by Midhun HP News | Jun 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
അയിലം ഗവ.ഹൈസ്കൂളിൽ പ്രവേശനോൽസവം സ്കൂളിലെ ഗാന്ധിപ്രതിമയിൽ ജില്ല പഞ്ചായത്ത് ഡിവിഷൻ മെമ്പർ കെ.വേണുഗോപലൻ നായർ ഷാളണിയിച്ച് പുഷ്പാർച്ചന നടത്തി. എസ്.എം.സി. ചെയർമാൻ ഗോപാലകൃഷ്ണൻ്റെ അധ്യക്ഷതയിൽ കവിയും സാംസ്കാരിക പ്രവർത്തകനുമായ അനിൽ വെഞ്ഞാറമൂട് ഭദ്രദീപം തെളിച്ചു പ്രവേശനോൽസവം ഉദ്ഘാടനം നിർവ്വഹിച്ചു.
ബ്ലോക്ക് മെമ്പർ ഒന്നാം ക്ലാസിൽ അക്ഷരദീപം തെളിച്ചു. തുടർന്ന് എല്ലാ കൊച്ചു കൂട്ടുകാരും അക്ഷരദീപം തെളിയിച്ചു. പ്രീ പ്രൈമറി, ഒന്നാം ക്ലാസ് കുട്ടികൾക്ക് പഠനോപകരണങ്ങൾ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൻ ദീപാറാണി, വാർഡ് മെമ്പർമാരായ അനിൽകുമാർ, രമ്യ ബിജു എന്നിവർ വിതരണം ചെയ്തു. പി.റ്റി.എ.പ്രസിഡൻ്റ് എൻ.മുരളി സ്വാഗതവും പി.റ്റി.എ.വൈസ് പ്രസിഡൻ്റ് വേണുനായർ, സ്റ്റാഫ് സെക്രട്ടറി സതീഷ്കുമാർ തുടങ്ങിയവർ ആശംസകൾ നേർന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ആർ.ശാന്തകുമാർ നന്ദിയും രേഖപ്പെടുത്തി.
by Midhun HP News | Jun 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കണ്ണൂരിൽ ട്രയിൻ കോച്ച് കത്തിച്ച സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശിയെ കസ്റ്റഡിയിലെടുത്ത് കേരള പോലീസ്. അക്രമിയെന്ന് സംശയിക്കുന്നയാളാണ് പിടിയിലായത്. പ്രതിയെ സംബന്ധിച്ച് വ്യക്തമായ ചിത്രം പൊലീസിന് ഉണ്ടെന്ന് ഉന്നത അധികാരികൾ വ്യക്തമാക്കി. അവ്യക്തമായ സിസിടിവി ദൃശ്യങ്ങളിൽ ഉള്ള വ്യക്തിയാണ് ഇതെന്ന് പോലീസ് വൃത്തങ്ങൾ സംശയിക്കുന്നുണ്ട്.
പ്രതിയെ വിശദമായി ചോദ്യം ചെയ്തും വിരൽ അടയാള പരിശോധന നടത്തിയ ശേഷം കൂടുതൽ നീക്കങ്ങളിലേക്ക് പോകാനാണ് പോലീസിന്റെ തീരുമാനം. എലത്തൂരിൽ ആക്രമണമുണ്ടായ അതേ ട്രെയിനിനാണ് ഇന്ന് പുലർച്ചെ തീപിടിച്ചത്. ആലപ്പുഴ-കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്പ്രസിന്റെ ഒരു ബോഗി പൂർണമായും കത്തിനശിച്ചു. പുക ഉയർന്ന ഉടനെ ബോഗി വേർപെടുത്തിയിരുന്നു. സംഭവത്തിന് മുൻപ് അജ്ഞാതൻ കാനുമായി ബോഗിയ്ക്ക് അടുത്തേക്ക് പോകുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. ട്രെയിനിന് ആസൂത്രിതമായി തീവയ്ക്കുകയായിരുന്നു എന്ന പൊലീസിന്റെ സംശയം ബലപ്പെടുത്തുന്നതാണിത്.
