സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം; ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദേശം

സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം; ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം നിലവില്‍ വരും. ജൂലായ് 31 അര്‍ധരാത്രി വരെ 52 ദിവസമാണ് നിരോധനം. നിരോധന സമയത്ത് യന്ത്രവല്‍കൃത ബോട്ടുകള്‍ക്ക് കടലില്‍ പോകാനും മത്സ്യബന്ധനം നടത്താനും അനുമതിയില്ല.

ട്രോളിങ് നിരോധന കാലയളവിൽ ഇൻബോർഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയർ വളളം മാത്രമേ അനുവദിക്കുകയുള്ളൂ. നിരോധനത്തിന്റെ ഭാഗമായി എല്ലാ യന്ത്രവൽകൃത ബോട്ടുകളും വെള്ളിയാഴ്‌ച ഹാർബറുകളിൽ പ്രവേശിക്കും.മുഴുവൻ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫിഷറീസ് കൺട്രോൾ റൂമുകൾ ആരംഭിച്ചിട്ടുണ്ട്.

നിയന്ത്രണങ്ങൾക്കായി ഫിഷറീസ് വകുപ്പ്‌ മറൈൻ എൻഫോഴ്‌സ്‌‌‌‌മെന്റ്, കോസ്‌റ്റൽ പൊലീസ്, ഇന്ത്യൻ നേവി, ഇന്ത്യൻ കോസ്‌റ്റ് ഗാർഡ് എന്നിവരെയും സജ്ജമാക്കിയിട്ടുണ്ട്. ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് ഹാർബറുകളിലും ലാന്റിങ് സെന്ററുകളിലും പ്രവർത്തിക്കുന്ന ഡീസൽ ബങ്കുകൾ അടക്കും. ഇൻബോർഡ് വള്ളങ്ങൾക്കായി ജില്ലകളിലെ മത്സ്യ ഫെഡിന്റെ തെരഞ്ഞെടുത്ത ഡീസൽ ബങ്കുകൾ നിബന്ധനകൾക്ക് വിധേയമായി പ്രവർത്തിക്കും.

അനധികൃത ഇന്ധന വിൽപന നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഉദ്യോ​ഗസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. ട്രോളിങ് നിരോധന കാലയളവിലെ അവസാന 3 ദിവസങ്ങളിലെ ഇന്ധന നിരോധനം ഒഴിവാക്കിയിട്ടുണ്ട്. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി സജി ചെറിയാന്‍ നിര്‍ദ്ദേശം നല്‍കി. അനധികൃതമായി നടത്തുന്ന ട്രോളിങ് തടയാൻ ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്‌സ്‌മെന്റും പട്രോളിംഗ് ശക്തമാക്കും.

പെൻഷൻ മസ്റ്ററിങ്: സ്റ്റേ ഹൈക്കോടതി നീക്കി

പെൻഷൻ മസ്റ്ററിങ്: സ്റ്റേ ഹൈക്കോടതി നീക്കി

കൊച്ചി : സാമൂഹികസുരക്ഷാ പെൻഷൻ മസ്റ്ററിങ്ങിന് ഏർപ്പെടുത്തിയിരുന്ന സ്റ്റേ ഹൈക്കോടതി നീക്കി. സാമൂഹികസുരക്ഷാ പെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾ അക്ഷയകേന്ദ്രങ്ങൾ വഴിമാത്രം ബയോമെട്രിക് മസ്റ്ററിങ് നടത്തേണ്ടതാണ് എന്ന സംസ്ഥാന സർക്കാരിന്റെ മാർച്ച് 28-ലെ ഉത്തരവാണ് കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നത്.

