by liji HP News | Jun 17, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തൃശൂർ: നൂറിലേറെ കേസുകളിൽ പ്രതി കുപ്രസിദ്ധ കുറ്റവാളി പൂമ്പാറ്റ സിനിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. വധശ്രമം, ഭീഷണി, വഞ്ചന തുടങ്ങി ഒട്ടേറെ കുറ്റകൃത്യങ്ങളിൽ പ്രതിയാണ്. തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണർ അങ്കിത് അശോകൻ നൽകിയ റിപ്പോർട്ട് പരിഗണിച്ച് ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജയാണ് കാപ്പ ചുമത്തി ആറുമാസത്തേക്ക് ജയിൽശിക്ഷ വിധിച്ചത്.
സിനി ഗോപകുമാർ എന്ന പൂമ്പാറ്റ സിനി ഒല്ലൂർ തൈക്കാട്ടുശേരിയിലെ വാടകവീടു കേന്ദ്രീകരിച്ചാണു തട്ടിപ്പുകൾ നടത്തിയിരുന്നത്. ഇവിടെ നിന്ന് തന്നെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആളുകളെ ഭീഷണിപ്പെടുത്തി പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്തതിനും മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്തതിനും തുടങ്ങി നിരവധി തട്ടിപ്പുകേസുകളിലെ പ്രതിയാണ്.
വലിയ മുതലാളിയാണെന്നും സ്വന്തമായി റിസോർട്ടുകൾ ഉണ്ടെന്നും പറഞ്ഞാണ് ഇവർ ആളുകളെ വലയിലാക്കിയിരുന്നു. ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പണം തട്ടിയെടുക്കും. അതിനു ശേഷം പല കള്ളക്കഥകളും പറഞ്ഞു ഇരകളെ വിശ്വസിപ്പിക്കും. പണം മുഴുവൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി കൊണ്ടുപോയി എന്നാകും ചിലപ്പോൾ പറയുക. മറ്റു ചിലപ്പോൾ ഗുണ്ടകളെ വിട്ട് പരാതിക്കാരെ ഭീഷണിപ്പെടുത്തും.
താമസിക്കുന്ന സ്ഥലങ്ങളിലെല്ലാം മദ്യവും മയക്കുമരുന്നും നൽകി ഗുണ്ടാസംഘങ്ങളെ സംഘടിപ്പിക്കുന്നതും ഇവരുടെ രീതിയായിരുന്നു. തട്ടിയെടുക്കുന്ന പണം മുഴുവനും ആർഭാട ജീവിതത്തിന് ഉപയോഗിക്കുകയായിരുന്നു. ആലപ്പുഴ ജില്ലയിലായിരുന്നു ഇവരുടെ ആദ്യകാല കുറ്റകൃത്യങ്ങൾ. പിന്നീട് അവരുടെ താവളം എറണാകുളത്തേക്കും അവിടെനിന്നും തൃശൂരിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. കുറ്റകൃത്യങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ട് പലതവണ റിമാന്‍ഡിലായി. പക്ഷേ, ഇത്രയും തട്ടിപ്പുകേസുകൾ നടത്തിയിട്ടും ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ല.
ആലപ്പുഴ ജില്ലയിൽ അരൂർ, കുത്തിയതോട് എന്നീ പോലീസ് സ്റ്റേഷനുകളിലും എറണാകുളം മുളവുകാട്, ചെങ്ങമനാട്, തോപ്പുംപടി, ടൗൺ സൗത്ത്, എറണാകുളം സെൻട്രൽ, കണ്ണമാലി, ആലുവ ഈസ്റ്റ്, തൃശ്ശൂർ പുതുക്കാട്, കൊടകര, മാള, ടൗൺ ഈസ്റ്റ്, ഒല്ലൂർ, ചാലക്കുടി, നെടുപുഴ എന്നിവിടങ്ങളിലായി അമ്പതിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തൃശ്ശൂർ ജില്ലയിൽമാത്രം എട്ട് പോലീസ് സ്റ്റേഷനുകളിലായി 32 കേസുകളാണ് ഇവരുടെ പേരിലുള്ളത്.
by liji HP News | Jun 17, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ പരിപാലന പദ്ധതിക്ക് തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജയശ്രീ പി.സി നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കവിത സന്തോഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കടയ്ക്കാവൂർ ഡിവിഷൻ മെമ്പർ രാധിക പ്രദീപ് സ്വാഗതം ആശംസിച്ചു.
