മണ്ണിടിഞ്ഞ് കിണറ്റിൽ വീണ 64കാരൻ മരിച്ചു; ഭാര്യയെ രക്ഷിച്ചു

മണ്ണിടിഞ്ഞ് കിണറ്റിൽ വീണ 64കാരൻ മരിച്ചു; ഭാര്യയെ രക്ഷിച്ചു

തൃശൂർ: വീട്ടുമുറ്റത്തെ ചുറ്റുമതിൽ ഇല്ലാത്ത കിണറ്റിൽ വീണ 64 കാരൻ മരിച്ചു. ചേർപ്പ് പാണ്ടിയാടത്തു വീട്ടിൽ പ്രതാപൻ (64) ആണ് മരിച്ചത്. ഭാര്യ വൽസലയെ (55) രക്ഷപെടുത്തി. ഇന്നലെ വൈകുന്നേരം 6.30 ഓടെയായിരുന്നു സംഭവം. പ്രതീപന്റെ വീട്ടുമുറ്റത്തുണ്ടായിരുന്ന 80 വർഷം പഴക്കമുള്ള കിണറാണ് ഇടിഞ്ഞത്.

കിണറ്റിൽ വീണ ഭർത്താവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വത്സലയും വീഴുകയായിരുന്നു. വത്സലയെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി. തുടർന്ന് ഇവരെ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആഴമുള്ള കിണറായിതിനാൽ രണ്ടു മണിക്കൂറോളം പണിപ്പെട്ടാണ് ഫയർഫോഴ്സ് മൃതദേഹം പുറത്തെടുത്തത്. ചേർപ്പ് പരിസരങ്ങളിൽ കുടിവെള്ള വിൽപ്പനയായിരുന്നു പ്രഭാകരന് ജോലി.

ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റിയുടെ സ്നേഹോപഹാരം ശിവപ്രിയയ്ക്

ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റിയുടെ സ്നേഹോപഹാരം ശിവപ്രിയയ്ക്

2022 – 2023 എസ്.എസ് എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ ശിവപ്രിയയെ ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റി സ്നേഹോപഹാരം നൽകി ആദരിച്ചു. മേഖല പ്രസിഡന്റ്‌ പ്രശാന്ത് മങ്കാട്ടു,ബ്ലോക്ക്‌ കമ്മിറ്റി അംഗം അജിൻപ്രഭ എന്നിവർ പങ്കെടുത്തു.

കാൽവഴുതി വീണ് മരങ്ങൾക്ക് ഇടയിൽ തല കുരുങ്ങി ലോട്ടറി വില്പനക്കാരന് ദാരുണാന്ത്യം

കാൽവഴുതി വീണ് മരങ്ങൾക്ക് ഇടയിൽ തല കുരുങ്ങി ലോട്ടറി വില്പനക്കാരന് ദാരുണാന്ത്യം

വീടിന് മുന്നിലെ ഇടവഴിയിൽ നിന്നും കാൽ വഴുതി വീണ ലോട്ടറി വിൽപ്പനക്കാരന് ദാരുണാന്ത്യം. കല്ലറയിലെ ലോട്ടറി വിൽപ്പനക്കാരനായ ഈട്ടിമൂട് തടത്തരികത്ത് വീട്ടിൽ വിജയനാണ് [70] എഴുപതാണ് മരിച്ചതു്.

വീട്ടിൽ നിന്നും ലോട്ടറി ടിക്കറ്റുമായി പുറപ്പെട്ട വിജയൻ വീടിന് സമീപത്തെ ഇടവഴിയിൽ നിന്നും വഴുതി വീഴുകയും താടെ നിന്നിരുന്ന രണ്ട് ചെറു മരങ്ങൾക്ക് ഇടയിൽ തല കുരുങ്ങി മരണം സംഭവിക്കുകയായിരുന്നു. ഇന്നലെയായിരുന്നു സംഭവം.