മസ്റ്ററിങ് ഡിസംബറിൽ കഴിഞ്ഞതാണെന്നതും അനുബന്ധ രേഖകളാണ് ഇനി അപ്‌ലോഡ്ചെയ്യേണ്ടത് എന്നതും കണക്കിലെടുത്താണ് ജസ്റ്റിസ് വിജു എബ്രഹാം സ്റ്റേ നീക്കിയിരിക്കുന്നത്. സർക്കാർ ഉത്തരവിനെതിരെ സിഎസ് സി നടത്തിപ്പുകാർ കോടതിയെ സമീപിക്കുകയായിരുന്നു. മസ്റ്ററിങ്ങിന് സിഎസ് സികൾക്കും അക്ഷയ സെൻററുകൾക്കും തുല്യപരിഗണന നൽകണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.
ഹർജി 10 ദിവസത്തിനുശേഷം ഹൈക്കോടതി വീണ്ടും പരിഗണിക്കും.

പതിനഞ്ചുകാരി സുഹൃത്തായ പയ്യന്‍റെ മുറിയിലെത്തി ഒളിച്ചു കഴിഞ്ഞത് മൂന്നുദിവസം

പതിനഞ്ചുകാരി സുഹൃത്തായ പയ്യന്‍റെ മുറിയിലെത്തി ഒളിച്ചു കഴിഞ്ഞത് മൂന്നുദിവസം

ശാസ്താംകോട്ട. പത്താം ക്ലാസ് റിസൾട്ട് അറിഞ്ഞ് ദിവസങ്ങൾക്ക് ശേഷം വർക്കലയിൽ നിന്നും 15 കാരി സുഹൃത്തായ15 കാരൻ പയ്യനൊപ്പം ശാസ്താംകോട്ടയിലെ വീട്ടിൽ ഒന്നിച്ചു കഴിയാനെത്തി. മൂന്നാം ദിവസം പയ്യന്റെ മുറിയിലേക്ക് കയറിയ മാതാവ് താഴെ കിടന്ന ബഡ്ഷീറ്റ് മാറ്റിയപ്പോൾ അടിയിലൊരു പെൺകുട്ടി. ഞെട്ടിപ്പോയ മാതാവ് മകനെയും പെൺകുട്ടിയെയും കൂട്ടി നേരെ ശാസ്താംകോട്ട പോലീസ് സ്റ്റേഷനിലെത്തി. തുടർന്ന് പോലീസ് പെൺകുട്ടിയുടെ ബന്ധുക്കളെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. വർക്കലയിലെ വീട്ടിൽ നിന്നും പത്താം ക്ലാസുകാരി വീടുവിട്ടിറങ്ങിയിട്ട് 3 ദിവസമായെങ്കിലും പോലീസിൽ പരാതി നൽകിയിരുന്നില്ല.

15 വയസ്സിനിടയിൽ ഇത് മൂന്നാം തവണയാണ് കുട്ടിയെ ഇത്തരത്തിൽ കാണാതാകുന്നതത്രേ. രണ്ടാം തവണ പോയപ്പോൾ സുഹൃത്തായ ആള്‍ വഴി കിട്ടിയ സുഹൃത്താണ് ശാസ്താംകോട്ടക്കാരൻ പയ്യൻ. പിന്നീട് ഇവർ തമ്മിൽ പ്രണയത്തിലാകുകയായിരുന്നു.
പത്താം ക്ലാസ് റിസർട്ട് വന്ന ശേഷം ഇരുവരും ഹയർ സെക്കന്ററി പ്രവേശനത്തിന് അപേക്ഷ നൽകി കാത്തിരിക്കുമ്പോഴാണ് ഒരുമിച്ച് കഴിയാനുള്ള ഉൾവിളി ഉണ്ടായത്. പിന്നൊന്നും നോക്കിയില്ല. നേരെ വണ്ടി കയറി പയ്യന്റെ വീട്ടിലെത്തി. ആരും കാണാതെ പയ്യന്റെ മുറിക്കുള്ളിൽ കഴിഞ്ഞു വരവേയാണ് പയ്യന്റെ അമ്മ അപ്രതീക്ഷിതമായി മുറിയിലേക്ക് എത്തുന്നതും കണ്ടുപിടിക്കപ്പെടുന്നതും.

