by Midhun HP News | Jun 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: കെഎസ്‌യു പ്രവർത്തക ആർദ്രയ്ക്ക് മാർക്ക് കൂട്ടി നൽകി എന്ന ആർഷോയുടെ ആരോപണത്തിനെതിരെ ആർദ്ര മോഹൻദാസ് രംഗത്ത്. അധ്യാപകൻ വിനോദ് കുമാറിനെ പുറത്താക്കാനാണു ആർഷോയുടെ ശ്രമം എന്ന് ആർദ്ര മോഹൻദാസ് പറഞ്ഞു. അതിന് തന്നെ ഉപകരണമായി മാറ്റുന്നു. ഇതിൽ ഗൂഢാലോചനയുണ്ട്. ഹാജറിന്റെ കാര്യത്തിലും മാർക്കിന്റെ കാര്യത്തിലും വിനോദ് കുമാർ കർക്കശക്കാരനായിരുന്നു. ഇത് ആർഷോ ഉൾപ്പെടെ പലർക്കും ഇഷ്ടപ്പെട്ടിരുന്നില്ല. ആർഷോയ്ക്ക് തന്നോട് വ്യക്തിവൈരാഗ്യം ഉണ്ടെന്ന് കരുതുന്നില്ല. വിനോദ് കുമാർ തന്റെ പേപ്പർ പരിശോധിക്കേണ്ട ആളല്ലെന്നും പിന്നെ എങ്ങനെ മാർക്ക് കൂട്ടി നൽകുമെന്നും ആർദ്ര പറഞ്ഞു.
അധ്യാപകനെതിരായ പി.എം. ആർഷോ നൽകിയ പരാതിയിൽ കഴമ്പില്ലെന്നാണ് പുറത്തുവന്ന എക്സാമിനേഷൻ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നത്. കെ.എസ് യു പ്രവർത്തകയായ വിദ്യാർത്ഥിനിയ്ക്ക് പുനർ മൂല്യനിർണയത്തിൽ കൂടുതൽ മാർക്ക് കിട്ടാൻ അധ്യാപകനായ വിനോദ്കുമാർ ഇടപെട്ടെന്നായിരിന്നു ആരോപണം. റിപ്പോർട്ട് പ്രിൻസിപ്പലിന് കൈമാറി. പുനർ മൂല്യനിർണയത്തിൽ 12 മാർക്ക് കൂടുതൽ കിട്ടിയതിൽ അസ്വാഭാവികത ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
by Midhun HP News | Jun 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: റവന്യൂ വകുപ്പില്‍ അഴിമതി തടയുന്നതിന് സമഗ്ര നടപടികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് അഴിമതി സംബന്ധിച്ച വിവരങ്ങള്‍ പരാതിക്കാരുടെ പേരും വിലാസവും വെളിപ്പെടുത്താതെ കൈമാറുന്നതിനുള്ള ടോള്‍ഫ്രീ നമ്പര്‍ ഇന്നു നിലവില്‍ വരും.
1800 425 5255 എന്ന ടോള്‍ ഫ്രീ നമ്പറില്‍ കൈക്കൂലി, അഴിമതി എന്നിവ സംബന്ധിച്ച പരാതികള്‍ അറിയിക്കാം. പ്രവൃത്തി ദിനങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ വിളിക്കാം. ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കുമ്പോള്‍ വോയ്‌സ് ഇന്ററാക്ടീവ് നിര്‍ദ്ദേശ പ്രകാരം ആദ്യം സീറോ ഡയല്‍ ചെയ്താല്‍ റവന്യു വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതും ഒന്ന് (1) ഡയല്‍ ചെയ്താല്‍ സംശയ നിവാരണത്തിനും രണ്ട് (2) ഡയല്‍ ചെയ്താല്‍ അഴിമതി സംബന്ധിച്ച പരാതികളും രജിസ്റ്റ്‌റര്‍ ചെയ്യാനാകും.
അഴിമതി സംബന്ധിച്ച പരാതികള്‍ പ്രത്യേകമായി രേഖപ്പെടുത്തി പരിശോധനയ്ക്കും നടപടിക്കുമായി ബന്ധപ്പെട്ട മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. അഴിമതി സംബന്ധിച്ച പരാതികള്‍ അറിയിക്കുന്നതിന് പ്രത്യേകമായ ഓണ്‍ലൈന്‍ പോര്‍ട്ടലും ഉടന്‍ നിലവില്‍ വരും. നിലവിലുള്ള റവന്യു ടോള്‍ ഫ്രീ സംവിധാനം പരിഷ്‌കരിച്ചാണ് അഴിമതി സംബന്ധിച്ച പരാതികള്‍ കൂടി അറിയിക്കുന്നതിന് സൗകര്യം ഏര്‍പ്പെടുത്തിയത്.
