കേരളത്തിന്റെ സൗജന്യ ചികിത്സയെ പ്രശംസിച്ച് ഡബ്ല്യു.എച്ച്.ഒ. പ്രതിനിധി

കേരളത്തിന്റെ സൗജന്യ ചികിത്സയെ പ്രശംസിച്ച് ഡബ്ല്യു.എച്ച്.ഒ. പ്രതിനിധി

രാജ്യത്തിന് മാതൃകയായ കേരളത്തിന്റെ സൗജന്യ ചികിത്സയെ പ്രശംസിച്ച് ഡബ്ല്യു.എച്ച്.ഒ. ഹെൽത്ത് ഫിനാൻസിംഗ് ലീഡ് ഡോ. ഗ്രേസ് അച്യുഗുരാ. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജുമായി നടത്തിയ കൂടിക്കാഴ്ചയിലും സ്റ്റേറ്റ് ഹെൽത്ത് ഏജൻസി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘അനുഭവ് സദസ്‘ ദേശീയ ശിൽപശാലയിലും സംസ്ഥാനത്തെ സൗജന്യ ചികിത്സ മാതൃകാപരമാണെന്ന് അവർ അഭിപ്രായപ്പെട്ടു.

ചെറുതും ഇടത്തരവുമായ സാമ്പത്തിക രാഷ്ട്രങ്ങളിൽ ഇത്തരം പദ്ധതികൾ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നതിന്റെ സാധ്യതകൾ ആരാഞ്ഞു. രോഗികൾക്ക് അവരുടെ സ്വന്തം കൈയ്യിൽ നിന്നുമെടുത്തുള്ള ചികിത്സാ ചെലവ് കൂടുന്നുണ്ടോ, കുറയുന്നുണ്ടോ എന്ന് പഠനം നടത്താൻ ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നതായും ലോകാരോഗ്യ സംഘടനാ പ്രതിനിധി പറഞ്ഞു.

കേരളത്തിൽ സൗജന്യ ചികിത്സാ പദ്ധതികളിലൂടെ രോഗികൾക്ക് അവരുടെ സ്വന്തം കൈയ്യിൽ നിന്നുള്ള ചികിത്സാ ചെലവ് ഗണ്യമായി കുറയ്ക്കാൻ സാധിച്ചിരുന്നു. സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് വർഷങ്ങൾ കൊണ്ട് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഉൾപ്പെടെയുള്ള പദ്ധതികളിലൂടെ 3200 കോടിയിലധികം രൂപയുടെ സൗജന്യ ചികിത്സ നൽകാനായി. ഇന്ത്യയിൽ ഏറ്റവുമധികം സൗജന്യ ചികിത്സ നൽകിയതിന് കേരളത്തിന് ദേശീയ ആരോഗ്യ ഉത്കൃഷ്ട പുരസ്‌കാരം ലഭിച്ചിരുന്നു.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ജോ. ഡയറക്ടർ ഡോ. ബിജോയ്, ഡോ. ജയദേവ് സിങ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

ചേനപ്പാടിയിൽ ഭൂമിയ്ക്കടിയിൽ നിന്ന് വീണ്ടും ഉഗ്രസ്ഫോടന ശബ്ദം; പ്രദേശത്ത് ആശങ്ക

ചേനപ്പാടിയിൽ ഭൂമിയ്ക്കടിയിൽ നിന്ന് വീണ്ടും ഉഗ്രസ്ഫോടന ശബ്ദം; പ്രദേശത്ത് ആശങ്ക

കോട്ടയം: കാഞ്ഞിരപ്പള്ളി ചേനപ്പാടിയിൽ ഭൂമിക്കടിയിൽ നിന്ന് വീണ്ടും ഉഗ്രസ്ഫോടന ശബ്ദം. പുലർച്ചെ രണ്ടു തവണ ശബ്ദം കേട്ടിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച്ച ശബ്ദം തുടർച്ചയായി കേട്ടത് ആശങ്കയുണ്ടാക്കിയിരുന്നു. ഇതിനെ തുടർന്ന് പ്രദേശത്ത് പരിശോധന നടന്നിരുന്നു. എന്നാൽ പ്രദേശത്ത് സംസ്ഥാന ജിയോളജി വകുപ്പിന്റെ പ്രാഥമിക പരിശോധന മാത്രമായിരുന്നു നടന്നത്.

