by Midhun HP News | Jun 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
നാഗർകോവിൽ: അരിക്കൊമ്പന്‍ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്നതായി വിവരം. ഇന്നലെ രാത്രിയോടെയാണ് 15 കിലോമീറ്ററോളം സഞ്ചരിച്ച അരിക്കൊമ്പൻ കന്യാകുമാരി വനാതിർത്തിയിലേക്ക് കടന്നത്. അരിക്കൊമ്പന്റെ റേഡിയോ കോളർ സിഗ്നലുകൾ ലഭിച്ചതായി തമിഴ്നാട് വനംവകുപ്പ് വ്യക്തമാക്കി. സിഗ്നൽ ലഭിച്ചതിനെത്തുടർന്ന് കന്യാകുമാരി വനാതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി.
അരിക്കൊമ്പൻ ആരോഗ്യവാനാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അപ്പര്‍ കോതയാര്‍ മുത്തുകുഴി വനമേഖലയില്‍ തമിഴ്‌നാട് വനംവകുപ്പ് അരിക്കൊമ്പനെ തുറന്നു വിട്ടത്. കോതയാര്‍ ഡാമിനു സമീപത്തു തന്നെയായിരുന്നു ആദ്യ ദിവസങ്ങളിൽ നിലയുറപ്പിച്ചിരുന്നത്. എന്നാൽ ഇന്നലെയോടെ 15 കിലോമീറ്റർ ദൂരമാണ് അരിക്കൊമ്പൻ സഞ്ചരിച്ചത്. ഇതോടെയാണ് അരിക്കൊമ്പൻ പൂർണ ആരോഗ്യവാനാണെന്ന് വിലയിരുത്തുന്നത്.
15 പേർ അടങ്ങുന്ന സംഘം മൂന്ന് ഷിഫ്റ്റുകളായി കോതയാർ വനാതിർത്തിയിൽ നിരീക്ഷണം നടത്തുന്നതായി കന്യാകുമാരി ഡി.എഫ്.ഒ. ഇളയരാജ അറിയിച്ചു. കന്യാകുമാരി വനമേഖലയിൽ അരിക്കൊമ്പൻ എത്തുകയാണങ്കിൽ ജനവാസമേഖലയിൽ എത്താനുള്ള സാധ്യത ഏറെയാണ്. ഇതുമായി ബന്ധപ്പെട്ട് കന്യാകുമാരി ജില്ലയിലെ ആദിവാസികൾ ഉൾപ്പെടെ വിവിധ സംഘടനാ പ്രതിനിധികൾ നേരത്തെ ആശങ്ക അറിയിച്ചിരുന്നു. അതിർത്തി പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കിയതിനൊപ്പം, അതിർത്തി പ്രദേശത്ത് ആന എത്തുകയാണെങ്കിൽ ഉൾക്കാട്ടിലേക്കു കടത്തിവിടാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുള്ളതായി ഡി.എഫ്.ഒ. അറിയിച്ചു. അംബാസമുദ്രം, കളക്കട്, കന്യാകുമാരി മേഖലകളിലെ 60 വനംവകുപ്പ് ഉദ്യോഗസ്ഥർ അരിക്കൊമ്പനെ നിരീക്ഷിക്കുന്നുണ്ട്.
by Midhun HP News | Jun 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും അവരുടെ പരാതികൾ അറിയാനും സ്വാശ്രയസ്ഥാപനങ്ങളടക്കം എല്ലാ കോളേജുകളിലും സർവകലാശാലാ പഠനവിഭാഗങ്ങളിലും പ്രത്യേക സെൽ തുടങ്ങാൻ സർക്കാർ ഉത്തരവ്. ഒരുമാസത്തിനകം തന്നെ സെൽ രൂപികരിക്കണം എന്നാണ് ഉത്തരവിൽ പറയുന്നത്. വിദ്യാർഥി, അധ്യാപകർ, പി.ടി.എ എന്നിവർ ഉൾപ്പെടുത്തിയാണ് സമിതി രൂപീകരിക്കേണ്ടത്. സമിതിയിലേക്കുള്ള വിദ്യാർഥികളെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനൊപ്പം തന്നെ തിരഞ്ഞെടുക്കും.
