by liji HP News | Jun 20, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: പ്രമേഹം കൂടിയതിനെത്തുടർന്ന് കാൽ മുറിച്ചുമാറ്റണമെന്ന് ഡോക്ടർ പറഞ്ഞതിന്റെ മനോവിഷമത്തിൽ പുഴയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച 60കാരനെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്ന് രക്ഷിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കേ, അവിടെ നിന്ന് ‘മുങ്ങിയ’ വരാപ്പുഴ സ്വദേശി പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ 11.30നാണ് സംഭവം. ഇടതുകാലിന് മുറിവുപറ്റി കളമശ്ശേരി എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഇയാൾ. പഴുപ്പ് പാദത്തിൽ കയറിയതോടെയാണ് ഈ ഭാഗം മുറിച്ചുമാറ്റണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചത്. ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്ന മകൻ മരുന്ന് വാങ്ങാൻ പോയ സമയത്താണ്, ആശുപത്രിയിൽ നിന്ന് പുറത്തേയ്ക്ക് കടന്നത്. മകന്റെ വണ്ടിയുമായി വരാപ്പുഴ പാലത്തിൽ എത്തിയ വരാപ്പുഴ സ്വദേശി, ആശുപത്രിയിൽ ഡ്രിപ് നൽകുന്നതിന് ഇട്ടിരുന്ന സൂചി അടക്കം കൈയിലിരിക്കെയാണ് പുഴയിൽ ചാടിയത്.
മത്സ്യത്തൊഴിലാളിയായ കുരിശുവീട്ടിൽ വർഗീസും മറ്റ് നാട്ടുകാരും ചേർന്നാണ് പുഴയിൽനിന്ന് രക്ഷപ്പെടുത്തിയത്. തുടർന്ന്, മഞ്ഞുമ്മൽ സെൻറ് ജോസഫ്സ് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയശേഷം മെഡിക്കൽ കോളജിലേക്ക് മാറ്റി. ആരോഗ്യനില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
by liji HP News | Jun 20, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഭുവനേശ്വര്‍: തന്റെ തോട്ടത്തിലുള്ള മാങ്ങകള്‍ക്ക് ലക്ഷങ്ങള്‍ വില വരുമെന്ന ഉടമയുടെ തിരിച്ചറവ് നല്‍കിയ സന്തോഷം അധികം നീണ്ടുനിന്നില്ല. ഈ സന്തോഷം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച് തൊട്ടടുത്ത ദിവസം തോട്ടത്തില്‍ നിന്ന് വിലപ്പിടിച്ച നാലു മാങ്ങകള്‍ മോഷണം പോയതിന്റെ സങ്കടത്തിലാണ് ഇപ്പോള്‍ തോട്ടമുടമ. ആഗോള വിപണിയില്‍ കിലോയ്ക്ക് 2.5 ലക്ഷം രൂപ വില വരുന്ന മാങ്ങയാണ് മോഷണം പോയത്.
ഒഡീഷയിലെ നുപാഡ ജില്ലയിലാണ് സംഭവം. ലക്ഷ്മി നാരായണിന്റെ തോട്ടത്തിലെ മാങ്ങകളാണ് മോഷണം പോയത്. ആഗോള വിപണിയില്‍ വിലപ്പിടിപ്പുള്ള മാങ്ങയാണെന്ന് തിരിച്ചറിഞ്ഞതിന്റെ സന്തോഷത്തില്‍, സാമൂഹിക മാധ്യമത്തില്‍ ലക്ഷ്മിനാരായണ്‍ വാര്‍ത്ത പങ്കുവെച്ചിരുന്നു.
ചിത്രങ്ങള്‍ പങ്കുവെച്ച്് തൊട്ടടുത്ത ദിവസമാണ് തോട്ടത്തില്‍ നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന നാലുമാങ്ങകള്‍ മോഷണം പോയത്. സംഭവത്തിന്റെ നടുക്കത്തിലാണ് ലക്ഷ്മിനാരായണും നാട്ടുകാരും.
by liji HP News | Jun 20, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പത്തനംതിട്ട: തിരുവല്ലയില്‍ നാലാംക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ ഓട്ടോ ഡ്രൈവര്‍ തിരുവല്ല വെണ്‍പാല സ്വദേശി വര്‍ഗീസ് (67) അറസ്റ്റിലായി. കുട്ടി സ്‌കൂളില്‍ പോയിരുന്നത് ഇയാളുടെ ഓട്ടോയിലായിരുന്നു.
വര്‍ഗീസിന്റെ ഓട്ടോയിലാണ് കഴിഞ്ഞ കുറെ നാളുകളായി ഒന്‍പതുവയസുകാരിയും സഹപാഠികളും സ്‌കൂളിലേക്ക് പോകുകയും വീട്ടിലേക്ക് തിരികെ വരികയും ചെയ്തിരുന്നത്. സ്‌കൂളില്‍ നിന്ന് തിരികെ വരുമ്പോള്‍ സഹപാഠികളെ വീടുകളില്‍ ഇറക്കിവിട്ട ശേഷം, പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുന്നവഴിയില്‍ വിജനമായ പ്രദേശത്ത് വച്ച് നാലാംക്ലാസുകാരിയോട് വര്‍ഗീസ് അപമര്യാദയായി പെരുമാറി എന്നതാണ് അമ്മയുടെ പരാതിയില്‍ പറയുന്നത്.
