പൈപ്പ് പൊട്ടി വെള്ളം നഷ്ടമാകുന്നു

പൈപ്പ് പൊട്ടി വെള്ളം നഷ്ടമാകുന്നു

ആറ്റിങ്ങൽ: ചിറയിൻകീഴ് റോഡിൽ രാമച്ചംവിളയിൽ നിന്നും 23 ആം വാർഡിലേക്ക് പോകുന്ന ബൈപ്പാസ് റോഡിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം ചീറ്റി പോകുന്നു. നാലുദിവസമായി ഇത് തുടരുകയാണ്. ഇതുമൂലം പൈപ്പ് ലൈനിൽ ശക്തി കുറഞ്ഞാണ് വെള്ളം ഉപഭോക്താക്കൾക്ക് കിട്ടുന്നത്. അധികൃതരെ അറിയിച്ചിട്ടും ആരും തന്നെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

ജീവനാംശ തുക ചോദിച്ച ഭാര്യയെ പരിഹസിക്കാന്‍ ചാക്കുകളില്‍ നാണയവുമായി ഭര്‍ത്താവ്; ചുട്ട നടപടിയുമായി കോടതി

ജീവനാംശ തുക ചോദിച്ച ഭാര്യയെ പരിഹസിക്കാന്‍ ചാക്കുകളില്‍ നാണയവുമായി ഭര്‍ത്താവ്; ചുട്ട നടപടിയുമായി കോടതി

ജയ്പൂര്‍: ജീവനാംശം തേടി ഭര്‍ത്താവിനെതിരെ കോടതയിലെത്തിയ ഭാര്യയെ പരിഹസിക്കാനുള്ള ഭര്‍ത്താവിന്‍റെ ശ്രമത്തിന് ചുട്ടമറുപടിയുമായി കോടതി. രാജസ്ഥാനിലെ ജയ്പൂർ അഡീഷണൽ ജില്ലാ കോടതിയിലാണ് വിചിത്ര സംഭവം. പതിന്നൊന്ന് മാസം ജീവനാംശമായി നല്‍കേണ്ട തുക നല്‍കാതെ വന്നതോടെയാണ് ജയ്പൂര്‍ സ്വദേശിനി സീമ കോടതിയിലെത്തിയത്. ഭര്‍ത്താവ് ദശരഥ കുമാവതിനെ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ജൂണ്‍ 17നായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. ഇതോടെയാണ് ഇയാളുടെ വീട്ടുകാര്‍ നഷ്ടപരിഹാരത്തുക ഏഴ് ചാക്കുകളില്‍ നാണയ രൂപത്തില്‍ കോടതിയില്‍ എത്തിച്ചത്.

വിവാഹ മോചന ഹര്‍ജി പരിഗണിക്കുന്ന സമയത്ത് മാസം തോറും സീമയ്ക്ക് 5000 രൂപ നല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരുന്നത്. നഷ്ടപരിഹാര തുക ആവശ്യപ്പെടുന്ന യുവതിയെ പരിഹസിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ചില്ലറയുമായി ദശരഥന്‍റെ വീട്ടുകാര്‍ എത്തിയത്. എന്നാല്‍ കോടതിയുടെ നടപടി അക്ഷരാര്‍ത്ഥത്തില്‍ യുവാവിന് പണിയായി എന്നു മാത്രം. ഭാര്യക്കുള്ള ജീവനാംശം ഒരു രൂപയുടേയും രണ്ട് രൂപയുടേയും നാണയങ്ങളായി നൽകാൻ കോടതി അനുവാദം നൽകി.

അമ്പത്തി അയ്യായിരം രൂപ എണ്ണിത്തിട്ടപ്പെടുത്തി നൽകാനും ഭർത്താവിനോട് കോടതി നിർദേശിച്ചു. മാത്രമല്ല ഇത്രയും തുക യുവാവ് തനിയെ ഈ പണം എണ്ണിത്തിട്ടപ്പെടുത്തണമെന്നും ആയിരം രൂപ വീതമുള്ള പാക്കറ്റുകളിലാക്കി നല്‍കണമെന്നും കോടതി വ്യക്തമാക്കി. യുവാവ് തന്നെ എണ്ണിത്തിട്ടപ്പെടുത്തി പണം കൈമാറുന്നത് വരെ നാണയങ്ങള്‍ കോടതിയുടെ കസ്റ്റഡിയില്‍ തുടരുമെന്നും കോടതി വ്യക്തമാക്കി.

