മുൻമന്ത്രി എം എ കുട്ടപ്പൻ അന്തരിച്ചു

മുൻമന്ത്രി എം എ കുട്ടപ്പൻ അന്തരിച്ചു

നാലുതവണ എംഎൽഎയും എകെ ആന്റണി മന്ത്രിസഭയിൽ അംഗവുമായിരുന്ന കോൺഗ്രസിന്റെ പ്രമുഖ നേതാവ് എം എ കുട്ടപ്പൻ അന്തരിച്ചു. 76 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം സംഭവിച്ചത്.
2001ലെ എ കെ ആന്റണി മന്ത്രിസഭയിൽ പിന്നോക്ക പട്ടിക വിഭാഗ ക്ഷേമ മന്ത്രിയായിരുന്നു. 1980ല്‍ വണ്ടൂരിൽ നിന്ന് ആദ്യമായി എംഎൽഎയായി . 87 ൽ ചേലക്കരയിൽ നിന്നും വിജയിച്ചു .

1996ലും 2001ലും ഞാറക്കലിൽ നിന്നും വിജയിച്ചു. രാഷ്ട്രീയത്തിൽ എത്തുംമുമ്പ് അദ്ദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ട്യൂട്ടറായും, ആരോഗ്യവകുപ്പിൽ അസിസ്റ്റന്റ് സർജനായും പ്രവർത്തിച്ചു. കൊച്ചിൻ പോർട്ട് ട്രസ്റ്റ് ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 30 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5470 രൂപയായി. ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞ് വില 43760 രൂപയിലുമെത്തി. 18 കാരറ്റ് സ്വർണം ഗ്രാമിന് വില 4543 രൂപയാണ്.ഇന്നലെ സ്വർണം ഗ്രാമിന് 10 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5500 ൽ എത്തിയിരുന്നു. ഒരു പവന് വില 44,000 രൂപയിലും എത്തിയിരുന്നു. ഏപ്രിൽ 14ന് സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. ഗ്രാമിന് 55 രൂപ വർധിച്ചാണ് വില റെക്കോർഡ് മറികടന്ന് 5665 രൂപയിലെത്തിയത്. പവന് 45,320 രൂപയുമായിരുന്നു അന്നത്തെ വില. ഇതിന് മുൻപ് ഏപ്രിൽ 5നാണ് സംസ്ഥാനത്ത് സ്വർണവില റെക്കോർഡിട്ടത്. ഗ്രാമിന് 5625 രൂപയായിരുന്നു അന്നത്തെ റെക്കോർഡ് നിരക്ക്.

യു.ഡി.എഫ് ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഴിമതി വിരുദ്ധ ജനകീയ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു

യു.ഡി.എഫ് ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഴിമതി വിരുദ്ധ ജനകീയ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു

ചിറയിൻകീഴ് : കെ.പി.സി.സി യുടെ ആഹ്വാന പ്രകാരം കേരളത്തിലെ മുഴുവൻ നിയോജക മണ്ഡലങ്ങളിലും കോൺഗ്രസ്സ് സംഘടിപ്പിച്ച അഴിമതി വിരുദ്ധ ജനകീയ സായാഹ്ന സദസ്സിന്റെ ഭാഗമായി യു.ഡി.എഫ് ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിറയിൻകീഴ് ശാർക്കര ജംഗ്ഷനിൽ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു.

ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.ചന്ദ്രബാബു സദസ്സ് ഉദ്‌ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.എസ്സ്.അജിത്കുമാർ അധ്യക്ഷനായി. മുസ്ലിം ലീഗ് ചിറയിൻകീഴ് മണ്ഡലം ജനറൽ സെക്രട്ടറി ജസീം ചിറയിൻകീഴ്, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ബി.എസ്സ്.അനൂപ്, ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ.ആനന്ദ് തുടങ്ങി നിരവധി യു.ഡി.എഫ് നേതാക്കൾ പങ്കെടുത്തു.

അഴിമതിയുടെ കൂത്തരങ്ങായ സംസ്ഥാന ഭരണത്തിന്റെ ദുഷ്ചെയ്തികളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് പ്രതിപക്ഷ നേതാക്കൾക്കെതിരെ കള്ളക്കേസ്സെടുക്കുന്നത്. എ.ഐ.ക്യാമറ ഇടപാടിലെ അഴിമതിയിൽ പെട്ട് മുഖം വികൃതമായ പിണറായി സർക്കാരും, സി.പി.എമ്മും ജനശ്രദ്ധ തിരിക്കാൻ പ്രതിപക്ഷ നേതാക്കൾക്കെതിരെ ഗൂഢാലോചന നടത്തുന്നതായി നേതാക്കൾ ആരോപിച്ചു. യു.ഡി.എഫ് ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അഴിമതി വിരുദ്ധ ജനകീയ സായാഹ്ന സദസ്സ് ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായി. രണ്ടാം പിണറായി സർക്കാരിൻറെ രണ്ടാം വർഷത്തിൽ അഴിമതിയുടെ മാരത്തോണാണ് നടക്കുന്നതെന്നും സദസ്സ് ആരോപിച്ചു.

