ഡെങ്കിപ്പനി വ്യാപനംആശുപത്രികൾ സജ്ജമാകണമെന്ന് ആരോഗ്യ മന്ത്രി

ഡെങ്കിപ്പനി വ്യാപനംആശുപത്രികൾ സജ്ജമാകണമെന്ന് ആരോഗ്യ മന്ത്രി

സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപനം ജൂലൈയിൽ ശക്തമാകാനും രോഗികളുടെ എണ്ണത്തിൽ വർധനവിനും സാധ്യത. 2017ന് സമാനമായ രീതിയിലാണ് ഇപ്പോൾ കേസുകൾ വർധിക്കുന്നതെന്നും അതിനാൽ ആശുപത്രികൾ കൂടുതൽ സജ്ജമാക്കണമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.ഇന്നലെ ഏറ്റവും കൂടുതൽ പേർ ചികിൽസ തേടിയത് മലപ്പുറം ജില്ലയിലാണ് . 2095 പേർ.കോഴിക്കോട് – 1529 ഉം എറണാകുളത്ത് 1217 ഉംതിരുവനന്തപുരത്ത് – 1156 ഉം പേർ ചികിൽസ തേടി. ആകെ 12876 പേരാണ് പനിബാധിച്ച് ആശുപത്രികളിലെത്തിയത്. 20 ദിവസത്തിനിടെ ഒന്നേ മുക്കാൽ ലക്ഷം പേർക്ക് പനി ബാധിച്ചു.

പനിയും സാംക്രമിക രോഗങ്ങളും ബാധിച്ച് മൂന്നാഴ്ചയ്ക്കുളളിൽ മരിച്ചവരുടെ എണ്ണം 32 ആയി ഉയർന്നു. ഇന്നലെ 33 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു . 298 പേർ രോഗലക്ഷണങ്ങളോടെ ചികിത്സയ്‌ക്കെത്തി. 7 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചപ്പോൾ 10 പേർക്ക് രോഗം സംശയിക്കുന്നുണ്ട്.

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള- കര്‍ണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല. തീരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതിനിടെ കേരളത്തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മീറ്റര്‍ മുതല്‍ 1.2 മീറ്റര്‍ വരെ ഉയരത്തില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

എഐ ക്യാമറയുടെ കണ്ണുവെട്ടിയ്ക്കാൻ പൊടിക്കൈ; മൂന്ന് ബൈക്കുകൾ പിടിച്ചെടുത്ത് എംവിഡി

എഐ ക്യാമറയുടെ കണ്ണുവെട്ടിയ്ക്കാൻ പൊടിക്കൈ; മൂന്ന് ബൈക്കുകൾ പിടിച്ചെടുത്ത് എംവിഡി

കൊല്ലം: എഐ ക്യാമറയുടെ നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെടാനായി നമ്പർ പ്ലേറ്റുകൾ മറച്ച് ഉപയോ​ഗിച്ച മൂന്ന് ഇരുചക്രവാഹനങ്ങൾ കൊല്ലം മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് പിടികൂടി കേസെടുത്തു. കൊല്ലത്ത് പുതുതായി സ്ഥാപിച്ച എ ഐ ക്യാമറകളുടെ നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെടാനാണ് നമ്പർ പ്ലേറ്റിൽ കൃത്രിമം കാണിക്കുന്നത്. ചെമ്മക്കാട് ഓവർ ബ്രിഡ്ജിന് സമീപം വാഹന പരിശോധന നടത്തവെ മുൻവശത്ത് നമ്പർ പ്ലേറ്റ് ഇല്ലാതെയും പുറകുവശത്ത് നമ്പർ പ്ലേറ്റ് ഉള്ളിലേക്ക് മടക്കിവെച്ചും നമ്പർ പ്ലേറ്റ് മാസ്ക് വെച്ച് മറച്ചുവെച്ച നിലയിലും കണ്ടെത്തിയ ബൈക്ക് കസ്റ്റഡിയിലെടുത്തു. വാഹനം അഞ്ചാലുംമൂട് പൊലീസിന് കൈമാറി.