പാലക്കാട് പാലക്കയം വില്ലേജ് ഓഫീസിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് കൈക്കൂലി കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് റവന്യു വകുപ്പിലെ അഴിമതി തടയുന്നതിന് സമഗ്ര നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ടോള്‍ ഫ്രീ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
by Midhun HP News | Jun 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കോട്ടയം: വീടിന്റെ മതിലിടിഞ്ഞ് നടപ്പാതയിലേക്ക് വീണ് വീട്ടമ്മ മരിച്ചു. കാരാപ്പുഴ വെള്ളരിക്കുഴിയിൽ വത്സല (64)യാണ് മരിച്ചത്. കോട്ടയം ബേക്കർ ജങ്ഷന് സമീപം ഇന്നലെ ഉച്ചയ്ക്കാണ് അപകടമുണ്ടായത്.
നടപ്പാതയിലൂടെ വത്സല പോകുന്നതിനിടെ ബേക്കർ ജങ്‌ഷനിൽ വൈഡബ്ല്യുസിഎക്ക് എതിർവശത്ത് റോഡരികിലെ സ്വകാര്യവ്യക്തിയുടെ മതിലാണ് ഇടിഞ്ഞുവീണത്. വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് പെയ്‌ത മഴയിലാണ്, സിമന്റുകട്ടകൾകൊണ്ട് കെട്ടിയ മതിൽ ഇടിഞ്ഞത്. ഈ സമയം നടപ്പാതയിലൂടെ പോകുകയായിരുന്നു വത്സല. മണ്ണും കല്ലും ഇടിഞ്ഞ് വത്സലയുടെ ദേഹത്തേക്ക് പതിച്ചു. സംഭവം കണ്ടവർ ഓടിയെത്തി അവരെ ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകീട്ടോടെ മരിച്ചു.
എട്ടടിയോളം ഉയരമുള്ള മതിലായിരുന്നു. 15 അടിയോളം നീളത്തിലാണ് ഇടിഞ്ഞത്. കോട്ടയത്തുനിന്ന് അഗ്‌നിരക്ഷാസേനാംഗങ്ങളെത്തി നടപ്പാതയിലെ കല്ലുകൾ നീക്കി. കോട്ടയം വെസ്റ്റ്പോലീസും സ്‌ഥലത്തെത്തിയിരുന്നു. വെസ്‌റ്റ് പോലീസ് കേസെടുത്തു. തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് നിഗമനം.
by Midhun HP News | Jun 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പാരിസ്: പാരിസ് ഡയമണ്ട് ലീഗ് പുരുഷ വിഭാഗം ലോങ്ജംപിൽ മലയാളി താരം എം. ശ്രീശങ്കറിന് മൂന്നാം സ്ഥാനം. ലോകത്തെ മുൻനിര താരങ്ങൾ മത്സരിച്ച ഡയമണ്ട് ലീഗിലാണ് താരം മിന്നും പ്രകടനം കാഴ്ചവെച്ചത്. മൂന്നാം ജംപിലെ 8.09 മീറ്റർ ചാട്ടമാണ് ശ്രീശങ്കറിനെ ചരിത്രനേട്ടത്തിന് അർഹനാക്കിയത്. നീരജ് ചോപ്രയ്ക്ക് ശേഷം ഡയമണ്ട് ലീഗിൽ മോഡൽ നേടുന്ന ഇന്ത്യൻ താരമാണ് ശ്രീശങ്കർ. ജംപ് ഇനങ്ങളിൽ ഇന്ത്യ മെഡൽ നേടുന്നത് ആദ്യമായാണ്.
