by Midhun HP News | Jun 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
സ്വകാര്യ ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ മനസിലാക്കാന്‍ യൂണിഫോമ് അഴിച്ചുവച്ച് സാധാരണയാത്രക്കാരായി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍. മലപ്പുറം തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി.ഒുടെ നേതൃത്വത്തിലാണ് സിനിമ സ്റ്റൈൽ പരിശോധന നടന്നത്. ഔദ്യോഗിക വേഷം അഴിച്ചു വച്ച് കുട്ടികള്‍ക്ക് ഒപ്പം ഉദ്യോഗസ്ഥര്‍ സാധാരണയാത്രക്കാരെ പോലെ ബസില്‍ കയറി. വിദ്യാര്‍ത്ഥികളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പ്രത്യേകമായ നിയന്ത്രണങ്ങളെ കുറിച്ച് ചോദിച്ചു, ബസുകാര്‍ വാങ്ങുന്ന പണം എത്രയെന്ന് നിരീക്ഷിച്ചു.
തൊട്ടു പിന്നാലെ മോട്ടോര്‍ വാഹന വകുപ്പിന്റ വാഹനമെത്തി.പിന്നെ ബസ് ജീവനക്കാർക്ക് കാര്യമായി ഒന്നും ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. എല്ലാം ബോദ്ധ്യപ്പെട്ടു കഴിഞ്ഞിരുന്നു. കേസെടുത്തു. പൂക്കിപ്പറമ്പ് സ്‌കൂളിലേക്ക് പോകുന്നതിനും വരുന്നതിനും അമിതചാര്‍ജ് ഈടാക്കുന്നത് സംബന്ധിച്ച് കക്കാട് സ്വദേശിയായ രക്ഷിതാവ് തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒയ്ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിനിമാസ്റ്റൈല്‍ പദ്ധതിയുമായി ഉദ്യോഗസ്ഥര്‍ ഇറങ്ങിയത്.
കുട്ടികള്‍ ഉന്നയിക്കുന്ന പരാതികള്‍ സത്യമെന്ന് ഉദ്യോഗസ്ഥര്‍ക്കും ബോദ്ധ്യപ്പെട്ടു. അമിതചാര്‍ജ് ഈടാക്കിയതിനെതിരെ മൂന്നു ബസ്സുകള്‍ക്കെതിരെ കേസെടുത്തു. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാകുമെന്നും അമിത ചാര്‍ജ് ഈടാക്കുന്ന കണ്ടക്ടര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
by Midhun HP News | Jun 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊല്ലം: അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്നതായി റേഡിയോ കോളർ സന്ദേശം. ഇന്നലെ രാത്രിയാണ് കന്യാകുമാരി വന്യജീവി സാങ്കേതത്തിലേക്ക് ആന കടന്നത്. റേഡിയോ കോളർ സിഗ്‌നലുകൾ ലഭിക്കുന്നുണ്ടെന്നും ഇന്നലെ രാത്രി അരിക്കൊമ്പൻ കിലോമീറ്ററുകളോളം സഞ്ചരിച്ചുവെന്നാണ് സിഗ്നൽ പരിശോധിച്ചതിൽ നിന്നും വ്യക്തമാകുന്നതെന്നും തമിഴ്നാട് വനംവകുപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസം അരിക്കൊമ്പന്റെ റേഡിയോ സിഗ്നലുകൾ ലഭിച്ചിരുന്നില്ല. പിന്നീട് അപ്പർ കോതയാർ ഡാം സൈറ്റിൽ നിന്നും 6 കിലോമീറ്റർ മാറി ആനയുണ്ടെന്ന് സിഗ്നലുകൾ ലഭിച്ചു. വനത്തിനുള്ളിലേക്ക് ആന കയറിയപ്പോഴാണ് സിഗ്നൽ നഷ്ടമായതാണെന്നാണ് തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചത്. നേരത്തെ മണിമുത്താർ ഡാം സൈറ്റിനോട് ചേർന്നുള്ള പ്രദേശത്ത് നിന്നും ജലസംഭരണിക്ക് സമീപം പുല്ലു പറിച്ച് കഴുകി വൃത്തിയാക്കി കഴിക്കുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങൾ തമഴ്നാട് വനംവകുപ്പ് പുറത്ത് വിട്ടിരുന്നു.