മറ്റൊരു ബൈക്ക് നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കാത്ത നിലയിൽ സൈലൻസർ മാറ്റിവെച്ച് അമിത ശബ്ദം പുറപ്പെടുവിച്ച് ഓടിച്ചതിനാണ് പിടികൂടിയത്. പുറകിൽ നമ്പർ പ്രദർശിപ്പിക്കാത്ത മറ്റൊരു ബൈക്കും പിടിച്ചെടുത്ത് വെസ്റ്റ് പൊലീസിന് കൈമാറി. കൊല്ലം ആർടിഒ എൻഫോഴ്സ്മെന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനു എൻ.കുഞ്ഞുമോൻ എഎംവിഐമാരായ ലീജേഷ്. വി, ബിജോയ്. വി, റോബിൻ മെൻഡസ് എന്നിവർ വാഹന പരിശോധനയിൽ പങ്കെടുത്തു. വാഹന ഉടമകൾ ബോധപൂർവം നമ്പർ പ്ലേറ്റ് ഇളക്കി മാറ്റിയും നമ്പർ പ്ലേറ്റ് പൂർണമായും ഭാഗികമായും മറച്ചുവെച്ചും വാഹനങ്ങൾ ഓടിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതിനാൽ വരും ദിവസങ്ങളിലും കർശനമായ വാഹന പരിശോധന നടത്തുമെന്ന് കൊല്ലം എൻഫോഴ്സ്മെന്റ് ആർടിഒ എച്ച്. അൻസാരി അറിയിച്ചു.

അന്താരാഷ്ട്ര യോഗ ദിനം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

അന്താരാഷ്ട്ര യോഗ ദിനം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

തിരുവനന്തപുരം: 1000 ആയുഷ് യോഗ ക്ലബ്ബുകളുടേയും അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റേയും സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 21ന് രാവിലെ 7.15ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

യോഗയുടെ പ്രാധാന്യം ഉള്‍ക്കൊണ്ടാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 1000 ആയുഷ് യോഗ ക്ലബ്ബുകള്‍ ആരംഭിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആയുഷ് വകുപ്പും നാഷണല്‍ ആയുഷ് മിഷനും ചേര്‍ന്നാണ് ആയുഷ് യോഗ ക്ലബുകള്‍ ആരംഭിക്കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമ, നഗര വ്യത്യാസങ്ങളില്ലാതെ എല്ലായിടങ്ങളിലും യോഗയുടെ സന്ദേശം എത്തിക്കുക എന്നതാണ് ലക്ഷ്യം. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള ഒരു വാര്‍ഡില്‍ ചുരുങ്ങിയത് 20 പേര്‍ക്ക് ഒരേ സമയം യോഗ പരിശീലനത്തിനുള്ള വേദി ഉറപ്പാക്കുകയും അവിടെ ആയുഷ് യോഗ ക്ലബുകള്‍ ആരംഭിക്കുകയും ചെയ്യും.

എല്ലാ ജില്ലകളിലും യോഗ ദിനാചരണത്തിന്റെ ഭാഗമായി സമൂഹ യോഗ പരിശീലനപരിപാടി ഒരുക്കിയിട്ടുണ്ട്. എക്‌സൈസ് വകുപ്പുമായി ചേര്‍ന്ന് ലഹരി ഉപയോഗത്തിനെതിരെയുള്ള യോഗ പരിശീലനവും കൗണ്‍സിലിംഗും യോഗ ദിനത്തോടനുബന്ധിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്നു. ഇതുകൂടാതെ ജില്ലകളില്‍ മാസ് യോഗ പരിപാടികള്‍, തീരദേശ മേഖലയിലെ യോഗ പരിപാടി, അങ്കണവാടി വര്‍ക്കര്‍മാര്‍ക്കുളള യോഗ പരിശീലനം, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്കുള്ള പരിശീലന പരിപാടി, എംഎല്‍എസ്പി മാര്‍ക്കുള്ള യോഗ പരിശീലനം, എന്‍എച്ച്എം-മായി സഹകരിച്ചുള്ള യോഗ പരിശീലന പരിപാടികള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

