറസ്റ്റു ചെയ്തത്.
ബസിനുള്ളിൽ പെൺകുട്ടിയെ ഉപദ്രവിച്ച ശേഷം ഇറങ്ങിയോടിയ ഇന്ദ്രജിത്തിനെ ഓട്ടോറിക്ഷാ ഡ്രൈവർമാരും നാട്ടുകാരും പൊലീസും പിന്നാലെയെത്തി പിടികൂടുകയായിരുന്നു. ഇന്നലെ രാവിലെ എട്ടോടെ മംഗലപുരം ബസ് സ്റ്റോപ്പിൽ ഇറങ്ങാൻ തുടങ്ങുമ്പോഴായിരുന്നു ഉപദ്രവം. പെൺകുട്ടി ബഹളം വച്ചതോടെ ഇന്ദ്രജിത്ത് ഇറങ്ങിയോടി. പിന്നാലെ ഓട്ടോറിക്ഷാ ഡ്രൈവർമാരും നാട്ടുകാരും വിവരം അറിഞ്ഞെത്തിയ പൊലീസും പാഞ്ഞു. മതിലും ചാടിക്കടന്ന് തുണ്ടിൽ ക്ഷേത്രത്തിനു സമീപത്തെ മുണ്ടുകോണം വയൽ ഏലായിലേക്ക് യുവാവ് എടുത്തു ചാടിയതോടെ മുട്ടോളം ചേറിൽ പുതഞ്ഞു വേഗം കുറഞ്ഞു. ഇനിയും ഓടിയാൽ എറിഞ്ഞു വീഴ്‌ത്തുമെന്നു പിന്നാലെയെത്തിയവർ മുന്നറിയിപ്പു നൽകിയതോടെ ഇന്ദ്രജിത്ത് കീഴടങ്ങി. പതിവായി ബസിൽ പെൺകുട്ടികളെ ഉപദ്രവിക്കാറുണ്ടെന്നു മംഗലപുരം സിഐ സിജു പറഞ്ഞു. ഇന്ദ്രജിത്തിനെ കോടതി റിമാൻഡ് ചെയ്തു.
by Midhun HP News | Jul 20, 2023 | Latest News, ജില്ലാ വാർത്ത
ഫിഷറീസ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൺ (സാഫ്) നടപ്പാക്കുന്ന തീരമൈത്രി പദ്ധതിയിൽ വിവിധ സംരംഭങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. സൂക്ഷ്മതൊഴിൽ സംരംഭങ്ങളുടെ യൂണിറ്റ്, ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് എന്നിവ തുടങ്ങുന്നതിന് എഫ്.എഫ്.ആറിൽ രജിസ്റ്റർ ചെയ്ത മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകളടങ്ങുന്ന ഗ്രൂപ്പുകൾക്ക് അപേക്ഷിക്കാം.
സൂക്ഷ്മതൊഴിൽ സംരംഭങ്ങളുടെ യൂണിറ്റിൽ രണ്ട് മുതൽ അഞ്ച് പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് പരമാവധി അഞ്ച് ലക്ഷം രൂപ വരെ പദ്ധതിയിലൂടെ ഗ്രാന്റായി ലഭിക്കും. ഡ്രൈഫിഷ് യൂണിറ്റ്, ഹോട്ടൽ ആൻഡ് കാറ്ററിംഗ്, ഫിഷ് ബൂത്ത്, ഫ്‌ളോർമിൽ, ഹൗസ് കീപ്പിംഗ്, ഫാഷൻ ഡിസൈനിംഗ്, ടൂറിസം, ഐ.ടി അനുബന്ധ സ്ഥാപനങ്ങൾ, പ്രൊവിഷൻ സ്റ്റോർ, ട്യൂഷൻ സെന്റർ, ഫുഡ് പ്രോസസിംഗ് എന്നീ യൂണിറ്റുകൾക്കാണ് ധനസഹായം ലഭിക്കുന്നത്. 20നും 50നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പിൽ അഞ്ച് പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് പരമാവധി അൻപതിനായിരം രൂപ പലിശരഹിത വായ്പയായി ലഭിക്കും. മത്സ്യക്കച്ചവടം, ഉണക്കമീൻ കച്ചവടം, പീലിംഗ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന മത്സ്യതൊഴിലാളി വനിതകളടങ്ങുന്ന ഗ്രൂപ്പുകൾക്ക് ഇതിൽ അപേക്ഷിക്കാം. പ്രായപരിധിയില്ല.