ഇതിനായി നിയമഭേദഗതി വരും. നിയമം ലംഘിച്ചാൽ കോളേജുകളുടെ അഫിലിയേഷൻ റദ്ദാക്കും. സഹായധനം പിൻവലിക്കൽ, കോഴ്‌സുകൾ വിലക്കൽ തുടങ്ങിയ നടപടികളാണ് കോളേജിന് നേരെ സ്വീകരിക്കുക. ‘വിദ്യാർഥികളുടെ അവകാശപത്രിക’ ഉടൻ പുറത്തിറക്കും. സെൽ അംഗങ്ങളുടെ പേരും നമ്പറും സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. മേൽനോട്ടത്തിന് സർവകലാശാലകളിൽ പ്രത്യേക ഉദ്യോഗസ്ഥനുണ്ടാവും.
സ്വാശ്രയ കോളേജുകളിൽ കൗൺസലിങ് സേവനം വിദ്യാർഥികളുടെ അവകാശമാക്കും. വിദ്യാർഥികളെ ഭീഷണിപ്പെടുത്താനും നിലയ്ക്കുനിർത്താനുമുള്ള മാർഗമായി ഇന്റേണൽ മാർക്ക് ഉപയോഗിക്കരുത്. അതിനു കൃത്യമായി മാനദണ്ഡമുണ്ടാക്കാൻ സർവകലാശാലകളോട് ആവശ്യപ്പെടും. ഇവയെല്ലാം ഉറപ്പുവരുത്തുകയും ഇതിനെതിരെ എന്തെങ്കിലും ലംഘനം ഉണ്ടായാൽ സെല്ലിൽ പരാതി നൽകാം.
പ്രവേശനമാനദണ്ഡങ്ങളുടെ ലംഘനം, രേഖകളും സർട്ടിഫിക്കറ്റും തടഞ്ഞുവെക്കൽ, അധികഫീസ്, അടിസ്ഥാനസൗകര്യങ്ങളുടെ കുറവ്, പരീക്ഷാപരാതികൾ, ജാതി-ലിംഗ-മത-സാമൂഹിക-ഭിന്നശേഷി വിവേചനം, അധ്യാപകർ, സഹപാഠികൾ, ജീവനക്കാർ എന്നിവരിൽനിന്നുള്ള മാനസിക-ശാരീരികപീഡനം, ഏതെങ്കിലും തരത്തിലുള്ള ഇരവത്കരണം എന്നിവയ്ക്കെതിരെ പരാതിപ്പെടാം. നിയമമനുസരിച്ചുള്ള ലഭിക്കേണ്ട ക്ലാസും ട്യൂട്ടോറിയലും ഇല്ലെങ്കിലും പരാതിപ്പെടാം.
by Midhun HP News | Jun 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കീഴാറ്റിങ്ങൽ: പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങളുടെ തുടർച്ചയായി കീഴാറ്റിങ്ങൽ വൈ.എൽ.എം.യു.പി സ്കൂളിലെ കുട്ടികൾ മണനാക്ക് ജംഗ്ഷനിൽ പരിസ്ഥിതി അവബോധ ഫ്ലാഷ് മോബും സൈക്കിൾ റാലിയും സംഘടിപ്പിച്ചു. സ്കൂൾ പ്രധാനാധ്യാപിക ബിനു ഷെറീന ഫ്ലാഗ് ഓഫ് ചെയ്തു.
‘പ്ലാസ്റ്റിക്കിൻ്റെ വലിച്ചെറിയലും കത്തിക്കലും പരിസ്ഥിതിയുടെ നിലനിൽപ്പിന് വെല്ലുവിളി ഉയർത്തുന്നു’ എന്ന സന്ദേശം സമൂഹത്തിലെത്തിക്കുവാൻ കുട്ടികൾ ശ്രമം നടത്തി. പ്ലാസ്റ്റിക്കിനെതിരേ പോരാടുന്ന പഞ്ചായത്ത് ഹരിതസേനാംഗങ്ങളെ ക്ഷണിച്ചു വരുത്തി സ്കൂൾ അങ്കണത്തിൽ വച്ച് ആദരിക്കുകയും ചെയ്തു.

വാർഡ് മെമ്പർ ഷിജു ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ അഡ്വ.എ.എ.ഹമീദ് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പി.ടി.എ പ്രസിഡൻ്റ് സജിത്ത്, സീനിയർ അധ്യാപകർ തുടങ്ങിയവർ സംസാരിച്ചു. തുടർന്നുള്ള വാരാചരണ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾക്ക് പ്രസംഗ മത്സരം, പോസ്റ്റർ നിർമ്മാണം, പച്ചക്കറിത്തോട്ട ഉദ്ഘാടനം, സുഹൃത്തിനൊരു ചെടി, ക്വിസ് മത്സരം, എന്നിവ സംഘടിപ്പിച്ചു.