സംഭവം അറിഞ്ഞ് എത്തിയ നാട്ടുകാർ നാട്ടുകാർ ചേർന്ന് മരം മുറിച്ച് മാറ്റി വൃദ്ധനെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് കടയ്ക്കൽ പോലീസ് എത്തി മേൽ നടപടികൾക്ക് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസക്കരിച്ചു.

മിഥുനമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും; ഭക്തർ വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യണം

പത്തനംതിട്ട: മിഥുനമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിന് മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരിയാണ് ക്ഷേത്രനട തുറക്കുക. തുടര്‍ന്ന് അയ്യപ്പനെ ഭക്തജനസാന്നിധ്യം അറിയിക്കും. ഇതിനുശേഷം മാളിക്കപ്പുറം ക്ഷേത്രനട തുറക്കാന്‍ മേല്‍ശാന്തി ഹരിഹരന്‍ നമ്പൂതിരിക്ക് താക്കോല്‍ കൈമാറും. പിന്നീട് പതിനെട്ടാം പടിയില്‍ ഇറങ്ങി ആഴി തെളിയിക്കും. ഇന്ന് മറ്റു പൂജകളില്ല. മിഥുനം ഒന്നായ നാളെ പുലർച്ചെ അഞ്ചിനാണ് നടതുറപ്പ്.

ദർശനത്തിനെത്തുന്ന ഭക്തർ വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യണം. നിലയ്‌ക്കൽ, പമ്പ എന്നിവിടങ്ങളിൽ സ്‌പോട്ട് ബുക്കിങ് കൗണ്ടറുകൾ ഉണ്ടാകും. പമ്പയിലേക്ക് കെഎസ്ആർടിസി സർവീസ് നടത്തും.

വാഹനങ്ങളുടെ വേഗപരിധി പുതുക്കി: മന്ത്രി ആന്റണി രാജു

വാഹനങ്ങളുടെ വേഗപരിധി പുതുക്കി: മന്ത്രി ആന്റണി രാജു

സംസ്ഥാനത്തെ റോഡുകളിൽ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കുവാൻ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗം തീരുമാനിച്ചു. പുതുക്കിയ വേഗപരിധിയും നിലവിലുള്ള വേഗപരിധി ബ്രാക്കറ്റിലും ചുവടെ ചേർക്കുന്നു. 6 വരി ദേശീയ പാതയിൽ 110 കിലോമീറ്റർ, 4 വരി ദേശീയ പാതയിൽ 100 (90), മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയിൽ 90 (85)കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (80), മറ്റു റോഡുകളിൽ 70 (70), നഗര റോഡുകളിൽ 50 (50) കിലോമീറ്റർ എന്നിങ്ങനെയാണ് 9 സീറ്റ് വരെയുള്ള വാഹനങ്ങളുടെ അനുവദിനീയ വേഗപരിധി.

ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ് -മീഡിയം ഹെവി മോട്ടോർ യാത്ര വാഹനങ്ങൾക്ക് 6 വരി ദേശീയ പാതയിൽ 95 കിലോമീറ്റർ, 4 വരി ദേശീയ പാതയിൽ 90 (70), മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയിൽ 85 (65)കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (65), മറ്റു റോഡുകളിൽ 70 (60), നഗര റോഡുകളിൽ 50 (50) കിലോമീറ്റർ എന്നിങ്ങനെയാണ് അനുവദനീയ വേഗപരിധി.

ലൈറ്റ് മീഡിയം ഹെവി വിഭാഗത്തിൽപ്പെട്ട ചരക്ക് വാഹനങ്ങൾക്ക് 6 വരി, 4 വരി ദേശീയപാതകളിൽ 80 (70) കിലോമീറ്ററും മറ്റ് ദേശീയപാതകളിലും 4 വരി സംസ്ഥാന പാതകളിലും 70 (65) കിലോമീറ്ററും മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 (60) കിലോമീറ്ററും മറ്റ് റോഡുകളിൽ 60 (60) കിലോമീറ്ററും നഗര റോഡുകളിൽ 50 (50) കിലോമീറ്റർ ആയും നിജപ്പെടുത്തും.