അറസ്റ്റ് തടയണമെന്ന ഷാജന്‍ സ്‌കറിയയുടെ ആവശ്യം ഹൈക്കോടതി തള്ളി

അറസ്റ്റ് തടയണമെന്ന ഷാജന്‍ സ്‌കറിയയുടെ ആവശ്യം ഹൈക്കോടതി തള്ളി

അറസ്റ്റ് തടയണമെന്ന മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സക്കറിയയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. മാധ്യമപ്രവര്‍ത്തനത്തിന്റെ ശരിയായ മാതൃകയല്ല അദ്ദേഹത്തിന്റെത് എന്ന് കോടതി പരാമര്‍ശിച്ചു. മുന്‍കൂര്‍ ജാമ്യപേക്ഷ വെള്ളിയാഴ്ചത്തേക്ക് മാറ്റി. ജസ്റ്റിസ് വി.ജി അരുണിന്റെ ബെഞ്ചാണ് ഹരിജി പരിഗണിച്ചത്.
വി ശ്രീനിജന്‍ എംഎല്‍എയുടെ പരാതിയിലാണ് നടപടി. വ്യാജ വാര്‍ത്തയുണ്ടാക്കി തന്നെ അധിക്ഷേപിച്ചുവെന്നാണ് പരാതിയുടെ ഉള്ളടക്കം.

എസ്ബിഐയുടെ ‘അമൃത് കലാശ് സ്‌കീം’, സമയപരിധി തീരാന്‍ ഇനി ദിവസങ്ങള്‍ മാത്രം; പ്രത്യേക നിക്ഷേപ പദ്ധതി, വിശദാംശങ്ങള്‍

എസ്ബിഐയുടെ ‘അമൃത് കലാശ് സ്‌കീം’, സമയപരിധി തീരാന്‍ ഇനി ദിവസങ്ങള്‍ മാത്രം; പ്രത്യേക നിക്ഷേപ പദ്ധതി, വിശദാംശങ്ങള്‍

ന്യൂഡല്‍ഹി: മെച്ചപ്പെട്ട പലിശ ലഭിക്കുന്ന, പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയായ അമൃത് കലാശ് ഡെപ്പോസിറ്റ് പദ്ധതിയുടെ കാലാവധി തീരാന്‍ ഇനി ദിവസങ്ങള്‍ മാത്രം. 400 ദിവസം കാലാവധിയുള്ള പദ്ധതിയില്‍ ചേരുന്നതിനുള്ള സമയപരിധി ജൂണ്‍ 30ന് അവസാനിക്കും. നേരത്തെ ഇതിന്റെ കാലാവധി മാര്‍ച്ച് 31ന് അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ ഈ പദ്ധതിയില്‍ നിക്ഷേപിക്കുന്നതിന് വീണ്ടും അവസരം ഒരുക്കി സമയപരിധി നീട്ടുകയായിരുന്നു.

മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.60 ശതമാനം വരെ പലിശ ലഭിക്കുന്നതാണ് പദ്ധതി. മറ്റുളളവര്‍ക്ക് 7.10 ശതമാനമാണ് പലിശ. തദ്ദേശീയര്‍ക്കും പ്രവാസികള്‍ക്കും ഒരേ പോലെ ചേരാവുന്നതാണ് ഈ പദ്ധതി.

ബാങ്കിന്റെ ശാഖയില്‍ പോയോ, യോനോ ആപ്പ് വഴിയോ നിക്ഷേപ പദ്ധതിയില്‍ ചേരാവുന്നതാണ്. രണ്ടുവര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപ പദ്ധതിക്ക് ഏഴുശതമാനത്തിന് മുകളിലാണ് പലിശയായി എസ്ബിഐ നല്‍കുന്നത്. നേരത്തെ ഇത് 6.75 ശതമാനമായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ അമൃത് കലാശ് കൂടുതല്‍ ആകര്‍ഷണീയമാണെന്നാണ് ബാങ്ക് പറയുന്നത്.റിസര്‍വ് ബാങ്ക് മുഖ്യപലിശ നിരക്ക് തുടര്‍ച്ചയായി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് ബാങ്കുകള്‍ നിക്ഷേപനിരക്കിലും മാറ്റം വരുത്തിയത്.