by Midhun HP News | Jun 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത, മരണം
പോത്തൻകോട്: പ്ലാമൂട്, എൻ ആർ എ -സി 23, നജാകോട്ടേജിൽ ഷാജഹാന്റെ ഭാര്യ സൗജാബീവി (60) നിര്യാതയായി. മാധ്യമ പ്രവർത്തകനായ സജാദിന്റെ മാതാവാണ് അന്തരിച്ച സൗജാബീവി.
മക്കൾ: ഷാനിഫ, സജാദ്
മരുമക്കൾ: ദുൽഷാദ്, ഷിഹാന
ഖബറടക്കം രാത്രി 8.30 ന് ചെമ്പഴന്തി മുസ്ലിം ജമാ അത്തിൽ
by Midhun HP News | Jun 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്ന അനുശ്രീ എന്ന വിദ്യാർത്ഥിനിയെയാണ് അമിത വേഗതയിലെത്തിയ ഹ്യുണ്ടായി കാർ ഇടിച്ചു തെറിപ്പിച്ചത്. ഇടക്കോട് പള്ളിക്ക് എതിർവശത്തെ വീട്ടിലെ ദീപയുടെ മകളാണ് 11 വയസുള്ള അനുശ്രീ. ഇന്ന് വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലേയ്ക്ക് മടങ്ങവെ നാലരയോടെ അവനവഞ്ചേരി ജംഗ്ഷനിൽ എത്തി സീബ്രാ ലൈൻ മുറിച്ചു കടക്കുന്നതിനിടെയാണ് അമിത വേഗത്തിലെത്തിയ കാറിടിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
തലയ്ക്ക് പരിക്കേറ്റ കുട്ടിയെ നാട്ടുകാർ ഉടനടി വലിയകുന്ന് താലൂക്കാശുപത്രിയിൽ എത്തിച്ചു. കുട്ടിക്ക് വിദഗ്ധ ചികിൽസ ലഭ്യമാക്കുന്നതിനു വേണ്ടി അടിയന്തിരമായി നഗരസഭ ആംബുലൻസിൽ തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിനിടയാക്കിയ കാറോടിച്ചിരുന്ന വ്യക്തിയും കുട്ടിയോടൊപ്പം ആശുപത്രിയിലുണ്ട്.
by liji HP News | Jun 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മാവേലിക്കര: മകളുടെ മരണത്തിൽ സംശയമുണ്ടെന്ന് ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ. ശ്രീമഹേഷിന്റെ ഭാര്യ വിദ്യ രണ്ട് വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. മരണത്തിൽ സംശയമുണ്ട്. ഇത് കൊലപാതകം ആണോയെന്ന് സംശയിക്കുന്നതായും അമ്മ രാജശ്രീ പറഞ്ഞു. ശ്രീമഹേഷ് പണം ചോദിച്ച് ഭീഷണിപ്പെടുത്തിയിരുന്നെന്ന് പിതാവ് ലക്ഷ്മണൻ പറഞ്ഞു. ‘പണം നൽകിയില്ലെങ്കിൽ 3 പേരും ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നുവെന്നും പിതാവ് പറയുന്നു.
അതേസമയം, മഹേഷിന്റെ നിലയിൽ പുരോഗതിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ആലപ്പുഴ മെഡിക്കൽ കോളേജിലെ സർജിക്കൽ ഐസിയുവിലുള്ള മഹേഷ് ഇപ്പോൾ സംസാരിച്ചു തുടങ്ങി. മാവേലിക്കര സബ് ജയിലിൽ വെച്ചാണ് ശ്രീ മഹേഷ് ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവമുണ്ടായത്. പ്രതിയെ സെല്ലിലേക്ക് മാറ്റും മുമ്പ് രേഖകൾ ശരിയാക്കാനായി ജയിൽ സൂപ്രണ്ടിന്റെ ഓഫീസിലേക്ക് എത്തിച്ചപ്പോഴാണ് പേപ്പർ മുറിക്കുന്ന കത്തി കൊണ്ട് കഴുത്തിലെയും കൈയിലേയും ഞരമ്പ് മുറിച്ചത്.
Recent Comments