പട്ടി റോഡിന് കുറുകെ ചാടി‌; 24കാരൻ മരിച്ചു

പട്ടി റോഡിന് കുറുകെ ചാടി‌; 24കാരൻ മരിച്ചു

കൊച്ചി: പട്ടി റോഡിന് കുറുകെ ചാടി‌യുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. എറണാകുളം മൂലമ്പള്ളി സ്വദേശി സാള്‍ട്ടന്‍ (24) ആണ് മരിച്ചത്. എറണാകുളം കോതാട് വച്ചാണ് അപകടമുണ്ടായത്. പട്ടി കുറുകെ ചാടി‌യതിന് പിന്നാലെ നിയന്ത്രണം തെറ്റി ബൈക്ക് കണ്ടെയ്‌നര്‍ ലോറിയുടെ അടിയില്‍പ്പെട്ടാണ് മരണം.

യൂട്യൂബർ ‘തൊപ്പി’ കസ്റ്റഡിയിൽ

യൂട്യൂബർ ‘തൊപ്പി’ കസ്റ്റഡിയിൽ

യൂട്യൂബർ തൊപ്പി പൊലീസ് കസ്റ്റഡിയിൽ. മുഹമ്മദ് നിഹാദ് എന്ന തൊപ്പിയെ എറണാകുളത്തെ ഫ്ലാറ്റിൽ നിന്ന് വളാഞ്ചേരി പൊലീസാണ് കസ്റ്റഡിയിൽ എടുത്തത്. ഫ്ലാറ്റിൽ നിന്ന് ഒരു കമ്പ്യൂട്ടർ, ഹാർഡ് ഡിസ്ക്, രണ്ട് മൊബൈൽ ഫോൺ എന്നിവയും പൊലീസ് പിടിച്ചെടുത്തു. വളാഞ്ചേരിയിലെ കട ഉദ്ഘാടനത്തിൽ അശ്ലീല പദപ്രയോഗം നടത്തിയെന്നും ഗതാഗത തടസമുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി ചിലർ ഇയാൾക്കെതിരെ പരാതിനൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് നടപടി.

എറണാകുളത്തെ സുഹൃത്തിൻ്റെ ഫ്ലാറ്റിൽ നിന്നാണ് നിഹാദിനെ പൊലീസ് പിടികൂടിയത്. ഇന്ന് സ്റ്റേഷനിൽ ഹാജരാകണമെന്ന് വളാഞ്ചേരി പൊലീസ് അറിയിച്ചെങ്കിലും കഴിയില്ലെന്ന് നിഹാൽ മറുപടിനൽകി. ഇതോടെയാണ് എറണാകുളത്തെത്തി പൊലീസ് നിഹാദിനെ പിടികൂടിയത്. ഫ്ലാറ്റിനു പുറത്തെത്തി വാതിൽ തുറക്കാനാവശ്യപ്പെട്ടെങ്കിലും ലോക്ക് ജാമായതിനാൽ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയ പൊലീസ് നിഹാദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഏറെ വൈകാതെ ഇയാളെ വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തിക്കും.

ദിവസങ്ങള്‍ക്ക് മുന്‍പ് വളാഞ്ചേരിയില്‍ നടന്ന കട ഉദ്ഘാടനവും ‘തൊപ്പി’യുടെ പാട്ടുമെല്ലാം സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതിനിടെയാണ് തൊപ്പിയ്‌ക്കെതിരെ വളാഞ്ചേരി പൊലീസ് കേസെടുത്തിരിക്കുന്നത്. അശ്ലീലപദപ്രയോഗം ഗതാഗതം തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

വസ്ത്രവ്യാപാരശാല ഉടമയും കേസില്‍ പ്രതിയാണ്. വളാഞ്ചേരി പൈങ്കണ്ണൂര്‍ പാണ്ടികശാല സ്വദേശിയും സന്നദ്ധപ്രവര്‍ത്തകനുമായ സെയ്ഫുദ്ദീന്‍ പാടത്തിന്റെ പരാതിയിലാണ് വിവാദ പരിപാടിയില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. ആറ് ലക്ഷത്തില്‍ കൂടുതല്‍ സബ്സ്‌ക്രൈബേഴ്സാണ് കണ്ണൂര്‍ സ്വദേശിയായ തൊപ്പിയുടെ യുട്യൂബ് ചാനലിനുള്ളത്. ഇയാളുടെ യുട്യൂബ് ചാനലിനും ‘തൊപ്പിക്കും’ കുട്ടികള്‍ ആണ് ഏറെ ആരാധകര്‍.