by Midhun HP News | Jun 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഹൃദയാഘാതമുണ്ടായ പതിനേഴുകാരിയുടെ അടിയന്തര ചികിത്സക്കായി കൈകോർത്ത് മലയാളികൾ. കട്ടപ്പനയിൽ നിന്ന് എറണാകുളത്തെ അമൃത ആശുപത്രിയിൽ കുട്ടിയെ ആംബുലൻസിൽ എത്തിക്കാൻ വേണ്ടിവന്നത് 2 മണിക്കൂർ 45 മിനിറ്റ്. കട്ടപ്പനയിൽ നിന്നും യാത്ര തുടങ്ങിയ ആംബുലൻസിന് വഴിയൊയൊരുക്കാൻ നാടും കേരള പൊലീസും മറ്റ് അധികൃതരും ഒന്നിച്ചു നിന്നു. സാധാരണ ഗതിയിൽ നാല് മണിക്കൂറിനു മുകളിൽ യാത്ര സമയമെടുക്കുന്ന ദൂരമാണ് മൂന്നു മണിക്കൂറിനുള്ളിൽ ആംബുലന്സ് ഓടിയെത്തിയത്.
ഇടപ്പള്ളി – വൈറ്റില ഭാഗത്ത് സ്ഥിരമായി ഉണ്ടാകുന്ന തിരക്കും ഇന്ന് യാത്രയെ ബാധിച്ചില്ല. വഴി ഒരുക്കുന്നതിനായി സാമൂഹിക മാധ്യമങ്ങളിൽ മലയാളികൾ കൃത്യമായ ഇടപെടൽ നടത്തിയത് കൂടിയാണ് യാത്രയെ സുഗമമാക്കിയത്. കൂടാതെ, വഴി ഒരുക്കന്നതിനുള്ള അഭ്യർത്ഥനയുമായി മന്ത്രി റോഷി അഗസ്റ്റിൻ രംഗത്ത് വന്നിരുന്നു. സുരക്ഷിതമായി ആശുപത്രിയിൽ ആൻ മരിയയെ എത്തിക്കാൻ വഴി ഒരുക്കിയ ഓരോ മലയാളിക്കും ഈ അവസരത്തിൽ അഭിമാനിക്കാം.
പതിനേഴുകാരിയായ ആൻമരിയ ജോയിയെ ആണ് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിന് കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ നിന്ന് എറണാകുളം അമൃതാ ആശുപത്രിയിലേയ്ക്ക് ആംബുലൻസിൽ എത്തിച്ചത്. കട്ടപ്പനയിൽ നിന്ന് പുറപ്പെട്ട ആംബുലൻസ് ചെറുതോണി – തൊടുപുഴ – മുവാറ്റുപുഴ – വൈറ്റില വഴിയാണ് അമൃത ആശുപത്രിയിൽ എത്തിയത്. ട്രാഫിക് നിയന്ത്രിച്ച് ആംബുലൻസിന് വഴിയൊരുക്കാൻ പൊലീസും രംഗത്തെത്തി. KL 06 H 9844 എന്ന നമ്പരിലുള്ള കട്ടപ്പന സർവീസ് ബാങ്ക് ആംബുലൻസിലാണ് കുട്ടിയെ ആശുപത്രിയിലേക്ക് എത്തിച്ചത്.
by Midhun HP News | Jun 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരത്ത് മാറനല്ലൂരിൽ സര്‍ക്കാര്‍ സ്കൂൾ കെട്ടിടത്തിന്റെ ചുമരിടിഞ്ഞ് വീണു. കണ്ടല സർക്കാർ സ്കൂളിന്റെ ചുമരിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞ് വീണത്. സ്കൂളിൽ കുട്ടികളെത്തുന്നതിന് തൊട്ടുമുൻപാണ് ചുമരിടിഞ്ഞത്. പുതിയ കെട്ടിടത്തിന്റെ പുറം ഭാഗത്തുള്ള ചുമരാണ് ഇടിഞ്ഞ് വീണത്. അപകടത്തിന് പിന്നാലെ നിർമ്മാണത്തിൽ ക്രമക്കേട് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി.