അരിക്കൊമ്പൻ ക്ഷീണിതനാണെന്ന് മൃഗസ്നേഹികൾ; സാമൂഹ്യമാധ്യമങ്ങളിൽ വന്‍ ചർച്ച

അരിക്കൊമ്പൻ ക്ഷീണിതനാണെന്ന് മൃഗസ്നേഹികൾ; സാമൂഹ്യമാധ്യമങ്ങളിൽ വന്‍ ചർച്ച

ഇടുക്കി: തമിഴ്നാട്ടിലെ കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ കഴിയുന്ന അരിക്കൊമ്പൻ ക്ഷീണിതനാണെന്ന് മൃഗസ്നേഹികൾ. കൊമ്പന്‍റെ ആരോഗ്യത്തെ കുറിച്ച് സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചയാണ് നടക്കുന്നത്. തമിഴ്നാട് വനംവകുപ്പ് തന്നെ പുറത്തുവിട്ട ചിത്രങ്ങൾ കണ്ടാണ് രണ്ടാഴ്ച കൊണ്ട് ആന ക്ഷീണിതനായെന്ന പ്രചാരണം നടക്കുന്നത്. എന്നാൽ ഇത് അടിസ്ഥാന രഹിതമാണെന്നും അരിക്കൊമ്പൻ പൂർണ ആരോഗ്യവാനാണെന്നുമാണ് തമിഴ്നാട് വനംവകുപ്പ് പറയുന്നത്.

കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിലെ കോതയാർ വലമേഖലയിൽ തുറന്നുവിട്ട അരിക്കൊമ്പൻ്റെ ദൃശ്യങ്ങളും ചിത്രങ്ങളും മൂന്ന് തവണ തമിഴ്നാട് വനംവകുപ്പ് പുറത്ത് വിട്ടിരുന്നു. ഇതിൽ കൊമ്പൻ തീറ്റ തിന്നുന്നതും വെള്ളം കുടിക്കുന്നതുമൊക്കെ ഉണ്ടായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ പുതിയ വനമേഖലയുമായി അരിക്കൊമ്പൻ ഇണങ്ങിക്കഴിഞ്ഞു എന്നാണ് തമിഴ്നാട് വനംവകുപ്പ് വിശദീകരിച്ചിരുന്നത്. അതേസമയം ചിത്രങ്ങളിൽ നിന്നും ആന ക്ഷീണിതനാണെന്ന് വ്യക്തമാണെന്നാണ് മൃഗസ്നേഹികളും ആനപ്രേമികളുടെ സംഘടനയും വാദിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാണ് ദിവസങ്ങളായി നടക്കുന്നത്. ആനയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ പുറത്ത് വിടാൻ തമിഴ്നാട് വനംവകുപ്പ് തയ്യറാകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. മുമ്പ് ദിവസവും പത്ത് കിലോ മീറ്ററിലധികം സഞ്ചരിച്ചിരുന്ന അരിക്കൊമ്പനിപ്പോൾ കുട്ടിയാർ ഡാമിനടുത്ത് മൂന്ന് കിലോമീറ്ററോളം മാത്രമാണ് നടക്കുന്നത്.

‘ലോകമാകുന്ന കുടുംബത്തിന് വേണ്ടി യോഗ’ എന്ന സന്ദേശമുയർത്തി ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം

‘ലോകമാകുന്ന കുടുംബത്തിന് വേണ്ടി യോഗ’ എന്ന സന്ദേശമുയർത്തി ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം

ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം. ഭാരതം ലോകത്തിനു നൽകിയ പ്രധാനപ്പെട്ട സംഭാവനയാണ് യോഗ. യോഗ : ലോകമാകുന്ന കുടുംബത്തിന് വേണ്ടി’ എന്നതാണ് ഈ വർഷത്തെ യോഗ ദിന സന്ദേശം. മാനസികവും ശാരീരികവുമായ ക്ഷേമത്തിനും സൗഖ്യത്തിനും വേണ്ടി ഇന്ത്യയിൽ ഉദ്ഭവിച്ച യോഗ സമ്പ്രദായം ഇന്ന് ലോകമെമ്പാടും വ്യാപരിച്ചിരിക്കുന്നു.2014 ൽ ഐക്യരാഷ്ട്ര സഭയുടെ അറുപത്തൊൻമ്പതാം പൊതു സഭ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്തത്. യോഗയുടെ പ്രാധാന്യം മനസ്സിലാക്കിയ 193 രാജ്യങ്ങളും പ്രമേയം വോട്ടിനിടാതെ തന്നെ ഏകകണ്ഠമായി പിറ്റേ വർഷം മുതൽ അന്താരാഷ്ട്ര യോഗ ദിനം ആചരിക്കുവാൻ തീരുമാനിച്ചു.ഇന്ത്യ അധ്യക്ഷ പദവി വഹിക്കുന്ന ജി -20 കൂട്ടായ്മയുടെ പ്രമേയമായ ‘വസുധൈവ കുടുംബകം’ അഥവാ ‘ലോകം ഒരു കുടുംബമാണ്’ എന്ന ആശയത്തോട് ചേർന്നാണ് ഈ വർഷത്തെ യോഗ ദിനത്തിന്റെ പ്രമേയവും ആവിഷ്കരിക്കപ്പെട്ടത്.