പ്രവാസികൾക്ക് തിരിച്ചടി; എയർ ഇന്ത്യ എക്സ്പ്രസിലെ സൗജന്യ സ്നാക്സ് ബോക്സ് വിതരണം നിർത്തി, ഇനി പണം നൽകണം

പ്രവാസികൾക്ക് തിരിച്ചടി; എയർ ഇന്ത്യ എക്സ്പ്രസിലെ സൗജന്യ സ്നാക്സ് ബോക്സ് വിതരണം നിർത്തി, ഇനി പണം നൽകണം

തിരുവനന്തപുരം: എയർ ഇന്ത്യ എക്സ്പ്രസിൽ യാത്രക്കാർക്ക് നൽകിയിരുന്ന സൗജന്യ ലഘുഭക്ഷ കിറ്റ് നിർത്തിലാക്കി. ഇനി മുതൽ പണം നൽകി ഭക്ഷണം വാങ്ങണമെന്ന നി‍ർദ്ദേശം പ്രവാസികൾക്ക് തിരിച്ചടിയാകും.

സ്വകാര്യവത്ക്കരണത്തിന് ശേഷം വരുമാനം വർദ്ധിപ്പിക്കുന്നതിൻെറെ ഭാഗമായാണ് പുതിയ തീരുമാനം.പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനാണ് എയർ ഇന്ത്യ എക്സ് പ്രസ് തുടങ്ങിയത്. പ്രവാസികൾക്ക് സൗജന്യമായി ലഘുഭക്ഷണ കിറ്റ് സർവ്വീസ് തടുങ്ങിയ കാലം മുതൽ നൽകിയിരുന്നു. ഇന്നു മുതൽ ഇനി സൗജന്യ കിറ്റ് വിതരണം ചെയ്യേണ്ടെന്ന് എയർ ഇന്ത്യ സിഇഒ നിർദ്ദേശം നൽകി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഭക്ഷണം ഓൺ ലൈൻ വഴി തെരഞ്ഞെടുത്ത് പണമടക്കാം, അല്ലെങ്കിൽ വിമാനത്തിനുള്ളിൽ പണം നൽകിയും യാത്രക്കാർക്ക് ഭക്ഷണം വാങ്ങാാം. അടിക്കടി ടിക്കറ്റ് നിരക്ക് കൂട്ടുന്നതിന് പിന്നാലെ സൗജന്യമായി നൽകിയിരുന്ന ലഘുഭക്ഷണ കിറ്റും നിർത്തിയത് പ്രവാസികൾക്കേറ്റ തിരിച്ചടിയാണ്.

ടാറ്റ എയർ ഇന്ത്യ എക്സ് പ്രസ് ഏറ്റെടുത്തത്തിന് ശേഷം വരുമാനം വർദ്ധന ലക്ഷ്യമിട്ടാണ് പുതിയ നീക്കങ്ങൾ. ക്യാബിൻ ക്രൂവിന് ത്രീ സ്റ്റാർ ഹോട്ടലുകളിൽ പ്രത്യേക മുറികളാണ് എയർ ഇന്ത്യ എക്സ്പ്രസ് നൽകിയിരുന്നത്. ഇത് നിർത്തിലാക്കി എയർ ഇന്ത്യ എക്സപ്രസ് സിഇഒ അലോക് സിംഗ് ഉത്തരവിറക്കിയിരുന്നു. ഡെപ്യൂട്ടിമാനേജർ വരെയുള്ള ജീവനക്കാരിൽ രണ്ടു പേർ ഒരു മുറിയിൽതാമസിക്കണമെന്നാണ് പുതിയ തീരുമാനം.

ഇതിനെതിരെ ജീവനക്കാർ ഡൽഹിയിലെ ലേബർ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. ദീർഘനേരം വിമാനയാത്ര ചെയ്യുന്ന ജീവനക്കാർക്ക് സ്വസ്ഥമായി ഉറങ്ങാൻ കഴിയാത്തത് മികച്ച സേവനത്തെയും സുരക്ഷയെയും ബാധിക്കുമെന്നാണ് ജീവനക്കാരുടെ വാദം. ഇതേ കുറിച്ച് ചർച്ച ചെയ്യാൻ സിഇഒ വിളിച്ച യോഗത്തിലും തീരുമാനമുണ്ടായില്ല. സൗജന്യ ഭക്ഷണം നിർത്തലാക്കാനുള്ള തീരുമാനത്തിനെതിരെ കേന്ദ്രസർക്കാരിന് പരാതി നൽകുമെന്ന് പ്രവാസി സംഘടനകൾ അറിയിച്ചു.