അടുത്ത ഹിയറിംഗ് തിയതിയായ ജൂണ്‍ 26ന് മുന്‍പ് പണം നല്‍കിയിരിക്കണമെന്നും കോടതി വ്യക്തമാക്കിയതോടെ യുവാവ് വെട്ടിലായി. നാണയം നിയമപരമായി ഉപയോഗത്തിലുള്ളതാണെന്നും അത് സ്വീകരിക്കുന്നതിന് തടസം പാടില്ലെന്നുമായിരുന്നു യുവാവിന്‍റെ വീട്ടുകാര്‍ സീമയുടെ അഭിഭാഷകനോട് വിശദമാക്കിയത്.

സഹകരണ സംഘ ഭേദഗതി ബില്ല്: നിയമസഭാ സെലക്റ്റ് കമ്മിറ്റി മഹാരാഷ്ട്ര സഹകരണ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

സഹകരണ സംഘ ഭേദഗതി ബില്ല്: നിയമസഭാ സെലക്റ്റ് കമ്മിറ്റി മഹാരാഷ്ട്ര സഹകരണ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

സഹകരണവും രജിസ്ട്രേഷനും വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിലുള്ള നിയമസഭാ സെലക്ട് കമ്മിറ്റി മഹാരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി അതുൽ സാവെയെ സന്ദർശിച്ചു ചർച്ച നടത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് മുംബൈ മന്ത്രാലയയിൽ നടന്ന ചർച്ചയിൽ സമിതി അംഗങ്ങളായ കടകംപള്ളി സുരേന്ദ്രൻ, സണ്ണി ജോസഫ്, പി. അബ്ദുൽ ഹമീദ്, വി. ജോയി, ടി. മധുസൂദനൻ, കെ. ശാന്തകുമാരി, സെബാസ്റ്റ്യൻ കുളത്തുങ്കൽ, വി.ആർ. സുനിൽകുമാർ, തോമസ് കെ. തോമസ് എന്നിവരും മഹാരാഷ്ട്ര സഹകരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി (സഹകരണ വകുപ്പ് ആൻഡ് മാർക്കറ്റിംഗ്) രാജേഷ് കുമാർ, കേരള സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ രജിസ്ട്രാർ ടി.വി. സുഭാഷ്, നിയമസഭാ ജോയിന്റ് സെക്രട്ടറി വി.ജി. റിജു, സഹകരണ ഡെപ്യൂട്ടി രജിസ്ട്രാർ അയ്യപ്പൻ നായർ തുടങ്ങിയ ഉദ്യോഗസ്ഥരും പങ്കെടുത്തു.

2022-ലെ കേരള സഹകരണ സംഘ (മൂന്നാം ഭേദഗതി) ബിൽ പഠിക്കുന്നതിനായി നിയോഗിക്കപ്പെട്ടിട്ടുള്ള സെലക്ട് കമ്മിറ്റിയാണ് ജൂൺ 19, 20 തീയതികളിൽ മഹാരാഷ്ട്ര സന്ദർശനം നടത്തിയത്. പഠനത്തിന്റെ ഭാഗമായി സമിതി കേരളത്തിൽ നിരവധി യോഗങ്ങൾ ചേരുകയും പൊതുജനങ്ങളിൽ നിന്നും സഹകരണ മേഖലയിൽ അടുത്തിടപെടുന്നവരിൽ നിന്നും അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കുകയും ചെയ്തിരുന്നു. രാജ്യത്തു ഏറ്റവുമധികം സഹകരണ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന സംസ്ഥാനം എന്ന നിലയിലാണ് മഹാരാഷ്ട്ര സന്ദർശനവും പഠനവും നടപ്പിലാക്കിയത്.

