by liji HP News | Jun 23, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് മാലിന്യം തള്ളൽ സ്പോട്ടുകളായി തിരിച്ചറിഞ്ഞ 5567 കേന്ദ്രങ്ങളിൽ 4711 സ്പോട്ടുകളിലേയും മാലിന്യം നീക്കം ചെയ്തതായി തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷ്. 84.89 ശതമാനം മാലിന്യവും നീക്കം ചെയ്തു കഴിഞ്ഞു. ബാക്കിയുള്ളവ ഉടൻ നീക്കം ചെയ്യും. പകർച്ചപ്പനി പ്രതിരോധത്തിന്റെ പശ്ചാത്തലത്തിൽ തദ്ദേശസ്വയംഭരണ, ആരോഗ്യ, പൊതുവിദ്യാഭ്യാസ വകുപ്പുകളുടെ മന്ത്രിമാരുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത സംയുക്ത യോഗത്തിന് ശേഷം ആരോഗ്യമന്ത്രി വീണാ ജോർജിനൊപ്പം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
മാലിന്യ നിർമാർജ്ജനത്തിൽ ജനങ്ങളുടെ സഹകരണം അനിവാര്യമാണ്. മാലിന്യം തള്ളൽ കേന്ദ്രങ്ങളിൽ നിന്ന് അവ നീക്കം ചെയ്ത ശേഷവും വീണ്ടും അവിടെ മാലിന്യം തള്ളുന്ന സംഭവങ്ങളുണ്ട്. ഇത് ഗൗരവമുള്ള പ്രശ്നമാണ്. കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ചുരത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ മൂന്നു തവണയാണ് ഇങ്ങനെ വൃത്തിയാക്കേണ്ടി വന്നത്. മാലിന്യം തള്ളുന്നത് തടയാനും വാഹനങ്ങൾ പിടിച്ചെടുക്കാനും പിഴ ഈടാക്കാനുമുള്ള എൻഫോഴ്സ്മെൻറ് നടപടികൾ ശക്തിപ്പെടുത്തിയതായി തദ്ദേശ സ്വയംഭരണ മന്ത്രി അറിയിച്ചു.
ഓരോ ജില്ലയിലും രണ്ട് എൻഫോഴ്സ്മെൻറ് സ്‌ക്വാഡുകൾ വീതം ഏപ്രിൽ മുതൽ പ്രവർത്തിക്കുന്നുണ്ട്. ഇതിനുപുറമേ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വിജിലൻസ് സ്‌ക്വാഡും സജീവമാണ്. മാലിന്യം തള്ളുന്ന സ്പോട്ടുകൾ കണ്ടെത്തി അവ വകുപ്പിന്റെ പോർട്ടലിൽ രേഖപ്പെടുത്തേണ്ടതുണ്ട്. അവിടെനിന്നും മാലിന്യം നീക്കം ചെയ്താലും അക്കാര്യം പോർട്ടൽ വഴി അറിയിക്കണം.
മഴക്കാലത്തിനു മുന്നോടിയായി മാലിന്യം നീക്കം ചെയ്യുന്നതിന്റെ ഭാഗമായി നേരത്തെതന്നെ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രചാരണ പരിപാടികൾ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 5592 വാർഡുകൾ സീറോ വേസ്റ്റ് വാർഡുകളായി പ്രഖ്യാപിച്ചു. 99.14 ശതമാനം വാർഡുകൾ വെളിയിട വിസർജ്ജന മുക്ത (ഒ.ഡി.എഫ്) പദവി കൈവരിച്ചു. മെയ് മാസം മാത്രം 5355 മെട്രിക് ടൺ മാലിന്യമാണ് ക്ലീൻ കേരള കമ്പനി വഴി മാത്രം നീക്കം ചെയ്തത്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 43 ശതമാനം കൂടുതലാണ്. കഴിഞ്ഞ വർഷത്തേക്കാൾ 63 ശതമാനം കൂടുതൽ പ്ലാസ്റ്റിക് മാലിന്യവും നീക്കം ചെയ്തിട്ടുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ശുചീകരണ പ്രവർത്തനങ്ങൾ ഫലപ്രദമായിരുന്നു എന്ന് തെളിയിഞ്ഞതായും പ്രചാരണ പ്രവർത്തനങ്ങൾ നിരന്തരം നടത്തുമെന്നും മന്ത്രി രാജേഷ് വ്യക്തമാക്കി.