വിദ്യയെ തിരിച്ചറിയാൻ അട്ടപ്പാടി കോളജ് പ്രിൻസിപ്പൽ ഇന്നെത്തും; തെളിവെടുപ്പ്

വിദ്യയെ തിരിച്ചറിയാൻ അട്ടപ്പാടി കോളജ് പ്രിൻസിപ്പൽ ഇന്നെത്തും; തെളിവെടുപ്പ്

കോഴിക്കോട്: വ്യാജരേഖ കേസിൽ അറസ്റ്റിലായ കെ വിദ്യയുടെ തെളിവെടുപ്പ് ഇന്ന് നടത്തും. തെളിവെടുപ്പിന്റെ ഭാഗമായി അട്ടപ്പാടി ഗവ. കോളജ് പ്രിൻസിപ്പൾ ഇന്ന് അഗളി പൊലീസ് മുൻപാകെ മൊഴി നൽകാൻ എത്തും. വിദ്യ തന്നെയാണ് അഭിമുഖത്തിന് എത്തിയതെന്ന് പ്രിൻസിപ്പൽ തിരിച്ചറിയേണ്ടതുണ്ട്.

അട്ടപ്പാടി കോളജ് പ്രിൻസിപ്പൾ കൂടെ അറിഞ്ഞുള്ള ഗൂഢാലോചനയാണ് തനിക്കെതിരെ നടന്നതെന്ന് വിദ്യ പൊലീസിൽ മൊഴി നൽകിയിരുന്നു. രണ്ട് ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണ സംഘത്തിന് കോടതി അനുവദിച്ചിട്ടുള്ളത്. ഇതിന് ശേഷം വിദ്യയെ കോടതിയിൽ ഹാജരാക്കുകയും തുടർന്ന് ജുഡീഷ്യൽ കസ്റ്റഡി എന്ന നിലയിൽ റിമാൻഡിൽ വിടും.

ബുധനാഴ്ച കസ്റ്റഡിയിലെടുത്ത വിദ്യയെ ജൂലൈ ആറു വരെ റിമാൻഡ് ചെയ്തിരുന്നു. മണ്ണാർക്കാട് മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ജാമ്യാപേക്ഷ നാളെ പരിഗണിക്കും. പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്‌സ് കോളജിലെ മലയാളം ഗെസ്റ്റ് ലക്ചറർ തസ്തികയിൽ നിയമനം ലഭിക്കാൻ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണു കേസ്.

ഒടുവിൽ ആ ദുഃഖവാർത്തയെത്തി, ‘ടൈറ്റൻ’ മറ്റൊരു ദുരന്തമായി; അഞ്ച് യാത്രക്കാരും മരിച്ചെന്ന് കമ്പനി

ഒടുവിൽ ആ ദുഃഖവാർത്തയെത്തി, ‘ടൈറ്റൻ’ മറ്റൊരു ദുരന്തമായി; അഞ്ച് യാത്രക്കാരും മരിച്ചെന്ന് കമ്പനി

തിരിച്ചുവരുമെന്ന പ്രതീക്ഷകൾ അവസാനിച്ചു, ഒടുവിൽ ലോകത്തെയാകെ ദുഃഖത്തിലാഴ്ത്തി ആ വാർത്തയെത്തി, അറ്റ്‍ലാൻറിക് ‌സമുദ്രത്തിൽ കാണാതായ അന്തർവാഹിനി ‘ടൈറ്റൻ’ തകർന്നെന്നും അഞ്ച് യാത്രക്കാരും മരിച്ചതായും ഓഷ്യൻ ​ഗേറ്റ് അറിയിച്ചു. ടൈറ്റാനിക്കിന് സമീപം പേടകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

1912ൽ തകർന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ അഞ്ച് യാത്രക്കാരുമായി അറ്റ്ലാന്റിക് സമുദ്രത്തി‍ലേക്കുപോയതാണ് ടൈറ്റൻ അന്തർവാഹിനി. ബ്രിട്ടീഷ് വ്യവയായി ഹമീഷ് ഹാർഡിങ്, പാകിസ്ഥാനിൽ നിന്നുള്ള വ്യവസായി ഷഹസാദ് ദാവൂദ്, മകൻ സുലേമാൻ ദാവൂദ്, ഓഷ്യൻഗേറ്റിന്റെ സിഇഒ സ്‌റ്റോക്‌റ്റോൺ റഷ്, ഫ്രഞ്ച് പൈലറ്റ് പോൾ ഹെൻ‍റി നാർജിയോലെറ്റ് എന്നിവരാണ് അന്തർവാഹിനിയിൽ ഉണ്ടായിരുന്നത്.