ചൊവ്വാഴ്ച രാവിലെ മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്ക് ആസ്ഥാനം സന്ദർശിച്ച സമിതി മഹാരാഷ്ട്രയിലെ സഹകരണ ബാങ്ക് അധികാരികളുമായും വിശദമായ ചർച്ച നടത്തി. കേരള സഹകരണ ബില്ലിനെ കുറിച്ച് കേരള സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണിയും മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്കിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ബാങ്ക് അഡ്മിനിസ്ട്രേറ്റർ വി.വി അരസ്‌കർ, മാനേജിംഗ് ഡയറക്ടർ ദിലിപ് ഡീഗ എന്നിവരും വിശദീകരിച്ചു. ചർച്ചകളും സന്ദർശനങ്ങളും പൂർത്തിയാക്കി സമിതി നാട്ടിലേക്കു മടങ്ങി.

അവശേഷിക്കുന്നത് ഒരു ദിവസത്തേക്കുള്ള ഓക്സിജൻ മാത്രം; അന്തർവാഹിനിക്കായി ഡീപ് എനർജിയും രം​ഗത്ത്

അവശേഷിക്കുന്നത് ഒരു ദിവസത്തേക്കുള്ള ഓക്സിജൻ മാത്രം; അന്തർവാഹിനിക്കായി ഡീപ് എനർജിയും രം​ഗത്ത്

വാഷിങ്ടൺ: അറ്റ്‍ലാന്‍റിക് സമുദ്രത്തിൽ കനേഡിയൻ ഭാഗത്ത് കാണാതായ അന്തർവാഹിനിക്കായി തെരച്ചിൽ തുടരുന്നു. രണ്ട് ദിവസം മുൻപാണ് ടൈറ്റാനിക് കപ്പലിന്‍റെ അവശിഷ്ടങ്ങൾ കാണാൻ 5 വിനോദ സഞ്ചാരികളുമായി പോയ അന്തർ വാഹിനി കാണാതായത്. ഇനി ഒരു ദിവസത്തേക്കുള്ള ഓക്സിജൻ മാത്രമാണ് അന്തർ വാഹനിയിൽ ശേഷിക്കുന്നത്. ഇന്നലെ രാത്രിയും സമുദ്രാന്തർഭാഗത്ത് തെരച്ചിൽ തുടർന്നു.

ഇതുവരെ ഏകദേശം ഇരുപത്തി ആറായിരം ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് തെരച്ചിൽ നടത്തി. കനേഡിയൻ നാവികസേനയ്ക്കൊപ്പം അമേരിക്കൻ കോസ്റ്റ്ഗാർഡും തെരച്ചിലിനായി രംഗത്തുണ്ട്. ഇന്നലെ വൈകിട്ടോടെ ഡീപ് എനർജി എന്ന മറ്റൊരു കപ്പൽക്കൂടി അറ്റ്‍ലാന്‍റിക്കിൽ തെരച്ചിൽ നടത്തുന്നുണ്ട്. അമേരിക്കൻ കോസ്റ്റ് ഗാർഡിന്‍റെ രണ്ട് വിമാനങ്ങളും നിരീക്ഷണ പറക്കൽ നടത്തുന്നുണ്ട്.

അന്തർവാഹിനി കപ്പലിൽ ബ്രിട്ടീഷ് കോടീശ്വരനുമെന്ന് റിപ്പോർട്ട് പുറത്തുവന്നിരുന്നു. ആഫ്രിക്കയിൽ നിന്ന് ചീറ്റപ്പുലികളെ ഇന്ത്യയിലെത്തിക്കാൻ നിർണായക പങ്കുവഹിച്ച കോടീശ്വരൻ ഹാമിഷ് ഹാർഡിങ്ങാണ് അപകടത്തിൽപ്പെട്ടവരുടെ കൂട്ടത്തിലുണ്ടെന്ന് സംശയിക്കുന്നത്. ഹാർഡിങ്ങിനെക്കൂടാതെ, ഫ്രഞ്ച് മുങ്ങൽ വിദഗ്ധൻ പോൾ-ഹെൻറി നർജിയോലെറ്റ്, ഓഷ്യൻഗേറ്റ് എക്‌സ്‌പെഡിഷൻസ് സ്ഥാപകൻ സ്റ്റോക്ക്‌ടൺ റഷ്, പാകിസ്ഥാൻ വ്യവസായി ഷഹ്‌സാദ ദാവൂദ്, മകൻ സുലൈമാൻ എന്നിവരാണ് കുടുങ്ങിക്കിടക്കുന്നത്.