സംസ്ഥാനത്ത് റോഡപകടങ്ങളിൽ ഗണ്യഭാഗവും ഇരുചക്ര വാഹനങ്ങളായതിനാൽ അവയുടെ പരമാവധി വേഗപരിധി 70 കിലോമീറ്ററിൽ നിന്നും 60 ആയി കുറയ്ക്കും. മുച്ചക്ര വാഹനങ്ങളുടെയും സ്‌കൂൾ ബസുകളുടെയും പരമാവധി വേഗപരിധി നിലവിലുള്ള 50 കിലോമീറ്ററായി തുടരും.

സംസ്ഥാനത്ത് എ.ഐ. ക്യാമറകൾ പ്രവർത്തന സജ്ജമായതിനെത്തുടർന്നാണ് വേഗപരിധി പുനർ നിശ്ചയിക്കുവാൻ തീരുമാനിച്ചത്. സംസ്ഥാനത്ത് 2014-ൽ നിശ്ചയിച്ചിരുന്ന വേഗപരിധിയാണ് നിലവിലുള്ളത്. ജൂലൈ 1 മുതൽ പുതിയ വേഗപരിധി നിലവിൽ വരുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ഉന്നതതല യോഗത്തിൽ ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, അഡീ. ട്രാൻസ്‌പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ തുടങ്ങിയവർ പങ്കെടുത്തു.

ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഇന്ന് കരയിലേക്ക്; അതീവ ജാഗ്രത

ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഇന്ന് കരയിലേക്ക്; അതീവ ജാഗ്രത

ഡല്‍ഹി: അറബിക്കടലില്‍ രൂപംകൊണ്ട് അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ബിപോര്‍ജോയ് ഇന്ന് തീരം തൊടും. ഇന്നു വൈകീട്ടോടെ ഗുജറാത്തിലെ ജഖൗ തീരത്ത് ചുഴലിക്കാറ്റ് കര തൊടുമെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. കച്ച് – കറാച്ചി തീരത്തിന് മധ്യേ കരതൊടുന്ന ചുഴലിക്കാറ്റിന് 150 കിലോമീറ്റര്‍ വരെ വേഗതയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്ത് തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തീര ജില്ലകളില്‍ നിന്നും മുക്കാല്‍ ലക്ഷത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. സൗരാഷ്ട്ര- കച്ച് മേഖലകളില്‍ റെഡ് അലര്‍ട്ട് മുന്നറിയിപ്പുണ്ട്. കച്ചില്‍ നിരോധനാജ്ഞയും പുറപ്പെടുവിച്ചു.

സുരക്ഷ മുന്‍നിര്‍ത്തി പ്രദേശത്ത് പൊതു ഗതാഗതവും വൈദ്യുതിയും വിച്ഛേദിച്ചു. 240 ഗ്രാമങ്ങളിലെ വൈദ്യുതിയാണ് വിച്ഛേദിച്ചത്. വീടിന് പുറത്തിറങ്ങരുതെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ ഗുജറാത്തിലും മഹാരാഷ്ട്രയുടെ തീരപ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപകട സാധ്യത കണക്കിലെടുത്ത് തീരപ്രദേശങ്ങള്‍ സൈന്യത്തിന്റെയും ദുരന്ത നിവാരണ സേനയുടെയും വലയത്തിലാണ്. കേരളം അടക്കം എട്ടു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ട്. ചുഴലിക്കാറ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ മൂന്ന് സേനാ തലവന്മാരുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് ചര്‍ച്ച നടത്തി.

ചുഴലിക്കാറ്റ് ഭീഷണി നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ കേന്ദ്രമന്ത്രി അവലോകനം ചെയ്തു. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കണമെന്നും പ്രതിരോധമന്ത്രി നിര്‍ദേശം നല്‍കി. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് നിരവധി ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.