എന്നാൽ പോലീസിനോട് കാര്യങ്ങൾ വിശദീകരിക്കുമ്പോഴാണ് വീട്ടിലെത്തിയിട്ട് 3 ദിവസമായെന്ന് പയ്യന്റെ മാതാവ് പോലും അറിയുന്നത്. ഒടുവിൽ പോലീസിന്റെ സാന്നിദ്ധ്യത്തിൽ ബന്ധുക്കൾ തമ്മിൽ നടത്തിയ ചർച്ചയിൽ പ്രായപൂർത്തിയാകുമ്പോൾ വിവാഹം നടത്താമെന്ന ഉറപ്പിൽ പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു.
സിനിമാ കഥകളെ പോലും കടത്തിവെട്ടുന്ന ഇക്കഥ നടന്നത് കഴിഞ്ഞ ദിവസം ശാസ്താംകോട്ട സ്റ്റേഷൻ ലിമിറ്റിലെ ഒരു ഗ്രാമത്തിലാണ്.

തിരുവനന്തപുരത്ത് ടിപ്പർ ലോറി തലയിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് ടിപ്പർ ലോറി തലയിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: ടിപ്പർ ലോറി തലയിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. നെടുമങ്ങാട് – വെമ്പായം റോഡിൽ ഇരിഞ്ചയത്ത് നടന്ന വാഹനപകടത്തിലാണ് യുവാവ് മരിച്ചത്. തിരുവനന്തപുരം ഉഴമലയ്ക്കൽ സ്വദേശി ജോയി (31) ആണ് മരിച്ചത്. ടിപ്പർ ലോറിയിൽ ബൈക്കിന്റെ ഹാൻഡിൽ തട്ടിയതിനെ തുടർന്ന് ബൈക്കിന് നിയന്ത്രണം വിട്ടാണ് അപകടം നടന്നത്.

ടിപ്പറിന്റെ അടിയിൽപ്പെട്ട ജോയിയുടെ തലയിലൂടെ ലോറിയുടെ പിൻചക്രങ്ങൾ കയറിയിറങ്ങി. സംഭവ സ്ഥലത്ത് തന്നെ ജോയി മരിച്ചു. ബൈക്കിലായിരുന്ന ജോയി മുന്നിൽ പോയ ടിപ്പർ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്. നെടുമങ്ങാട് പോലീസ് അപകടത്തിൽ കേസെടുത്തു. ജോയിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

ദൂരദര്‍ശന്‍ മുന്‍ വാര്‍ത്താവതാരക ഗീതാഞ്ജലി അയ്യര്‍ അന്തരിച്ചു

ദൂരദര്‍ശന്‍ മുന്‍ വാര്‍ത്താവതാരക ഗീതാഞ്ജലി അയ്യര്‍ അന്തരിച്ചു

ആകാശവാണിയിലെയും ദൂരദര്‍ശനിലെയും പ്രശസ്ത വാര്‍ത്താ അവതാരക ഗീതാഞ്ജലി അയ്യര്‍ ന്യൂഡല്‍ഹിയില്‍ അന്തരിച്ചു. 76 വയസായിരുന്നു. മാധ്യമ രംഗത്തും പ്രക്ഷേപണ മേഖലയിലും മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയാണ് ഗീതാഞ്ജലി അയ്യർ,മികച്ച വാര്‍ത്താ അവതാരകയ്ക്കുള്ള ദേശീയ പുരസ്ക്കാരം ഗീതാഞ്ജലി അയ്യര്‍ക്ക് നാല് തവണ ലഭിച്ചിട്ടുണ്ട്.

തുടക്കത്തില്‍ തന്നെ തിരിച്ചടി; രോഹിതും ശുഭ്മാന്‍ ഗില്ലും പുറത്ത്

തുടക്കത്തില്‍ തന്നെ തിരിച്ചടി; രോഹിതും ശുഭ്മാന്‍ ഗില്ലും പുറത്ത്

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി. ചായക്ക് പിരിയുമ്പോള്‍ ഇന്ത്യക്ക് ഓപ്പണര്‍മാരെ നഷ്ടമായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (15), ശുഭ്മാന്‍ ഗില്‍ (13) എന്നിവരാണ് പുറത്തായത്. എട്ട് വിക്കറ്റുകള്‍ ശേഷിക്കെ ഓസീസ് സ്‌കോറിനൊപ്പമെത്താന്‍ ഇന്ത്യക്ക് 432 റണ്‍സ് കൂടി വേണം.