കാനഡയിൽ നിന്നും യാത്ര തിരിച്ച കപ്പലാണ് കാണാതായത്. അന്തർവാഹിനി കാണാതായ വിവരം ആദ്യം റിപ്പോർട്ട് ചെയ്യുന്നത് ബിബിസിയാണ്. എപ്പോഴാണ് അന്തർവാഹിനി കാണാതായത് എന്നോ, കൃത്യമായി എത്ര യാത്രക്കാരാണ് ഇതിൽ ഉള്ളത് എന്ന കാര്യത്തിലോ ഇനിയും വ്യക്തതയില്ല എന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യാത്രയുടെ സംഘാടകർ യുഎസ് കമ്പനിയായ ഓഷൻ​ഗേറ്റ് എക്സ്പഡീഷൻസാണ്. വളരെ സാഹസികമായ, സമുദ്രാന്തർഭാ​ഗമടക്കം സന്ദർശിച്ചു കൊണ്ടുള്ള അനേകം യാത്രകളും പരിപാടികളും സാധാരണയായി ഓഷൻ​ഗേറ്റ് സംഘടിപ്പിക്കാറുണ്ട്.

അതേസമയം, ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള ഈ യാത്രയ്ക്ക് ഓരോ യാത്രക്കാരിൽ നിന്നും രണ്ടുകോടി രൂപയാണ് കമ്പനി ഈടാക്കിയത് എന്നും റിപ്പോർട്ടുകൾ പറയുന്നു. എട്ട് ദിവസത്തെ പര്യടനം ഉൾക്കൊള്ളുന്നതാണ് ഈ യാത്ര. കാണാതായവരെ എത്രയും പെട്ടെന്ന് കണ്ടെത്താനും അവരുടെ കുടുംബങ്ങൾക്ക് ഒരു നല്ല വാർത്ത സമ്മാനിക്കാനുമാണ് തങ്ങൾ ശ്രമിക്കുന്നത് എന്നാണ് അന്തർവാഹിനി കാണാതായതിനെ തുടർന്ന് ഓഷൻ​ഗേറ്റ് കമ്പനി പ്രതികരിച്ചത്.

തിരുവല്ല മത്സ്യമാര്‍ക്കറ്റില്‍ മിന്നല്‍ പരിശോധന;  ചീഞ്ഞ മത്സ്യം പിടികൂടി

തിരുവല്ല മത്സ്യമാര്‍ക്കറ്റില്‍ മിന്നല്‍ പരിശോധന; ചീഞ്ഞ മത്സ്യം പിടികൂടി

പത്തനംതിട്ട: തിരുവല്ല മത്സ്യമാര്‍ക്കറ്റില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 115 കിലോ ചീഞ്ഞ മത്സ്യം പിടികൂടി. ഭക്ഷ്യ സുരക്ഷാ, ഫിഷറീസ് വകുപ്പുകള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിമുതല്‍ ആറുമണിവരെയാണ് പരിശോധന നടത്തിയത്. തിരുവല്ല മത്സ്യമാര്‍ക്കറ്റില്‍ പുറത്ത് നിന്നാണ് മത്സ്യം എത്തിക്കുന്നത്. മത്സ്യം വാഹനത്തില്‍ നിന്ന് ഇറക്കുന്നതിനിടെയാണ് പരിശോധന നടത്തിയത്. അതിനാല്‍ മുഴുവന്‍ മത്സ്യവും പരിശോധിക്കാന്‍ സാധിച്ചു എന്നാണ് റിപ്പോര്‍ട്ട്. മീനില്‍ രാസവസ്തുക്കള്‍ ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചില്ല. എന്നാല്‍ മത്സ്യങ്ങള്‍ ചീഞ്ഞ നിലയിലായിരുന്നു. പരിശോധന സംഘത്തിന്റെ ഒപ്പം ഉണ്ടായിരുന്ന മൊബൈല്‍ യൂണിറ്റില്‍ ഉടന്‍ തന്നെ പരിശോധന നടത്തുകയായിരുന്നു.

