അഭിമാനമായി നീരജ് ചോപ്ര; ലുസെയ്ൻ ഡയമണ്ട് ലീഗിൽ ഒന്നാം സ്ഥാനം

അഭിമാനമായി നീരജ് ചോപ്ര; ലുസെയ്ൻ ഡയമണ്ട് ലീഗിൽ ഒന്നാം സ്ഥാനം

ലുസെയ്സ്; ഇന്ത്യയ്ക്ക് അഭിമാനമായി വീണ്ടും നീരജ് ചോപ്ര. ലുസെയ്ൻ ഡയമണ്ട് ലീഗിൽ ജാവലിൻത്രോയിൽ ഒന്നാം സ്ഥാനം നേടി. 87.66 മീറ്റർ എറിഞ്ഞായിരുന്നു താരത്തിന്റെ കുതിപ്പ്. ഡയമണ്ട് ലീഗിൽ നിലവിലെ ചാംപ്യനായ നീരജ് ഈ സീസണിലെ തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ഒന്നാംസ്ഥാനം നേടുന്നത്.

പരുക്കിനെത്തുടർന്ന് ഒരുമാസത്തെ ഇടവേളയ്ക്കുശേഷമാണ് നീരജ് കളത്തിലിറങ്ങിയത്. എതിരാളികളുടെ കടുത്ത പോരാട്ടത്തെ അതിജീവിച്ചാണ് വിജയക്കൊടി പാറിച്ചത്. ഫൗളിലൂടെ തുടങ്ങിയ നീരജ് രണ്ടാം ശ്രമത്തിൽ 83.5 മീറ്റർ പിന്നിട്ടു. മൂന്നാം ഊഴത്തിൽ 85.04 മീറ്റർ എറിഞ്ഞ് പട്ടികയിൽ രണ്ടാമതായി. അഞ്ചാം ഊഴത്തിലാണ് ഒന്നാം സ്ഥാനം ഉറപ്പിക്കുന്നത്.

രണ്ടാംസ്ഥാനം നേടിയ ജർമനിയുടെ ജൂലിയൻ വെബറും (87.03 മീറ്റർ), മൂന്നാംസ്ഥാനം നേടിയ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാൽഡെജും (86.13 മീറ്റർ) അവസാന നിമിഷംവരെ നീരജിന് വെല്ലുവിളിയുയർത്തി. അതിനിടെ പുരുഷ ലോങ്ജംപിൽ മത്സരിച്ച മലയാളി താരം എം.ശ്രീശങ്കർ അഞ്ചാംസ്ഥാനത്തായി. മലയാളി താരത്തിന് ഒരു തവണ പോലും 8 മീറ്റർ പിന്നിടാനായില്ല. മൂന്നാം ശ്രമത്തിൽ ചാടിയ 7.88 മീറ്ററായിരുന്നു മത്സരത്തിൽ ശ്രീശങ്കറിന്റെ മികച്ച പ്രകടനം.

ഇന്നു മുതൽ സംസ്ഥാനത്ത് പുതിയ വേ​ഗപ്പൂട്ട്; ഇരുചക്ര വാഹനങ്ങൾ 60ന് മുകളിൽ പോകരുത്

ഇന്നു മുതൽ സംസ്ഥാനത്ത് പുതിയ വേ​ഗപ്പൂട്ട്; ഇരുചക്ര വാഹനങ്ങൾ 60ന് മുകളിൽ പോകരുത്

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി ഇന്ന് മുതല്‍ പ്രാബല്യത്തിൽ. ഇരുചക്രവാഹനങ്ങളുടെ വേ​ഗം കുറച്ചു. നഗര റോഡുകളില്‍ 50 കിലോമീറ്ററും മറ്റെല്ലാ റോഡുകളിലും 60 മാണ് വേഗപരിധി. മുച്ചക്ര വാഹനങ്ങള്‍ക്കും സ്‌കൂള്‍ ബസുകള്‍ക്കും എല്ലാ റോഡുകളിലെയും പരമാവധി വേഗപരിധി 50 കിലോമീറ്ററാണ്.

ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കിയ വേഗപരിധി അനുസരിച്ച് 9 സീറ്റ് വരെയുള്ള യാത്രാവാഹനങ്ങള്‍ക്ക് 6 വരി ദേശീയ പാതയില്‍ 110 കിലോമീറ്റര്‍, 4 വരി ദേശീയ പാതയില്‍ 100, മറ്റ് ദേശീയപാത, 4 വരി സംസ്ഥാന പാത എന്നിവയില്‍ 90 കിലോമീറ്റര്‍, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80, മറ്റു റോഡുകളില്‍ 70, നഗര റോഡുകളില്‍ 50 കിലോമീറ്റര്‍ എന്നിങ്ങനെയാണ് അനുവദനീയ വേഗപരിധി. ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ്-മീഡിയം ഹെവി യാത്ര വാഹനങ്ങള്‍ക്ക് 6 വരി ദേശീയ പാതയില്‍ 95 കിലോമീറ്റര്‍, 4 വരി ദേശീയ പാതയില്‍ 90, മറ്റ് ദേശീയപാതകളില്‍ 85, 4 വരി സംസ്ഥാന പാതയില്‍ 80 കിലോമീറ്റര്‍, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 70, മറ്റു റോഡുകളില്‍ 60, നഗര റോഡുകളില്‍ 50 കിലോമീറ്റര്‍ എന്നിങ്ങനെയാണ് പരമാവധി വേഗം അനുവദിച്ചിട്ടുള്ളത്.

ചരക്ക് വാഹനങ്ങളുടെ വേഗപരിധി 6 വരി, 4 വരി ദേശീയപാതകളില്‍ 80 കിലോമീറ്ററും മറ്റ് ദേശീയപാതകളിലും 4 വരി സംസ്ഥാന പാതകളിലും 70 കിലോമീറ്ററും മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 കിലോമീറ്ററും മറ്റ് റോഡുകളില്‍ 60 കിലോമീറ്ററും നഗര റോഡുകളില്‍ 50 കിലോമീറ്റര്‍ ആയും നിജപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് 2014-ന് ശേഷം ഇപ്പോഴാണ് വേഗപരിധി പുനര്‍ നിശ്ചയിക്കുന്നത്. സംസ്ഥാനത്തെ റോഡുകള്‍ ആധുനിക രീതിയില്‍ നവീകരിച്ചതും ക്യാമറകള്‍ പ്രവര്‍ത്തനസജ്ജമായതും കണക്കിലെടുത്താണ് വേഗപരിധി പുതുക്കിയത്.

മഹാരാഷ്ട്രയിൽ ബസ്സിന് തീപിടിച്ച് 25 പേർ വെന്തുമരിച്ചു

മഹാരാഷ്ട്രയിൽ ബസ്സിന് തീപിടിച്ച് 25 പേർ വെന്തുമരിച്ചു

മുംബൈ: മഹാരാഷ്ട്രയിൽ ബസ്സിന് തീപിടിച്ച് 25 പേർ മരിച്ചു. നിരവധിപേർക്ക് പൊള്ളലേറ്റു. ബുൾധാനയിലെ സമൃദ്ധി മഹാമാർ​ഗ് എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. മഹാരാഷ്ട്രയിലെ യവത്മലിൽ നിന്ന് പൂനെയിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്.

യാത്ര ആരംഭിച്ചതിന് തൊട്ടുപിന്നാലെ ബസ്സിന് തീ പിടിക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. 32 യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നു. ബസ്സിൽ നിന്ന് 25 പേരുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. ​ഗുരുതരമായി പൊള്ളലേറ്റവരെ ബുൾധാന സിവിൽ ആശുപത്രിയിലേക്ക് മാറ്റി.അപകടത്തിൽ ബസ് പൂർണമായി കത്തിനശിച്ചു.