by Midhun HP News | Jun 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ഈ അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മധ്യവേനലവധി ഏപ്രില്‍ ആറുമുതല്‍ എന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളുകളില്‍ 210 പ്രവൃത്തിദിവസം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കുട്ടികളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിന് വിദ്യാഭ്യാസ ചട്ടങ്ങളും കേന്ദ്രസര്‍ക്കാര്‍ നിയമങ്ങളും അനുസരിച്ച് പ്രവൃത്തി ദിവസങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഇത് പൂര്‍ണമായി പാലിക്കാന്‍ സാധിച്ചില്ല. ഈ അധ്യയനവര്‍ഷം കുട്ടികള്‍ക്ക് 210 പ്രവൃത്തിദിവസങ്ങള്‍ ഉറപ്പാക്കുംവിധമുള്ള അക്കാദമിക കലണ്ടറാണ് തയ്യാറാക്കുന്നത്. നിലവില്‍ ഏപ്രില്‍ ഒന്നിന് ആണ് മധ്യവേനലവധി തുടങ്ങുന്നത്. ഇത് ഏപ്രില്‍ ആറുമുതലാക്കാനും ജൂണ്‍ ഒന്നിന് തന്നെ ക്ലാസുകള്‍ തുടങ്ങാനും തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.

by Midhun HP News | Jun 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ശാർക്കര ദേവീക്ഷേത്ര ആറാട്ട്കുളത്തിൽ നാപ്കിനുകൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവാകുന്നു. കാലങ്ങളായി ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്ര മീനാഭരണി മഹോത്സവത്തിന്റെ ഭാഗമായുള്ള ആറാട്ട് കർമ്മങ്ങൾക്ക് വേദിയാകുന്ന ആൽത്തറമൂട്ടിലെ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിന് സമീപത്തെ ക്ഷേത്ര കുളത്തിലാണ് നാപ്കിനുകൾ ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവായിരിക്കുന്നത്.
ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് ആൽത്തറമൂട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം – കേരളേശ്വര ശിവക്ഷേത്രം തുടങ്ങിയ ദേവസ്വം ബോർഡിന് കീഴിലെ ചരിത്ര പ്രസിദ്ധ ക്ഷേത്രങ്ങൾക്ക് സമീപത്തെ ക്ഷേത്രകുളത്തിൽ ഭക്തജനങ്ങളുടെ മനസ്സ് മരവിപ്പിക്കും വിധം മാലിന്യം നിക്ഷേപിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെ വിഷയം നിരവധി തവണ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടി സ്വീകരിക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല.

കുളത്തിന് ചുറ്റും സംരക്ഷണ ഭിത്തി കെട്ടിയിട്ടുണ്ടെങ്കിലും കുളത്തിലേക്ക് കടക്കുവാനായി നാല് വശങ്ങളിലായി തയ്യാറാക്കിയിട്ടുള്ള കവാടങ്ങളിൽ ഗേറ്റ് ഇല്ലാത്തതാണ് കുളം മലിനപ്പെടാനുള്ള പ്രധാന കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.
ഭക്തജനങ്ങൾ പുണ്യസ്ഥാനമായ് കാണുന്ന കുളത്തിൽ നാപ്കിൻ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിക്ഷേപിച്ച് വികൃതമാക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുകയും, അതിനോടൊപ്പം തന്നെ ക്ഷേത്രക്കുളം അടിയന്തരമായ് ശുചീകരണ പ്രവർത്തികൾ നടത്തുകയും ക്ഷേത്രകുളത്തിന്റെ സംരക്ഷണ കവാടങ്ങളിൽ വാതിലുകൾ സ്ഥാപിക്കുമാനുള്ള നടപടികൾ ഉണ്ടാകണമെന്നുമാണ് ഭക്തജനങ്ങളുടെ ആവിശ്യം.
Recent Comments