തെരുവുനായ്ക്കളെ വന്ധ്യംകരണം ചെയ്യാനുള്ള എ.ബി.സി കേന്ദ്രങ്ങൾ കൂടുതലായി തുടങ്ങാൻ കഴിയാത്തത് കർശനമായ കേന്ദ്ര ചട്ടങ്ങൾ മൂലമാണെന്ന് മന്ത്രി വ്യക്തമാക്കി. 2,000 ത്തോളം നായകളെ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ഉണ്ടെങ്കിൽ മാത്രമേ എ.ബി.സി കേന്ദ്രത്തിന് അംഗീകാരം നൽകാവൂ എന്നതാണ് ഇത്തരത്തിൽ ഒരു ചട്ടം. ഇത്തരം ചട്ടങ്ങൾ പാലിച്ച് എ.ബി.സി കേന്ദ്രം തുടങ്ങൽ വിഷമകരമാണ്. നിയമത്തിന്റെ പരിമിതിക്കുള്ളിൽ നിന്നേ സർക്കാറിന് ഈ വിഷയത്തിൽ പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂ. എ.ബി.സി കേന്ദ്രം തുടങ്ങാനുള്ള കേന്ദ്ര ചട്ടങ്ങൾ നിയമപരമായി ചോദ്യം ചെയ്യാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി മന്ത്രി എം.ബി രാജേഷ് അറിയിച്ചു.
by liji HP News | Jun 23, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: പകര്‍ച്ചപ്പനിയുടെ പിടിയിലമര്‍ന്ന സംസ്ഥാനത്ത്, ഇന്നലെ ചികിത്സ തേടിയെത്തിയത് 13,409 പേര്‍. 53 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 282 പേര്‍ക്ക് ഡെങ്കിപ്പനിയെന്ന് സംശയിക്കുന്നു. ഏഴ് പേര്‍ക്ക് എലിപ്പിനി ബാധയും സ്ഥിരീകരിച്ചു. കൊട്ടാരക്കരയില്‍ ഡെങ്കിപനി ബാധിച്ച് 72കാരന്‍ മരിച്ചു. കോട്ടാത്തല സ്വദേശി അജയബാബുവാണ് മരിച്ചത്. രണ്ട് ദിവസത്തിനിടെ കൊല്ലത്ത് മാത്രം സ്ഥിരീകരിക്കുന്ന നാലാമത്തെ ഡെങ്കി മരണമാണിത്.
പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍, സംസ്ഥാനത്ത് ജില്ലാതലത്തിലും തദ്ദേശ സ്ഥാപനതലത്തിലും പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ആരോഗ്യം, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം വകുപ്പുകളുടെ സംയുക്ത യോഗം തീരുമാനിച്ചു. ജൂലൈയില്‍ പകര്‍ച്ചപ്പനി വ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ജാഗ്രതയും ശക്തമാക്കണമെന്ന് യോഗത്തിന് ശേഷം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഗുരുതര രോഗികള്‍ ഒരേ സമയം ആശുപത്രികളിലെത്തിയാല്‍ ആശുപത്രി സംവിധാനത്തിന് താങ്ങാന്‍ പറ്റില്ല. അത്തരമൊരു സാഹചര്യമുണ്ടാവാതിരിക്കാന്‍ വകുപ്പുകള്‍ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും മന്ത്രി പറഞ്ഞു.
by liji HP News | Jun 23, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മൂവാറ്റുപുഴ: പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവതിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തലക്കോട് മലയൻകുന്നേൽ രാഹുൽ (26) ആണ് അറസ്റ്റിലായത്. മൂവാറ്റുപുഴ കോടതി വളപ്പിലുള്ള അഭിഭാഷക ഓഫിസിൽ ക്ലർക്കായി ജോലി ചെയ്യുന്ന യുവതിയെയാണ് ഭീഷണിപ്പെടുത്തിയത്. ഇയാളിൽ നിന്ന് പൊലീസ് എയർഗൺ പിടിച്ചെടുത്തു.
ബുധനാഴ്ച വൈകിട്ട് യുവതി മാത്രം ഓഫിസിൽ ഉള്ളപ്പോഴാണ് രാഹുൽ എത്തിയത്. യുവതിക്കുനേരെ തോക്കുചൂണ്ടി ഒരുമിച്ച് ജീവിക്കാൻ തയാറായില്ലെങ്കിൽ യുവതിയേയും ബന്ധുക്കളേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് യുവതിയെ ഓഫിസിന് പുറത്തെത്തിച്ച് കാറിൽ കയറ്റി. എന്നാൽ യുവതി ബഹളംവെച്ച് കാറിൽ നിന്ന് പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. ആളുകൾ കൂടിയതോടെ രാഹുൽ കടന്നുകളഞ്ഞു.
ആംബുലൻസ് ഡ്രൈവറായ ഇയാൾ മുൻപും ഭീഷണിയുമായി എത്തിയിട്ടുണ്ട് എന്നാണ് യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ ആംബുലൻസ് ഇടിച്ച് അമ്മയേയും സഹോദരനേയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി. ഒരു മാസത്തോളമായി യുവതിയെ രാഹുൽ പിന്തുടർന്നിരുന്നു. കച്ചേരിത്താഴത്ത് നിന്നാണ് ഇയാളെ അറസ്റ്റു ചെയ്യുന്നത്.
by liji HP News | Jun 23, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഡല്‍ഹി: മലയാളിയായ ബൈജു രവീന്ദ്രന്‍ നേതൃത്വം നല്‍കുന്ന വിദ്യാഭ്യാസ രംഗത്തെ ടെക് സ്റ്റാര്‍പ്പ്അപ്പ് കമ്പനിയായ ബൈജൂസ് കൂടുതല്‍ പ്രതിസന്ധിയിലേക്ക്. സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന സ്ഥാപനത്തിന്റെ ഓഡിറ്റര്‍ സ്ഥാനത്ത് നിന്ന് ബഹുരാഷ്ട്ര ധനകാര്യ സ്ഥാപനമായ ഡിലോയിറ്റ് ഹസ്‌കിന്‍സ് ആന്റ് സെല്‍സ് രാജിവെച്ചതായി റിപ്പോര്‍ട്ട്.