റിലീസ് ദിവസം തീയറ്ററില്‍ പെണ്‍ വേഷത്തില്‍ എത്തി സംവിധായകന്‍ രാജസേനന്‍

റിലീസ് ദിവസം തീയറ്ററില്‍ പെണ്‍ വേഷത്തില്‍ എത്തി സംവിധായകന്‍ രാജസേനന്‍

കൊച്ചി: റിലീസ് ദിവസം തീയറ്ററില്‍ പെണ്‍ വേഷത്തില്‍ എത്തി സംവിധായകന്‍ രാജസേനന്‍. കൊച്ചിയിലെ തീയറ്ററിലാണ് രാജസേനന്‍ പെണ്‍ വേഷത്തില്‍ എത്തിയത്. ‘ഞാന്‍ പിന്നെയൊരു ഞാനും’ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഇങ്ങനെയൊരു മേയ്ക്കോവര്‍ രാജസേനന്‍ നടത്തിയത്. രാജസേനന്‍റെ പുതിയ ലുക്ക് സിനിമ കാണാന്‍ എത്തിയവരെയും സിനിമയുടെ അണിയറക്കാരെയും ഞെട്ടിച്ചു.

അഞ്ച് വര്‍ഷത്തിന് ശേഷം രാജസേനന്‍ ഒരുക്കുന്ന ചിത്രമാണ്’ഞാന്‍ പിന്നെയൊരു ഞാനും’ ചിത്രത്തിന്‍റെ തിരക്കഥയും രാജസേനന്‍റെതാണ്. തുളസീധര കൈമൾ എന്ന കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. തുളസീധര കൈമളായി രാജസേനൻ തന്നെയാണ് വേഷമിടുന്നത്.

ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ സർക്കിൾ ഇൻസ്പെക്ടർ പരമേശ്വരനായി ഇന്ദ്രൻസ് എത്തുന്നു. തുളസീധര കൈമളിന്റെ വലംകൈയായ രഘു എന്ന കഥാപാത്രമായി സുധീർ കരമനയും അമ്മാവൻ ഉണ്ണികൃഷ്ണ കൈമളായി ജോയ് മാത്യുവും വേഷമിടുന്നു. എം ജയചന്ദ്രനാണ് സംഗീതസംവിധാനം. രണ്ടു പാട്ടുകളാണ് ചിത്രത്തിലുള്ളത്. ഗാനരചന ഹരിനാരായണൻ. ഛായാഗ്രഹണം -സാംലാൽ പി തോമസ്, എഡിറ്റർ -വി സാജൻ,സ്ക്രിപ്റ്റ് അസിസ്റ്റന്റ് -പാർവതി നായർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ -പ്രസാദ് യാദവ്, മേക്കപ്പ് -സജി കാട്ടാക്കട, ആർട്ട് -മഹേഷ് ശ്രീധർ, കോസ്റ്റ്യൂം -ഇന്ദ്രൻസ് ജയൻ, കൊറിയോഗ്രാഫി -ജയൻ ഭരതക്ഷേത്ര, പ്രൊഡക്ഷൻ കൺട്രോളർ -എസ് എൽ പ്രദീപ്, സ്റ്റിൽസ് -കാഞ്ചൻ ടി ആർ, പി ആർ ഓ -മഞ്ജു ഗോപിനാഥ്, ഡിസൈൻസ് -ഐഡന്റ് ടൈറ്റിൽ ലാബ്. ക്ലാപ്പിൻ മൂവി മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം നിർമ്മിക്കുന്നത്.

പ്ലസ് ടു കോഴക്കേസ്: കെഎം ഷാജിയ്ക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

പ്ലസ് ടു കോഴക്കേസ്: കെഎം ഷാജിയ്ക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ഡല്‍ഹി: പ്ലസ്ടു കോഴക്കേസില്‍ മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ എം ഷാജിയ്ക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കിയ ഉത്തരവിനെതിരെയാണ് സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചത്. ഷാജിയ്ക്കെതിരേ അന്വേഷണം നടത്താന്‍ അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.