ആയുർവേദത്തിന്റെ പ്രാധാന്യവും യോഗയും വയോജനങ്ങളിൽ എന്ന വിഷയത്തെ ആസ്പദമാക്കി ഡോക്ടർ സ്മിത എസ് ശിവൻ ക്ലാസെടുത്തു. കൂടാതെ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന ആയൂർവേദ ഡോക്ടർമാരെ പങ്കെടുപ്പിച്ചുകൊണ്ട് ചോദ്യോത്തര പംക്തിയും മരുന്ന് വിതരണവും നടന്നു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. മുരളി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജി. ശ്രീകല, പി. അജിത, ചിറയിൻകീഴ് സിഡിപിഒ സിജി മജീദ് നന്ദിയും രേഖപ്പെടുത്തി.
by liji HP News | Jun 17, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ചിക്കൻ കിലോയ്ക്ക് 260 രൂപ , മത്തിക്ക് കിലോക്ക് 250 രൂപ ട്രോളിംങ് നിരോധനത്തിന്റെ മറപറ്റി സംസ്ഥാനത്ത് പച്ചക്കറിക്കും, മീനിനും, ഇറച്ചിക്കും വില കുതിച്ച് ഉയരുന്നു. തക്കാളി, ഇഞ്ചി,വെളുത്തുള്ളി, ക്യാരറ്റ് എന്നിവക്ക് റെക്കോർഡ് വില വർദ്ധനവ് ആണ്.
അതെ സമയം ഹോർട്ടി കോപ്പുകളിൽ പച്ചക്കറികൾക്ക് മര്യാദ വിലയാണ്. പക്ഷേ ഹോര്‍ട്ടികോര്‍പ് സ്റ്റാളുകള്‍ വ്യാപകമല്ലാത്തത് മൂലം ജനത്തിന് കഴുത്തറപ്പന്‍ കച്ചവടക്കാരെ ആശ്രയിക്കാതെ തരമില്ല. ജനങ്ങള്‍ നിത്യേന ഉപയോഗിക്കുന്ന പച്ചക്കറികൾക്കാണ് തീ വില. തക്കാളി, വെളുത്തുള്ളി, പച്ചമുളക്, ക്യാരറ്റ്, വെണ്ടയ്ക്ക, മുരിങ്ങ എന്നിങ്ങനെ നീളുന്നു വില വർദ്ധിച്ച പച്ചക്കറികളുടെ നിര. ഇന്നലത്തെ വിലയനുസരിച്ച് മൊത്ത കച്ചവടക്കാരിൽ തക്കാളിക്ക് 870 രൂപയാണ് വില.
ക്യാരറ്റ് 61, ചെറിയ ഉള്ളി 62, വെളുത്തുള്ളി 110, മുളക് 85, ബീൻസ് 70,മു രിങ്ങ 40, പാവയ്ക്ക 54, പയർ 45, മല്ലി ഇല 110 എന്നിങ്ങനെ നീളുന്നു വില വിവര പട്ടിക. കഴിഞ്ഞ മാസം ഇതേ സാധനങ്ങൾക്ക് നേർ പകുതിയായിരുന്നു വില.
ടോളിംഗ് നിരോധനം തുടങ്ങിയതോടെ മീൻ കിട്ടാനില്ല. ഏറ്റവും വില കുറവിൽ കിട്ടുന്ന മത്തിക്ക് റിട്ടെയ്ൽ വില കിലോയ്ക്ക് 250 രൂപ മുതൽ 300 വരെയാണ്. ചെറിയ അയല 270, ചെമ്മീൻ 260 എന്നിങ്ങനെ നീളുന്നു. ഈ അവസരം മുതലെടുത്ത് പുറത്തുനിന്നും വിഷമല്‍സ്യവും യഥേഷ്ടം എത്തുന്നുണ്ട്.
by liji HP News | Jun 17, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ നിന്ന് ഹനുമാൻ കുരങ്ങ് വീണ്ടും പുറത്ത് കടന്നുവെന്ന് സംശയം. കഴിഞ്ഞ ദിവസങ്ങളിൽ ഇരുന്ന ആഞ്ഞിലി മരത്തിൽ ഇന്ന് രാവിലെ മുതൽ ഹനുമാൻ കുരങ്ങിനെ കാണുന്നില്ലെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു. ഹനുമാൻ കുരങ്ങിനായി മൃഗശാലയിലും പുറത്തും തെരച്ചിൽ തുടരുകയാണ്. കുറവൻകോണം, അമ്പലമുക്ക് എന്നീ ഭാഗങ്ങളില്‍ തെരച്ചിൽ നടക്കുന്നുണ്ട് എന്നാണ് വിവരം.
കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് പരീക്ഷാണാടിസ്ഥാനത്തിൽ, തുറന്നുവിടുന്നതിനിടെയാണ് മൂന്ന് വയസ്സുള്ള പെൺകുരങ്ങ് ചാടിപോയത്. കൂട്ടിൽ നിന്ന് ഇറങ്ങിയ ഉടൻ ഉടൻ മരങ്ങിലേക്ക് കയറി കുരങ്ങ് അകന്ന് പോകുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. മൃഗശാലയ്ക്ക് പുറത്തേക്ക് പോയ ഹനുമാൻ കുരങ്ങ് പിന്നീട് തിരികെ മൃഗശാലയിലേക്ക് മടങ്ങിയെത്തിയിരുന്നു.
കാട്ടുപോത്തിന്‍റെ കൂടിന് അടുത്തുള്ള ഒരു മരത്തിന് മുകളിൽ രണ്ട് ദിവസമായി ഇരുപ്പ് ഉറപ്പിച്ചിരിക്കുകയായിരുന്നു ഹനുമാൻ കുരങ്ങ്. ഇഷ്ടഭക്ഷണം കാണിച്ചിട്ടും ഇരയെ കാണിച്ചിട്ടും, താഴേക്ക് ഇറങ്ങാൻ കുരങ്ങ് കൂട്ടാക്കിയിട്ടില്ല. എന്നാല്‍, കുരങ്ങിനെ ഇന്ന് രാവിലെ മുതൽ കാണാനില്ലെന്നാണ് ലഭിക്കുന്ന വിവരം. കുരങ്ങിനായി കുറവൻകോണം, അമ്പലമുക്ക് എന്നീ ഭാഗങ്ങളിലായി തെരച്ചിൽ നടത്തുകയാണ്.
by liji HP News | Jun 17, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പൗരബോധം എങ്ങനെ കുട്ടികളിൽ ഉളവാക്കാം എന്നത് പാഠ്യപദ്ധതി തയ്യാറാക്കുന്ന ഘട്ടത്തിൽ ആലോചിക്കുന്നുണ്ടെന്ന് പൊതുവിദ്യാഭാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പാറശാല മണ്ഡലത്തിലെ സ്കൂളുകളിലെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹുസ്വരമായ ഒരു സമൂഹത്തിൽ മതനിരപേക്ഷത, ജനാധിപത്യം തുടങ്ങിയ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്ന ഒരു സമൂഹത്തെ വളർത്തിക്കൊണ്ടുവരാൻ സ്കൂൾ വിദ്യാഭ്യാസത്തിന് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. അതിനെല്ലാമുള്ള സാമൂഹികമായ അന്തരീക്ഷം വികസിപ്പിക്കാനുള്ള അവസ്ഥ ഉണ്ടാകണം. ഇതിനെല്ലാം പുതിയ പ്രായോഗിക പദ്ധതികൾ സമൂഹത്തിന്റെ പിൻബലത്തോടെ കൂടി രൂപീകരിക്കാൻ കഴിയണം. അതിനുള്ള പ്രവർത്തനത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലത്തിലെ വെള്ളറട ജി.യു.പി.എസ്, മൈലച്ചൽ ജി.എച്ച്.എസ്.എസ്, എന്നീ സ്കൂളുകളിൽ പുതിയ മന്ദിരങ്ങളുടെ നിർമ്മാണോദ്‌ഘാടനവും പെരുങ്കടവിള എൽ.പി.ബി.എസ്, പാറശാല ടൗൺ എൽ പി എസ്, ആലത്തോട്ടം ജി എൽ പി എസ് എന്നീ സ്കൂളുകളിൽ പുതിയ മന്ദിരങ്ങളുടെ ഉദ്ഘടനവുമാണ് മന്ത്രി നിർവഹിച്ചത്. ചടങ്ങുകളിൽ സി. കെ ഹരീന്ദ്രൻ എം എൽ എ അധ്യക്ഷത വഹിച്ചു.
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ അടങ്കലിലാണ് പെരുങ്കടവിള ഗവ.എൽ.പി.ബി.സ്കൂളിൽ പുതിയ മന്ദിരം പണിതുയർത്തിയത്. പാറശ്ശാല ഗ്രാമപഞ്ചായത്തിലെ ഗവ. എൽ.പി.ജി സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിടത്തിന്റെ പണി പൂർത്തീകരിച്ചത്. 50 ലക്ഷം രൂപ ചെലവിലാണ് പാറശ്ശാല ഗ്രാമപഞ്ചായത്തിലെ ഗവ.എൽ.പി.എസ് ആലത്തോട്ടം സ്കൂളിൽ പുതിയ മന്ദിരം പണിതത്.
കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തിയാണ് ആര്യൻകോട് ഗ്രാമ പഞ്ചായത്തിലെ മൈലച്ചൽ ഹയർസെക്കന്ററി സ്കൂളിൽ പുതിയ ബഹുനില കെട്ടിടം പണിയുന്നത്. ഒരു കോടി 36 ലക്ഷം രൂപയാണ് ബജറ്റ്. വെള്ളറട ഗവ യു.പി സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം പണിയുന്നത്.
by liji HP News | Jun 17, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൈറ്റ് തയ്യാറാക്കിയ ‘സമ്പൂർണ പ്ലസ്’ മൊബൈൽ ആപ് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു. കുട്ടികളുടെ ഹാജർ നില, പഠനപുരോഗതി, പ്രോഗ്രസ് റിപ്പോർട്ട് തുടങ്ങിയവ രേഖപ്പെടുത്താനും രക്ഷിതാക്കളും സ്‌കൂളും തമ്മിലുള്ള വിനിമയം സുഗമമാക്കാനും സഹായിക്കുന്നതാണ് സമ്പൂർണ പ്ലസ് മൊബൈൽ ആപ്.
കുട്ടികളെ സംബന്ധിക്കുന്ന വിവരം സംസ്ഥാന സർക്കാരിന്റെ സ്റ്റേറ്റ് ഡാറ്റാ സെന്ററിൽ നിലനിർത്തി ഡാറ്റയുടെ സ്വകാര്യതയും സുരക്ഷിതത്വവും ഉറപ്പുവരുത്തിക്കൊണ്ടാണ് മൊബൈൽ ആപ് കൈറ്റ് വികസിപ്പിച്ചത്. അധ്യാപകർക്കും രക്ഷാകർത്താക്കൾക്കും പ്രത്യേകം ലോഗിൻ സൗകര്യവും സമ്പൂർണ പ്ലസിൽ ഉണ്ടാകും. നിലവിൽ കുട്ടികളുടെ ഫോട്ടോ സ്‌കാൻ ചെയ്‌തോ അല്ലാതെയോ ആണ് സമ്പൂർണയിൽ അപ്‌ലോഡ് ചെയ്യുക. എന്നാൽ അധ്യാപകന് സമ്പൂർണ പ്ലസ് ആപ് ഉപയോഗിച്ച് കുട്ടിയുടെ ചിത്രമെടുത്ത് നേരിട്ട് എളുപ്പത്തിൽ പോർട്ടലിൽ അപ്‌ലോഡ് ചെയ്യാനാകും. ‘സമഗ്ര’ വിഭവ പോർട്ടലിലെ പഠനസഹായികൾ അനായാസമായി സമ്പൂർണ്ണ പ്ലസ് ആപ്പ് വഴി കുട്ടികൾക്ക് തുടർന്ന് ലഭിക്കും.
മൊബൈൽ ആപ്പായി മാത്രമല്ല വെബ് പതിപ്പായി സാധാരണ കമ്പ്യൂട്ടറുകളിലും സമ്പൂർണ പ്ലസിലെ സേവനങ്ങൾ ലഭ്യമാകും.സ്‌കൂൾ കുട്ടികൾക്കായി പ്രത്യേകം സൈബർ സേഫ്റ്റി പ്രോട്ടോകോൾ തയാറാക്കി പ്രസിദ്ധീകരിച്ച സംസ്ഥാനമാണ് കേരളമെന്നും ഇവ കൃത്യമായി പാലിക്കുന്നതിനും കുട്ടികളുടെ സ്വകാര്യ വിവരങ്ങൾ പങ്കുവെയ്ക്കാതിരിക്കുന്നതിനും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
പ്ലേസ്റ്റോറിൽ നിന്ന് ‘സമ്പൂർണ പ്ലസ്’ മൊബൈൽ ആപ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. സമ്പൂർണ പ്ലസ് പ്രയോജനപ്പെടുത്തുന്ന സ്‌കൂളുകളിൽ രക്ഷിതാവിന് സമ്പൂർണയിൽ നൽകിയിട്ടുള്ള മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ കഴിയും. സമ്പൂർണ പ്ലസിന്റെ ആദ്യഘട്ട വിന്യാസം താല്പര്യം പ്രകടിപ്പിക്കുന്ന സ്‌കൂളുകളിലായിരിക്കും. ജില്ലാ-അസംബ്ലി മണ്ഡലം-തദ്ദേശഭരണ സ്ഥാപനം എന്നിങ്ങനെയും പ്രത്യേക താല്പര്യമെടുത്ത് ഇത് നടപ്പാക്കാവുന്നതാണെന്നും ഇക്കാര്യത്തിൽ എം.എൽ.എമാർക്കും മറ്റ് ജനപ്രതിനിധികൾക്കും മുൻകൈ എടുക്കാമെന്നും മന്ത്രി പറഞ്ഞു. ഇതിനുള്ള വിശദാംശങ്ങൾ കൈറ്റ് പ്രത്യേകം പ്രസിദ്ധീകരിക്കും.
ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ എസ് ഷാനവാസ്, കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത് എന്നിവർ പങ്കെടുത്തു.
Recent Comments