2022 മാര്‍ച്ചിലും 2021 മാര്‍ച്ചിലും അവസാനിച്ച സാമ്പത്തിക വര്‍ഷങ്ങളിലെ ഓഡിറ്റ് റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് രാജിയെന്ന് ഡിലോയിറ്റിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഓഡിറ്റ് റിപ്പോര്‍ട്ടില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച് ഒരു ആശയവിനിമയവും ബൈജൂസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. അതിനാല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് അന്തിമമാക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ഡിലോയിറ്റിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഡിലോയിറ്റ് ഒഴിഞ്ഞ സ്ഥാനത്ത് പുതിയ ഓഡിറ്ററെ ബൈജൂസ് നിയമിച്ചു. ബിഡിഒ (എംഎസ്‌കെഎ ആന്റ് അസോസിയേറ്റ്സ്) ആണ് പുതിയ ഓഡിറ്റര്‍. 2022 മുതല്‍ അഞ്ചുവര്‍ഷത്തെ ഓഡിറ്റ് ഇവര്‍ നിര്‍വഹിക്കുമെന്ന് ബൈജൂസ് അറിയിച്ചു. അതിനിടെ ബൈജൂസിന്റെ മൂന്ന് ബോര്‍ഡംഗങ്ങള്‍ രാജിവെച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
പീക്ക് എക്സ്വി പാര്‍ട്ണേഴ്സിന്റെ മാനേജിംഗ് ഡയറക്ടര്‍ ജി വി രവിശങ്കര്‍, വിവിയന്‍ വു (ചാന്‍ സക്കര്‍ബെര്‍ഗ് ഇനിഷ്യേറ്റീവ്), റസല്‍ ഡ്രെയിന്‍ സെന്‍സ്റ്റോക്ക് (പ്രോസസ്)എന്നിവര്‍ രാജിവെച്ചതായാണ് വിവരം. എന്നാല്‍ രാജി ബൈജൂസ് വക്താവ് നിഷേധിച്ചു. ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടുകളെന്നും ബൈജൂസ് കമ്പനി പ്രതികരിച്ചു.
by liji HP News | Jun 23, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് ആഡംബര ബസിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയിൽ. കൊല്ലം കുളത്തൂപ്പുഴ സ്വദേശി നാസിഫ് (26), തിരുവനന്തപുരം ആനയറ സ്വദേശികളായ നിഖിൽ ലാൽ (33), രാഹുൽ (29) എന്നിവരെയാണ് അമരവിള ചെക് പോസ്റ്റിൽ പിടികൂടിയത്.
ഇവർ ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് ആഡംബര ബസിൽ കടത്താൻ ശ്രമിച്ച 60 ഗ്രാം എംഡിഎംഎ ആണ് അമരവിളയിൽ എക്സൈസ് സംഘം പിടികൂടിയത്. നിഖിൽ ലാലും രാഹുലും മയക്കുമരുന്ന് കടത്ത്, ഗുണ്ടായിസം തുടങ്ങി നിരവധി കേസുകളിൽ പൊലീസും എക്സൈസും തിരയുന്ന പ്രതികളാണ്. തമിഴ്നാട്ടിൽ നിന്നും കേരളത്തിലേയ് ക്ക് കടത്തുന്ന ലഹരി വസ്തുക്കൾ സ്കൂളുകൾ, കോളേജുകൾ കേന്ദ്രീകരിച്ച് വിൽപ്പന നടത്താനാണെന്നും എക്സെസ് പറഞ്ഞു.
by liji HP News | Jun 23, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കല്ലമ്പലം: പഞ്ചായത്തും സർക്കാരും മാലിന്യം വലിച്ചെറിയുന്നത്തിനെതിരെ ബോധവത്കരണം നടത്തുമ്പോൾ, ഇന്നു പുലർച്ചക്ക് മണമ്പൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ കടുവയിൽ തോട്ടയ്ക്കാട് സൗഹൃദ റെസിസഡൻസ് റോഡിന്റെ എൻ എച്ച് ഭാഗത്തായി ശൗചാലയത്തിൽ നിന്നുമുള്ള മാലിന്യം ഒഴുക്കി. കുറ്റക്കാർക്ക് എതിരെ നിയമ നടപടികൾ അധികാരികളുടെ ഭാഗത്തു നിന്നുമുണ്ടാകണം എന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ദുർഗന്ധം മൂലം സമീപവാസികളും കൽനടയാത്രക്കാരായ സ്കൂൾ കുട്ടികളും പൊതുജനങ്ങളും ദുരിതത്തിലാണ്.

Recent Comments