സെന്റർ ഫോർ എർത്ത് സയൻസിന്റെ പരിശോധന നടന്നില്ല. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, എരുമേലി പഞ്ചായത്തുകളിൽ ഉൾപ്പെട്ട പ്രദേശങ്ങളിലാണ് ഭൂമിക്കടിയിൽ നിന്ന് മുഴക്കവും ശബ്ദവും കേട്ടത്. നാട്ടുകാർ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

കഴിഞ്ഞ തവണ ശബ്ദം ഉണ്ടായപ്പോൾ ഭൂമിക്കടിയിലുണ്ടാകുന്ന പ്രതിഭാസം എന്നായിരുന്നു ജിയോളജി വകുപ്പ് പറഞ്ഞത്. കുടുതൽ വിദ​ഗ്ധ പഠനത്തിനായി ഭൗമശാസ്ത്ര വകുപ്പിലെ വിദ​ഗ്ധരെത്തി പഠനം നടത്തിയാൽ മാത്രമേ എന്താണ് കൃത്യമായ കാരണമെന്ന് വ്യക്തമാവൂ എന്നാണ് ജിയോളജി വകുപ്പ് അധികൃതർ പറഞ്ഞത്. പ്രദേശവാസികൾ വലിയ ആശങ്കയിലാണ്. വിദ​ഗ്ധരെത്തി എന്താണ് കാരണമെന്ന് കണ്ടെത്തണമെന്നാണ് ഇവരുടെ ആവശ്യം.

വിദ്യാര്‍ഥി കണ്‍സെഷന്‍; കെഎസ്ആര്‍ടിസിയില്‍ ജൂലൈ മുതല്‍ അപേക്ഷ ഓണ്‍ലൈന്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ വിദ്യാര്‍ഥി കണ്‍സെഷന്‍ അപേക്ഷ ജൂലൈ മുതല്‍ ഓണ്‍ലൈന്‍ വഴി. നിശ്ചിത തുകയും അനുബന്ധ രേഖകളും അപ്ലോഡ് ചെയ്താല്‍ കണ്‍സെഷന്‍ കാര്‍ഡ് എപ്പോള്‍ ലഭിക്കുമെന്ന് മൊബൈല്‍ ഫോണില്‍ സന്ദേശം ലഭിക്കും. ഡിപ്പോയില്‍ എത്തി കണ്‍സെഷന്‍ കാര്‍ഡ് കൈപ്പറ്റാം.

അപേക്ഷയുടെ സ്റ്റാറ്റസ് അപേക്ഷകര്‍ക്ക് വെബ്സൈറ്റില്‍നിന്ന് അറിയാനും സാധിക്കും. കെഎസ്ആര്‍ടിസി ഐടി സെല്ലാണ് ഇതിനായുള്ള സോഫ്റ്റ്വെയര്‍ തയ്യാറാക്കിയത്. അതിനിടെ, ജൂണ്‍ മുതല്‍ വിദ്യാര്‍ഥി കണ്‍സെഷനുള്ള പ്രായപരിധി 25 വയസ്സ് എന്നത് നിര്‍ബന്ധമാക്കി. പെന്‍ഷന്‍കാരായ പഠിതാക്കള്‍, പ്രായപരിധി ബാധകമല്ലാത്ത റെഗുലര്‍ കോഴ്‌സ് പഠിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് യാത്രാ ഇളവില്ല.

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ വില ഇടിഞ്ഞിരുന്നെങ്കിലും അന്തരാഷ്ട്ര വില ഉയര്ന്നതോടെ സംസ്ഥാനത്തും സ്വർണവില ഉയരുകയായിരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപ ഉയർന്നു. ഇന്നലെ 120 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,800 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 30 രൂപ ഉയർന്നു. ഇന്നലെ 15 രൂപ കുറഞ്ഞിരുന്നു. 5600 രൂപയാണ് വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4645 രൂപയാണ്. വെള്ളിയുടെ വില ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില ഒരു രൂപ ഉയർന്ന് 79 രൂപയായി. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.

10 വിരലടയാളങ്ങളില്‍ നാലും കസ്റ്റഡിയിലുള്ള ആളിന്റേതുമായി സാമ്യം?, തുമ്പായത് സിസിടിവി ദൃശ്യങ്ങളും ജീവനക്കാരന്റെ മൊഴിയും

10 വിരലടയാളങ്ങളില്‍ നാലും കസ്റ്റഡിയിലുള്ള ആളിന്റേതുമായി സാമ്യം?, തുമ്പായത് സിസിടിവി ദൃശ്യങ്ങളും ജീവനക്കാരന്റെ മൊഴിയും

കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്റെ ഒരു കോച്ച് കത്തിനശിച്ച സംഭവത്തിൽ ട്രെയിനില്‍ നിന്ന് ലഭിച്ച 10 വിരലടയാളങ്ങളില്‍ നാലും കസ്റ്റഡിയിലുള്ള ബംഗാള്‍ കൊല്‍ക്കത്ത സ്വദേശി പുഷന്‍ജിത്തിന്റേതുമായി സാമ്യമെന്ന് സൂചന. കത്തിയ കോച്ചില്‍ നിന്ന് ലഭിച്ച കുപ്പിയിലും പുഷന്‍ജിത്തിന്റെ വിരലടയാളം പതിഞ്ഞിട്ടുണ്ടെന്നാണ് വിവരം. തൊട്ടടുത്തുള്ള ബിപിസിഎല്‍ ഇന്ധനസംഭരണശാലയിലെ ജീവനക്കാരന്റെ മൊഴിയും സിസിടിവി ദൃശ്യങ്ങളുമാണ് പുഷന്‍ജിത്ത് സിദ്ഗറിലേക്ക് അന്വേഷണം എത്തിയത്. ഭിക്ഷാടകന്‍ എന്നാണ് പുഷന്‍ജിത്ത് പൊലീസിന് മൊഴി നല്‍കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കസ്റ്റഡിയില്‍ ഉള്ള ആള്‍ തീവെപ്പിന് തൊട്ട് മുന്‍പ് ട്രാക്കിന് പരിസരത്ത് ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ആകും അറസ്റ്റ്. പ്രദേശത്തെ കൂടുതല്‍ സിസിടി വി ദൃശ്യങ്ങള്‍ രാത്രിയും പൊലീസ് പരിശോധിച്ചിരുന്നു. അതേസമയം എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലെ ബോഗിക്ക് തീ വെച്ചത് ഇന്ധനം ഉപയോഗിച്ചാണോ എന്നതില്‍ ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിട്ടില്ല. ഇക്കാര്യം ഉറപ്പിക്കാന്‍ ഇന്നലെ വൈകിട്ട് വീണ്ടും ബോഗിയില്‍ പരിശോധന നടത്തിയിട്ടുണ്ട്. ഇതിന്റെ ഫലം കൂടി ലഭിച്ചാല്‍ മാത്രമാകും കൂടുതല്‍ നടപടി ഉണ്ടാകുക. എന്‍ഐഎ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. മറ്റു കേന്ദ്ര ഏജന്‍സികളും വിവരങ്ങള്‍ തേടുന്നുണ്ട്.

ഇന്നലെ പുലര്‍ച്ചെ 1.25ന്, റെയില്‍വേ ജീവനക്കാരനാണു ട്രെയിനില്‍ തീ കണ്ടത്. 1.35ന് അഗ്‌നിരക്ഷാസേനയെത്തി, ഒരു മണിക്കൂര്‍ കൊണ്ട് പൂര്‍ണമായി അണച്ചു. ആളപായമോ പരുക്കോ ഇല്ല. തീയിട്ട കോച്ച് കിടന്ന ട്രാക്കില്‍നിന്ന് 100 മീറ്റര്‍ അപ്പുറത്താണ് ബിപിസിഎല്ലിന്റെ ഇന്ധനസംഭരണ ടാങ്ക്. ഇവിടേക്കു തീ പടരാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി.

ട്രെയിനിന്റെ 17-ാം കോച്ച് പൂര്‍ണമായി കത്തിനശിച്ചു. ഈ കോച്ചിന്റെ ശുചിമുറിയുടെ ജനല്‍ച്ചില്ലും വാഷ് ബേസിനും തകര്‍ത്ത നിലയിലാണ്. പതിനെട്ടാമത്തെ കോച്ചിന്റെ ശുചിമുറിയുടെ ഭാഗത്തും തീപിടിച്ചിട്ടുണ്ട്. രണ്ടു മാസത്തിനിടെ രണ്ടാം തവണയാണ് എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിനു തീയിടുന്നത്. ഏപ്രില്‍ രണ്ടിനു രാത്രി ഓടിക്കൊണ്ടിരിക്കെ എലത്തൂരില്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ 2 കോച്ചുകളില്‍ അക്രമി തീയിട്ടതിനെത്തുടര്‍ന്ന് 3 പേര്‍ മരിച്ചിരുന്നു.

നാളെ സ്കൂളുകൾക്ക് പ്രവൃത്തിദിനം

നാളെ സ്കൂളുകൾക്ക് പ്രവൃത്തിദിനം

തിരുവനന്തപുരം: രണ്ട് മാസം നീണ്ട വേനലവധിക്ക് ശേഷം ഇന്നലെയാണ് കേരളത്തിലെ സ്കൂളുകൾ തുറന്നത്. ഈ ശനിയാഴ്ച വിദ്യാലയങ്ങൾക്ക് പ്രവൃത്തിദിനമാക്കാനാണ് സർക്കാർ നിർദേശം. അക്കാദമിക് കലണ്ടർ അനുസരിച്ച് ഈ വർഷത്തെ 13 ശനിയാഴ്ചകൾ പ്രവൃത്തി ദിവസമായിരിക്കും. അധ്യായന വർഷത്തെ ആറാം പ്രവൃത്തി ദിനം അടിസ്ഥാനമാക്കി കുട്ടികളുടെ കണക്കെടുക്കും. ഏഴിനാണ് ആറാം പ്രവൃത്തിദിനം അന്നേദിവസം വൈകിട്ട് അഞ്ചുവരെ മാത്രമായിരിക്കും വിദ്യാലയങ്ങളിൽ നിന്ന് സമ്പൂർണ പോർട്ടലിൽ കുട്ടികളുടെ വിവരങ്ങൾ രേഖപ്പെടുത്താൻ കഴിയുക.

ജൂലൈ മാസത്തിൽ 3 ശനിയാഴ്ചകളാണ് പ്രവർത്തി ദിനമാവുക. ജൂലൈ 1,22,29 തീയതികളിൽ വരുന്ന ശനിയാഴ്ചകളാണ് സ്കൂൾ തുറന്നു പ്രവർത്തിക്കുക.