ഒളിംപിക്സ് ചാംപ്യനായ ഗ്രീസ് താരം മിൽത്തിയാദിസ് തെന്റഗ്ലൂ 8.13 മീറ്റർ ചാടി ഒന്നാം സ്ഥാനവും 8.11 മീറ്റർ ചാടിയ ലോക ചാംപ്യൻഷിപ് വെങ്കല മെഡൽ ജേതാവായ സ്വിറ്റ്സർലൻഡ് താരം സൈമൺ ഇഹാമർ രണ്ടാം സ്ഥാനവും നേടി. ആദ്യ രണ്ടു ശ്രമങ്ങളിൽ യഥാക്രമം 7.79 മീറ്റർ, 7.94 മീറ്റർ എന്നിങ്ങനെയായിരുന്നു ശ്രീശങ്കർ ചാടിയത്. മൂന്നാം ശ്രമത്തിൽ 8.09 മീറ്റർ ചാടി പട്ടികയിൽ ഒന്നാമതാകുന്നത്. എന്നാൽ നാലാം ശ്രമത്തിൽ 8.11 മീറ്റർ ചാടിയ സൈമൺ ഇഹാമർ, ശ്രീശങ്കറിനെ മറികടന്നു. അഞ്ചാം ശ്രമത്തിൽ 8.13 മീറ്റർ ചാടിയ മിൽത്തിയാദിസ് തെന്റഗ്ലൂ സ്വർണം ഉറപ്പിച്ചു. ശ്രീശങ്കറിന്റെ നാലാമത്തെയും ആറാമത്തെയും ചാട്ടങ്ങൾ ഫൗളായി. അഞ്ചാം ശ്രമത്തിൽ 7.99 മീറ്ററാണ് ശ്രീശങ്കർ ചാടിയത്.
പാരിസ് ഡയമണ്ട് ലീഗിൽ ഇത്തവണ പങ്കെടുത്ത ഏക ഇന്ത്യൻ താരമാണ് ശ്രീശങ്കർ. ഡയമണ്ട് ലീഗിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ എത്തിയ മൂന്നാമത്തെ ഇന്ത്യൻ താരമാണ് എം. ശ്രീശങ്കർ. ഡിസ്കസ്ത്രോ താരം വികാസ് ഗൗഡയും നേട്ടം കൈവരിച്ചിട്ടുണ്ട്. കരിയറിലെ രണ്ടാമത്തെ ഡയമണ്ട് ലീഗ് മത്സരത്തിലാണ് ശ്രീശങ്കർ മൂന്നാം സ്ഥാനം കൈവരിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നടന്ന മൊണാക്കോ ഡയമണ്ട് ലീഗ് പുരുഷ വിഭാഗം ലോങ്ജംപിൽ ശ്രീശങ്കർ ആറാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ വർഷം ബർമിങ്ങാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ ജേതാവാണ് ശ്രീശങ്കർ.
by Midhun HP News | Jun 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെ കാണിച്ചാൽ പാരിതോഷികം നൽകും. തദ്ദേശ വകുപ്പ് അഡിഷണൽ സെക്രട്ടറി ഉത്തരവിറക്കി. വലിച്ചെറിയുന്നവരെക്കുറിച്ച് വിവരം നൽകിയാൽ 2500 രൂപ പാരിതോഷികം നൽകും. തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് വിവരം നൽകേണ്ടതാണ്. മാലിന്യം വലിച്ചെറിയുന്നവരിൽ നിന്ന് ഈടാക്കുന്ന പിഴത്തുകയുടെ 25ശതമാനമോ പരമാവധി 2500 രൂപയോ ആണ് നൽകുക. തദ്ദേശവകുപ്പ് അഡി. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഉത്തരവിറക്കി.
മാലിന്യം വലിച്ചെറിയുക, ദ്രവമാലിന്യം ഒഴുക്കുക തുടങ്ങിയവയുടെ ചിത്രമോ വീഡിയോയോ സഹിതം തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് വിവരം നൽകേണ്ടത്. ഇതിനുള്ള പ്രത്യേക വാട്‌സ് ആപ്പ് നമ്പർ, ഇ മെയിൽ എന്നിവ അതത് തദ്ദേശ സ്ഥാപനങ്ങൾ ഉടൻ പരസ്യപ്പെടുത്തും. വിവരം നൽകുന്നവരുടെ പേരുകൾ രഹസ്യമായി സൂക്ഷിക്കും.
by Midhun HP News | Jun 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തെ സ്വർണവില ചാഞ്ചാടുന്നുണ്ട്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 320 രൂപ കൂടിയിരുന്നു. ഇന്ന് 80 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,400 രൂപയാണ്.
അന്തരാഷ്ട്ര വിപണിയയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് സംസ്ഥാന വിപണിയിയിലെ നിരക്കിലും പ്രകടമാകുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 രൂപ കുറഞ്ഞു. വിപണി വില 5550 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 10 രൂപ കുറഞ്ഞു. വിപണി വില 4600 രൂപയാണ്.
Recent Comments