2013-14ല്‍ അഴീക്കോട് സ്‌കൂളിലെ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെഎം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2020 ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ എഫ്‌ഐആര്‍ കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

പരാതിയുടെ അടിസ്ഥാനത്തിലാണ് ഷാജിയ്ക്കെതിരെ എഫ്ഐആര്‍ ഇട്ട് അന്വേഷണം നടത്തിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കോഴ നല്‍കിയ കാര്യം സ്‌കൂള്‍ മാനേജര്‍, മജിസ്‌ട്രേറ്റിന് മുമ്പാകെ നല്‍കിയ രഹസ്യ മൊഴിയില്‍ സമ്മതിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. സ്റ്റാന്റിംഗ് കോണ്‍സല്‍ ഹര്‍ഷദ് വി ഹമീദാണ് ഹര്‍ജി ഫയല്‍ ചെയ്ത്. അന്വേഷണത്തിന്റെ ഭാഗമായി ഷാജിയുടെ വീട്ടില്‍ നടത്തിയ വിജിലന്‍സ് റെയ്ഡില്‍ 47 ലക്ഷം രൂപ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് തെരഞ്ഞടുപ്പ് ഫണ്ട് ആണെന്നായിരുന്നു ഷാജിയുടെ വാദം.

‘ബിപോര്‍ജോയ് ‘വില്ലനായി; കേരളത്തില്‍ 60 ശതമാനം മഴ കുറവ്

‘ബിപോര്‍ജോയ് ‘വില്ലനായി; കേരളത്തില്‍ 60 ശതമാനം മഴ കുറവ്

തിരുവനന്തപുരം: കാലവർഷം കേരളത്തിൽ 60 കുറവ്. സമീപ കാലത്ത് ഏറ്റവും കുറവ് മഴ ലഭിച്ച ജൂൺ മാസമാണ് ഇത്തവണത്തേത്.. ജൂണിൽ ശരാശരി 648.3 mm മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 260.3 mm മഴ മാത്രം.1976 നും 1962 നും ശേഷം ഏറ്റവും കുറവ് മഴ ലഭിച്ച ജൂൺ മാസമായി 2023. എല്ലാ ജില്ലകളിലും സാധാരണയെക്കാൾ കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്. 7 ജില്ലകളിൽ മഴകുറവ് 60% മുകളിലാണ്. വയനാട് 78% ഉം ഇടുക്കി 71% കുറവ് മഴ ലഭിച്ചു. ജൂണിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കാസറഗോഡ് (379.6 mm) ജില്ലയിലാണെങ്കിലും സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ട മഴയെക്കാൾ (982.4 mm) 61% കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്. ഏറ്റവും കുറവ് വയനാട് ജി (153.3mm), പാലക്കാട്‌ (153.6 mm) ജില്ലകളിൽ.

7 ദിവസം വൈകി വന്ന കാലവർഷം കേരളത്തിൽ ദുർബലമാകാൻ കാരണം ജൂൺ 6 ന് അറബികടലിൽ രൂപപ്പെട്ട ബിപോർജോയ് ചുഴലിക്കാറ്റ് ആണ് . ഒപ്പം വടക്ക് പടിഞ്ഞാറൻ പസഫിക്ക് സമുദ്രത്തിൽ ഈ കാലയളവിൽ രൂപപ്പെട്ട ടൈഫുണുകളും. കാലവര്‍ഷത്തിന് തിരിച്ചടിയായി.ഞായറാഴ്ച മുതൽ സംസ്ഥാനത്ത് കാലവർഷം കനക്കും. ഞായറാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്,കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. തിങ്കളാഴ്ച രണ്ട് ജില്ലകളിലും ചൊവ്വാഴ്ച ആറ് ജില്ലകളിലും ഓറഞ്ച് അലർട്ട് ഉണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് തിങ്കളാഴ്ച ഓറഞ്ച് അലർട്ട്. ചൊവാഴ്ച എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്,കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഈ ദിവസങ്ങലിൽ തുടർച്ചയായ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ പ്രതീക്ഷിക്കാം. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. കാലവർഷക്കാറ്റ് അനുകൂലമാകുന്നതോടെയാണ് മഴ കനക്കുന്നത്.