അനന്തപുരി ചക്ക മഹോല്‍സവം; പ്രചരണോദ്ഘാടനം എംജി ശ്രീകുമാർ നിർവഹിച്ചു

അനന്തപുരി ചക്ക മഹോല്‍സവം; പ്രചരണോദ്ഘാടനം എംജി ശ്രീകുമാർ നിർവഹിച്ചു

തിരുവനന്തപുരം: ഈമാസം 30 മുതൽ പുത്തരിക്കണ്ടം നായനാർ പാർക്കിൽ ആരംഭിക്കുന്ന അനന്തപുരി ചക്ക മഹോൽസവത്തിന്റെ പ്രചണോദ്ഘാടനം ​ഗായകൻ എംജി ശ്രീകുമാർ നിർവഹിച്ചു. എംജി ശ്രീകുമാറിന്റെ വസതിയിലെ “വൈറൽ പ്ലാവിൻ്റെ” മുന്നിൽ വെച്ചാണ് മേളയുടെ പോസ്റ്ററും ടൈറ്റിലും സിസ്സ ജനറൽ സെക്രട്ടറി ഡോ.സി സുരേഷ് കുമാറിന് കൈമാറി പ്രകാശനം ചെയ്തത്.

സംസ്ഥാന ഫലമായ ചക്കയുടെ പ്രചരണാർത്ഥം സെൻ്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ )യുടെ നേതൃത്വത്തിൽ കേരളത്തിലെ ചക്ക കര്‍ഷകരുടെയും ചക്ക പ്രേമികളുടെയും കൂട്ടായ്മയും പ്രശസ്ത ചക്ക പ്രചാരകരായ ചക്കക്കൂട്ടവും ചേർന്നാണ് അനന്തപുരി ചക്ക മഹോൽസവം സംഘടിപ്പിക്കുന്നത്. കോവിഡിന്‌ മുമ്പായി കനകക്കുന്നില്‍ നടന്ന ചക്ക മഹോല്‍സവത്തിന്റെ വിജയത്തെ തുടര്‍ന്നാണ് ഈ വര്‍ഷം മേള സംഘടിപ്പിച്ചിരിക്കുന്നത്.

ജൂലൈ ഒമ്പതുവരെ എല്ലാദിവസവും രാവിലെ 11 മുതല്‍ രാത്രി ഒമ്പതു വരെയാണ് പ്രദര്‍ശനം. മേളയില്‍ കേരളത്തിനകത്തും പുറത്തുമുള്ള വിവിധയിനം ചക്കകളുടെയും ചക്ക വിഭവങ്ങളുടെയും പ്രദര്‍ശനവും വില്‍പ്പനയുമാണ് ഒരുക്കുന്നത്. മേളയുടെ ഉദ്ഘാടനം 30ന് ഡപ്യൂട്ടി മേയർ പി കെ രാജു നിർവഹിക്കും. ”നല്ലഭക്ഷണം, നല്ല ആരോഗ്യം, നല്ലജീവിതം, നമുക്കും വരും തലമുറയ്ക്കും” എന്ന സന്ദേശമുയര്‍ത്തിയാണ് ഇക്കുറി മേള സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ ദിവസങ്ങളിലായി മന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കള്‍, സാമൂഹികസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, സിനിമാതാരങ്ങള്‍ എന്നിവര്‍ മേള സന്ദര്‍ശിക്കും.