കടലിന്റെ അടിത്തട്ടിൽ ടൈറ്റാനിക് കപ്പലിനു സമീപത്തുനിന്ന് പേടകത്തിന്റേതെന്നു സംശയിക്കുന്ന അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന വാർത്ത യാത്രക്കാർ മരിച്ചെന്ന അഭ്യൂഹം പടർന്നിരുന്നു. യുഎസ് കോസ്റ്റ് ​ഗാർഡ് ആണ് പേടകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. കടലിനടിയിലുണ്ടായ ശക്തമായ മർദത്തിൽ പേടകം ഉൾവലിഞ്ഞ് പൊട്ടിയതാണെന്ന നിഗമനത്തിലാണ് അധികൃതർ. മൃതദേഹങ്ങൾ കണ്ടെടുക്കാനാകുമോ എന്നത് പറയാൻ കഴിയില്ലെന്ന് കോസ്റ്റ്ഗാർഡ് റിയർ അഡ്മിറൽ അറിയിച്ചു.

ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ ഏറ്റവും അടുത്തു കാണാമെന്നതായിരുന്നു ഈ യാത്രയുടെ പ്രധാന ആകർഷണം. കാനഡയിലെ ന്യൂഫൗണ്ട്ലാൻഡ് പ്രവിശ്യയിലുള്ള സെൻ്റ് ജോൺസ് തീരത്തുനിന്ന് ആരംഭിക്കുന്ന യാത്ര രണ്ട് മണിക്കൂർ സമയത്തിൽ അന്ത‍ർവാഹിനി സഞ്ചാരികളെയും വഹിച്ച് കടലിൻ്റെ അടിത്തട്ടിലെത്തും. ഒരു മണിക്കൂർ തകർന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളും പരിസരങ്ങളും വീക്ഷിച്ച ശേഷമാണ് മടക്കയാത്ര പ്രതീക്ഷിച്ചിരുന്നു.

എന്നാൽ, യാത്ര പുറപ്പെട്ട അന്ത‍ർവാഹിനി ഒന്നര മണിക്കൂർ ദൂരം പിന്നിട്ടശേഷം യാതൊരു സിഗ്നലും ലഭിച്ചില്ല. ലോകത്തിൽ തന്നെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഏക സമുദ്രപേടകമാണ് ടൈറ്റൻ. ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസ് എന്ന മറൈൻ കമ്പനിയാണ് കടലിൻ്റെ അടിത്തട്ടിൽ തക‍ർന്നുകിടക്കുന്ന ടൈറ്റാനിക് കപ്പൽ കാണാനുള്ള യാത്ര സംഘടിപ്പിച്ചത്. യാത്രയ്ക്ക് രണ്ടര ലക്ഷം ഡോള‍ർ (ഏകദേശം രണ്ട് കോടി ഇന്ത്യൻ രൂപ) ആണ് നിരക്ക്.

ഇന്ന് വിദ്യാഭ്യാസ ബന്ദ്

ഇന്ന് വിദ്യാഭ്യാസ ബന്ദ്

കൊച്ചി: ഇന്ന് സംസ്ഥാനവ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എബിവിപി. ഉന്നത വിദ്യാഭ്യാസത്തെ ഇടത് സർക്കാർ തകർക്കുന്നുവെന്നാരോപിച്ച് എബിവിപി കോഴിക്കോട് കമ്മീഷണർ ഓഫിസിലേക്ക് നടത്തിയ മാർച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്.

എബിവിപി സംസ്ഥാന സെക്രട്ടറി എന്‍ സി ടി ശ്രീഹരി അടക്കമുള്ളവര്‍ക്ക് പൊലീസ് ലാത്തി ചാര്‍ജില്‍ പരിക്കേറ്റിരുന്നു. വിദ്യാഭ്യാസ മേഖലയിൽ ഇടതുപക്ഷത്തിന്റെ സ്വജനപക്ഷപാതമാണ് ഇന്ന് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നതെന്നും അധികാരത്തിന്റെ ബലത്തിൽ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന വിദ്യാർത്ഥികളെ പൊലീസിനെ ഉപയോഗിച്ച് ഇല്ലാതാക്കാം എന്നത് ഇടതുപക്ഷ സർക്കാരിന്റെ വ്യാമോഹം മാത്രമാണെന്നും എബിവിപി പ്രസ്താവയിൽ പറയുന്നു.