by Midhun HP News | Jun 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: മധ്യകിഴക്കന്‍ അറബിക്കടലിനു മുകളില്‍ ബിപോര്‍ജോയ് അതിതീവ്രചുഴലിക്കാറ്റായി സ്ഥിതി ചെയ്യുകയാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വീണ്ടും ശക്തി പ്രാപിക്കുന്ന ബിപോര്‍ജോയ് അടുത്ത 24 മണിക്കൂറില്‍ വടക്ക്- വടക്ക് കിഴക്ക് ദിശയിലും തുടര്‍ന്നുള്ള മൂന്നു ദിവസം വടക്ക്- വടക്ക് പടിഞ്ഞാറു ദിശയിലും സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വടക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ബംഗ്ലാദേശ് – മ്യാന്‍മാര്‍ തീരത്തിന് സമീപം അതി ശക്തമായ ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു. സംസ്ഥാനത്ത് അടുത്ത നാലു ദിവസം വ്യാപക മഴക്ക് സാധ്യതയുണ്ട്. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
by Midhun HP News | Jun 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ബിജെപിക്കുവേണ്ടി ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് സിനിമാനടൻ ഭീമൻ രഘു. ഡൽഹിയിൽനിന്ന് ഒരാൾ ആവശ്യപ്പെട്ടിട്ടാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പത്തനാപുരത്ത് മത്സരിച്ചത്. ബിജെപിയുടെ രാഷ്‌ട്രീയത്തോട് ഇതുവരെ താൽപ്പര്യം തോന്നിയിട്ടില്ല. ഇപ്പോൾ ഒരു ബന്ധവുമില്ല. നടനെന്നനിലയിൽ ഒന്നു നിന്നാൽമതിയെന്ന് പറഞ്ഞാണ് മത്സരിപ്പിച്ചത്. അറിയാത്തത് രാഷ്‌ട്രീയമായിരുന്നു. അതുകൂടി പഠിക്കാമെന്നു വിചാരിച്ചാണ് മത്സരിച്ചതെന്നും കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എനിക്ക് വളരെ ഇഷ്‌ടമുള്ളയാളാണ് പിണറായി വിജയൻ. കേരളത്തെ ഒരു കുഴപ്പവും കൂടാതെ കൊണ്ടുപോകാൻ പിണറായിക്ക് കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആദ്യമായി സംവിധാനം ചെയ്യുന്ന ‘ചാണ’ സിനിമയുടെ പ്രചാരണാർഥമാണ് വാർത്താസമ്മേളനം നടത്തിയത്. തൊഴിൽതേടി കേരളത്തിലെത്തിയ തമിഴ്‌യുവാവിന്റെ ജീവിതമാണ് സിനിമയുടെ ഇതിവൃത്തം. റിലീസിനൊരുങ്ങിയ ചിത്രത്തിൽ രഘുവിനൊപ്പം മീനാക്ഷി ചന്ദ്രൻ, രാമൻ വിശ്വനാഥ്, രഘുചന്ദ്രൻ, സമ്മോഹ് തുടങ്ങിയവരാണ് അഭിനയിക്കുന്നത്. കെ ശശീന്ദ്രൻ കണ്ണൂരാണ് നിർമാണം. അജി അലിയറയാണ് കഥ, തിരക്കഥ, സംഭാഷണം. വാർത്താസമ്മേളനത്തിൽ സജി ലൂക്കോസ്, കെ ശശീന്ദ്രൻ, സമ്മോഹ്, ശരത്‌കുമാർ എന്നിവരും പങ്കെടുത്തു.
by Midhun HP News | Jun 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആലപ്പുഴ: അച്ഛൻ അതിക്രൂരമായി കൊലപ്പെടുത്തിയ മാവേലിക്കരയിലെ 4 വയസുകാരി നക്ഷത്രക്ക് നാടിന്‍റെ യാത്രാമൊഴി. നക്ഷത്രയുടെ അമ്മ വിദ്യയുടെ മരണം സംബന്ധിച്ചും ദുരൂഹത ഏറുകയാണ്. രണ്ട് വർഷം മുമ്പ് ആത്മഹത്യ ചെയ്ത വിദ്യയെ, ഭർത്താവ് ശ്രീമഹേഷ് കെട്ടിത്തൂക്കിയതാണോ എന്ന് സംശയം ഉണ്ടെന്ന് വിദ്യയുടെ അച്ഛനും അമ്മയും പറയുന്നു.