മൂന്ന് റണ്‍സുമായി ചേതേശ്വര്‍ പൂജാരയും നാല് റണ്‍സുമായി വിരാട് കോഹ്‌ലിയുമാണ് ക്രീസില്‍. പാറ്റ് കമ്മിന്‍സും സ്‌കോട്ട് ബോളണ്ടും വിക്കറ്റുകള്‍ പങ്കിട്ടു. നേരത്തെ ഓസ്ട്രേലിയയെ ഒന്നാം ഇന്നിങ്സില്‍ 469 റണ്‍സില്‍ ഓള്‍ഔട്ടാക്കി ഇന്ത്യ. രണ്ടാം ദിനത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ആധിപത്യം പുലര്‍ത്തി. നാല് വിക്കറ്റുകള്‍ വീഴ്ത്തി മുഹമ്മദ് സിറാജ് തിളങ്ങി. മുഹമ്മദ് ഷമി, ശാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി. രവീന്ദ്ര ജഡേജ ഒരു വിക്കറ്റെടുത്തു.

ട്രാവിസ് ഹെഡ്ഡ്, സ്റ്റീവ് സ്മിത്ത് എന്നിവരുടെ സെഞ്ച്വറിയാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 327 റണ്‍സെന്ന മികച്ച സ്‌കോറില്‍ രണ്ടാം ദിനം തുടങ്ങിയ ഓസീസിന് ശേഷിച്ച ഏഴ് വിക്കറ്റുകള്‍ 142 റണ്‍സ് ബോര്‍ഡില്‍ ചേര്‍ക്കുന്നതിനിടെ നഷ്ടമായി. ഏഴാമനായി എത്തിയ അലക്സ് കാരിയാണ് ഓസ്ട്രേലിയന്‍ സ്‌കോര്‍ 450 കടത്തിയത്. താരം 48 റണ്‍സെടുത്തു.

ട്രാവിഡ് ഹെഡ്ഡ് 163 റണ്‍സെടുത്താണ് മടങ്ങിയത്. താരം 25 ഫോറും ഒരു സിക്സും പറത്തി. കാമറൂണ്‍ ഗ്രീന്‍ ആറ് റണ്‍സ് മാത്രമാണ് നേടിയത്. ഒന്നാം ദിനം സെഞ്ച്വറി വക്കില്‍ നിന്ന മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് രണ്ടാം ദിനത്തില്‍ തുടക്കത്തില്‍ തന്നെ സെഞ്ച്വറി നേടി. ബാറ്റിങ് തുടര്‍ന്ന സ്മിത്ത് 121റണ്‍സുമായി മടങ്ങി. 19 ഫോറുകള്‍ സഹിതമായിരുന്നു സ്മിത്തിന്റെ സെഞ്ച്വറി. മിച്ചല്‍ സ്റ്റാര്‍ക്ക് അഞ്ച് റണ്‍സുമായി റണ്ണൗട്ടായി കൂടാരം കയറി.

നേരത്തെ ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ 43 റണ്‍സെടുത്തു. എന്നാല്‍ സഹ ഓപ്പണര്‍ ഉസ്മാന്‍ ഖവാജ സംപൂജ്യനായി മടങ്ങി. മര്‍നസ് ലബുഷെയ്ന്‍ 26 റണ്‍സുമായും പുറത്തായി. പാറ്റ് കമ്മിന്‍സ്, നതാന്‍ ലിയോണ്‍ എന്നിവര്‍ ഒന്‍പത് റണ്‍സെടുത്തു. കളി അവസാനിക്കുമ്പോള്‍ ഒരു റണ്ണുമായി സ്‌കോട്ട് ബോളണ്ട് പുറത്താകാതെ നിന്നു.