കഴിഞ്ഞ ദിവസം കുട്ടിയോട് വര്‍ഗീസ് അപമര്യാദയായി പെരുമാറുന്നത് നാട്ടുകാരില്‍ ഒരാള്‍ കണ്ടു. ഇക്കാര്യം കുട്ടിയുടെ അമ്മയോട് പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കുട്ടിയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞശേഷം അമ്മ തിരുവല്ല പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
by liji HP News | Jun 20, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഒന്‍പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനും മണിക്കൂറില്‍ 30 മുതല്‍ 40 കിമീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. കേരള – കര്‍ണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
by liji HP News | Jun 20, 2023 | Latest News, കേരളം, ജില്ലാ വാർത്ത
രണ്ടര പതിറ്റാണ്ടിൽ ഏറെയായി ആന്ധ്രയിൽ നിന്നുള്ള ജയ അരിയാണ് കേരള വിപണി കീഴടക്കിയിരുന്നത്. അരിവില കുതിച്ചുയർന്നതോടെ മൊത്തവ്യാപാരികൾ ഒരു ‘കടുംകൈ’ പ്രയോഗം നടത്തി. അതോടെ വില കിലോയ്ക്ക് 20 രൂപ കുറഞ്ഞു. വില വർധന തടയാനാകാതെ സർക്കാർ നിഷ്ക്രിയമായി നിന്നപ്പോഴാണ് ബ്രോക്കർമാരുടെ പിന്തുണയോടെ മൊത്തവ്യാപാരികൾ ജാർഖണ്ഡ്, പഞ്ചാബ്, എന്നിവിടങ്ങളിൽ നിന്നു കുറഞ്ഞ വിലയ്ക്ക് അരി വാങ്ങാൻ തുടങ്ങിയതോടെ ആന്ധ്രയും വില കുറയ്ക്കാൻ നിർബന്ധിതമായതാണ് കുത്തനെ ഇടിയാൻ കാരണം.
കൃഷി നാശം, പവർകട്ട് തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് വില കുത്തനെ ഉയർത്തുകയായിരുന്നു. ക്വിന്റലിനു 3700 രൂപയിൽ നിന്നു 5700 രൂപ ആയാണ് വർധിച്ചത്. ഇതോടെ കേരളത്തിൽ ചില്ലറ വിൽപന വില കിലോയ്ക്ക് 60– 62 രൂപയായി ഉയർന്നു. വില ക്രമാതീതമായി ഉയർന്നെങ്കിലും പൊതുവിപണിയിൽ ഇടപെടാൻ സർക്കാരിനു കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ അരി ബ്രോക്കർമാരുടെ സഹായത്തോടെ ജാർഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്ന് വ്യാപാരികൾ അരി വാങ്ങാൻ തുടങ്ങി.
1995നു ശേഷം ഇവർ ആദ്യമായാണ് വൻതോതിൽ പഞ്ചാബിൽ നിന്നു അരി വാങ്ങിയത്. ജാർഖണ്ഡിൽ നിന്ന് കിലോയ്ക്ക് 36–37 രൂപയ്ക്കും പഞ്ചാബിൽ നിന്നു 38– 39 രൂപയ്ക്കും അരി എത്തിച്ചു. വിപണി നഷ്ടമാകുമെന്ന നില വന്നതോടെ ആന്ധ്രയുടെ വില കുത്തനെ കുറയ്ക്കാൻ നിർബന്ധിതമായി. ഇപ്പോൾ ആന്ധ്ര അരി ക്വിന്റൽ വില 3950– 3970 രൂപ (കിലോയ്ക്ക് 39.30– 39.70) ആണ് മൊത്തവില. ചില്ലറ വില വില 41 രൂപയായി കുറഞ്ഞു. റോസ് (ഉണ്ട)– 43.50, റോസ് (വടി) 51 രൂപയായും കുറഞ്ഞു.
by liji HP News | Jun 20, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: സംസ്ഥാനത്തെ റോഡുകളില്‍ എഐ കാമറ സ്ഥാപിച്ച പദ്ധതിയിലെ മുഴുവന്‍ വിവരങ്ങളും പരിശോധിക്കണമെന്ന് ഹൈക്കോടതി. ഖജനാവിന് നഷ്ടമോ അധിക ബാധ്യതയോ ഉണ്ടായോ എന്നു പരിശോധിക്കണമെന്നും അതുവരെ പദ്ധതിയ്ക്കു സര്‍ക്കാര്‍ പണം നല്‍കരുതെന്നും ചീഫ് ജസ്റ്റ്‌സ് എസ് വി ഭട്ടി അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.
എഐ കാമറ സ്ഥാപിക്കുന്നതിനു ടെന്‍ഡര്‍ നല്‍കിയത് വ്യവസ്ഥകള്‍ ലംഘിച്ചാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. മോട്ടോര്‍ വാഹന വകുപ്പും കെല്‍ട്രോണും തമ്മിലുള്ള കരാറുകള്‍ റദ്ദാക്കണം, എസ്ആര്‍ഐടിക്ക് ടെന്‍ഡര്‍ യോഗ്യതയില്ലെന്നു പ്രഖ്യാപിക്കണം തുടങ്ങിയവയാണ് ഹര്‍ജിയിലെ ആവശ്യങ്ങള്‍. പൊതുതാത്പര്യ ഹര്‍ജിയില്‍ കഴമ്പുണ്ടെന്നാണ് പ്രഥമദൃഷ്ട്യാ തോന്നുന്നതെന്ന് കോടതി നിരീക്ഷിച്ചു. കേസ് മൂന്നാഴ്ചയ്ക്കു ശേഷം പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. അതിനകം വശദ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.
Recent Comments