പൂമ്പാറ്റയെപ്പോലെ പാറിക്കളിച്ച് നടന്ന നാല് വയസുകാരി നക്ഷത്ര. അച്ഛൻ ശ്രീമഹേഷ് ഇല്ലാതാക്കിയ ആ കുഞ്ഞ് ജീവനെ അവസാനമായി ഒരു വട്ടം കൂടി കാണാൻ നാട് മുഴുവൻ കായംകുളം പത്തിയൂരിലെ വീട്ടിലേക്കെത്തി. മിക്കവരുടേയും കണ്ണ് നിറഞ്ഞു. രണ്ട് വർഷം മുമ്പ് വിട പറഞ്ഞ അമ്മയുടെ കുഴിമാടത്തോട് ചേർന്ന് കുഞ്ഞു നക്ഷത്രയ്ക്കും അന്ത്യയുറക്കം.
ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ച ശ്രീ മഹേഷിൻ്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. ആലപ്പുഴ മെഡിക്കൽ കോളേജിലെ സർജിക്കൽ ഐസിയുവിലുള്ള ശ്രീ മഹേഷ് സംസാരിച്ചു തുടങ്ങിയതായി ഡോക്ടർമാർ അറിയിച്ചു.
കൊലപാതകം നടന്ന സമയം മുതൽ അക്രമ സ്വഭാവം കാട്ടിയിരുന്ന ഇയാളെ ജയിലിൽ എത്തിച്ചപ്പോൾ മതിയായ മുൻകരുതൽ എടുത്തില്ലെന്ന ആരോപണവും ശക്തമാണ്. ശ്രീമഹേഷ് അക്രമ സ്വഭാവത്തിലാണെന്ന് പൊലീസ് അറിയിച്ചിരുന്നുവെന്നും എന്നാൽ ജയിലിൽ എത്തിച്ചപ്പോൾ ശാന്തനായിരുന്നത് കൊണ്ടാണ് കുടുതൽ സുരക്ഷ എർപ്പെടുത്താതിരുന്നതെന്നും മാവേലിക്കര ജയിൽ സൂപ്രണ്ട് ജെ പ്രവീഷ്. നാല് വയസുകാരി നക്ഷത്രയെ ശ്രീമഹേഷ് കൊന്നത് ആസൂത്രിതമായിട്ടാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനായി പ്രത്യേകം മഴുവും തയ്യാറാക്കിയിരുന്നു.
മാവേലിക്കര സബ് ജയിലിൽ വെച്ചാണ് ശ്രീ മഹേഷ് ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവമുണ്ടായത്. പ്രതിയെ സെല്ലിലേക്ക് മാറ്റും മുമ്പ് രേഖകൾ ശരിയാക്കാനായി ജയിൽ സൂപ്രണ്ടിന്റെ ഓഫീസിലേക്ക് എത്തിച്ചപ്പോഴാണ് പേപ്പർ മുറിക്കുന്ന കത്തി കൊണ്ട് കഴുത്തിലെയും കൈയിലേയും ഞരമ്പ് മുറിച്ചത്.
