by Midhun HP News | Jul 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കുട്ടികള്‍ക്ക് വാഹനം ഓടിക്കാനായി നല്‍കുന്ന രക്ഷിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്. കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കിയാല്‍ കർശന നടപടിയും ശിക്ഷയുമാണ് കാത്തിരിക്കുന്നതെന്ന മുന്നറിയിപ്പാണ് എം വി ഡി നല്‍കിയിരിക്കുന്നത്.
മോട്ടോര്‍ വാഹന നിയമം വകുപ്പ് 180,181 പ്രകാരമാകും കേസെന്നും പിഴ കൂടാതെ 3 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാമെന്നും എം വി ഡി വ്യക്തമാക്കിയിട്ടുണ്ട്. ഇരുപത്തിയഞ്ച് വയസു വരെ കുട്ടിക്ക് ഇന്ത്യയിലെവിടെ നിന്നും ലൈസന്‍സോ ലേര്‍ണേര്‍സോ എടുക്കുന്നതിന് വിലക്കുണ്ടാകുമെന്നും മോട്ടോര്‍ വാഹന വകുപ്പ് വിവരിച്ചിട്ടുണ്ട്.
▪️എം വി ഡിയുടെ മുന്നറിയിപ്പിന്റെ പൂർണ്ണരൂപം.
കുട്ടികളുടെ വാഹനമോടിക്കല്‍ ശിക്ഷാ നടപടികള്‍ അറിയാത്തവര്‍ക്കായി.
1 വാഹന ഉടമ / രക്ഷിതാവ് ഇവരിലൊരാള്‍ക്ക് 25000 രൂപ പിഴ (MV Act 199 A(2)
2 രക്ഷിതാവ് അല്ലെങ്കില്‍ ഉടമയ്ക്ക് 3 വര്‍ഷം വരെ തടവ് ശിക്ഷ (MV Act 199 A(2)
3 വാഹനത്തിന്റെ രജിസ്‌ടേഷന്‍ ഒരു വര്‍ഷം റദ്ദാക്കല്‍ Mv Act 199 A (4)
4 ഇരുപത്തിയഞ്ച് വയസു വരെ ഇന്ത്യയിലെവിടെ നിന്നും ലൈസന്‍സ് / ലേര്‍ണേര്‍സ്
എടുക്കുന്നതിന് വിലക്ക് MV Act 199 A(5)
5 ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരമുള്ള മറ്റു നടപടികള്‍ MV Act 199 A(6)
by liji HP News | Jul 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കോട്ടയം: ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലന്ന് മാതാപിതാക്കൾ വിമർശിച്ചു. സുരക്ഷാവീഴ്ചകൾ പരിശോധിച്ചില്ല. സുതാര്യമായ അന്വേഷണം ഉറപ്പാക്കണമെന്നും ഹർജിയിൽ ഇവർ ആവശ്യപ്പെടുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ചാണ് ഡോ വന്ദന ദാസ് അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്.
ഡോ.വന്ദന ദാസിന്റെ കൊലപാതകത്തില്‍ നിര്‍ണായക റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. സംഭവ സമയത്ത് പ്രതി സന്ദീപ് ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തൽ. ഫോറൻസിക് പരിശോധന ഫലം കോടതിക്ക് കൈമാറി. രക്തം, മൂത്രം എന്നിവയിൽ മദ്യത്തിന്റെയോ ലഹരി വസ്തുക്കളുടെയോ സാന്നിദ്ധ്യമില്ല. പ്രതിക്ക് കാര്യമായ മാനസിക പ്രശ്നമില്ലെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കി. ഏറ്റവും പുതിയ റിപ്പോർട്ടാണ് പുറത്തു വന്നത്.
രാത്രി ഇയാളെ കസ്റ്റഡിയിലെടുത്ത് പൊലീസ് ആശുപത്രിയിലെത്തിക്കുമ്പോൾ വന്ദനയെ കൊലപ്പെടുത്താനും മറ്റ് ആളുകളെ കുത്തി മുറിവേൽപിക്കാനും കാരണമായത് സന്ദീപിനുള്ളിലെ ലഹരി ആയിരുന്നു എന്നായിരുന്നു സംശയം. എന്നാൽ ഇയാളുടെ പരിശോധന ഫലത്തിൽ ലഹരിയുടെ സാന്നിദ്ധ്യമില്ല. പത്ത് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിച്ചിരുന്നു.
വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന പൊലീസിനെയടക്കം രൂക്ഷമായി വിമർശിച്ച് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മ രംഗത്തെത്തിയിരുന്നു. ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിൽ പൊലീസ് സംഭവ സമയത്ത് ഇടപെട്ടതിൽ പ്രശ്നങ്ങളുണ്ടെന്ന് അവർ പറഞ്ഞു. വന്ദനയെ രക്ഷിക്കാൻ ഒരു ശ്രമവും ആരുടെയും ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും അവർ പറഞ്ഞു. പരിക്കേറ്റ അക്രമിയെ നാല് പേർക്ക് പിടികൂടാനോ തടയാനോ കഴിഞ്ഞില്ലെന്ന് അവർ വിമർശിച്ചു. വന്ദന രക്ഷപ്പെടുത്തമെന്ന് അഭ്യർത്ഥിച്ചിട്ടും ആരും സഹായിക്കാനുണ്ടായില്ല. അക്രമിക്കപ്പെട്ട ആശുപത്രിയിൽ പ്രാഥമിക ചികിത്സ പോലും വന്ദനയ്ക്ക് നൽകിയില്ല. ഇത്രയധികം ദൂരം വന്ദനയ്ക്ക് ചികിത്സ നൽകാൻ കൊണ്ടുപോയത് ആരുടെ തീരുമാനമായിരുന്നുവെന്നും അവർ ചോദിച്ചു.
കേരളാ പൊലീസിന് ഒരു പെൺകുട്ടിയെ പോലും രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും രേഖ ശർമ്മ കുറ്റപ്പെടുത്തി. പൊലീസ് അന്വേഷണത്തിൽ വന്ദനയുടെ മാതാപിതാക്കൾക്ക് പരാതിയുണ്ട്. സിബിഐ അന്വേഷണം മാതാപിതാക്കൾ ആവശ്യപ്പെടുന്നു. ഒരു കോടി രൂപ കുടുംബം ധനസഹായം ആവശ്യപ്പെട്ടുവെന്നത് തെറ്റായ കാര്യമാണ്. അന്വേഷണം തൃപ്തികരമല്ലെന്ന് പറഞ്ഞ ദേശീയ വനിത കമ്മീഷൻ കേരളാ പൊലീസ് മേധാവി അനിൽകാന്തുമായി കൂടിക്കാഴ്ച നടത്തുമെന്നും വ്യക്തമാക്കി.
by Midhun HP News | Jul 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾക്ക് ഇന്ന് അവധിയില്ല. ഇന്ന് ഉൾപ്പെടെ ഈ മാസം മൂന്ന് ശനിയാഴ്‌ചകളിൽ സ്‌കൂളുകൾക്ക് പ്രവൃത്തി ദിവസമായിരിക്കും. ജൂലായ് 22, 29 തീയതികളിൽ 10 വരെയുള്ള ക്ലാസുകാർക്ക് ക്ലാസുണ്ടാകും.
പ്രവൃത്തി ദിവസങ്ങളിൽ പൊതു അവധി വരുന്ന ആഴ്‌ചകളിലെ ശനിയാഴ്‌ച ഈ അധ്യായന വർഷം പ്രവർത്തി ദിവസമായിരിക്കും. 17ന് കർക്കടക വാവിന്റെയും 28 മുഹറത്തിന്റെയും അവധിയായതിനാലാണ് 22 നും 29 നും കൂടി പ്രവൃത്തി ദിവസമാക്കിയത്.
by Midhun HP News | Jul 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഡൽഹി: പാനും ആധാറും ബന്ധിപ്പിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചിരിക്കുകയാണ്. ഇതുവരെ സമയപരിധി നീട്ടി നൽകിയിട്ടില്ല. അതിനിടെ പിഴയടച്ചിട്ടും ലിങ്കിങ് പൂർത്തിയാക്കാൻ കഴിയാത്ത കേസുകൾ പ്രത്യേകം പരിഗണിക്കുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. പണമടയ്ക്കുമ്പോൾ ചലാൻ ഡൗൺലോഡ് ചെയ്യണമെന്നില്ല. പോർട്ടലിലെ ഇ-പേ ടാക്സ് ടാബിൽ പോയാൽ പേയ്മെന്റ് സ്റ്റാറ്റസ് അറിയാം. ഇമെയിൽ ആയും ചലാൻ ലഭിക്കും. ആയിരം രൂപയാണ് പിഴയായി ഈടാക്കിക്കൊണ്ട് പാനും ആധാറും ബന്ധിപ്പിക്കാനുള്ള അവസാന തിയതി ഇന്നലെയായിരുന്നു.
ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ ഇന്നു മുതൽ പ്രവർത്തനരഹിതമാകും. ആദായനികുതി നിയമം അനുസരിച്ച് നിയമ നടപടി നേരിടേണ്ടിവരും. പാൻ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ ആദായനികുതി അടയ്ക്കാനും സാധിക്കില്ല. പാൻ നമ്പർ ഒരു പ്രധാന കെവൈസി സംവിധാനം ആയതിനാൽ ബാങ്ക് ഇടപാടുകളും നടക്കില്ല. പാൻ അസാധുവായാൽ 30 ദിവസത്തിനകം 1000 രൂപ നൽകി ആധാറുമായി ബന്ധിപ്പിച്ച് വീണ്ടും പ്രവർത്തനക്ഷമമാക്കാം.
by Midhun HP News | Jul 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കാസർകോട്: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ വിദ്യയുടെ ജാമ്യാപേക്ഷ ഇന്ന് ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. കരിന്തളം ഗവണ്‍മെന്റ് കോളജില്‍ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി നിയമനം നേടിയ കേസിലാണിത്. വിദ്യ ഇപ്പോൾ ഇടക്കാല ജാമ്യത്തിലാണ്. ഇന്നലെ ഹോസ്ദുർഗ് കോടതി ജാമ്യാപേക്ഷ പരിഗണിച്ചെങ്കിലും പൊലീസ് ഹാജരാക്കിയ രേഖകളും റിപ്പോർട്ടും വിശദമായി പരിശോധിക്കേണ്ടതിനാൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
മഹാരാജാസ് കേളജില്‍ ജോലി ചെയ്‌തെന്ന് കാണിക്കുന്ന വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കരിന്തളം സര്‍ക്കാര്‍ കോളജില്‍ ഗസ്റ്റ് ലക്ചറര്‍ നിയമനം നേടിയ കേസിൽ നീലേശ്വരം പൊലീസ് വിദ്യയെ അറസ്റ്റ് ചെയ്‌തിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചത് ഫോണിലൂടെയാണെന്നും ആ ഫോണ്‍ തകരാറായതിനെ തുടര്‍ന്ന് ഉപേക്ഷിച്ചുവെന്നുമാണ് വിദ്യ നീലേശ്വരം പൊലീസിന് മൊഴി നല്‍കിയത്. വ്യാജരേഖ ഉണ്ടാക്കിയത് ആരുടെയും സഹായമില്ലാതെയാണ്. ഇതിന്റെ ഒറിജിനല്‍ നശിപ്പിച്ചുവെന്നും വിദ്യ പൊലീസിനോട് സമ്മതിച്ചു. കരിന്തളം കോളജില്‍ സമര്‍പ്പിച്ച അതെ വ്യാജ രേഖ തന്നെയാണ് വിദ്യ അട്ടപ്പാടിയിലും നല്‍കിയത്.
by Midhun HP News | Jul 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കോട്ടയം: മുണ്ടക്കയത്ത് സഹോദരങ്ങൾ തമ്മിലുണ്ടായ വാക്ക് തർക്കത്തിനിടെ അനുജൻ കൊല്ലപ്പെട്ടു. തോട്ടക്കര വീട്ടിൽ രഞ്ജിത്താണ് (29) കൊല്ലപ്പെട്ടത്. സംഭവത്തിനു ശേഷം രക്ഷപെട്ട സഹോദരൻ അജിത്തിനായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവമുണ്ടായത്. തർക്കത്തിനിടെ അജിത്ത് പിടിച്ചു തള്ളിയതോടെ രഞ്ജിത്തിന്റെ തലയിൽ പരുക്കേറ്റതാണ് മരണത്തിന് കാരണമായത് എന്നാണ് സൂചന. പ്രതിയെന്നു കരുതുന്ന അജിത്ത് മദ്യലഹരിയിൽ അമ്മയുമായി വഴക്കിടുന്നത് പതിവായിരുന്നു. വ്യാഴാഴ്ച രാത്രിയിലും അജിത്ത് അമ്മയുമായി വഴക്കുണ്ടാക്കി. ഇതിനിടെയാണ് രഞ്ജിത്തിന് ഗുരുതരമായി പരുക്കേറ്റത്. ഉടൻതന്നെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മാർട്ടത്തിനു ശേഷമേ ശരീരത്തിലെ മുറിവുകൾ സംബന്ധിച്ച് വ്യക്തത ഉണ്ടാകൂവെന്ന് മുണ്ടക്കയം പൊലീസ് അറിയിച്ചു.
Recent Comments