അപേക്ഷഫോറം വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സാഫ് നോഡൽ ഓഫീസ്, ജില്ലയിലെ വിവിധ മത്സ്യഭവൻ ഓഫീസുകൾ എന്നിവിടങ്ങളിൽ ലഭ്യമാണെന്ന് ജില്ലാ നോഡൽ ഓഫീസർ അറിയിച്ചു. പൂരിപ്പിച്ച അപേക്ഷകൾ അതത് മത്സ്യഭവൻ ഓഫീസുകളിൽ സ്വീകരിക്കും. അവസാന തിയതി ആഗസ്റ്റ് 10 കൂടുതൽ വിവരങ്ങൾക്ക് 9847907161, 9895332871
by Midhun HP News | Jul 19, 2023 | Latest News, ജില്ലാ വാർത്ത
ഉമ്മൻ ചാണ്ടിക്ക് ആദരാജ്ഞലിയർപ്പിച്ചു മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ കോൺഗ്രസ്സ് പ്രവർത്തകൻ മരിച്ചു. ഇടുക്കി കുമളി അട്ടപ്പള്ളം കണ്ടത്തിൽ കെ വൈ വർഗീസ് (47) ആണ് മരിച്ചത്. തിരുവനന്തപുരത്തിന് പോയി മടങ്ങിവരുന്നതിനിടയിൽ റാന്നിയിൽ വച്ച് പുലർച്ചെ ആണ് അപകടമുണ്ടായത്. അപകട സമയത്ത് ഹൃദയാഘാതവും ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര നിലവിൽ കൊല്ലത്താണ്.
by Midhun HP News | Jul 19, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതികൾ ഉണ്ടാകില്ല. സർക്കാരിന്റെ ഔദ്യോഗിക ബഹുമതി വേണ്ട എന്നതാണ് അപ്പയുടെ അന്ത്യാഭിലാഷം എന്ന് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പറഞ്ഞു. ഇക്കാര്യം ജർമനിയിൽ ചികിത്സയ്ക്ക് പോകും മുൻപ് ഭാര്യ മറിയാമ്മ ഉമ്മനെ അറിയിച്ചിരുന്നു. പിതാവിൻറെ അന്ത്യാഭിലാഷമായിരുന്നു അത്. അതു നിറവേറ്റും. ഇതു കത്തായി സർക്കാരിന് നൽകിയെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
ഉമ്മൻ ചാണ്ടിക്ക് പൂർണ ഔദ്യോഗിക ബഹുമതി നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭായോഗത്തിൽ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ കുടുംബത്തിന്റെ അഭിപ്രായം തേടാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ മതപരമായ ചടങ്ങുകൾ മാത്രം മതിയെന്നും ഔദ്യോഗിക ബഹുമതികൾ ഒഴിവാക്കണമെന്നും ഉമ്മൻചാണ്ടിയുടെ ഭാര്യ പൊതുഭരണവകുപ്പിനെ രേഖാമൂലം അറിയിച്ചതിനാൽ ഇത് അംഗീകരിക്കുന്നതായി ചീഫ് സെക്രട്ടറി വ്യക്തമാക്കി.
പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തിൽ നാളെ 3.30നാണ് സംസ്കാരം. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. നാളെ ഉച്ചയ്ക്ക് 12നു പുതുപ്പള്ളിയിലെ വസതിയിൽ ശുശ്രൂഷ. ഒന്നിനു പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലേക്കു വിലാപയാത്ര. 2 മുതൽ 3.30 വരെ പള്ളിയുടെ വടക്കേ പന്തലിൽ പൊതുദർശനം. 3.30നു സമാപനശുശ്രൂഷ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ നടത്തും. 5ന് അനുശോചന സമ്മേളനം.
Recent Comments