യോഗയെ കുറിച്ചുള്ള അവബോധം ഉണ്ടാക്കുവാനും പിരിമുറുക്കം നിറഞ്ഞ ജീവിത ശൈലികളിൽ നിന്ന് മാറി നടക്കാനുമുള്ള ഒരു പദ്ധതി കൂടിയായി പ്രചരിപ്പിക്കുവാനുമാണ് യോഗാ ദിനം ആചരിക്കുന്നത്. ഉത്തരാർദ്ധഗോളത്തിലെ ഏറ്റവും ദൈർഘ്യം കൂടിയ ദിവസമായ ഉത്തരായനാന്തമാണ് യോഗ ദിനമായി ആചരിക്കുവാൻ തെരഞ്ഞെടുക്കപ്പെട്ടത്. വെറും ശാരീരിക വ്യായാമങ്ങളെക്കാളുപരി, ആത്മീയ വികാസത്തിനു കൂടി ഉതകുന്ന പദ്ധതിയായാണ് യോഗ വിഭാവനം ചെയ്യപ്പെട്ടത്.

നിഖിലിന്‍റെ ഫോൺ സ്വിച്ച് ഓഫ്; സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്യുന്നു

നിഖിലിന്‍റെ ഫോൺ സ്വിച്ച് ഓഫ്; സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്യുന്നു

ആലപ്പുഴ: കായംകുളം എംഎസ്എം കോളേജിൽ എംകോം പ്രവേശനത്തിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് സമർപ്പിച്ച സംഭവത്തിൽ കേസെടുത്തതിന് പിന്നാലെ എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് ഒളിവിൽ. നിഖിലിനെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. കായംകുളം സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെരച്ചിൽ നടത്തുന്നത്. നിഖിലിന്‍റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

നിഖിലിന്‍റെ ഒളിത്താവളം കണ്ടെത്താല്‍ വ്യാപക പരിശോധന നടക്കുകയാണ്. നിഖിലിന്‍റെ അടുത്ത സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. കായംകുളം സ്റ്റേഷനിലേക്ക് വിളിപ്പിച്ചാണ് ചോദ്യം ചെയ്യൽ. തിങ്കളാഴ്ച ആർഷോയെ കാണാൻ നിഖിലിനൊപ്പം തിരുവനന്തപുരത്തേക്ക് പോയ ഡിവൈഎഫ്ഐ നേതാവിനെയും പൊലീസ് ചോദ്യം ചെയ്തു. പുലർച്ചെ വീട്ടിലെത്തിയാണ് പൊലീസ് ഇയാളെ കൊണ്ടുപോയത്. തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് നിഖിൽ ഒളിവിൽ പോയത് എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

തിങ്കളാഴ്ച തിരുവനന്തപുരത്താണ് നിഖിലിന്‍റെ ഫോണിന്‍റെ അവസാനം ലൊക്കേഷന്‍ കണ്ടെത്തിയത്. അതേസമയം, നിഖിൽ തോമസിന്‍റെ വ്യാജ സർട്ടിഫിക്കറ്റിൽ കലിംഗ സർവകലാശാല റായ്പുർ പൊലീസിൽ പരാതി നൽകില്ല. കേരള പൊലീസ് അന്വേഷണം മതിയെന്നാണ് തീരുമാനം. അഭിഭാഷകരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. തട്ടിപ്പ് നടന്നതും നിഖിൽ ഉള്ളതും കേരളത്തിലായതിനാല്‍ കേരള പൊലീസിന‍റെ അന്വേഷണമാണ് ഉചിതമെന്നും കലിംഗ സർവകലാശാല അറിയിച്ചു. പൊലീസ് കൊണ്ടുവന്നത് സർവകലാശാല സർട്ടിഫിക്കറ്റിൻ്റെ മാതൃകയിലുള്ളതാണ്. സർട്ടിഫിക്കറ്റ് വ്യാജമായി നിർമ്മിച്ചത് ആരെന്ന് കണ്ടെത്തണമെന്നും അന്വേഷണം പൂർത്തിയായാൽ ഉടൻ യുജിസിക്ക് റിപ്പോർട്ട് നൽകുമെന്നും കലിംഗ രജിസ്ട്രാർ സന്ദീപ് ഗാന്ധി പറഞ്ഞു.