പ്രതി മകളെ കൊലപ്പെടുത്തിയത് മദ്യ ലഹരിയിലെന്നാണ് പൊലീസ് പറയുന്നത്. പുനര്‍ വിവാഹം നടക്കാത്തതില്‍ ശ്രീമഹേഷ് നിരാശനായിരുന്നുവെന്നും എന്നാല്‍ സ്വന്തം മകളെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താനുണ്ടായ കാരണം വ്യക്തമായിട്ടില്ലെന്നും പൊലീസ് വിശദമാക്കി. മകന്‍റെ ആക്രമണത്തില്‍ പരിക്കേറ്റ അമ്മ സുനന്ദ അപകട നില തരണം ചെയ്തിട്ടുണ്ട്.
by Midhun HP News | Jun 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്നലെ അർധരാത്രി നിലവിൽ വന്നു. ജൂലായ് 31 അര്‍ധരാത്രി വരെ 52 ദിവസമാണ് നിരോധനം. 12 നോട്ടിക്കൽ മൈൽ വരെയുള്ള മേഖലയിൽ യന്ത്രവൽകൃത യാനങ്ങൾ ഉപയോഗിച്ചുള്ള മീൻപിടിത്തവും ആഴക്കടൽ മീൻപിടിത്തവുമാണു നിരോധിച്ചത്. പരമ്പരാഗത മീൻപിടിത്ത വള്ളങ്ങളിൽ അംഗീകൃത വലകൾ മാത്രം ഉപയോഗിച്ച് ഉപരിതല മത്സ്യബന്ധനം നടത്താം.
മുഴുവൻ മീൻപിടിത്ത തൊഴിലാളികൾക്കും 52 ദിവസത്തേക്ക് ഒരു കാർഡിന് 43 കിലോ വീതം സൗജന്യ റേഷൻ ധാന്യം വിതരണം ചെയ്യും. സംസ്ഥാനത്തു സമ്പാദ്യ സമാശ്വാസ പദ്ധതിയിൽ (എസ്‍സിആർഎസ്) അംഗങ്ങളായ 1,58,002 മത്സ്യത്തൊഴിലാളികൾക്ക് 3 ഗഡുക്കളായി 4500 രൂപ ധനസഹായം ലഭിക്കും.
മത്സ്യബന്ധനത്തിന് പോകുന്ന ചെറുവള്ളങ്ങൾ ജീവൻരക്ഷാ ഉപകരണങ്ങളായ ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ എന്നിവ ഉറപ്പാക്കണം. തൊഴിലാളികളുടെ ക്യുആർ കോഡ് അധിഷ്ഠിത ആധാർ കാർഡ്, ബോട്ടിന്റെ റജിസ്ട്രേഷൻ, ലൈസൻസ് എന്നിവ ഇല്ലാത്ത വള്ളങ്ങൾക്കെതിരെ നടപടിയെടുക്കും.
മുഴുവൻ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫിഷറീസ് കൺട്രോൾ റൂമുകൾ ആരംഭിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾക്കായി ഫിഷറീസ് വകുപ്പ് മറൈൻ എൻഫോഴ്‌സ്‌മെന്റ്, കോസ്‌റ്റൽ പൊലീസ്, ഇന്ത്യൻ നേവി, ഇന്ത്യൻ കോസ്‌റ്റ് ഗാർഡ് എന്നിവരെയും സജ്ജമാക്കിയിട്ടുണ്ട്. ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് ഹാർബറുകളിലും ലാന്റിങ് സെന്ററുകളിലും പ്രവർത്തിക്കുന്ന ഡീസൽ ബങ്കുകൾ അടക്കും. ഇൻബോർഡ് വള്ളങ്ങൾക്കായി ജില്ലകളിലെ മത്സ്യ ഫെഡിന്റെ തെരഞ്ഞെടുത്ത ഡീസൽ ബങ്കുകൾ നിബന്ധനകൾക്ക് വിധേയമായി പ്രവർത്തിക്കും.
അനധികൃത ഇന്ധന വിൽപന നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. ട്രോളിങ് നിരോധന കാലയളവിലെ അവസാന 3 ദിവസങ്ങളിലെ ഇന്ധന നിരോധനം ഒഴിവാക്കിയിട്ടുണ്ട്. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി സജി ചെറിയാന്‍ നിര്‍ദ്ദേശം നല്‍കി. അനധികൃതമായി നടത്തുന്ന ട്രോളിങ് തടയാൻ ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്‌സ്‌മെന്റും പട്രോളിംഗ് ശക്തമാക്കും.
Recent Comments